ചെറുകിട സംരംഭകരെ വലയ്ക്കുന്ന ബാങ്കുകൾ
""പ്രധാന മന്ത്രി എംപ്ലോയിമെന്‍റ് ജനറേഷന് പ്രോഗ്രാം (പിഎംഇജിപി) വഴി ഒരു ഓർഗാനിക് അഗ്രോ ഫുഡ് പ്രോസസിംഗ് യൂണിറ്റ് തുടങ്ങുകയായിരുന്നു ലക്ഷ്യം. സംരംഭം ആരംഭിക്കണമെങ്കിൽ 10 ലക്ഷം രൂപയോളം മൂലധനമായി വേണം. വായ്പയ്ക്കായി വയനാട്ടിലെ ഒരു ദേശസാൽകൃത ബാങ്കിന്‍റെ ശാഖയെ സമീപിച്ചു. വായ്പ തരാം എന്നായിരുന്നു ബാങ്കിന്‍റെ തുടക്കത്തിലെ നിലപാട് അങ്ങനെ ഒരു ലക്ഷം രൂപ ആദ്യ ഗഡുവായി നൽകി.

പിന്നീട് വായ്പയുടെ ആവശ്യത്തിനായി ചെന്നപ്പോൾ ബാങ്ക് മാനേജർ വളരെ മോശമായി പെരുമാറുകയും ഇനിയുള്ള തുക നൽകാൻ സാധിക്കില്ലെന്നുമാണ് പറഞ്ഞത്. നിരവധി തവണ ബാങ്കിൽ കയറി ഇറങ്ങിയപ്പോൾ ആദ്യം തന്ന ഒരു ലക്ഷം രൂപ തിരിച്ചടച്ചാൽ ബാക്കി തുക നൽകാം എന്നായി ബാങ്ക് അധികൃതർ. അങ്ങനെ ആ ഒരു ലക്ഷം രൂപ തിരിച്ചടച്ചു. തിരിച്ചടവ് പൂർത്തിയായപ്പോൾ ഇനി വായ്പ തരാൻ സാധിക്കില്ല. വേണമെങ്കിൽ പുതിയ അപേക്ഷ വെച്ചോളു എന്നായിരുന്നു ബാങ്കിന്‍റെ നിലപാട്. അങ്ങനെ ഇപ്പോൾ പുതിയ അപേക്ഷ വച്ചിരിക്കുകയാണ്. വായ്പയ്ക്ക് അനുമതി ലഭിക്കുമോ എന്ന് അറിയില്ല. 2015 ലാണ് ആദ്യത്തെ അപേക്ഷ സമർപ്പിക്കുന്നത്. അതിനു പിന്നാലെ നടന്ന് മൂന്നു വർഷമാണ് പോയത്. പരാതികൾ ഒരുപാട് നൽകിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.’’ ബാങ്കിന്‍റെ അനാസ്ഥ മൂലം സംരംഭ സ്വപ്നങ്ങൾ പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്ന വയനാട് മൂലങ്കാവ് സ്വദേശി വടക്കേമുറിയിൽ ഷിബിയുടെതാണ് ഈ വാക്കുകൾ.

’’വയനാട്ടിൽ തന്നെ നിരവധി ജൈവ കർഷകരുണ്ട് അവരിൽ നിന്നും നെല്ലും മറ്റും സംഭരിച്ച് സംരംഭം തുടങ്ങാം. എന്നായിരുന്നു എന്‍റെ പ്രതീക്ഷ. ഇനിയിപ്പോൾ വായ്പ കിട്ടിയാലായി. ഇല്ലെങ്കിൽ സംരംഭം എന്ന സ്വപ്നത്തെ പാതിവഴിയിലുപേക്ഷിച്ച് മറ്റെന്തെങ്കിലും തേടണം.’’ഷിബി പറയുന്നു.

ബാങ്കുകളുടെ അനാസ്ഥ, അധികൃതരുടെ ഉത്തരവാദിത്തക്കുറവ്, നിസാര കാര്യങ്ങൾക്കു പോലും വായ്പകൾ നൽകാതിരിക്കുന്നത് തുടങ്ങിയ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്ന നിരവധി ആളുകളുണ്ട്. വായ്പകൾ എടുത്താൽ തിരിച്ചടക്കില്ലെന്നുള്ള ന്യായങ്ങളായിരിക്കും പലർക്കും ഇതിനെതിരായി പറയാനുണ്ടാകുക.

എന്നാൽ വായ്പകൾ എടുത്താൽ കൃത്യമായി തിരിച്ചടവ് നടത്തുന്നത് പൊതുവേ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായമേഖലയിലെ സംരംഭകരാണ്. പലിശ, ജപ്തി, സമൂഹത്തിലെ നാണക്കേട് എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെയോർത്ത് ഈ സംരംഭകർ കൃത്യമായി വായ്പ തിരിച്ചടവ് നടത്തും. ഈ സംരംഭകർക്ക് വായ്പ ലഭിക്കണമെങ്കിൽ നൂലാമാലകൾ നിരവധിയാണ്. ഈടൊന്നും വേണ്ട എന്നു പറയുമെങ്കിൽ കൂടി ഈടില്ലാതെ വായ്പ നൽകാൻ ബാങ്കുകൾക്കു പൊതുവേ മടിയാണ്.

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 59 മിനിറ്റിനുള്ളിൽ ഒരു കോടി വായ്പ നൽകുന്ന പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടും സ്ഥിതിയിൽ വ്യത്യാസമില്ല.

രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്ന മേഖലകൂടിയാണ് എംഎസ്എംഇ. പക്ഷേ വായ്പയുടെ കാര്യം വരുന്പോൾ ബാങ്കിംഗ്- ധനകാര്യ സ്ഥാപനങ്ങൾ പിന്നോക്കം വലിയുന്നു. ആവശ്യമില്ലാത്ത നിബന്ധനകളും കൊണ്ടുവരുന്നു. ഒമിദയാർ നെറ്റ് വർക്കും ബിസിജിയും കൂടി പുറത്തിറക്കിയിട്ടുള്ള റിപ്പോർട്ട് ഈ മേഖലയിലുള്ളവർക്കു വായ്പ കിട്ടുവാനുള്ള പ്രയാസത്തെക്കുറിച്ചു വിവരിക്കും. ""ക്രെഡിറ്റ് ഡിസറപ്റ്റഡ്: ഡിജിറ്റൽ എംഎംസ്എംഇ ലെൻഡിംഗ് ഇൻ ഇന്ത്യ’’ എന്നാണ് റിപ്പോർട്ടിന്‍റെ പേര്. രാജ്യത്തെ എംഎസ്എംഇ വായ്പാ ഡിമാണ്ട് 45 ലക്ഷം കോടി രൂപയാണ്. എന്നാൽ 25 ലക്ഷം കോടി രൂപ മാത്രമാണ് ബാങ്കുകൾ പോലുള്ള ഒൗപചാരിക സംവിധാനങ്ങളിൽനിന്നു ലഭിക്കുന്നത്. ബാക്കി ബ്ലേഡ്കന്പനികൾപോലുള്ള സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും മറ്റും വായ്പ എടുക്കകയാണ് ചെയ്യുന്നത്. ഒൗപചാരക മേഖലയിൽ നൽകേണ്ടതിനേക്കാൾ ഇരട്ടിയോളം പലിശയാണ് അനൗപചാരിക മേഖലയിലെ വായ്പയ്ക്ക് ഈടാക്കുന്നത്.
പലപ്പോഴും എംഎസ്എംഇകളെ പരാജയപ്പെടുത്തുന്നത് അനൗപചാരിക മേഖലയിൽനിന്നെടുക്കുന്ന വായ്പയുടെ പലിശയാണ്. വായ്പ നടപടിക്രമങ്ങൾ പൂർത്തിയാക്കാനെടുക്കുന്ന സമയം, ആവശ്യത്തിനുള്ള വായ്പ കിട്ടാതിരിക്കുക, കുറഞ്ഞ വായ്പാ കാലാവധി, ഉയർന്ന പലിശനിരക്ക് തുടങ്ങിയവയെല്ലാം എംഎസ്എംഇകളെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

മുൻവിധിയോടെയുള്ള സമീപനം മാറേണ്ടതുണ്ട്

""ഓരോ ബാങ്കുകൾക്കും നിശ്ചിത പ്രദേശങ്ങളിലെ വ്യവസായങ്ങൾക്കാണ് വായ്പ നൽകാൻ അനുവാദമുള്ളത്. പലപ്പോഴും ബാങ്കുകൾ കൃത്യമായി ഈ പ്രദേശങ്ങളെ തിരിച്ചിട്ടുണ്ടാവില്ല. വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചു കഴിയുന്പോൾ ഈ ബാങ്കിനു കീഴിലല്ല നിങ്ങൾ വരുന്നതെന്നുള്ള മറുപടിയായിരിക്കും കിട്ടുക.’’ സംരംഭകർക്കായി കണ്‍സൾട്ടൻസി സേവനം നൽകുന്ന ബത്തേരി സ്വദേശി ജിനു പറയുന്നു.

""വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുന്പോഴെ ആദ്യം ബാങ്കുകൾ കണ്ടെത്തുന്ന പ്രശ്നം ഈടും സിബിൽ സ്കോറുമാണ്. ഇനി വായ്പയക്കായി സമീപിക്കുന്ന ബാങ്കിൽ അക്കൗണ്ടില്ലാത്ത വ്യക്തിയാണെങ്കിൽ അക്കൗണ്ട് എടുത്ത് ആറുമാസം കഴിഞ്ഞ് വരു എന്നു പറഞ്ഞ് മടക്കി അയക്കും. ചില ബാങ്ക് മാനേജർമാർക്ക് ചില പദ്ധതികളോട് താൽപര്യമുണ്ടാകില്ല. അതുകൊണ്ടു തന്നെ വായ്പയും അനുവദിക്കില്ല. ഇത്തരം കാര്യങ്ങളെല്ലാം വായ്പ എടുക്കുന്നതിൽ സംരംഭകർക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.

ബാങ്കുകൾ എപ്പോഴും ഉയർന്ന തുകയുള്ള വായ്പകൾക്കാണ് പ്രധാന്യം നൽകുന്നത്. വലിയ വായ്പയാണെങ്കിലും ചെറിയ വായ്പയാണെങ്കിലും നടപടിക്രമങ്ങളെല്ലാം ഒന്നു തന്നെയാണ്. പക്ഷേ, ചെറിയ വായ്പകൾ നിരവധി എണ്ണം കൊടുക്കുന്ന സ്ഥാനത്ത് വലിയ ഒരു വായ്പ നൽകിയാൽ ടാർഗറ്റ് തികയ്ക്കാം എന്നതാണ് പല ബാങ്കുകളുടേയും സമീപനം. അതുകൊണ്ടുതന്നെ സാധിക്കാവുന്ന തരത്തിലുള്ള പ്രതികൂല വാദങ്ങൾ ഉയർത്തുവാൻ അവർ ശ്രമിക്കുന്നു.

ചില ബാങ്കുകളാണെങ്കിൽ ഇപ്പോൾ വായ്പകളൊന്നും നൽകുന്നില്ല പിന്നെ വരൂ എന്നു പറഞ്ഞു മടക്കി അയക്കും. പിന്നീട് വരുന്പോൾ ഇത് ക്ലോസിംഗ് സമയമാണ് ഈ സമയത്ത് വായ്പകളൊന്നും അനുവദിക്കാൻ സാധിക്കില്ല എന്നായിരിക്കും മറുപടി.’’ ജിനു അനുഭവങ്ങളിൽനിന്നു പറയുന്നു.

മുന്പ് എപ്പോഴെങ്കിലും സംരംഭം തുടങ്ങി പരാജയപ്പെട്ടവരുണ്ടെങ്കിൽ അവർക്ക് വായ്പ നൽകാനും മടിയാണ്. നിലവിലുള്ള വായ്പകൾ പുതുക്കി നൽകുന്നതിലാണ് ബാങ്കുകൾ പലപ്പോഴും ശ്രദ്ധവയ്ക്കുന്നത്. കാരണം അങ്ങനെയാണെങ്കിൽ കൂടുതൽ റിസ്ക് എടുക്കേണ്ടതില്ല ടാർഗറ്റ് തികയ്ക്കുകയും ചെയ്യാം.

പ്രോജക്റ്റ് റിപ്പോർട്ടുകൾ സമർപ്പിക്കുന്പോഴുണ്ടാകുന്ന ചെറിയ പിഴവുകളും പ്രശ്നമാകാറുണ്ട്. പത്തു ലക്ഷം രൂപയ്ക്ക് അപേക്ഷിച്ചാൽ എട്ടു ലക്ഷം രൂപയെ ലഭിക്കു എന്നൊരു ധാരണയുണ്ട്. അതുകൊണ്ട് പലരും മെഷീനറിയുടെ വിലയൊക്കെ കൂട്ടിവെയ്ക്കാറുണ്ട്. ഇങ്ങനെയൊക്കെ ഫണ്ട് ദുരുപയോഗം ചെയ്താലോ എന്നുള്ള പേടിയും വായ്പകൾ നൽകുന്നതിൽ നിന്നും ബാങ്കുകളെ പിന്നോട്ട് വലിക്കാറുണ്ട്. മിക്ക ബാങ്കുകളും സംരംഭകരോട് ഒരു പരിധിവരെപോസ്റ്റീവ് സമീപനമാണ് കാണിക്കാറുള്ളത്. പക്ഷേ, പലപ്പോഴും മുൻവിധിയോടെയുള്ള ബാങ്കുകളുടെ ഇടപെടൽ സംരംഭകർക്ക് തടസങ്ങൾ സൃഷ്ടിക്കുന്നുവെന്നുണ്ടെന്ന് ജിനു ചൂണ്ടിക്കാട്ടുന്നു.
കിട്ടാക്കടം പ്രശ്നക്കാരനാകുന്നു

ബാങ്കുകൾ വായ്പകൾ നൽകുന്നതിൽ അൽപ്പം നിർബന്ധബുദ്ധി കാണിക്കുന്നതിനു പിന്നിൽ പെരുകി വരുന്ന കിട്ടാക്കടം വലിയൊരു കാരണമാണ്.

എംഎസ്എംഇ മേഖലയിലെ പ്രധാന മൂലധനം ബാങ്ക് വായ്പകളാണ്. ഇത് ലഭിക്കാതെ വന്നാൽ പുതിയ സംരംഭങ്ങളുടെ എണ്ണം കുറയും. അത് സന്പദ് വ്യവസ്ഥയെ കാര്യമായി തന്നെ ബാധിക്കും. ചെറുകിട വ്യവസായങ്ങളാണ് രാജ്യത്തെ തൊഴിൽ ദാതാക്കളിൽ പ്രധാനികൾ.ബാങ്ക് വായ്പ ലഭ്യമല്ലാതാകുന്നതോടെ എൻബിഎഫ്സികളെയും മറ്റും ആശ്രയിക്കേണ്ട സാഹചര്യവും എംഎസ്ഇംഇ മേഖലയ്ക്കുണ്ടാകും. എംഎസ്എംഇ മേഖലയ്ക്ക് വായ്പകൾ ലഭ്യമാക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചില എൻബിഎഫ്സികളുമുണ്ട്.

എംഎസ്എംഇ മേഖലയിലെ വായ്പ തോത് കഴിഞ്ഞ ആറു വർഷങ്ങളിലെ പരിശോധിക്കുന്പോൾ ഓരോ വർഷവും വായ്പയുടെ അളവ് വർധിച്ചിട്ടേയുള്ളു. ബാങ്ക് വ്യവസായ വായ്പ നൽകുന്ന വായ്പയുടെ 36.52 ശതമാനമായിരുന്നു 2012-13-ൽ നൽകിയിരുന്നത്.2017-18-ലിത് 39.02 ശതമാനമായി ഉയർന്നിട്ടുണ്ട്.


മോദി സർക്കാരിന്‍റെ മേക്ക് ഇൻ ഇന്ത്യ തുടങ്ങിയ ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഈ മേഖലയ്ക്ക് ഉണർവ് നൽകിയിട്ടുണ്ട്. മുദ്ര, പിഎംഇജിപി തുടങ്ങിയ പദ്ധതികളും സ്ത്രീകളടക്കം നിരവധി പേരെ സംരംഭകത്വത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. ഇങ്ങനെ സംരംഭത്തിലേക്ക് എത്തുന്നവരുടെ എണ്ണത്തിനാനുപാതികമായി വായ്പയിൽ ഉയർച്ച ഉണ്ടാകുന്നില്ല.

നോട്ട് നിരോധനവും ജിഎസ്ടിയുടെ വരവും ആർബിഐ കിട്ടാക്കടത്തിൽ നിന്നും ഒരു പരിധിവരെ ബാങ്കുകളെ രക്ഷിക്കാനായി വായ്പ നൽകുന്നതിനും മറ്റും ഏപ്പെടുത്തിയ ചില നിയന്ത്രണങ്ങളും ചെറുകിട വ്യവസായ മേഖലയിലേക്കുള്ള വായ്പയെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.

പിസിഎയുടെ വരവ് വായ്പയെ ബാധിച്ചു

കിട്ടാക്കടംകൊണ്ടു തകർച്ചയിലേക്കു നീങ്ങിയ ബാങ്കുകളെ പിടിച്ചു നിർത്താനായി റിസർവ് ബാങ്ക് നിർദ്ദേശിച്ച ത്വരിത തിരുത്തൽ നടപടി(പ്രോംപ്ട് കറക്റ്റീവ് ആക്ഷൻ- പിസിഎ) വായ്പ നൽകലിനു പല ബാങ്കുകളിലും നിയന്ത്രണത്തിനു കാരണമായി
ബാങ്കുകളുടെ വായ്പ നൽകാനുള്ള അധികാരത്തെ നിയന്ത്രിക്കുന്നതാണ് ഇത്. അലഹാബാദ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, കോർപറേഷൻ ബാങ്ക്, ഐഡിബിഐ ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഓറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്സ്, ദേന ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, എന്നിങ്ങനെ 11 ബാങ്കുകൾക്ക നേരെയാണ് പിസിഎ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രതിസന്ധിയിലാക്കുന്നത് ചെറുകിട ഇടത്തരം സംരംഭകരെയാണ്. ബാങ്കുകൾക്കുള്ള ഇന്‍റൻസീവ് കെയർ യൂണിറ്റാണ് പിസിഎ. ബാങ്കുകളുടെ ബാലൻസ് ഷീറ്റും ബുക്കുമൊക്കെ ശരിയാക്കി റിസ്കിൽ നിന്നും രക്ഷനേടാൻ ഇത് സഹായിക്കും. പുതിയ വായ്പകൾ നൽകാൻ സാധിക്കും.

പിസിഎ പ്രഖ്യാപിച്ചതോടെ ദേന ബാങ്കിനോട് നിലവിൽ വായ്പകൾ നൽകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. അലഹാബാദ് ബാങ്കിനോട് കോർപറേറ്റ് ക്രെഡിറ്റ് എക്സ്പോഷർ നിർത്തിവെയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏത് ആവശ്യങ്ങൾക്കായാലും ഈ ബാങ്കുകളൊന്നും തന്നെ അടുത്ത കാലത്തൊന്നും വായ്പകൾ നൽകില്ല.
പല പൊതുമേഖല ബാങ്കുകളും അവരുടെ 30 ശതമാനത്തോളം നല്കിയിരിക്കുന്നത് എംഎസ്എംഇ മേഖലയ്ക്കാണ്. പിസിഎയിൽ ഉൾപ്പെട്ടിരിക്കുന്ന നിരവധി ബാങ്കുകൾക്ക് വിലയ തോതിലുള്ള എംഎസ്എംഇ ഉപഭോക്താക്കളുണ്ട്.

പൊതുവേ ഒരു ധാരണയുണ്ട് പൊതു മേഖല ബാങ്കുകൾ മാത്രമാണ് എഎംസ്എംഇയ്ക്ക് വായ്പ നൽകുന്നതെന്ന്. എന്നാൽ പൊതുമേഖല ബാങ്കുകളെക്കാൾ സ്വാകര്യ മേഖല ബാങ്കുകളും ബാങ്കിംഗേതര ധനകാര്യ സ്ഥാപനങ്ങളും വായ്പകൾ നൽകുന്നുണ്ട്.

നിഷ്ക്രിയ ആസ്തിയുടെ പേരിൽ പിസിഎയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിരവധി ബാങ്കുകൾ വായ്പ നൽകാതെ വരുന്നതോടെ കഷ്ടത്തിലാകുന്നത് ചെറുകിട സംരംഭകരാണ്. കാരണം അവരുടെ പ്രധാന വായ്പ സ്ത്രോതസ് ബാങ്കുകളാണ്. ഇനി പകരം എൻബിഎഫ്സികളെയും സ്വകാര്യ മേഖല ബാങ്കുകളെയും സമീപിക്കേണ്ടിവരും. ഉയർന്ന പലിശയും നൽകേണ്ടി വരും .

സംരംഭകർക്ക് 59 മിനിറ്റിൽ ഒരു കോടി വായ്പ

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 59 മിനിറ്റിനുള്ളിൽ ഒരു കോടി വായ്പ നൽകുന്ന പദ്ധതി കഴിഞ്ഞ ദീപാവലി ദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടിട്ടുണ്ട്. ചെറുകിട സംരംഭങ്ങളുടെ വായ്പയുമായി ബന്ധപ്പെട്ട് ഒരു പൊതു ഓണ്‍ലൈൻ പോർട്ടലും കേന്ദ്രസർക്കാർ തുടങ്ങി.

അതിലൂടെ59 മിനിറ്റിനുള്ളിൽ ഒരു ലക്ഷം രൂപ മുതൽ ഒരു കോടി രൂപവരെയുള്ള വായ്പയ്ക്ക് തത്വത്തിൽ അംഗീകാരം ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. www.psbloansin59minutse.com എന്ന പോർട്ടലിലൂടെയാണ് വായ്പ സാധ്യമാക്കുന്നത്.
സിഡ്ബി വഴിയും പൊതുമേഖല ബാങ്കുകൾ വഴിയുമാണ് വായ്പ ലഭ്യമാകുക. വായ്പയുടെ പ്രോസസിംഗിനും മറ്റുമായി 2025 ദിവസമെടുക്കുന്ന അവസ്ഥ മാറ്റി കേവലം 59 മിനിറ്റിനുള്ളിൽ ലഭ്യമാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. തത്വത്തിൽ അംഗീകാരം ലഭിച്ച,് 78 ദിവസത്തിനുള്ളിൽ സംരംഭകന്‍റെ അക്കൗണ്ടിൽ വായ്പ തുക എത്തുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനു പ്രോസസിംഗ് ഫീസൊന്നും നൽകേണ്ടതില്ല.
ഈ സൈറ്റിൽ കയറി പേര്, മൊബൈൽ നന്പർ, ഇ-മെയിൽ എന്നിവ നൽകി രജിസ്ട്രേഷൻ നടത്തുക. തുടർന്നുള്ള നടപടിക്രമങ്ങൾ വളരെ ലളിതമാണ്.

ജിഎസ്ടി, ഐടി റിട്ടേണ്‍, ആറു മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് വായ്പ നൽകുന്നത്.

ഡിജിറ്റൽ വളർച്ചയും അവബോധവും

ഡിജിറ്റൽ വളർച്ച ഏറെ മുന്നേറിയ ഈ കാലഘട്ടത്തിൽ, എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഡിജിറ്റൽ ഐഡന്‍റിറ്റി നിലവിൽ വന്നു കഴിഞ്ഞു. അതിനെ കുറിച്ച്, അത് നന്നായി കാത്ത് സൂക്ഷിക്കുന്നതിനെ കുറിച്ച് ചെറുകിട പരന്പരാഗത മേഖലകളെ നിരന്തരം ലളിതമായി ബോധവൽക്കരിക്കേണ്ടതിന്‍റെ ഒരു ഉത്തരാവാദിത്വം ബാങ്കുകളും ഗവണ്മെന്‍റും മറ്റ് വ്യവസായ സംഘടനകളും ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇന്ന് പലപ്പോഴും നടക്കുന്നത് ഈ മേഖലകൾക്ക് എളുപ്പത്തിൽ മനസ്സിലാവാത്ത തരത്തിൽ ഉള്ള ഉന്നത ചർച്ചകളും ശില്പശാലകളും ആണ്. സാന്പത്തിക പ്രയാസം കൊണ്ട് മാത്രം ബിസിനസ്സ് മുന്നോട്ട് പോകുവാൻ ബുദ്ധിമുട്ടുന്ന, വലിയ പിടിപാടുകൾ ഇല്ലാത്ത ഒരാൾക്ക് , ലോണ്‍ കൊടുക്കാതിരിക്കാനുള്ള ന്യുനതകൾ കണ്ടു പിടിക്കുന്നതിനേക്കാൾ, അത് അനുവദിക്കുവാൻ വേണ്ട കാരണങ്ങൾ കണ്ടു പിടിക്കേണ്ട നിലയിലേക്ക് ഒരല്പം ഉദാരമനസ്കത കാണിക്കുന്ന തരത്തിലേക്ക് ബാങ്കുകൾ മാറണം. ഒരോ രംഗത്തും ചുരുങ്ങിയത് ഇത്ര ലോണുകൾ അനുവദിച്ചിരിക്കണം എന്ന രീതിയിൽ കൊണ്ട് വരുവാൻ സർക്കാരുകളും ശ്രദ്ധിച്ചാൽ എംഎസ്എംഇയുടെ ഇന്നത്തെ ഈ ചിത്രം തന്നെ മാറുമെന്നു മാത്രമല്ല, സന്പദ്ഘടനയുടെ വളർച്ചാ എൻജിനായി എംഎസ്എംഇ മാറുകയും ചെയ്യും. ഇതു വളരെപ്പേർക്ക് തൊഴിലും വരുമാനവും കൊണ്ടുവരും.

ചെറുകിട സംരംഭകരോടുള്ള സമീപനം മാറണം
(സുഭാഷ് ബാബു, സിഇഒ എനെക്സോഫ്റ്റ് ടെക്നോളജീസ്)

നിലവിലെ സന്പദ് വ്യവസ്ഥയിലും ബാങ്കിംഗ് രംഗത്ത് ഉണ്ടായ മാറ്റങ്ങളും, എസ്എംഇ സെക്ടറിൽ ബാങ്ക് വായ്പ ലഭ്യമാവുന്നതിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. രാജ്യതലത്തിൽ നടന്ന ചില വൻകിട അഴിമതികളും അറസ്റ്റുകളും വിവാദങ്ങളും സംരംഭകരെ ഉദാരമായ രീതിയിൽ സഹായിക്കുവാൻ തയ്യാറാവുന്ന ഓഫീസർമാരെ പോലും കർശന ചിട്ടകളും പരിശോധനകളും നടത്തേണ്ടി വരുന്ന രീതിയിലേക്ക്, സമ്മർദ്ദത്തിലേക്ക് ആഴ്ത്തിയിട്ടുണ്ട്.

ഇതിന്‍റെയൊക്കെ തിക്ത ഫലം യഥാർത്ഥത്തിൽ അനുഭവിക്കേണ്ടി വരുന്നത് ചെറുകിട ഇടത്തരം സംരംഭകരാണ്. അതെ സമയം സിബിൽ റേറ്റിംഗിലും മറ്റു ഇടപാടുകളിലും പിഴവില്ലാതെ മുന്നോട്ടു പോവുന്നവർക്ക്, അത് സ്വയം തെളിയിക്കുവാൻ സാധിക്കുന്നവർക്ക് ചെറിയ കാല താമസത്തോടെ ആണെങ്കിലും ബാങ്കുകളുടെ സഹായം ലഭ്യമാവുന്നുണ്ട്. പക്ഷേ, ചെറുകിട മേഖലയിൽ പ്രായോഗിക ബിസിനസ് രംഗത്ത് ഇത് പലപ്പോഴും പ്രയാസകരമാണ്.
മുദ്ര ലോണ്‍ പോലെ സംരഭകർക്ക് ആശ്വാസമായ പല പദ്ധതികളുണ്ടെങ്കിലും പരന്പരാഗത അസംഘടിത മേഖലയിൽ ഉള്ളവർക്ക് ഇന്ന് അവ ലഭിക്കുവാൻ മുൻകാലത്തെ അപേക്ഷിച്ച് ഏറെ പ്രയാസം നേരിടുന്നുണ്ട്. തിരിച്ചടവ് മുടങ്ങുന്ന ലോണുകളുടെ ഉത്തരവാദിത്വം അത് അനുവദിക്കുന്ന ഓഫീസർമാരെ വ്യക്തിപരമായി ബാധിക്കുന്നു എന്നുള്ളത് കൊണ്ട് തന്നെ അത്യാവശ്യം റിസ്ക് എടുത്ത് ബിസിനസുകളെ സഹായിക്കുന്ന ഓഫീസർമാരെ ഇന്ന് കാണുവാനേ സാധിക്കുകയേ ഇല്ല.