മാതളം: സുഗന്ധവിള, ഔഷധഫലം
വാഗ്ദത്ത ഭൂമിയിലെ അതിവിശിഷ്ട ഉത്പന്നങ്ങളായി ഏഴുകൂട്ടം സാധനങ്ങള്‍ ഹീബ്രു ബൈബിളില്‍ സൂചിപ്പിക്കുന്നുണ്ട്. രണ്ടു ധാന്യങ്ങളും അഞ്ചു പഴങ്ങളും. ഈ പഴങ്ങളില്‍ പ്രധാനിയാണ് മാതളം. സ്വതവേ വിശിഷ്ടമായ മാതളപ്പഴത്തിന് വിശുദ്ധിയുടെയും ദൈവികതയുടെയും പരിവേഷമായിരുന്നു നല്‍കിയിരുന്നത്. ഉന്നതശീര്‍ഷനായ പുരോഹിതന്റെ സ്ഥാനവസ്ത്രത്തിലും ദേവാലയങ്ങളുടെ തൂണുകളിലും നാണയങ്ങളിലുമെല്ലാം മാതളത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്തിരുന്നത്. പുതുവര്‍ഷാഘോഷങ്ങളിലെല്ലാം മാതളം അവിഭാജ്യഘടകമായിരുന്നു. സോളമന്റെ ഉത്തമഗീതത്തില്‍ മാതളത്തെക്കുറിച്ച് പലകുറി പറയുന്നു.

''നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം. അതികാലത്തെ എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂവിടരുകയും മാതളനാരകം പൂവിടുകയും ചെയ്തുവോ എന്നു നോക്കാം.''

മാതളം-വാണിജ്യക്കൃഷി

അര്‍ധവരള്‍ച്ചാ പ്രദേശങ്ങളില്‍ വളരാന്‍ ഇഷ്ടപ്പെടുന്ന വിളയാണ് മാതളം. അതായത് വര്‍ഷത്തില്‍ കുറച്ചു സമയം മാത്രം മഴകിട്ടുന്ന പ്രദേശം എന്നര്‍ഥം. സമുദ്രനിരപ്പില്‍ നിന്ന് 500 മീറ്റര്‍ വരെ ഉയരത്തില്‍ ഇതു വളരും. വരണ്ട ഉഷ്ണമേഖലാകാലാവസ്ഥയോട് ആഭിമുഖ്യം കൂടും. വരള്‍ച്ച അത്യാവശ്യം സഹിക്കാനും കഴിയും. എങ്കിലും വാണിജ്യക്കൃഷിയില്‍ കൃത്യമായ ജലസേചനത്തിന് പ്രാധാന്യമുണ്ട്. കായ് പിടിക്കുന്ന സമയത്ത് നീണ്ടു നി ല്‍ക്കുന്ന വരണ്ട കാലാവസ്ഥ തന്നെയാണു നല്ലത്. കായ് പിടിക്കാന്‍ അനുകൂലമായ ഊഷ്മപരിധി 38 ഡിഗ്രി സെല്‍ഷ്യസ് ആ ണ്. അന്തരീക്ഷ ഈര്‍പ്പം കൂടിയ സാഹചര്യങ്ങളില്‍ വളരുമ്പോള്‍ വിളയ്ക്ക് മാതളശലഭത്തിന്റെ (പോംഗ്രനേറ്റ് ബട്ടര്‍ ഫ്‌ളൈ) ഉപദ്രവം കൂടുന്നതായി കണ്ടിട്ടുണ്ട്.

ക്ഷാരരസമോ ലവണരസമോ ഉള്ള വിവിധതരം മണ്ണുകളില്‍ മാതളം വളരും. ആഴത്തില്‍ പശിമരാശിമണ്ണുള്ള നീര്‍വാര്‍ച്ചയുള്ള പ്രദേശങ്ങളാണ് വളരാന്‍ സര്‍വഥായോഗ്യം. മണ്ണിലെ ഈര്‍പ്പലഭ്യതയില്‍ സംഭവിക്കുന്ന നേരിയ വ്യത്യാസങ്ങള്‍ പോലും മാതളപ്പഴത്തില്‍ പ്രതിഫലിക്കും എന്നത് അതിശയോക്തിയല്ല. മാതളപ്പഴം ചിലപ്പോഴെങ്കിലും വീണ്ടു കീറുന്നത് ഇതു നിമിത്തമാണ്. മണല്‍ കലര്‍ന്ന മണ്ണിലും വള രും. അന്തരീക്ഷ ആ ര്‍ദ്രത കൂടിയതാണ് കേരളത്തില്‍ വാണിജ്യമാതളകൃഷിക്ക് തടസം തീര്‍ക്കുന്നത്. പ്രചാരം നേടിയ നിരവധി പുതിയ ഇനങ്ങള്‍ ഇന്ന് മാതളത്തിനുണ്ട്. ഇവ ഇങ്ങനെ വാ യിക്കാം.

ഗണേഷ്: മൃദുവായ വിത്തുകള്‍, പിങ്ക് നിറമുള്ള ഉള്‍ഭാഗം, സ്വാദിഷ്ടമായ നീര്, നിറയെകായ് പിടിക്കും. മഹാരാഷ്ട്രയിലെ മാതളക്കൃഷിയില്‍ വലിയ സ്വാധീനം ചെലുത്തി, ശരാശരി വിളവ് ഒരു മരത്തില്‍ നിന്ന് 8-10 കിലോ.

ധോല്‍ക്ക: വലിയ കായകള്‍, പുറം തോടിന് പച്ച കലര്‍ന്ന മഞ്ഞനിറം. പിങ്ക് നിറത്തില്‍ ഉള്‍ഭാഗം, മൃദുവായ വിത്തുകള്‍. നീരിന് പുളിരസം.

റൂബി: ബാംഗ്ലൂര്‍ ഹോള്‍ട്ടിക്കള്‍ച്ചര്‍ ഗവേഷണസ്ഥാപനത്തിന്റെ കണ്ടെത്തല്‍. ഗണേഷിനോട് സാമ്യം. പുറംതോടിന് പച്ചവരകളുള്ള ബ്രൗണ്‍ കലര്‍ന്ന ചുവപ്പുനിറം. ഒരു കായ് 270 ഗ്രാം തൂങ്ങും.

മൃദുല: കടും ചുവപ്പുനിറമുള്ള ഉള്‍ഭാഗം, ഒരു കായ് 250-300 ഗ്രാം തൂങ്ങും.

ഭഗ്‌വ: സങ്കരയിനം, തിളക്കമുള്ള ചുവന്ന പുറംതോട്. ഉള്‍ഭാഗ ത്തിന് രക്തച്ചുവപ്പ് നിറം. മൃദുലമായ വിത്ത്.

അരക്ത: ചെറിയ കായ്കള്‍, കടു ത്ത ചുവപ്പുനിറമുള്ള ഉള്‍ഭാഗം. മൃദുവായ വിത്തുകള്‍.

ഇവയ്ക്കു പുറമേ അലന്‍ഡി, സി.ഒ-1, ഐഐഎച്ച്ആര്‍ സെലക്ഷന്‍, ജ്യോതി, കാബൂള്‍, കാന്താരി, മസ്‌കറ്റ്, വേപ്പര്‍ ഷെല്‍ഡ്, പി 23, പി-26, യോര്‍ക്കാഡ്-1, സ്പാനിഷ് റൂബി എന്നീ ഇനങ്ങളും പ്രചുരപ്രചാരത്തിലുണ്ട്.

വേരുപിടിപ്പിച്ച തണ്ടും പതിവച്ചെടുത്ത തൈകളുമാണ് നടീല്‍ വസ്തുക്കള്‍. തയാറാക്കിയ കൃഷിയിടത്തില്‍ ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 60 സെന്റീ മീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള കുഴികള്‍ തയാറാക്കി തൈകള്‍ നടാം.


പുതിയ ഉയരം കുറഞ്ഞ ഇനങ്ങള്‍ 4- ഃ -4 മീറ്റര്‍ ഇടയകലത്തില്‍ നട്ടാല്‍ മതി. ഈ വിധത്തില്‍ ഒരു ഹെക്ടറില്‍ 625 വരെ തൈകള്‍ നടാം. മഴയോടനുബന്ധിച്ച് നടാനായാല്‍ തൈ വേഗം വേരോടിക്കിട്ടും. വേനല്‍ക്ക് നാലു ദിവസത്തിലൊരിക്കല്‍ എങ്കിലും നനനിര്‍ബന്ധം. വാണിജ്യത്തോട്ടങ്ങളില്‍

വളങ്ങലെല്ലാം തടത്തില്‍ ചുവട്ടില്‍ നിന്ന് ഒരു മീര്‌റര്‍ മാറി വേണം മണ്ണില്‍ ഇളക്കി ചേര്‍ക്കാന്‍. തൈനടുമ്പോള്‍ 20 കിലോ ജൈവവളവും ഒരു കിലോ സൂപ്പര്‍ ഫോസ്‌ഫേറ്റും അടിവളമായി ചേര്‍ത്ത് കുഴി നിറയ്ക്കണം. തുടര്‍ന്ന് നനയ്ക്കണം. മണ്ണ് ഒന്നമര്‍ന്നതിനുശേഷം തൈ നടാം. മൂന്ന് ഘട്ടങ്ങളായി ഇന്ത്യയില്‍ മാതളം പുഷ്പിക്കുക പതിവാണ്. ജൂണ്‍-ജൂലായ്, സെപ്റ്റംബര്‍-ഒക്‌ടോബര്‍, ജനുവരി-ഫെബ്രുവരി

അഞ്ച്-ആറു മാസത്തെ വളര്‍ച്ച വേണം മാതളം പാകമാകാന്‍. പുറം തൊലിക്ക് നേരിയ മഞ്ഞ നിറവും കായില്‍ തട്ടുമ്പോള്‍ മുഴങ്ങുന്ന ശബ്ദവുമായാല്‍ വിളവെടുക്കാം വിളവെടുത്ത പഴങ്ങള്‍ തണലില്‍ ഒരാഴ്ച വരെ സൂക്ഷിക്കാം. പുറം തോട് ദൃഢീകരിക്കാന്‍ ആണിത് തുടര്‍ന്ന് തൂക്കമനുസരിച്ച് കായ്കള്‍ തിരിക്കാം.

എ ഗ്രേഡ്- 350 ഗ്രാമും അതിനു മേലും
ബി ഗ്രേഡ് - 200-350 ഗ്രാമും അതിനു മേലും
സി ഗ്രേഡ് - 200 ഗ്രാമില്‍ താഴെ

പഴങ്ങള്‍ തൂക്കം, വലിപ്പം, നിറം എന്നിവയനുസരിച്ച് ഗ്രേഡ് ചെയ്യുന്ന പതിവുണ്ട്. സൂപ്പര്‍, കിങ്, ക്യൂന്‍, പ്രിണ്‌സ് എന്നിവയാണിവ. കൂടാതെ 12 എ, 12 ബി എന്നിങ്ങനെ രണ്ട് ഗ്രേഡുമുണ്ട്. 12 എ ഗ്രേഡിന് വിപണിയില്‍ മുന്തിയ ഡിമാന്റാണ്. ചുളിവുകളുള്ള ഫൈബര്‍ ബോര്‍ഡ് പെട്ടികളിലാണ് കായ്കള്‍ പായ്ക് ചെയ്യുന്നത്. പെട്ടിക്കുള്ളില്‍ കടലാസ് കഷണങ്ങല്‍ കൂടെ വച്ചാണ് കായ്കള്‍ ക്രമീകരിക്കുക. ഇത്തരം ഒരു പെട്ടിയില്‍ 4-5 ക്വീന്‍ ഗ്രേഡ് മാതളം, 12 എ, 12 ബി ഗ്രേഡ് പഴങ്ങള്‍ എന്നിവ കൊള്ളും.

മുന്‍ നിരക്കാരും വിപണിയും

ഇറാന്‍, അമേരിക്ക, ചൈന, ഇന്ത്യ, ഇഡ്രായേല്‍, ഈജിപ്റ്റ്, സ്‌പെയിന്‍, ടര്‍ക്കി, അഫ്ഗാനിസ്ഥാന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളാണ് ലോകമാതള ഉത്പാദനത്തിലെ മുന്‍നിരക്കാര്‍. ഇന്ത്യക്ക് നാലാം സ്ഥാനമാണ് ഇന്ത്യയില്‍ മഹാരാഷ്ട്ര, കര്‍ണ്ണാടക, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഛത്തിസ്ഗര്‍, ഹിമാചര്‍പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് വാണിജ്യമാതളക്കൃഷിയുള്ളത്. ഇന്ത്യയുടെ മൊത്തം ഉല്പാദനത്തിന്റെ 50 ശതമാനം മഹാരാഷ്ട്രയുടെ സംഭാവനയാണ്. ഇന്ത്യയുടെ മാതളകൂട ആണ് മഹാരാഷ്ട്രാ. 1,32,000 ഹെക്ടര്‍ സ്ഥലത്ത് മാതളം കൃഷിയിറക്കി ഏതാണ്ട് രണ്ടു ലക്ഷം കുടുബങ്ങള്‍ ഇവിടെ നിത്യവൃത്തികഴിയുന്നു.

മഹാരാഷ്ട്രയിലെ സോലാപൂര്‍, നാസിക്, സാംഗ്ലി, അഹമ്മദ്‌നഗര്‍, പൂനെ, സത്താറ, കടര്‍ണടകത്തിലെ ബിജാപൂര്‍, ബെല്‍ഗാം, ബാഗല്‍കോട്ട്, ആന്ധ്രയിലെ അനന്ത്പൂര്‍, ഗുജറാത്തിലെ ഭവ്‌നഗര്‍, അഹമ്മദബാദ്, സബര്‍-കന്ത എന്നിവയാണ് പ്രധാന മാതള വിപണനകേന്ദ്രങ്ങള്‍.

മാതളം-ഗുണങ്ങള്‍ അനവധി

* ധാതുലവണങ്ങളുടെയും ജീവകങ്ങളുടെയും ഉത്തമ സ്രോതസ്സ്
* രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും
* പ്രമേഹ പ്രതിരോധ ശേഷിയുണ്ട്
* രക്തസമ്മര്‍ദ്ദം ക്രമീകരിക്കും
* അതിസാരം ശമിപ്പിക്കും
* ദഹനസഹായി, വിളര്‍ച്ച തടയും
* അര്‍ബുദപ്രതിരോധസഹായി
* വാര്‍ധക്യത്തിന്റെ വരവ് മന്ദീഭവിപ്പിക്കും.
* മുറിവുകളുണക്കാന്‍ സഹായകരം
* ചര്‍മ്മരോഗ്യം സംരക്ഷിക്കും
* മുരടിയുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും ഉത്തമം.സുരേഷ് മുതുകുളം
മുന്‍ പ്രിസന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, തിരുവനന്തപുരം