ദാമ്പത്യത്തില്‍ അലോസരങ്ങള്‍ ഒഴിവാക്കാം
വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട പളുങ്കുപാത്രമാണ് ദാമ്പത്യം. ദാമ്പത്യജീവിതത്തില്‍ ചെറിയചെറിയ പിണക്കങ്ങളും അലോസരങ്ങളും സാധാരണമാണ്. നിങ്ങളും പങ്കാളിയും എല്ലാറ്റിലും ഒരേപോലെ യോജിക്കണമെന്നില്ല. എന്നാല്‍, പല പിണക്കങ്ങളും ദീര്‍ഘിപ്പിക്കാതെ സ്‌നേഹത്തിന്റെ ഭാഷയില്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാം. തന്നെ മനസിലാക്കുന്ന പങ്കാളിയുണ്ടെന്ന ചിന്തതന്നെ അലോസരങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. പങ്കാളിയുടെ ജോലിയും അവിടെ നേരിടുന്ന മാനസികസമ്മര്‍ദവും മനസിലാക്കി പ്രവര്‍ത്തിക്കണം. എന്നാല്‍, നമ്മുടെ മനസു മുഴുവന്‍ പങ്കാളി വായിച്ച്, അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്നു വാശിപിടിക്കരുത്. ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ മാത്രമേ മറ്റുള്ളവര്‍ക്കു മനസിലാകൂ. ഓരോ വാക്കും പറയുന്നതിനു മുമ്പ് ഇതെന്റെ പങ്കാളിയെ എങ്ങനെ ബാധിക്കും എന്നു ചിന്തിച്ചാല്‍ ശരിയായ സംഭാഷണം നടത്താനാകും.

സ്‌നേഹവും പരസ്പര വിശ്വാസവുമാണ് ദാമ്പത്യജീവിതത്തിന്റെ അടിത്തറ. എന്നാല്‍, പരസ്പര സഹകരണമാണ് കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. പങ്കാളിയുമായുള്ള വിയോജിപ്പുകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതനുസരിച്ചിരിക്കും ബന്ധത്തിന്റെ ദാര്‍ഢ്യം. അതുകൊണ്ട് ആരോഗ്യകരമായ രീതിയില്‍ വിയോജിപ്പുകള്‍ കൈകാര്യംചെയ്യാനും പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനും നാം പഠിക്കണം. സത്യസന്ധമായി സംസാരിക്കുകയും ഇടപെടുകയും ചെയ്യണം. വഴക്കുപിടിച്ചാലും ന്യായത്തിന്റെ ഭാഗത്തു നില്‍ക്കണം. സ്‌നേഹത്തോടെ നിങ്ങളുടെ ഭാഗം അവതരിപ്പിക്കാം. പങ്കാളിയെ ഇടിച്ചുനിരത്തുന്ന രീതിയിലുള്ള സംസാരം ഒഴിവാക്കാം.

സംസാരിക്കാനായി ഒരു സമയം കണ്ടെത്തണം

രണ്ടു പേര്‍ക്കും മറ്റു ജോലികളില്ലാത്ത, പൂര്‍ണമായി ശ്രദ്ധിക്കാന്‍ കഴിയുന്ന ഒരു സമയം തെരഞ്ഞെടുക്കാം. ഇതു പലപ്പോഴും രാത്രി കിടക്കുന്നതിനു മുമ്പ് ആയിരിക്കും ഉത്തമം. പങ്കാൡവിശന്നിരിക്കുമ്പോഴോ ക്ഷീണിച്ചിരിക്കുമ്പോഴോ പ്രശ്‌നങ്ങളെടുത്തിടരുത്. നിങ്ങള്‍ക്കു ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം കൊടുക്കാന്‍ ശ്രദ്ധിക്കണം. കുട്ടികളുമായി സംസാരിക്കാനും ഇതുപോലെ സമയം വേര്‍തിരിക്കാം. ഒരാളുടെ കുറ്റം മറ്റുള്ളവര്‍ കേള്‍ക്കെ പറയരുത്.

നിങ്ങള്‍ക്കു വീഴ്ചകള്‍ വന്നാല്‍ ക്ഷമചോദിക്കാന്‍ മടിക്കരുത്. നിങ്ങളുടെ മനസിനെ അലട്ടുന്ന കാര്യങ്ങള്‍ പങ്കാളിയുമായി തുറന്നു സംസാരിക്കണം. ഉള്ളില്‍ ദുഃഖം കടിച്ചമര്‍ത്തി, പുറത്തു ദേഷ്യം കാണിച്ച് കുടുംബത്തിലെ കാലാവസ്ഥ മോശമാക്കുന്നതില്‍ അര്‍ഥമില്ല. ചെറിയ കാര്യങ്ങളില്‍ പങ്കാളിയോടു വഴക്കുപിടിക്കാതിരിക്കുക. സംശയിക്കാതിരിക്കുക.

പങ്കാളിയെ അംഗീകരിക്കുക

നിങ്ങളുടെ പങ്കാളി വളര്‍ന്നുവന്ന സാഹചര്യങ്ങള്‍ അവരില്‍ വലിയ സ്വാധീനം ചെലുത്തും. നിരന്തരമായി പങ്കാളിയെ കുറ്റപ്പെടുത്താതിരിക്കുക. പങ്കാളിയിലുള്ള നല്ല ഗുണങ്ങളെ പ്രോത്സാഹിപ്പിക്കണം. അവരും ഒരു വ്യക്തിയെന്ന നിലയില്‍ വളരെയധികം പ്രത്യേകതകളുള്ളവരാണ് എന്നു മനസിലാക്കുക. പങ്കാളിയുടെ പോരായ്മകളെപ്പറ്റി മറ്റുള്ളവരോടു പറയാതിരിക്കുക. ഏതു കാര്യത്തിലും അല്പം നര്‍മം കലര്‍ത്തി പറയുക. സ്‌നേഹത്തിന്റെ ഭാഷയില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതാണ് അഭികാമ്യം. പങ്കാളിയെ നിങ്ങളുടെ ഭാഗമായി കാണണം. പങ്കാളിയുടെ പോരായ്മകളെ നിങ്ങളുടെയും കുറവുകളാണെന്നു കണ്ട് സഹകരിക്കാം. അതു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കാന്‍ രണ്ടുപേരും ശ്രമിക്കണം. ഒരു കുടുംബ ബജറ്റ് തയാറാക്കി മുന്നോട്ടുപോകാം. വരവിനൊത്തു ചെലവു നടത്താന്‍ പരിശീലിക്കണം.

ഒരുമിച്ചിരുന്ന് മുഖത്തോടു മുഖം നോക്കി സംസാരിക്കാം

എല്ലാ കാര്യങ്ങളും കൃത്യമായി ചര്‍ച്ചചെയ്തശേഷം മാത്രം തീരുമാനമെടുക്കണം. ദാമ്പത്യത്തില്‍ ആശയവിനിമയത്തിനുള്ള പങ്ക് മറന്നുപോകരുത്. കൂടെയിരുന്ന് കണ്ണില്‍ നോക്കി ശ്രദ്ധയോടെ പങ്കാളി പറയുന്നതു കേള്‍ക്കണം. നീയാണ് എനിക്ക് ഏറ്റവും വലുത് എന്നു പുരുഷന്മാര്‍ ഭാര്യയോടു പറയുന്നത് ബന്ധം ദൃഢമാക്കാന്‍ സഹായിക്കും. ഇതു ഭാര്യയുമായി കൂടുതല്‍ തുറന്ന ആശയവിനിമയത്തിനും കൂടുതല്‍ അടുക്കാനും വഴിതെളിക്കും. സ്‌നേഹമൊക്കെ മനസിലാണ്, മനസിലാക്കിക്കൂടേ എന്ന ഡയലോഗ് കേള്‍ക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. ഭാര്യമാര്‍, ഭര്‍ത്താവിനെ ബഹുമാനിക്കാനും അനുസരിക്കാനും തയാറാകണം. രണ്ടുപേരും പങ്കാളിയുടെ ബന്ധുക്കളെപ്പറ്റിയും വീട്ടുകാരെപ്പറ്റിയും മോശമായി സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പങ്കാളി അല്പം എടുത്തുചാട്ടക്കാരനോ ക്ഷിപ്രകോപിയോ ആണെങ്കിലും അവരെ സ്‌നേഹിക്കാന്‍ സാധിക്കണം. അവരെ ഇതു തെറ്റാണെന്ന് ആത്മസംയമനത്തോടെ പറഞ്ഞു മനസിലാക്കണം. എന്നാല്‍, അത് അവരിലുള്ള സ്വാഭിമാനത്തെ ചോദ്യംചെയ്യാതെ വേണം. പങ്കാളിയെ മറ്റൊരാളുമായി താരതമ്യം ചെയ്യരുത്. ഇടയ്ക്ക് പങ്കാളിയുമായി നടക്കാന്‍ പോകാം. ഒരുമിച്ച് വീട്ടുജോലികള്‍ ചെയ്യാം. ഒരുമിച്ച് ഭക്ഷണം കഴിക്കാം, പ്രാര്‍ഥിക്കാം. കുട്ടികളെ വളര്‍ത്തുന്നതില്‍ ഒരേ അഭിപ്രായം പ്രകടിപ്പിക്കാം.

വഴക്കുകള്‍ പറഞ്ഞുതീര്‍ക്കാം

വഴക്കുകളില്ലാത്ത വീടുകളുണ്ടാവില്ല. എന്നാല്‍, ഇതു വൈരാഗ്യമായി തീരാതെ സൂക്ഷിക്കണം. നിങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങള്‍ കിടക്കുന്നതിനു മുമ്പുതന്നെ പറഞ്ഞുതീര്‍ക്കണം. മോശമായ പദങ്ങള്‍ ഒഴിവാക്കുക. ആസംയമനത്തോടെ സംസാരിക്കണം. ആവശ്യമില്ലാതെ കയര്‍ക്കാതിരിക്കാന്‍ സൂക്ഷിക്കണം. നിങ്ങളുടെ പങ്കാളി നിങ്ങളെ ശകാരിക്കുകയും വഴക്കുപിടിക്കുകയും ചെയ്യുമ്പോള്‍, ആ പറയുന്ന കാര്യത്തില്‍ മാത്രമല്ല, അതിനു പിന്നിലുള്ള കാര്യമെന്താണെന്നും ചിന്തിക്കണം. നിരന്തരമായി പങ്കാളിയുടെ തെറ്റുകളിലേക്കു വിരല്‍ ചൂണ്ടാതിരിക്കുക. നിങ്ങള്‍ എപ്പോഴും ഇങ്ങനെയാണ് എന്നു തുടങ്ങിയ കുറ്റാരോപണങ്ങള്‍ ഒഴിവാക്കണം. വഴക്കുപിടിച്ചാല്‍ നിങ്ങളുടെ ശബ്ദം വീടിനു പുറത്തു കേള്‍ക്കരുത്. കുികളുടെ മുന്നില്‍ നിന്നുകൊണ്ട് വഴക്കിടരുത്. നിങ്ങളുടെ വികാരങ്ങളും നിങ്ങള്‍ക്ക് എന്ത് അനുഭവപ്പെടുന്നു എന്നും മൃദുവായി പറയാന്‍ ശ്രദ്ധിക്കണം. മറ്റേയാള്‍ പറയുന്നതിലുള്ള കാര്യം മനസിലാക്കി അതിലെ ഗുണങ്ങള്‍ സ്വാംശീകരിക്കണം. പങ്കാളിയോടു മോശമായി പെരുമാറാതിരിക്കുക. പിണക്കങ്ങളിലും മിണ്ടാതിരിക്കരുത്.

നല്ല ശ്രോതാവാകുക

തുറന്ന മനസോടെ പങ്കാളി പറയുന്നതു ശ്രദ്ധിച്ചു കേള്‍ക്കണം. പറയുന്നതു നിങ്ങള്‍ക്കു മനസിലായെന്ന് ഉറപ്പുവരുത്തണം. നിങ്ങളുടെ ശരീരഭാഷയും പ്രധാനമാണ്. പങ്കാൡനിങ്ങളോടു പ്രധാനപ്പെട്ട ഒരു കാര്യം പറയുമ്പോള്‍ അലക്ഷ്യമായി ഇരുന്നു ഫോണില്‍ നോക്കാതെ പങ്കാളിയുടെ കണ്ണില്‍ നോക്കി സംസാരിക്കണം. ഇടയ്ക്കുകയറി സംസാരിക്കാതിരിക്കുക. മറന്നുപോകാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ എഴുതിയിടണം.


വിട്ടുവീഴ്ചാമനോഭാവം കൈവെടിയരുത്

പ്രതിസന്ധികളില്‍ നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും സന്തോഷം തരുന്ന ഒരു തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. ചിലത് വിട്ടുകൊടുക്കേണ്ടിവരാം. പങ്കാളിയുമായി വഴക്കുപിടിക്കുമ്പോള്‍ അവരെ മുറിപ്പെടുത്തുന്ന വാക്കുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കോപത്തോടെ സ്വരം ഉയര്‍ത്തി സംസാരിക്കരുത്. നിങ്ങളുടെ പങ്കാളിയെ കളിയാക്കി മുറിപ്പെടുത്തുന്ന പേരുകള്‍ വിളിക്കരുത്. നിങ്ങളുടെ മനസിന്റെ സന്തുലിതാവസ്ഥ പോകാത്തവിധത്തില്‍ കാര്യം വിശദീകരിക്കാം. ഒരു തര്‍ക്കത്തില്‍ സ്വയം വിട്ടുകൊടുക്കുന്നയാള്‍ക്കാണു ജയം എന്നോര്‍ക്കണം. പങ്കാളിയോട് ഒന്നും മറച്ചുവയ്ക്കരുത്. പങ്കാളിയറിഞ്ഞാല്‍ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യരുത്. വഴക്കുണ്ടാകുമ്പോള്‍ നിങ്ങളുടെ അഹങ്കാരത്തെയും കോപത്തെയും എറിഞ്ഞുകളയുക. ദേഷ്യത്തില്‍ പങ്കാളിയെ ഉപദ്രവിക്കുകയോ സാധനങ്ങള്‍ വലിച്ചെറിയുകയോ അരുത്. ഞാന്‍ വിട്ടുകൊടുത്താല്‍ ഞങ്ങള്‍ ഒരുമിച്ച് സമാധാനം അനുഭവിക്കും എന്ന ചിന്തയാകട്ടെ നിങ്ങളെ ഭരിക്കുന്നത്.

കോപം നിയന്ത്രിക്കുക

നിങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ പഴയ കാര്യങ്ങള്‍ വലിച്ചിഴച്ച് വഴക്കുപിടിക്കാതിരിക്കുക. കോപം നിയന്ത്രിക്കാനാകുന്നുണ്ടെങ്കില്‍ മാത്രം സംഭാഷണം തുടരുക. നിങ്ങളുടെ ദേഷ്യം നിയന്ത്രണാതീതമാണെന്നു തോന്നിയാല്‍ പുറത്തുപോയി നീട്ടി ശ്വാസം വലിക്കുക, അല്പം നടക്കുക. കുടുംബജീവിതത്തില്‍ ആരു ജയിച്ചു എന്നതല്ല, ഒരുമിച്ച് ജയിക്കുക, ഒരുമിച്ച് സമാധാനം അനുഭവിക്കുക എന്നതാണ് പ്രധാനം.

പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കുക

പറയുന്ന കാര്യം പോലെതന്നെ നിങ്ങള്‍ പറയുന്ന ശബ്ദവും പ്രധാനമാണ്. സമാധാനമുണ്ടാക്കാനായി എല്ലാം വിഴുങ്ങേണ്ടതില്ല. പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം ദൃഢമായി, കാരണങ്ങള്‍ നിരത്തിക്കൊണ്ടു പറയാം. ആ കാര്യവുമായി ബന്ധമില്ലാത്തതും പണ്ടു സംസാരിച്ചതുമായ പിഴവുകള്‍ ചൂണ്ടിക്കാണിക്കാതിരിക്കുക. പങ്കാളിയുടെ ബലഹീനതകളെ കുത്തിപ്പൊക്കാതിരിക്കുക. ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉടന്‍തന്നെ ചര്‍ച്ചചെയ്തു പരിഹരിക്കണം. നിങ്ങള്‍ പങ്കാളി പറയുന്ന കാര്യത്തിന്റെ ഗൗരവം മനസിലാക്കി അതിന്റെ കാരണങ്ങള്‍ തിരക്കണം. ഒരവസരത്തില്‍ ഒരു കാര്യം മാത്രം ചര്‍ച്ചചെയ്യുക. പങ്കാളിയുടെ ചെറിയ പിടിവാശികളും തെറ്റുകളും അവഗണിക്കണം.

പങ്കാളിയെ അഭിനന്ദിക്കാന്‍ മറന്നുപോകരുത്

പങ്കാൡയുടെ ചെറുതും വലുതുമായ ഗുണങ്ങള്‍ കണ്ടുപിടിച്ച് ആത്മാര്‍ഥമായി അഭിനന്ദിക്കണം. പങ്കാളി നിങ്ങളെ സഹായിക്കുമ്പോള്‍ നന്ദിപറയാന്‍ മടിക്കേണ്ടതില്ല. ജന്മദിനം, വിവാഹവാര്‍ഷികം എന്നിവ മറക്കാതെ ആഘോഷിക്കണം. ഇടയ്ക്ക് പങ്കാളിക്കായി ചില അപ്രതീക്ഷിത സമ്മാനങ്ങളും കരുതിവയ്ക്കണം. ഭാര്യ രാത്രിയില്‍ ഭക്ഷണം തരുമ്പോള്‍ നീയിത്ര കഷ്ടപ്പെടുന്നല്ലോ? എന്നൊരു വാക്ക് പറഞ്ഞാല്‍ മതി, അവിടെ അവരുടെ പരിഭവവും പിണക്കവും ക്ഷീണവുമെല്ലാം മാറും. കുടുംബജീവിതത്തില്‍ ലൈംഗികതയ്ക്കുള്ള സ്ഥാനവും മറക്കരുത്. നിങ്ങളുടെ എല്ലാ സാധനങ്ങളും പങ്കാളിയുമായി പങ്കിടാന്‍ തയാറാകണം. നിങ്ങള്‍ പങ്കാളിയെ എത്രമാത്രം വിലമതിക്കുന്നു എന്നു പറയാന്‍ മടിക്കരുത്.

പങ്കാളിയുമായി സമയം ചെലവഴിക്കണം

എല്ലാ ദിവസവും പങ്കാളിയുമായി അരമണിക്കൂറെങ്കിലും ചെലവഴിക്കണം. ഈ സമയം വളരെ ചിന്തിച്ച് നല്ല കാര്യങ്ങള്‍ സംസാരിക്കുക. പങ്കാളി അര്‍ഹിക്കുന്ന സ്‌നേഹവും പരിഗണനയും ഈ സമയത്തു നല്‍കണം. നിങ്ങളുടെ പങ്കാൡയുടെ തെറ്റുകള്‍ ക്ഷമിച്ച് കൂടുതല്‍ നല്ല ഉപദേശങ്ങള്‍ കൊടുക്കാം. എന്നാല്‍ പഠിപ്പിക്കല്‍ വേണ്ട. കുട്ടികളെ മാറ്റിനിര്‍ത്തി പങ്കാളിയുമായി നടക്കാന്‍ പോകാം, യാത്രകള്‍ പോകാം, ഒരുമിച്ച് കൃഷിചെയ്യാം, വീട്ടുപണികള്‍ ചെയ്യാം.

പങ്കാളിയെക്കുറിച്ച് മോശമായി പറയുന്നവരെ ഒഴിവാക്കാം

പങ്കാളിയുടെ വീട്ടുകാരെയും സുഹൃത്തുക്കളെയും സ്‌നേഹിക്കണം. എന്നാല്‍, നിങ്ങളുടെ കുടുംബജീവിതത്തെ ദോഷമായി നിയന്ത്രിക്കാന്‍ പുറത്തുനിന്ന് ആരെയും സമ്മതിക്കരുത്. തെറ്റായ ഉപദേശങ്ങള്‍ തരുന്ന കൂട്ടുകാരെയും ബന്ധുക്കളെയും ഒഴിവാക്കണം. നിങ്ങള്‍ പങ്കാളിയെക്കുറിച്ചുള്ള പരാതിയുമായി നിങ്ങളുടെ വീട്ടുകാരെ സമീപിക്കരുത്. നിങ്ങള്‍ രണ്ടുപേരുടെയും പ്രശ്‌നങ്ങള്‍ തമ്മില്‍ ചര്‍ച്ചചെയ്തു പരിഹരിക്കണം. അവിടെ തീരാത്ത പ്രശ്‌നങ്ങള്‍ വിശ്വസ്തരായ കൗണ്‍സലറുടെയോ സൈക്യാട്രിസ്റ്റിന്റെയോ അടുത്തുപോയി പരിഹരിക്കാം. ലഹരിവസ്തുക്കളുടെ ഉപയോഗം നിങ്ങളുടെ ദാമ്പത്യത്തെ ദോഷമായി ബാധിക്കും. പങ്കാളിയുമായി തര്‍ക്കം ഒഴിവാക്കി, സൗഹൃദപരമായ സംഭാഷണത്തിലേര്‍പ്പെടാന്‍ പരിശീലിക്കണം. വീടിന്റെ അച്ചടക്കം ലംഘിക്കുന്ന ഒരു പ്രവൃത്തിയും ചെയ്യരുത്. വൈകിട്ട് കൃത്യസമയത്തു വീട്ടിലെത്താനും കുട്ടികളെ ഒരുമിച്ച് പഠിപ്പിക്കാനും ശ്രദ്ധിക്കണം. സ്വാര്‍ഥത ഉപേക്ഷിക്കണം. പങ്കാളിയുടെ വളര്‍ന്നുവന്ന സാഹചര്യത്തെയും വ്യക്തിത്വത്തെയും കണക്കിലെടുത്തുകൊണ്ട് അവസരോചിതമായി പെരുമാറണം. പങ്കാളിയില്‍നിന്ന് അമിതമായി പ്രതീക്ഷിക്കാതിരിക്കുക. എല്ലാ കുടുംബത്തിലും അതിന്‍േറതായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. വഴക്കോ തര്‍ക്കമോ ഇല്ലാത്ത ദാമ്പത്യമില്ല എന്നു മനസിലാക്കണം. എന്നാല്‍, രണ്ടുപേരും തങ്ങളുടെ വ്യത്യാസങ്ങളും ബലഹീനതകളും മനസിലാക്കി പരസ്പരം സഹകരിക്കുമ്പോള്‍ നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും അഭിവൃദ്ധിയും ഉണ്ടാകും. നിങ്ങള്‍ക്കു ലഭിക്കുന്നതിലുപരിയായി സ്‌നേഹം കൊടുക്കുക. പങ്കാളിയുടെ വ്യക്തിത്വത്തെയല്ല പെരുമാറ്റത്തെ മാത്രമാണ് മാറ്റുവാനാഗ്രഹിക്കുന്നതെന്നു പറഞ്ഞാല്‍ പകുതി പ്രശ്‌നം തീര്‍ന്നു. ചിലപ്പോള്‍ ചില കാര്യങ്ങളില്‍ സഹനം ആവശ്യമാകും. പങ്കാളിയെ മുന്‍വിധിയോടെ കാണാതെ സമയോചിതമായി നര്‍മം കലര്‍ത്തി സ്‌നേഹത്തോടെ ഇടപൊല്‍ ദാമ്പത്യത്തില്‍ അലോസരം ഒഴിവാക്കാം. ക്ഷമയോടെയും സ്‌നേഹത്തോടെയും നിങ്ങളുടെ പങ്കാളിയെ സമീപിച്ചാല്‍ ദാമ്പത്യം നല്ല മധുരമുള്ള പാല്‍പായസമായി കാലാന്തരത്തില്‍ അനുഭവപ്പെടും, തീര്‍ച്ച.

ഡോ.നതാലിയ എലിസബത്ത് ചാക്കോ
കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, എച്ച്.ജി.എം ഹോസ്പിറ്റല്‍, മുട്ടുചിറ, കോട്ടയം