വിജയം ആവർത്തിക്കാൻ സാൻട്രോ രണ്ടാമൻ
വിജയം ആവർത്തിക്കാൻ  സാൻട്രോ രണ്ടാമൻ
Saturday, January 5, 2019 2:51 PM IST
ദക്ഷിണകൊറിയൻ കന്പനിയായ ഹ്യുണ്ടായിയ്ക്ക് ഇന്ത്യൻ വിപണിയിൽ വേരോട്ടം നേടിക്കൊടുത്ത മോഡലായിരുന്നു സാൻട്രോ. ഇന്ത്യയിലെ ആദ്യ ടോൾ ബോയ് ഹാച്ച്ബാക്കായി 1998-ലായിരുന്നു സാൻട്രോയുടെ അരങ്ങേറ്റം. മാരുതിയുടെ ചെറുവാഹനങ്ങൾ കണ്ടുമടുത്ത ഇന്ത്യക്കാർ ഉയരമുളളതും വിശാലമായ അകത്തളമുളളതുമായ സാൻട്രോയുടെ ആരാധകരായി മാറി. പതിനാറ് വർഷം സാൻട്രോ വിപണിയിൽ തുടർന്നു.

തരക്കേടില്ലാത്ത വിൽപ്പനയുണ്ടായിരുന്നിട്ടും 2014 ഡിസംബറിൽ സാൻട്രോയുടെ ഉത്പാദനം കന്പനി അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യൻ വിപണിയിൽ ഇരുപതാംവാർഷികം ആഘോഷിക്കുന്ന ഹ്യുണ്ടായി ആദ്യ മോഡലിന് പുനർജന്മം നൽകിയിരിക്കുകയാണിപ്പോൾ. ഏറെ ജനപ്രീതി നേടിയ സാൻട്രോ എന്ന ബ്രാൻഡ് നാമത്തിൽ എത്തിയ പുതിയ ഹ്യുണ്ടായി ഹാച്ച്ബാക്കിനെ പരിയപ്പെടാം.

രൂപകൽപ്പന

ഇയോണിനും ഗ്രാൻഡ് ഐ 10 നും ഇടയിലെ വിടവ് നികത്തുന്ന സാൻട്രോയ്ക്ക് കെ വണ്‍ പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്. പഴയ ഹ്യുണ്ടായി ഐ 10 പ്ലാറ്റ്ഫോമിന്‍റെ നവീകൃത രൂപമാണിത്. ടോൾബോയ് രൂപകൽപ്പന പിന്തുടരുന്ന പുതിയ മോഡലിന് പഴയ സാൻട്രോയെക്കാൾ വലുപ്പക്കൂടുതലുണ്ട്. കൃത്യമായി പറഞ്ഞാൽ നീളം 15 മില്ലിമീറ്ററും വീതി 120 മില്ലിമീറ്ററും വീൽബേസ് 20 മില്ലിമീറ്ററും അധികം. എന്നാൽ ഉയരത്തിൽ 30 മില്ലിമീറ്റർ കുറവുണ്ട്. പഴയ സാൻട്രോയെക്കാൾ ലെഗ്റൂം, ഷോൾഡർ റൂം എന്നിവ അധികമുണ്ടെന്ന് വ്യക്തം.
വിപണിയിൽ നിന്ന് പിൻവാങ്ങിയ പഴയ ഐ10 മായി രൂപസാദൃശ്യം പുതിയ സാൻട്രോയ്ക്കുണ്ട്. മനോഹരമായി രൂപകൽപ്പന ചെയ്ത മുൻഭാഗമാണ് കാറിന് തികഞ്ഞ പുതുമ നൽകുന്നത്. ഇന്‍റീരിയർ ഏറെ ആകർഷകമാണ്. സമാനഗണത്തിൽ പെടുന്ന വാഹനങ്ങളെക്കാൾ പ്രീമിയം ഫിനിഷുണ്ട് സാൻട്രോയുടെ ഇന്‍റീരിയറിന്. സെന്‍റർ കണ്‍സോളിലെ ഏഴിഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയൻമെന്‍റ് സിസ്റ്റത്തിന് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, മിറർ ലിങ്ക്, ഓണ്‍ബോർഡ് നാവിഗേഷൻ എന്നിവയുണ്ട്. നാല് പവർ വിൻഡോകളുടെയും സ്വിച്ചുകൾ ഗീയർലിവറിനു സമീപം നൽകിയത് പോരായ്മയാണ്. നിർമാണച്ചെലവ് കുറയ്ക്കുന്നതിനാവും ഹ്യുണ്ടായി ഇങ്ങനെ ചെയ്തത്.

റിവേഴ്സ് ക്യമറ, പിൻസീറ്റിനായി റിയർ എസി വെന്‍റ് എന്നിവ ബി സെഗ്മെന്‍റ് ഹാച്ച്ബാക്കുകളിൽ ആദ്യമായി അവതരിപ്പിക്കുന്നത് സാൻട്രോയാണ്. വാഗണ്‍ ആറിനെക്കാൾ വീതിക്കൂടുതൽ ഉള്ള സാൻട്രോയുടെ പിൻസീറ്റിൽ മൂന്ന് പേർക്ക് സുഖമായി ഇരിക്കാം. 235 ലിറ്ററാണ് ബൂട്ട് കപ്പാസിറ്റി.
മെച്ചപ്പെട്ട റോഡ് കാഴ്ച ഉറപ്പാക്കും വിധം താരതമ്യേന പൊക്കം കൂടിയ ഡ്രൈവർ സീറ്റ് നൽകിയിരിക്കുന്നു. ഡ്രൈവർ എയർബാഗും എബിഎസും അടിസ്ഥാന വകഭേദത്തിനും ലഭിക്കും. രണ്ട് എയർബാഗുകൾ മുന്തിയ വകഭേദത്തിനു ലഭ്യമാണ്.


എൻജിൻ ഡ്രൈവ്

പഴയ ഐ 10 ന് ഉപയോഗിച്ച 1.1 ലിറ്റർ എൻജിൻ പരിഷ്കരിച്ചാണ് പുതിയ സാൻട്രോയ്ക്ക് നൽകിയിരിക്കുന്നത്. ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ (എഎംടി ) ഉണ്ടെന്നത് വലിയ സവിശേഷത. ഹ്യുണ്ടായി സ്വന്തമായി വികസിപ്പിച്ചതാണ് അഞ്ച് സ്പീഡ് എഎംടി. എതിരാളികളെല്ലാം മൂന്ന് സിലിണ്ടർ ഉപയോഗിക്കുന്പോൾ സാൻട്രോയിലുളളത് നാല് സിലിണ്ടർ എൻജിനാണ്. 1086 സിസി, പെട്രോൾ എൻജിന് 68 ബിഎച്ച്പി 99 എൻഎം ആണ് ശേഷി. ടിയാഗോയ്ക്ക് 84 ബിഎച്ച്പിയും വാഗണ്‍ ആർ, സെലേറിയോ മോഡലുകൾക്ക് 67 ബിഎച്ച്പിയുമാണ് കരുത്ത്. ലിറ്ററിന് 20.30 കിലോമീറ്റർ മൈലേജ് കന്പനി വാഗ്ദാനം ചെയ്യുന്നു. വാഗണ്‍ ആർ മൈലേജ് ലിറ്ററിന് 20.51 കിലോമീറ്റർ.

അധികം ശബ്ദവും വിറയലും ഉണ്ടാക്കാതെയാണ് എൻജിന്‍റ പ്രവർത്തനം. ആർപിഎം 4000 കടക്കുന്നതുവരെ എൻജിൻ ശബ്ദം കേൾക്കാനേയില്ല. പൊട്ടിപ്പൊളിഞ്ഞ റോഡിലും ഹൈവേയിലും ഒന്നുപോലെ യാത്രാസുഖം നൽകാൻ പര്യാപ്തമാണ് സാൻട്രോയുടെ സസ്പെൻഷൻ. കട്ടികുറഞ്ഞ സ്റ്റിയറിംഗ് നഗരയാത്രകൾ ആസ്വ്യാദ്യകരമാക്കുന്നു. മാരുതിയുടെ എഎംടിയെക്കാൾ ഏറെ സ്മൂത്താണ് സാൻട്രോയുടെ എഎംടി. ആക്സിലറേറ്ററിൽ കാലമരുന്പോൾ വേഗത്തിലാണ് ഗീയറുകൾ അപ് ലിഫ്ട് ചെയ്യുന്നത്.

ആന്‍റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) ഉണ്ടെന്നത് ഡ്രൈവിംഗിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. ഉയർന്ന വേഗത്തിലും വിചാരിക്കുന്നിടത്ത് സുരക്ഷിതമായി ബ്രേക്ക് ചെയ്ത് നിർത്താൻ അതു സഹായിക്കുന്നു. വളവുകൾ വീശുന്പോൾ വാഹനത്തിനു മികച്ച സ്ഥിരതയുണ്ടെന്നതും ശ്രദ്ധേയം.

അവസാനവാക്ക്

പഴയ സാൻട്രോയുടെ വിജയം ആവർത്തിക്കാൻ പുതിയ സാൻട്രോയ്ക്ക് കഴിഞ്ഞേക്കും. മുഖ്യ എതിരാളിയായ മാരുതി വാഗണ്‍ ആറിനെക്കാൾ വില കുറവാണ് സാൻട്രോയ്ക്ക്. അതേസമയം നിലവാരം കൂടിയ ഇന്‍റീരിയറും മുന്തിയ സൗകര്യങ്ങളും ഹ്യുണ്ടായി ഹാച്ച്ബാക്കിനുണ്ട്. മാരുതി സെലേറിയോ, ടാറ്റ ടിയാഗോ എന്നീ മോഡലുകളാണ് സാൻട്രോയുടെ മറ്റ് എതിരാളികൾ.

കൊച്ചി എക്സ്ഷോറൂം വില

അഞ്ച് സ്പീഡ് മാനുവൽ:
ഡിലൈറ്റ് 3.93 ലക്ഷം രൂപ
ഇറ 4.28 ലക്ഷം രൂപ
മാഗ്ന 4.61 ലക്ഷം രൂപ
സ്പോർട്സ് 5.03 ലക്ഷം രൂപ
ആസ്റ്റ 5.49 ലക്ഷം രൂപ
അഞ്ച് സ്പീഡ് എഎംടി:
മാഗ്ന 5.22 ലക്ഷം രൂപ
സ്പോർട്സ് 5.50 ലക്ഷം രൂപ.