നോ പറയാം; വിവാഹ ധൂര്‍ത്തിനോട്
പെണ്‍കുട്ടിയുടെ ഫ്രോക്ക് വിദേശത്തുനിന്നും വരുത്തിയതാണ്. രണ്ടുലക്ഷം രൂപയായി' കേരളത്തിലെ ഏറ്റവും വലിയ ഹോട്ടലില്‍വച്ച് അടുത്തിടെ നടന്ന വിവാഹവേളയില്‍ വധുവിന്റെ ബന്ധു പറഞ്ഞ വാക്കുകളാണിവ. ഏതാനും മണിക്കൂറുകള്‍ മാത്രം ധരിക്കാനുള്ള ഉടുപ്പിന്റെ വില രണ്ടു ലക്ഷം രൂപ! അവിശ്വസനീയ കാഴ്ചകള്‍ ധാരാളമുണ്ടായിരുന്നു അവിടെ. ബോളിവുഡ് ബന്ധമുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണു സര്‍വ സജ്ജീകരണങ്ങളും ഒരുക്കിയത്. ബാഹുബലി സ്റ്റൈലിലുള്ള സ്റ്റേജ്, സിനിമാ മോഡലില്‍ വധൂവരന്മാരുടെ എന്‍ട്രി, പൂക്കളുടെ മഹാസമുദ്രം, ഏകദേശം 2500 പേര്‍ക്കു പ്ലേറ്റൊന്നിന് 3000 രൂപയുടെ അതിസമൃദ്ധ ഭക്ഷണം...

അങ്ങനെ സ്വപ്‌ന സമാനമായ മാമാങ്കം. ഒരുമാസം മുമ്പ് നടന്ന വിവാഹാഘോഷത്തോടു കിടപിടിക്കുന്ന മനസമ്മതച്ചടങ്ങും ഓര്‍മയിലെത്തി. രണ്ടു ചടങ്ങുകളുടെയും ക്ഷണക്കത്തുകള്‍ ഓരോന്നിനും ഉദ്ദേശം 1500 രൂപ ആയിക്കാണണം. മനസമ്മതത്തലേന്നും കല്യാണത്തലേന്നും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മദ്യത്തിന്റെ അകമ്പടിയോടെ നടത്തിയ സത്കാരച്ചെലവുകള്‍ വേറെ.

അനാവശ്യ ധൂര്‍ത്ത്

ഇന്നു സര്‍വസാധാരണമായിരിക്കുന്നു ഇത്തരം രാജകീയ വിവാഹങ്ങള്‍. മനസമ്മതച്ചടങ്ങും കല്യാണംപോലെതന്നെ അത്യന്തം ആര്‍ഭാടത്തോടെ നടത്തുന്നതാണ് ഇപ്പോഴത്തെ രീതി. മിന്നുകെട്ടില്ല എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം തുല്യം. ക്ഷണിതാക്കളും ഒരേ കൂട്ടര്‍. ഇതിനൊക്കെ പുറമേ പതിനായിരങ്ങള്‍ ചെലവിടുന്ന കല്യാണ ഉറപ്പിക്കലും ഇന്നു ഫാഷനായിട്ടുണ്ട്.

വിവാഹ ആഡംബരങ്ങള്‍ക്കായി സമ്പന്നര്‍ കോടിക്കണക്കിനു രൂപ ദുര്‍വ്യയം ചെയ്യുമ്പോള്‍ സാമ്പത്തിക ഞെരുക്കമുള്ളവരും ഉള്ളതു പണയംവച്ചും കടംവാങ്ങിയും വിവാഹം ആര്‍ഭാടമാക്കുന്നതാണ് ഏറെ നിര്‍ഭാഗ്യകരം. ഒരു വിവാഹം നടത്തിക്കഴിയുമ്പോഴേക്കും തകര്‍ന്നുപോവുന്ന സാധാരണക്കാരുടെ കുടുംബങ്ങള്‍ അനേകമുണ്ട്. ബിസിനസ് നടത്തി വീടും 10 സെന്റ് സ്ഥലവുമല്ലാതെ ബാക്കി മുഴുവന്‍ നഷ്ടപ്പെടുത്തിയ ഗൃഹനാഥന്‍ ഏകമകളുടെ വിവാഹം നടത്തിയത് അതിഗംഭീരമായിട്ടായിരുന്നു. വീടും സ്ഥലവും മകള്‍ക്കാണെന്നുപറഞ്ഞാണ് കല്യാണം നടത്തിയതെങ്കിലും ചെറുക്കന്‍കൂട്ടര്‍ അറിയാതെ അതു പണയംവച്ചാണു കല്യാണം പൊടിപൊടിച്ചത്. പക്ഷേ, വലിയ രണ്ടു ദുരന്തങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. പണം തിരിച്ചടയ്ക്കാനാവാതെ വീടും സ്ഥലവും ജപ്തിചെയ്തു; വിവരം പുറത്തായതോടെ മകളെ അവര്‍ വീട്ടിലേക്കു തിരികെ വിടുകയും ചെയ്തു.


നാള്‍ ചെല്ലുന്തോറും കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്ന വിവാഹ ധൂര്‍ത്ത് ദൈവനീതിക്കും മനുഷ്യനീതിക്കും തുരങ്കംവയ്ക്കുന്ന ഒരു കൊടിയ തിന്മയാണ്. ദരിദ്രകുടുംബങ്ങളിലെ ആയിരക്കണക്കിനു പെണ്‍കുട്ടികള്‍ പണത്തിന്റെ അഭാവംകൊണ്ടു മാത്രം അവിവാഹിതരായി നില്‍ക്കുമ്പോള്‍ സ്വന്തം മക്കളുടെ വിവാഹം അത്യാഡംബരമാക്കുവാന്‍ ലക്ഷങ്ങളും കോടികളും പാഴാക്കുന്നതു ധാര്‍മികബോധം തൊട്ടുതീണ്ടിയിില്ലാത്തതുകൊണ്ടാണ്. തങ്ങള്‍ കൈയടക്കിവച്ചിരിക്കുന്ന സമ്പത്ത്, ഇല്ലാത്തവര്‍ക്കുകൂടെ അര്‍ഹതപ്പെട്ടതാണെന്ന ചിന്ത ഒരിക്കല്‍പ്പോലും ഇക്കൂട്ടരുടെ മനസുകളിലേക്കു കടന്നുവരില്ല. ചുറ്റും രൂപപ്പെടുന്ന ദാരിദ്ര്യത്തിന്റെ നിലയില്ലാക്കയങ്ങള്‍ കാണാന്‍ സാധിക്കാത്തവിധം ആത്മീയാന്ധത ബാധിച്ച ഇവര്‍ സ്വന്തം അന്തസും സമ്പത്തും പ്രദര്‍ശിപ്പിക്കാനായി മാത്രമാണു പണം ഒഴുക്കിക്കളയുന്നത്.

'അനേകര്‍ ഇല്ലായ്മയില്‍ കഴിയുമ്പോള്‍ ഒരാള്‍ ആഡംബരത്തില്‍ മുഴുകുന്നതു ഭീതിജനകമായ പാപമാണ്' എന്ന് അലക്‌സാന്‍ഡ്രിയയിലെ ക്ലെമന്റ് എന്ന ചിന്തകന്‍ പറഞ്ഞത് ഇവിടെ പ്രസക്തമാവുന്നു.

മാറ്റം വേണ്ടത് യുവജനങ്ങളില്‍ നിന്ന്

മാറ്റത്തിന്റെ കാഹളങ്ങള്‍ മുഴങ്ങേണ്ടതു യുവജനങ്ങളില്‍നിന്നാണ്. തങ്ങളുടെ വിവാഹച്ചടങ്ങുകളില്‍ ധൂര്‍ത്ത് പാടില്ലായെന്നു നിര്‍ബന്ധപൂര്‍വം പറയാനുള്ള ആര്‍ജവം വിവാഹം കഴിക്കുന്ന യുവതീയുവാക്കള്‍ക്ക് ഉണ്ടാകണം. ചടങ്ങുകള്‍ ലളിതമാവുമ്പോള്‍ ലാഭിക്കുന്ന പണംകൊണ്ട് നിര്‍ധന യുവതികളുടെ വിവാഹം നടത്തിക്കൊടുക്കണമെന്നു മാതാപിതാക്കളോട് ആവശ്യപ്പെടാനുള്ള സന്മനസ് ഉണ്ടെങ്കില്‍ അതായിരിക്കും അവരുടെ ദാമ്പത്യവിജയത്തിലേക്കുള്ള അനുഗ്രഹ വാതില്‍.

ഈ ഭൂമിയും അതിലെ സര്‍വ സമ്പത്തും എല്ലാ മനുഷ്യര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണെന്ന വിശ്വാസം മനസുകളില്‍ രൂഢമൂലമായാലേ ധൂര്‍ത്ത് അപ്രത്യക്ഷമാവൂ. മനുഷ്യന്റെ സ്വാര്‍ഥതയും അഹങ്കാരവുമാണു ധൂര്‍ത്തിലേക്ക് അവനെ എത്തിക്കുന്നത്. ധൂര്‍ത്തിന്റെ ദുര്‍വാസനയില്‍നിന്നും പുറത്തുകടക്കാന്‍ യുവജനങ്ങള്‍ക്കെങ്കിലും കഴിയട്ടേ.

പ്രഫ. മോനമ്മ കോക്കാട്
സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അംഗം