വിവാഹം: വേണം മാനസികവും സാമ്പത്തികവുമായ തയ്യാറെടുപ്പുകള്‍
വിവാഹം: വേണം മാനസികവും സാമ്പത്തികവുമായ തയ്യാറെടുപ്പുകള്‍
Tuesday, January 8, 2019 3:14 PM IST
കാത്തുകാത്തിരുന്ന ദിവസം അടുത്തുവരികയാണ്. അതോടെ ടെന്‍ഷനും കൂടുകയായി. കല്യാണത്തിനുശേഷം വീടും നാടും, കൂട്ടുകാരെയുമെല്ലാം വിട്ട് പുതിയവീട്ടിലേക്ക് താമസം മാറേണ്ടതിനാല്‍ വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ക്കാണ് കൂടുതല്‍ ടെന്‍ഷന്‍. അതെ പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കാന്‍ തീരുമാനിച്ചതോടെ ഇനി എല്ലാം പുതിയതാണ്. വീടും നാടും, അയല്‍ക്കാരും, ബന്ധുക്കളും എല്ലാം. ഇതുവരെ ഒറ്റയ്ക്കു ജീവിച്ച ജീവിതമല്ല ഇനി. ജീവിതാവസാനംവരെ സന്തോഷജീവിതം മുന്നില്‍ കണ്ടുതന്നെയാണ് ഓരോരുത്തരും മനസിനിണങ്ങിയ പങ്കാളിയെ തേടി കണ്ടുപിടിക്കുന്നത്. എന്നാല്‍ വിവാഹമെന്നത് ചെറിയ കാര്യമല്ല. പെണ്ണുകാണലും, വിവാഹനിശ്ചയവും, കല്യാണവുമൊന്നും തിരക്കുപിടിച്ച് നടത്തുകയുമരുത്. അറേഞ്ച്ഡ് മാര്യേജ് ആണെങ്കില്‍ രണ്ടുപേര്‍ക്കും മനസിലാക്കാനും അറിയാനുമുള്ള സമയം നല്‍കുക തന്നെ വേണം. വൈകാരികവും സാമ്പത്തികവുമായ തയ്യാറെടുപ്പുകള്‍ ഇന്നത്തെക്കാലത്ത് അനിവാര്യമാണ്.

കല്യാണ ടെന്‍ഷന്‍ അമിതമാവരുത്

വിവാഹം അടുക്കുന്നതോടെ സന്തോഷത്തോടൊപ്പം മിക്ക പെണ്‍കുട്ടികളിലും ആധിയും കാണാറുണ്ട്. പുതിയ ജീവിതം, വീട്, ബന്ധുക്കള്‍ ആശങ്കകള്‍ പലതാണ്. തിരക്കിനിടയിലും ഇത്തരം ആശങ്കകളുണ്ടാകുമെന്നതാണ് വാസ്തവം. ടെന്‍ഷന്‍ കൂടിക്കൂടി കൗണ്‍സലിങ്ങിന് പോകുന്നവരും കുറവല്ല. എന്‍ഗേജ്‌മെന്റ് വരെയെത്തി മുടങ്ങിപ്പോകുന്ന കല്യാണങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. സംസാരിച്ച് വരുമ്പോഴാണ് പലര്‍ക്കും തങ്ങള്‍ പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങളുടെ പോക്കെന്ന് മനസിലാവുക. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് നിങ്ങളുടെ താല്‍പര്യങ്ങളും ഇഷ്ടങ്ങളുമായി ഒത്തുപോകുന്ന ആളാണോ അല്ലയോ എന്നത് നേരത്തെ മനസിലാക്കേണ്ടതുണ്ട്. അടുത്ത ടെന്‍ഷന്‍ പലര്‍ക്കും പുതിയ വീടെനക്കുറിച്ചായിരിക്കും. ചുറ്റുപാടും വീട്ടുകാരും ഒന്നും പരിചയമുണ്ടാകില്ല. മിക്കയിടങ്ങളിലും സ്വന്തം വീട്ടിലേതില്‍നിന്ന് വ്യത്യസ്തമായ സൗകര്യങ്ങളായിരിക്കും ഉണ്ടാവുക. ഇനി കയറിച്ചെല്ലേണ്ടത് പുതിയ അന്തരീക്ഷത്തിലേക്കാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ എല്ലാം ശരിയാകുമോ എന്ന് ആദ്യമേ നെഗറ്റീവായി ചിന്തിക്കേണ്ടതില്ല. മൊബൈല്‍ ഫോണ്‍ സൗകര്യമൊക്കെ ഉള്ളതിനാല്‍ ബന്ധുക്കളും മറ്റുമായി സൗഹൃദം സ്ഥാപിക്കുന്നതിനും സംസാരി ക്കുന്നതിനും ഇന്ന് സാധിക്കും. നമ്മുടേതായ കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങളൊക്കെ കുറച്ചൊക്കെ മാറ്റിവയ്‌ക്കേണ്ടതായി വരും. സ്വന്തം വീടാവുമ്പോള്‍ രാവിലെ ഉറക്കമുണരുന്നതും ആഹാരം കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം നമ്മുടെ ഇഷ്ടത്തിനനുസരിച്ചാണ്. എന്നാല്‍ മറ്റൊരു കുടുംബത്തില്‍ വേറെ ശീലമാവും. നാട് മാറുമ്പോള്‍ സംസ്‌കാരവും മാറുമെന്നാണല്ലോ. വലിയ ആശങ്കയൊന്നും വേണ്ടതില്ല. പതിയേ ശീലങ്ങള്‍ മനസിലാക്കാവുന്നതേയുള്ളു. ആദ്യദിവസങ്ങളിലെ അപരിചിതത്വം നിറഞ്ഞ ശ്വാസം മുട്ടലുകള്‍ പതിയെ മാറിക്കൊള്ളും.

കൂളായിരിക്കൂ, പ്ലാനിങ്ങോടെ തുടങ്ങാം

കല്യാണം നിങ്ങളുടേതാണ്. ആ ദിവസങ്ങളിലെ ശ്രദ്ധാകേന്ദ്രവും നിങ്ങള്‍ തന്നെയായിരിക്കും. ഏറ്റവും മനോഹരമായി അണിഞ്ഞൊരുങ്ങാനും സുന്ദരിയായിരിക്കാനും പലരും ആഗ്രഹിക്കുന്ന ദിവസം. വെറുതെ ചിന്തിച്ചുകൂേണ്ടതില്ല. പലര്‍ക്കും നൂറ് കൂട്ടം കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടാകും. ഷോപ്പിങ്ങും ബ്ലൗസ് തയ്ക്കലും എല്ലാം നേരത്തെ ചെയ്തുവയ്ക്കുന്നതാണ് നല്ലത്. കല്യാണം വിളിക്കാനുള്ളവരുടെ ലിസ്റ്റും നേരത്തെ തയ്യാറാക്കണം. ഇന്ന് ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരാണ് പലരും. ആകെ കിട്ടുന്നത് പതിനഞ്ചോ ഇരുപതോ ദിവസത്തെ ലീവായിരിക്കും. കല്യാണപ്പെണ്ണ് വീട്ടില്‍ എത്തുക തന്നെ കല്യാണത്തിന്റെ നാല് ദിവസം മുന്‍പായിരിക്കും. കുറഞ്ഞത് പത്ത് ദിവസം മുന്‍പെങ്കിലും സ്വന്തം വീട്ടിലെത്തുന്ന രീതിയില്‍ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക. അല്ലെങ്കില്‍ ആകെ തിരക്കിലാവും കാര്യങ്ങള്‍. വീട്ടില്‍ സമാധാനത്തോടെയിരിക്കാന്‍ കുറച്ചുദിവസങ്ങള്‍ മാറ്റിവയ്ക്കുക തന്നെ വേണം. മനസ് ശാന്തമാകാനും.


വിവാഹ ചെലവുകള്‍

വിവാഹം, അത് എത്രത്തോളം ആര്‍ഭാടമാക്കാമെന്നാണ് ഭൂരിഭാഗം മലയാളികളുടെയും ചിന്ത. കൈയില്‍ കാശുള്ളവരും, ഇല്ലാത്തവരുമെല്ലാം അത്യാര്‍ഭാടമായിത്തന്നെയാണ് വിവാഹം നടത്തുന്നത്. ഒട്ടുമിക്ക വീട്ടുകാരും കല്യാണം നാടാകെ വിളിച്ച് നടത്തുന്നത് അന്തസിന്റെ ഭാഗമായാണ് കാണുന്നത്. ഇല്ലായ്മകള്‍ ആരുമറിയാതിരിക്കാന്‍ എങ്ങനെയെങ്കിലും പണം കണ്ടെത്തി വിവാഹം നടത്തും. വെറും ഒന്നോ രണ്ടോ ദിവസത്തെ ആഘോഷങ്ങള്‍ക്ക് മാത്രമായി ആജീവനാന്തം സമ്പാദിച്ചതു മുഴുവന്‍ ചെലവാക്കുന്നവരുമുണ്ട്. അതിനായി കടം വാങ്ങിയും ലോണെടുത്തും കല്യാണം നടത്തും. എന്തിനിത്രയും തുക ചെലവാക്കുന്നു എന്ന് ആരും ആലോചിക്കുകപോലുമില്ല. ആര്‍ഭാടവിവാഹം പലരുടെയും അഭിമാന പ്രശ്‌നമായി മാറിയിരിക്കുന്നു. കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിവാഹ ചെലവുകള്‍ കുറയ്ക്കാന്‍ സാധിക്കും.

വിവാഹത്തിനായുള്ള ചെലവുകള്‍ക്ക് ആദ്യം കൃത്യമായ പ്ലാനിംഗ് ആവശ്യമാണ്. വിവാഹം മുന്നില്‍ക്കണ്ട് നേരത്തെ തന്നെ മ്യൂച്വല്‍ ഫണ്ടുകളിലോ, സുരക്ഷിതമായ ചിട്ടികളിലോ പണം നിക്ഷേപിക്കുന്നതും നല്ല തീരുമാനമാണ്. മാത്രമല്ല മാസങ്ങള്‍ക്ക് മുമ്പു തന്നെ ഓരോ ആവശ്യങ്ങള്‍ക്കും ചെലവഴിക്കേണ്ട പണത്തിന്റെ കാര്യത്തില്‍ വ്യക്തത ഉണ്ടാക്കണം. വീട് നിര്‍ാണവും മോടിപിടിപ്പിക്കലുമെല്ലാം നേരത്തെ ചെയ്ത് തീര്‍ക്കുന്നതാണ് ആശ്വാസകരം. അല്ലെങ്കില്‍ കല്യാണത്തിരക്കിനിടയില്‍ അതിനുള്ള തുക കൂടി കണ്ടെത്തേണ്ടി വരും. പിന്നെ വരുന്നത് ആഭരണം, വസ്ത്രം, ഭക്ഷണം എന്നിവയ്ക്കുള്ള തുകയാണ്. പൊന്നില്‍കുളിച്ച വധുവിനെയാണ് ഇന്നു മിക്ക കല്യാണവീടുകളിലും കാണാന്‍ കഴിയുക. സ്വയം പ്രദര്‍ശനവസ്തുവാകാതെ ആവശ്യത്തിന് മാത്രം സ്വര്‍ണം അണിയുക. പണത്തിന്റെ ധാരാളിത്തം ഉണ്ടെങ്കില്‍ പോലും മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാനായി സ്വര്‍ണം വാങ്ങിയണിയരുത്. വിവാഹ ചെലവുകള്‍ വര്‍ധിക്കുന്നതിനിടയാക്കും.

വധുവിനു വേണം ബാങ്ക് ബാലന്‍സ്

ജോലിക്കു പോകുന്ന സ്ത്രീകളുടെ എണ്ണം കൂടിയിട്ടുണ്ട്. വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ വിവാഹാവശ്യത്തിനുള്ള പണത്തിന് സമ്പാദ്യപദ്ധതികള്‍ തുടങ്ങുന്നവരുമുണ്ട്. എന്തൊക്കെ ആയാലും കല്യാണ ആവശ്യങ്ങള്‍ പലപ്പോഴും നമ്മുടെ കണക്കുകൂട്ടലുകള്‍ക്കും മുകളിലായിരിക്കും. കരുതിവച്ച തുകയൊന്നും പലപ്പോഴും തികയില്ല. മാത്രമല്ല കല്യാണംകഴിയുമ്പോഴേക്കും കയ്യിലുള്ളതെല്ലാം തീരുന്നതായിരിക്കും പലരുടെയും അവസ്ഥ. സ്വര്‍ണ്ണാഭരണങ്ങളും സമ്മാനമായി കിട്ടിയതും മാത്രമായിരിക്കും മിച്ചം. എന്നാല്‍ കല്യാണം കഴിഞ്ഞുള്ള ആവശ്യങ്ങള്‍ക്ക് പലപ്പോഴും റെഡിക്യാഷ് ആവശ്യമായിവരും. ഇതിനുള്ള തുക നേരത്തെ കണ്ടെത്തുന്നതാണ് നല്ലത്. അല്ലെങ്കില്‍ സ്വന്തമായുള്ള ആവശ്യങ്ങള്‍ക്ക് പോലും പലരെയും ആശ്രയിക്കേണ്ടതായി വരും. വിവാഹത്തിനു മുമ്പേ വധുവിന്റെ പേരിലുള്ള അക്കൗണ്ടില്‍ കുറച്ച് തുക നിക്ഷേപിക്കുന്നതും സാമ്പത്തിക അസ്ഥിരത ഒഴിവാക്കാന്‍ സഹായകരമാകും. സ്വന്തമായി സമ്പാദിച്ച തുകയോ വീട്ടുകാര്‍ നല്‍കുന്നതോ എന്ത് തന്നെ ആയാലും ആഭരണങ്ങളെടുക്കുന്ന അതേ ആവേശം സ്വന്തം പേരില്‍ കുറച്ച് തുക നിക്ഷേപിക്കുന്നതില്‍ക്കൂടി കാണിക്കണം.



ഡോ.സി.ആര്‍ രാധാകൃഷ്ണന്‍
സൈക്യാട്രിസ്റ്റ്, മുത്തൂറ്റ് ഹോസ്പിറ്റല്‍, കോഴഞ്ചേരി