കുടുംബശ്രീ യൂണിറ്റുകൾ ജിഎസ്ടി കുരുക്കിലേക്കോ?
കുടുംബശ്രീ യൂണിറ്റുകൾ  ജിഎസ്ടി കുരുക്കിലേക്കോ?
Friday, January 11, 2019 3:27 PM IST
കേരള സർക്കാരിന്‍റെ സംസ്ഥാന ദാരിദ്ര്യ നിർമാർജന ദൗത്യം (എസ്പിഇഎം) നടപ്പിലാക്കുന്ന ദാരിദ്ര്യ നിർമാർജന, സ്ത്രീ ശാക്തീകരണ പരിപാടി ആണ് കുടുംബശ്രീ’. 1998-ലാണ് ഇത് നടപ്പിൽ വന്നത്. നാലു ദശലക്ഷത്തിലധികം അംഗങ്ങൾ ഇന്നു കുടുംബശ്രീയിലുണ്ട്. മൂന്നു ലക്ഷത്തോളം റജിസ്റ്റർ ചെയ്ത അയൽക്കൂട്ടങ്ങൾ ഉണ്ട്.

ദേശീയ ഗ്രാമീണ ജീവനോപാധി ദൗത്യത്തിന്‍റെ ( നാഷണൽ റൂറൽ ലൈവ് ലിഹുഡ് മിഷൻ - എൻആർ എൽഎം) ഭാഗമായി 2011-ൽ കേന്ദ്ര സർക്കാർ ഇതിനു സംസ്ഥാനതലത്തിൽ അംഗീകാരം നൽകി. സാന്പത്തിക, സാമൂഹ്യ, സ്ത്രീശാക്തീകരണ പരിപാടികളാണ് പ്രധാനമായും അതു നടപ്പിലാക്കുന്നത്. അതിന്‍റെ അഭൂതപൂർവമായ വിജയം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാനും പരിശീലനത്തിനും വേണ്ടി അതിനെ ദേശീയ വിഭവ സംഘടന (കെഎസ്എൻആർഒ) ആയി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്*.
കുടുംബശ്രീ ഘടനയ്ക്ക് മൂന്നു തട്ടുകളാണുള്ളത്. അയൽക്കൂട്ടം, ഏരിയ, കമ്മ്യൂണിറ്റി വികസന സൊസൈറ്റിക ൾ എന്നിങ്ങനെ. താഴെത്തട്ടിലുള്ള അയൽക്കൂട്ടങ്ങളാണ് കുടുംബ്രശ്രീയുടെ ചാലകശക്തി. പത്തു മുതൽ ഇരുപതു അംഗങ്ങൾ വരെ ഒരു അയൽക്കൂട്ടത്തിൽ ഉണ്ടാകും.
പ്രസിഡന്‍റ്, സെക്രട്ടറി, മൂന്നു സന്നദ്ധഭടന്മാർ എന്നിവരടങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയാണ് ഓരോ കുടുംബശ്രീ യൂണിറ്റും ഭരണം നടത്തുക. ആറുമാസത്തെ പ്രവർത്തനവും യോഗങ്ങളുടെ വിവരവും സന്പാദ്യവും ബാങ്ക് വായ്പയ്ക്കും വഴി തെളിക്കുന്നു.

ദൗത്യം വിജയകരമായി തുടരുന്നു എന്ന് മാത്രമല്ല, റെസ്റ്ററന്‍റ്, കാന്‍റീൻ തുടങ്ങി പല സേവന മേഖലകളിലേക്കും കുടുംബശ്രീ കടന്നുചെന്നു. ഈയിടെ കെഎസ്ആ ർടിസിയുടെ ടിക്കറ്റ് വില്പനയും ഏറ്റെടുക്കും എന്ന് കണ്ടു. കോഴിക്കോടു പുതിയ മാൾ ഉദ്ഘാടനം ചെയ്തു. 36000 ചതുരശ്ര അടി വിസ്തീർണത്തി ൽ 80 കടകൾ ഇതിലുണ്ടത്രേ.

കാര്യങ്ങൾ ഇങ്ങനെ ഭംഗിയായി പോകുന്നതിനിടെയാണ് ചില കുടുംബശ്രീ യൂണിറ്റുകൾക്ക് ചരക്കു സേവന നികുതി വിഭാഗത്തിന്‍റെ നോട്ടീസ് ലഭിച്ചു തുടങ്ങിയത്.

കുടുംബശ്രീക്ക് എങ്ങനെ ജിഎസ്ടി ബാധ്യത

കുടുംബശ്രീ യൂണിറ്റുകൾക്ക് എങ്ങിനെ ചരക്കു സേവന നികുതി ബാദ്ധ്യത വരും എന്നാണോ? ശരി, പറയാം.

കുടുംബശ്രീ പരിപാടികൾക്കോ യൂണിറ്റുകൾക്കോ ആദായനികുതി, ചരക്ക് സേവന നികുതി എന്നിവയി ൽ നിന്നും ഒഴിവിനുള്ള ഉത്തരവോ, ഇത്തരം നിയമങ്ങൾ പ്രകാരമുള്ള രജിസ്ട്രേഷ ൻ സംബന്ധിച്ചു സഹായമായ വിവരങ്ങളോ സർക്കാർ നൽകിയിട്ടുണ്ടോ? ഏതായാലും കുടുംബശ്രീ വെബ്സൈറ്റ് വഴി ഇല്ല.

ദാരിദ്ര്യ നിർമാർജനം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളെ ജീവകാരുണ്യ പ്രവർത്തനം (ചാരിറ്റബിൾ) ആയാണ് സാധാരണ കണക്കാക്കുന്നത്.

അപ്പോൾ ചാരിറ്റബിൾ സൊസൈറ്റി നിയമം അനുസരിച്ചു കുടുംബശ്രീ പ്രവർത്തനങ്ങൾ ഒന്നാകെ രജിസ്റ്റ ർ ചെയ്തിട്ടുണ്ടോ അതോ ഓരോ യൂണിറ്റുകളും പ്രത്യേകം പ്രത്യേകം രജിസ്റ്റ ർ ചെയ്യണോ എന്നും കുടുംബശ്രീ വെബ്സൈറ്റ് പറയുന്നില്ല.

ആദായ നികുതി നിയമത്തിലെ പതിനൊന്നു മുതൽ പതിമൂന്നു വരെ വകുപ്പുകളിലാണ് ചാരിറ്റബിൾ സംഘടനകൾക്ക് ഒഴിവു നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉള്ളത്. ചില നിബന്ധനകൾക്ക് വിധേയമായി ആണ് ആദായനികുതി നിയമം നികുതി ഒഴിവു നൽകുന്നത്. വകുപ്പ് 12 എഎ പ്രകാരം ആദായ നികുതി ഒഴിവു ലഭിക്കാൻ പ്രഖ്യാപിത ലക്ഷ്യങ്ങളി ൽ 85 ശതമാനം വരുമാനവും ചെലവാക്കണമെന്നും ഫണ്ടിന് നിശ്ചിത നിക്ഷേപ മാർഗങ്ങ ൾ വേണമെന്നും ട്രസ്റ്റികളും അവരുടെ ബന്ധുക്കളും വരുമാനമോ ആസ്തികളോ സ്വന്തമാക്കി ഉപയോഗിക്കരുതെന്നും ഒക്കെ നിബന്ധനകൾ ഉണ്ട്.

ജീവകാരുണ്യ പ്രവർത്തനങ്ങൾ
ആറു തരം പ്രവർത്തനങ്ങൾ ചാരിറ്റബിൾ ലക്ഷ്യത്തോടെയാണെന്ന് ആദായ നികുതി നിയമം പറയുന്നു.
1. പാവപ്പെട്ടവർക്ക് സഹായം
2. വിദ്യാഭ്യാസം
3. യോഗ
4. വൈദ്യ ശുശ്രൂഷ
5. പരിസ്ഥിതി, കലാ സാംസ്കാരിക ചരിത്ര പൈതൃകങ്ങളുടെ, സ്ഥലങ്ങളുടെ, സാധനങ്ങളുടെ പരിപാലനം
6. പൊതുജന ആവശ്യങ്ങൾക്ക് ഉതകുന്ന ലക്ഷ്യങ്ങ ൾ
അപ്പോൾ ദരിദ്രരുടെ ആശ്വാസം ഒരു ജീവകാരുണ്യ പ്രവർത്തനമായി ആദായ നികുതി നിയമം കാണുന്നു. നവക്രഷ്, ഡേ കെയർ, അംഗൻവാടി തുടങ്ങിയവ ഉദാഹരണം.
എന്നാൽ ചരക്കു സേവന നികുതി നിയമപ്രകാരം ഇവയെ അങ്ങനെ കാണണം എന്നില്ലെന്നു ഈ രംഗത്തെ വിദഗ്ധർ** പറയുന്നു.

ചരക്കു സേവന നികുതി നിയമത്തിലാകട്ടെ 11/2017 വിജ്ഞാപനം വഴിയാണ് ഒഴിവു നൽകുന്നത്. അതനുസരിച്ച് ആദായ നികുതി വകുപ്പ് 12 എഎ പ്രകാരം റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ ജീവ കാരുണ്യ പ്രവർത്തനങ്ങ ൾ വഴിയുള്ള സേവനങ്ങൾ ചരക്കു സേവന നികുതിയി ൽ നിന്നും പൂർണമായി ഒഴിവാക്കപ്പെടുന്നു. എൻട്രി നന്പർ 1, അദ്ധ്യായം 99 പ്രകാരമുള്ള സേവനങ്ങൾ, നിൽ റേറ്റഡ്

ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നാൽ താഴെപ്പറയുന്നവയാണ്:
പൊതുജനാരോഗ്യം
1. പരിചരണം, കൗണ്‍സലിംഗ്
* ഗുരുതരമായ ശാരീരിക മാനസിക അവശതയോ, അന്ത്യം വരുത്തുന്ന അസുഖങ്ങളോ ഉള്ള വ്യക്തി, വ്യക്തികൾ
* എച്ച്ഐവി, എയിഡ്സ് ബാധിതർ
* നാർകോട്ടിക്സ്, മയക്കുമരുന്ന്, ഉത്തേജക, ലഹരി അടിമകൾ
2. രോഗനിവാരണം, കുടുംബാസൂത്രണം, അഥവാ എച്ച്ഐവി പ്രതിരോധം
3. മത പരിപോഷണം, ആത്മീയത അഥവാ യോഗ
4. ചുവടെ പറയുന്നവയുമായി ബന്ധപ്പെട്ടു വിദ്യാഭ്യാസ പരിപാടികളുടെ സമുന്നതി, നൈപുണ്യ വികസനം
* ഉപേക്ഷിക്കപ്പെട്ട, അനാഥരായ അഥവാ ഭവനരഹിതരായ കുട്ടികൾ,
* ശാരീരിക മാനസിക പീഢിതർ, അത്തരം ആഘാതമേറ്റവർ,
* തടവുകാർ
* ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്ന 65 വയസ്സിനു മുകളിലുള്ളവർ
5. പരിസ്ഥിതി, നീർത്തടം, വനം, വന്യജീവി, എന്നിവയുടെ പരിപാലനം
6. ഒരു വർഷത്തെ മൊത്ത വരുമാനം ഇരുപതു ലക്ഷം രൂപയിൽ താഴെയുള്ള സ്ഥാപനങ്ങൾ ചരക്കു സേവന നികുതി വിധേയമല്ല.

പ്രത്യേക ഒഴിവു നേടിയില്ലെങ്കിൽ

മുകളിൽ പറഞ്ഞവ ഒഴികെ മറ്റൊന്നിനും നികുതി ഒഴിവില്ല. കുടുംബശ്രീ യൂണിറ്റുകൾ ഇപ്പോൾ കരാർ ജോലികളും ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്. അപ്പോൾ ഒരു വർഷത്തെ ആകെ വിറ്റുവരവ് (ബില്ലിംഗ്) ഇരുപതു ലക്ഷം രൂപയ്ക്ക് മേൽ വരുന്നുണ്ടെന്നു കരുതുക. പ്രത്യേകം ഒഴിവു നേടിയില്ലെങ്കിൽ കുടുംബശ്രീ യൂണിറ്റ് ചരക്കു സേവന നികുതി നൽകാൻ ബാധ്യസ്ഥമാകും.
അപ്പോൾ പല ദാരിദ്ര്യ നിർമാർജന സേവനങ്ങളും പ്രത്യേക ജീവകാരുണ്യ പ്രവർത്തിയായി രജിസ്റ്റർ ചെയ്തു ആദായ നികുതി ഒഴിവു നേടിയാലും ഇല്ലെങ്കിലും മറ്റു ബിസിനസ് വരുമാനം ഒരു വർഷം ഇരുപതു ലക്ഷം രൂപയ്ക്ക് മേൽ മൊത്ത വരുമാനം എത്തിയാൽ ചരക്കു സേവന നികുതി നൽകേണ്ടി വരും. ഇതാകട്ടെ പതിനെട്ടു ശതമാനം വരുന്നത് അവയുടെ പ്രവർത്തന ലാഭത്തെ തന്നെ ബാധിച്ചേക്കാം. അതായത് കുടുംബശ്രീ യൂണിറ്റുകളുടെ നിലനില്പ് അപകടത്തിലായേക്കാം. കൂടാതെ റജിസ്റ്റ ർ ചെയ്യാതെ നടത്തിയാൽ ഉള്ള പിഴയും പ്രോസിക്യൂഷനും മറ്റു ചെലവുകളും പുറമേ.

20 ലക്ഷം പരിധി ന്യായമോ?

ഇരുപതു ലക്ഷം രൂപ വാർഷിക വിറ്റുവരവ് ന്യായമായ ഒരു പരിധിയാണോ? ഇരുപത് അംഗങ്ങളുള്ള ഒരു അയൽക്കൂട്ടത്തി ൽ ഒരാൾ ഒരു മാസം ശരാശ രി എണ്ണായിരത്തി അഞ്ഞൂറു രൂപയ്ക്ക് സേവനമോ ഉത്പന്നമോ വിറ്റാൽ പരിധി കടന്നു. ഉത്പന്ന വില്പനയ്ക്ക് കോന്പൗണ്ടിംഗ് നടത്തി ചെറിയ നികുതി അടച്ചാലും റസ്റ്റാറന്‍റ് ഒഴികെയുള്ള സേവനങ്ങൾക്ക് അങ്ങനെ ചെയ്യാനാവില്ല. ഉത്പന്ന നിർമാണത്തി ൽ കോന്പൗണ്ടിംഗ് ചെയ്താ ൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് കിട്ടുകയില്ല. ഇത് യന്ത്ര സാമഗ്രികളി ൽ മുടക്കിയ നികുതി ഒരു ചെലവായി മാറാനും വഴി വെയ്ക്കും.

ചരക്കു സേവന നികുതി രജിസ്ട്രേഷൻ എടുത്താൽ കൃത്യമായി റിട്ടേണ്‍ ഫയൽ ചെയ്യുന്നതുൾപ്പെടെ ഭരണച്ചിലവുകൾ വർദ്ധിക്കും. നികുതി നിയമങ്ങളിലെ നൂലാമാലകളിൽപെട്ടലുണ്ടാകുന്ന കാരണം കാണിക്ക ൽ നോട്ടീസുകളും കോടതിച്ചിലവുകളും മറ്റും പുറമേ.

നിയമ വിദഗ്ധർ പോലെ സുസംഘടിതരായവർക്ക് സർക്കാർ സേവന നികുതി നിയമപാലനത്തിൽ നിന്നും ഒഴിവു നൽകിയിരിക്കുന്പോഴാണ് ചെറുകിടക്കാർക്ക് ഇത്തരം പീഡനം. പുതിയ നിയമങ്ങൾ പാസ്സാക്കിയ ശേഷം കടുംപിടുത്തത്തിലൂടെ അവ നടപ്പാക്കുന്നത് ഒരു ജനാധിപത്യ സർക്കാരിനും ഭൂഷണമല്ല. നിയമങ്ങൾ പ്രായോഗികതയുടെ മൂശയിലാണ് ഉരുത്തിരിയേണ്ടത്. മുന്പുള്ള നിയമങ്ങൾ അങ്ങനെ ഉണ്ടായവയാണ്.

ഉദാഹരണത്തിന്, മേൽപറഞ്ഞ വിറ്റു വരവ് പരിധി ഓരോ അംഗത്തിനും നൽകി മൊത്തം പരിധി ഉയർത്താം. അല്ലെങ്കിൽ കൃത്യമായ കണക്കുകൾ ഉള്ളതുകൊണ്ട് നിയമപാലനച്ചുമതല, അയൽക്കൂട്ടങ്ങളുടെ കണക്കുകൾ ഏകോപിപ്പിച്ചു കുടുംബശ്രീ മിഷന് ലോക്കൽ അഥവാ സംസ്ഥാന തലത്തിൽ തന്നെ ഏറ്റെടുക്കാം. പ്രത്യേകം പരിശീലനം നേടിയ സ്ത്രീകളെ അംഗങ്ങളായോ കോ-ഓ ർഡിനേറ്ററായോ നിയമിക്കാം.

ഏതായാലും കുടുംബശ്രീ യൂണിറ്റുകൾ ബിസിനസ് നടത്തുന്പോൾ അവർക്ക് നികുതി ബാദ്ധ്യത ഉണ്ടാകുന്നതിനെ കുറിച്ചു സർക്കാർ കൃത്യമായ മാർഗ നിർദ്ദേശവും പരിശീലനവും നൽകണം. ഇപ്പോൾ നികുതി ബാധ്യത വന്നു ചേർന്നവർക്ക് പൊതുമാപ്പ് ( ആംനെസ്റ്റി) കൊണ്ടുവരുകയും അവർ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നികുതി ഒഴിവാക്കുകയും ചെയ്യണം. അർഹമോ അനർഹമോ ആയ നികുതിക്ക് വേണ്ടി ആയാലും വന്നു കയറിയ ഈ കുടുംബശ്രീ’യെ ഒരു കാരണവശാലും കൈവിടരുത്.
*കുടുംബശ്രീ.ഓർഗ് ** സി എ മനീഷ് ദഫ്രിയ
ദി ചാർട്ടേഡ് അക്കൗണ്ടന്‍റ്; 67/5 നവംബ ർ 2018

ലൂക്കോസ് ജോസഫ്, സി എ
അനിൽ പി നായർ, സി എ