തിളങ്ങുന്ന ചര്‍മകാന്തി സമ്മാനിക്കാന്‍ ഹണി
മലയാള സിനിമയിലെ നടിമാരില്‍ ചിലര്‍ സംരംഭകരാണ്. ഇവരുടേതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു സംരംഭവുമായെത്തുകയാണ് നടി ഹണി റോസ്. ശരീര സൗന്ദര്യത്തില്‍ എന്നും ശ്രദ്ധകൊടുക്കുന്നവരാണ് മലയാളിസ്ത്രീകള്‍. അവരുടെ സൗന്ദര്യത്തിന് പത്തരമാറ്റ് തിളക്കം നല്‍കാനായി ഹണി ബാത്ത് സ്‌ക്രബറുമായാണ് യുവനടി എത്തുന്നത്. അഭിനയത്തോടൊപ്പം ബിസിനസും തനിക്ക് വഴങ്ങുമെന്ന് ഹണി ഇതിലൂടെ തെളിയിച്ചിരിക്കുകയാണ്.

പാരമ്പര്യത്തിന്റെ ചുവടു പിടിച്ച്

പാരമ്പര്യത്തിന്റെ ചുവടു പിടിച്ചാണ് ഹണി റോസ് ബിസിനസിലേക്ക് കടക്കുന്നത്. ഹണി രാമച്ചം ബാത്ത് സ്‌ക്രബര്‍ എന്ന ഉത്പന്നമാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി ഹണിയുടെ മാതാപിതാക്കളായ വര്‍ഗീസ് തോമസും റോസ് വര്‍ഗീസുമാണ് ബിസിനസ് നടത്തുന്നത്. ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഹണി സംരംഭകയുടെ റോളിലേക്ക് മാറിയത്. ഡിസംബര്‍ ഒന്നിന് ലുലുമാളില്‍ നടന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ ഹണി രാമച്ചം ബാത്ത് സ്‌ക്രബറിന്റെ വിപണനോദ്ഘാടനം നിര്‍വഹിച്ചു.

എന്റെ സൗന്ദര്യ രഹസ്യം

'മൃദുലമായ തിളങ്ങുന്ന ചര്‍മം സൗന്ദര്യം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഏവരുടെയും സ്വപ്‌നമാണ്. ഒരു അഭിനേത്രിയെന്ന നിലയില്‍ എന്റെ ചര്‍മ സംരക്ഷണത്തിന് വര്‍ഷങ്ങളായി ഞാന്‍ ഉപയോഗിക്കുന്നത് ഞങ്ങള്‍ തന്നെ ഉത്പാദിപ്പിക്കുന്ന ശുദ്ധമായ രാമച്ചം കൊണ്ടുള്ള ബാത്ത് സ്‌ക്രബറാണ്. പ്രാദേശികമായി ലഭിക്കുന്ന ആയുര്‍വേദ ഗുണമുള്ള ഏറ്റവും മുന്തിയ ഇനം നാടന്‍ രാമച്ചമാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ചര്‍മത്തിന്റെ ശോഭയ്ക്കും ശരീരത്തിന്റെ ആരോഗ്യത്തിനും ഇത് ഗുണകരമാണ്' തന്റെ ഉത്പന്നത്തെക്കുറിച്ച് ഹണി പറഞ്ഞു.


എന്നോട് പലരും ചോദിക്കാറുണ്ട്, ചര്‍മ സംരക്ഷണത്തിന് എന്താണ് ചെയ്യുന്നതെന്ന്. ശുദ്ധമായ രാമച്ചം ഉള്ളതിനാല്‍ ചര്‍മം കൂടുതല്‍ തിളക്കമുള്ളതായിരിക്കും. ഈ ഉത്പന്നം പ്രകൃതി സൗഹൃദവുമാണ്. ചെറിയ രീതിയില്‍ ഉത്പാദനം നടത്തിയിരുന്ന ഈ ബാത്ത് സ്‌ക്രബര്‍ അതിന്റെ ഗുണമേന്മ അനുഭവിച്ചറിഞ്ഞ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് വിപുലപ്പെടുത്തുന്നത്.

നിരവധി പേരുടെ ഉപജീവനമാര്‍ഗം

ബിസിനസ് എന്നതിലുപരി നിരവധി പേരുടെ ഉപജീവനമാര്‍ഗം കൂടിയാണിത്. എന്റെ നാടായ മൂലമറ്റത്തെ 250 ഓളം സ്ത്രീകളാണ് ഇവിടെ ജോലി ചെയ്യുന്നത്. അവരുടെ ഉപജീവനമാര്‍ഗം കൂടിയാണ് ഈ ബിസിനസ്.

സീമ