മഞ്ഞത്തെത്തും സ്‌നോ ബുഷ്
മഞ്ഞത്തെത്തും സ്‌നോ ബുഷ്
Friday, January 18, 2019 3:11 PM IST
ചെറിയ തൂവെള്ളപ്പൂക്കള്‍ കൂട്ടമായി വിടരുന്നു, പുതുമയും ഉന്മേഷവും പകര്‍ന്നുതരുന്ന ശുഭ്രസുന്ദരവെള്ളനിറം. മോടിയേറിയ, കൗതുകകരമായ ഒരു ദൃശ്യമാണ് ഈ ആരാമസുന്ദരിയിലെ പൂക്കാലം. കാരണം, പൂക്കള്‍ നിരനിരയായി വിടര്‍ന്നു കഴിഞ്ഞാല്‍ പിന്നെ ചെടികളിലെങ്ങും പച്ചയുടെ ഒരംശം പോലും ഉണ്ടാവില്ല. ഇലകളെല്ലാം കൊഴിഞ്ഞു പോയിരിക്കും. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ തണുപ്പുകാലത്ത് മേനിനിറയെ തൂവെള്ളപ്പൂക്കള്‍ വിടര്‍ത്തുന്ന ഈ ഉദ്യാനസുന്ദരിയാണ് 'വൈറ്റ് പോയിന്‍സെറ്റിയ' എന്നറിയപ്പെടുന്ന 'സ്‌നോ ബുഷ്'. തൂവെള്ള പൂക്കളില്‍ നിന്ന് നേരിയ തോതില്‍ പരിസരങ്ങളിലേക്ക് പ്രസരിക്കുന്ന സുഗന്ധം ദൂരെ നിന്നു തന്നെ അറിയാന്‍ കഴിയും. പ്രത്യേകിച്ച് അതിരാവിലെയും സായാഹ്ന വേളകളിലും.

ഡിസംബര്‍ മുതല്‍ ആരംഭിക്കുന്ന പൂക്കാലം തുടര്‍ന്ന് മൂന്നു-നാലു മാസം അനുസ്യൂതം തുടരുകയും ചെയ്യും. മധ്യ അമേരിക്കക്കാരിയാണ് സ്‌നോ ബുഷെങ്കിലും ഇന്ത്യയിലെവിടെയും വളരും. കേരളത്തില്‍ പ്രത്യേകിച്ചും. ക്രിസ്മസ് ഫ്‌ളവര്‍ എന്നു പേരെടുത്ത സാ ക്ഷാല്‍ പോയിന്‍ സെറ്റിയയുടെ അടുത്ത ബന്ധുവാണ് സ്‌നോ ബുഷ്. 'ലിറ്റില്‍ ക്രി സ്മസ് ഫ്‌ളവര്‍' എന്നും ഇതിനു പേരുണ്ട്. മഞ്ഞുപാളി എന്ന അര്‍ഥത്തില്‍ സ്‌നോ ഫ്‌ളോ ക്ക് എന്നും പറയാറുണ്ട്.

പൊതുവേ പോയിന്‍സെറ്റിയ ചെടികള്‍ക്ക് ക്രിസ്മസ് സ്റ്റാര്‍ എന്നു പേരുണ്ട്. ഒരു പക്ഷെ ക്രിസ്മസ് ആഘോഷവേളകളില്‍ പുഷ്പാലങ്കാരങ്ങള്‍ക്ക് ഇത്രയേറെ ഉപയോഗിക്കുന്ന മറ്റൊരു ചെടിയില്ലെന്നും പറയാം. 1825-ല്‍ ഈ ചെടി ആദ്യമായി അമേരിക്കയില്‍ പ്രചരിപ്പിച്ച അന്നത്തെ മന്ത്രിയായിരുന്ന 'ജോയല്‍ റോബര്‍ട്ട്‌സ് പോയിന്‍സെറ്റിന്റെ' ഓര്‍മയ്ക്കാണ് ഇതിന് പോയി ന്‍സെറ്റിയ എന്ന പേരു നല്‍കിയത്. പടര്‍ന്നു വളരുന്ന കുറ്റിച്ചെടിയാണ് സ്‌നോ ബുഷ്. രണ്ടു മീറ്റര്‍ വരെ ഉയരം. യൂഫോര്‍ബിയ ല്യൂക്കോസെഫാല എന്നാണ് ശാസ്ത്രനാമം. 'ല്യൂക്കോസ്' എന്ന ഗ്രീക്ക് പദത്തിനര്‍ഥം വെളുപ്പ്. 'കെഫേല്‍' എന്നാല്‍ തല. വെളുത്ത തല അഥവാ വെള്ളപ്പൂക്കള്‍ നിറഞ്ഞ പൂത്തലപ്പ് എന്നര്‍ഥം. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണ് സ്‌നോ ബുഷ്. മാത്രമല്ല ചൂടുള്ള കാലാവസ്ഥയിലും വരണ്ട പ്രദേശങ്ങളിലും ഇത് നന്നായി വളരും. പുഷ്പിക്കും. വരള്‍ച്ചയെ സഹിക്കാന്‍ കഴിവുണ്ട്. എന്നാല്‍ വെള്ളക്കെട്ട് തീരെ ഇഷ്ടമല്ല.

'യൂഫോര്‍ബിയ' എന്ന ജനുസില്‍പ്പെടുന്ന ചെടികളുടെ പൂക്കള്‍ക്കെല്ലാം പൊതുവേ പ്രത്യേക സ്വഭാവമാണ്. ഇവ വലിപ്പത്തില്‍ തീരെ ചെറുതായിരിക്കും. കൂട്ടമായി ചെടിയുടെ തലപ്പത്തു വിടര്‍ന്നു നില്‍ക്കും. സസ്യശാസ്ത്രജ്ഞര്‍ ഇത്തരം പൂങ്കുലയ്ക്ക് 'സയാത്തിയം' എന്നാണു പറയുക. സ്‌നോ ബുഷിന്റെ കാര്യത്തിലും ഇതു ശരിയാണ്. മാത്രമല്ല ഈ ചെടികളുടെയെല്ലാം തണ്ടു മുറിച്ചാല്‍ ഒരു തരം വെളുത്ത കറ ചാടും. മഞ്ഞു കാലത്തും തണുപ്പു കാലത്തുമാണ് ഇവ പൂക്കള്‍ വിടര്‍ത്തുക. ഇലയോടു സാമ്യമുള്ള 'ബ്രാക്റ്റ്' എന്നു പേരായ സസ്യഭാഗമാണ് ഇവിടെ വെള്ള നിറത്തില്‍ പുഷ്പസദൃശമായി വിടര്‍ന്ന് നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതെന്നു മാത്രം. യഥാര്‍ഥ പൂക്കളാകട്ടെ തീരെ ചെറുതും സുഗന്ധവാഹിയുമാണ്. ഇലകള്‍ക്ക് ഇളം പച്ചനിറം. അഗ്രം കൂര്‍ത്തതും വിപരീതദിശകളില്‍ ക്രമീകരിച്ചതും മൂന്നോ അതിലേറെയോ ഇലകള്‍ ചേര്‍ന്ന് വളരുന്നതുമാണ്. പുഷ്പിച്ചു കഴിഞ്ഞാല്‍ ചെടി കുറേശെ ഇലകള്‍ പൊഴിച്ചു കളയുന്നതു കാണാം. ഈ അവസരത്തില്‍ ഉദ്യാനകര്‍ഷകര്‍ സ്‌നോബുഷ് കൊമ്പുകോതി നിര്‍ത്തുന്ന പതിവുണ്ട്. കൊമ്പുകോതല്‍ (പ്രൂണിംഗ്) കഴിഞ്ഞാല്‍ ഉടന്‍ വളം ചേര്‍ക്കണം. ജൈവവളങ്ങളോ രാസവളമിശ്രിതം നേര്‍പ്പിച്ചതോ ഉപയോഗിക്കാം. നനയ്ക്കാനും മറക്കരുത്.


വളപ്രയോഗരീതി

പിണ്ണാക്ക് ലായനി (കേക്ക് സൊല്യൂഷന്‍) ആണ് പ്രമുഖം. ഇതു നിര്‍മിക്കാന്‍ എള്ളിന്‍ പിണ്ണാക്ക് ആല്ലെങ്കില്‍ ആവണക്കിന്‍ പിണ്ണാക്ക് അല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് എന്നിവയിലൊന്ന് ഒരു കിലോ 10 ലിറ്റര്‍ വെള്ളത്തില്‍ മൂന്നു ദിവസം കുതിര്‍ത്തു വയ്ക്കുക. ഈ ലായനി തെളിയൂറ്റി ഒരാഴ്ച ഇടവിട്ട് ചെടി വളരുന്ന ചട്ടിയിലോ തടത്തിലോ ഒഴിക്കുന്നത് ഉത്തമമാണ്. കൂടാതെ നൈട്രജന്‍ ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ രാസവളമിശ്രിതം 2-3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തെളിയൂറ്റി ഇലകളില്‍ തളിക്കാം. ചെടി പുഷ്പിക്കാന്‍ തുടങ്ങുന്നതു വരെ ഇതു നല്‍കിയാല്‍ മതി.

തണ്ടു മുറിച്ചു നട്ടാണ് സ്‌നോബുഷില്‍ പുതിയ തൈ തയാറാക്കുക. ചെടി പുതുവളര്‍ച്ച തുടങ്ങുന്ന വസന്തകാലമാണ് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങള്‍. പൂമൊട്ടുകള്‍ വരുന്നതിനു മുമ്പ് അഗ്രഭാഗം മൂന്നുജോഡി ഇലകളോടെ കഷണമായി മുറിച്ചെടുക്കുക. ഏറ്റവും താഴത്തെ ഇലകള്‍ നീക്കുക. തണ്ടിന്റെ ചുവടറ്റം വേരുപിടിപ്പിക്കാന്‍ ഹോര്‍മോണ്‍ പൊടി പുരട്ടുക. മാധ്യമത്തില്‍ കുത്തി തണലത്തു വയ്ക്കുക. തണ്ടിന്റെ ചുവട്ടില്‍ നിന്നും കഷണം മുറിച്ചെടുക്കാം. വേരുപിടിപ്പിക്കല്‍ ഹോര്‍മോണ്‍ നിര്‍ബന്ധമില്ല. ചെടി മുറിക്കുമ്പോള്‍ ചാടുന്ന കറ കഴുകി നീക്കി കുറച്ചുനേരം വെള്ളത്തില്‍ ചുവട് മുക്കിവച്ചിട്ട് നടുന്ന പതിവുമുണ്ട്.

ഒരിക്കല്‍ പുഷ്പിക്കാന്‍ തുടങ്ങിയാല്‍ കുറഞ്ഞത് രണ്ടുമാസമെങ്കിലും നയനസമൃദ്ധമായ പൂക്കാലം സമ്മാനിക്കുന്ന സ്‌നോബുഷ് ഉദ്യാനങ്ങളില്‍ മാത്രമല്ല, വഴിയോരങ്ങളും ട്രാഫിക് ഐലന്‍ഡുകളും ഒക്കെ മോടിപിടിപ്പിക്കാനും ഉത്തമമാണ്. ലാന്‍ഡ് സ്‌കേപ്പിംഗിനും അനുയോജ്യം. കുടുംബപരമായിത്തന്നെ ഇതിന്റെ തണ്ടുകളില്‍ കറയുടെ സാന്നിധ്യമുള്ളതിനാലാവണം ഒരുവിധപ്പെട്ട ശത്രുപ്രാണികളൊന്നും സ്‌നോബുഷിനെ തൊടാനോ ഉപദ്രവിക്കാനോ ധൈര്യം കാട്ടാറുമില്ല.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടര്‍, കൃഷിവകുപ്പ്, തിരുവനന്തപുരം