വളര്‍ത്തുമൃഗങ്ങളെ ഇന്‍ഷ്വര്‍ ചെയ്യാം
പുതിയ വാഹനത്തിനും വീടിനുമെല്ലാം നാം ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്താറുണ്ട്. എന്നാല്‍ കാര്‍ഷിക, മൃഗസംരക്ഷണ മേഖലകളിലെ ഇന്‍ഷ്വറന്‍സുകളെക്കുറിച്ച് എത്ര കര്‍ഷകര്‍ക്കറിയാം?

പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍, രോഗങ്ങള്‍, ഇടിമിന്നല്‍, സൂര്യാഘാതം, വൈദ്യുതാഘാതം, തീപിടിത്തമടക്കമുള്ളവയെല്ലാം കര്‍ഷകരെ അലട്ടുന്നുണ്ട്. ഇത്തരം ദുരന്തങ്ങളില്‍ പശുക്കളടക്കമുള്ള വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. ഓര്‍ക്കാപ്പുറത്തുള്ള നാശനഷ്ടങ്ങളെ അതിജീവിക്കാനും സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനുമുള്ള മികച്ച വഴിയാണ് വളര്‍ത്തുമൃഗങ്ങളെ ഇന്‍ഷ്വര്‍ ചെയ്യുകയെന്നത്.

പ്രളയകാലത്ത് കാര്‍ഷിക, ക്ഷീരമേഖലകളിലുണ്ടായ നഷ്ടങ്ങള്‍ ചെറുതല്ല. വളര്‍ത്തുമൃഗങ്ങള്‍, തൊഴുത്ത്, കാര്‍ഷിക ഉപകരണങ്ങള്‍, തീറ്റപ്പുല്‍കൃഷി തുടങ്ങിയവയെല്ലാം പ്രളയം കവര്‍ന്നു. കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റാനും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാരും മില്‍മയടക്കമുള്ള സഹകരണ സ്ഥാപനങ്ങളും. എങ്കിലും ഓരോ കര്‍ഷകനും സംഭവിച്ച ഭീമമായ നഷ്ടം, നഷ്ടപരിഹാരമായി നല്‍കാന്‍ പരിമിതികളുണ്ട്. ഈ അവസരത്തിലാണ് ഇന്‍ ഷ്വറന്‍സ് കര്‍ഷകര്‍ക്ക് സഹായകമാകുന്നത്. ഇന്‍ഷ്വര്‍ ചെയ്ത മൃഗങ്ങളുടെ മൂല്യത്തിനൊത്ത തുക നഷ്ടപരിഹാരമായി ലഭിക്കും.

ഇന്‍ഷ്വര്‍ ചെയ്ത വളര്‍ത്തുമൃഗങ്ങള്‍ ചത്താല്‍ പോളിസി പ്രകാരമുള്ള പൂര്‍ണ തുകയും ലഭിക്കും. അവയുടെ ഉത്പാദന-പ്രത്യുത്പാദന ശേഷി നഷ്ടമാക്കുന്ന രോഗാവസ്ഥകള്‍ക്ക് പോളിസിയുടെ 75 ശതമാനം തുകയും കര്‍ഷകനു ലഭിക്കും. ഇതിനായി രണ്ടു തരത്തിലുള്ള ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ നിലവിലുണ്ട്.

തീരെ കുറഞ്ഞ പ്രീമിയമാണ് ആകര്‍ഷണീയത. വളര്‍ത്തുമൃഗങ്ങളുടെ പ്രായം, ഉത്പാദനക്ഷമത എന്നിവയുടെയെല്ലാം അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍ നിശ്ചയിക്കുന്ന വിപണി വിലയ്ക്ക് ആനുപാതികമായാണ് വാര്‍ഷിക പ്രീമിയം കണക്കാക്കുന്നത്. വളര്‍ത്തുമൃഗങ്ങളെ ഒന്നൊന്നായും ഫാമുകളിലെ മൃഗങ്ങളെ മൊത്തത്തിലായുമൊക്കെ ഇന്‍ഷ്വര്‍ ചെയ്യാം. ഒന്നു മുതല്‍ അഞ്ചുവര്‍ഷം വരെ കാലാവധിയുള്ള പദ്ധതികളുണ്ട്. കിടാവ്, കിടാരികള്‍, പശുക്കള്‍ തുടങ്ങി ഏതു വിഭാഗത്തേയും ഇന്‍ഷ്വര്‍ ചെയ്യാം. എന്നാല്‍ പ്രായമുള്ളതും ആരോഗ്യമില്ലാത്തതുമായ മൃഗങ്ങളെ ഇന്‍ഷ്വറന്‍സിനായി പരിഗണിക്കാറില്ല.

നായ,പൂച്ച തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെയും, അരുമപ്പക്ഷികളെയും വരെ ഇന്‍ഷ്വര്‍ ചെയ്യാം. തീറ്റപ്പുല്‍ക്കൃഷി, കാര്‍ ഷിക ഉപകരണങ്ങള്‍, ഡയറിഫാം കെട്ടിടങ്ങള്‍, അനുബന്ധ ഘടകങ്ങള്‍ എന്നിവയെല്ലാം മൊത്തത്തില്‍ ഇന്‍ഷ്വര്‍ ചെയ്യാനുള്ള പദ്ധതികളും നിലവിലുണ്ട്.

മൃഗങ്ങളുടെ ഇന്‍ഷ്വറന്‍സും അര്‍ഹമായ പ്രായവും ചുവടെ:-

ഇന്‍ഷ്വറന്‍സ് പദ്ധതികള്‍

സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നടപ്പാക്കുന്ന സമഗ്ര കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് ഗോസമൃദ്ധി. ഉരുവിന്റെ വിപണി വിലയുടെ മൂന്നു ശതമാനം പ്രതിവര്‍ഷ പ്രീമിയത്തില്‍ ഒരു വര്‍ഷത്തേക്കോ മൂന്നു വര്‍ഷത്തേക്കോ ഇന്‍ഷ്വര്‍ ചെയ്യാം. അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ മൃഗാശുപത്രികള്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.

മൂന്നു ശതമാനമാണ് പ്രീമിയം തുകയെങ്കിലും സബ്‌സിഡി കഴിച്ച് ജനറല്‍ വിഭാഗത്തില്‍പെട്ടവര്‍ ആകെ പ്രീമിയത്തിന്റെ 50 ശതമാനവും എസ്.സി/എസ്.ടി വിഭാഗത്തില്‍പെട്ട ഗുണഭോക്താക്കള്‍ 30 ശതമാനവും നല്‍കിയാല്‍ മതി. ഉദാഹരണമായി 50,000 രൂപ വിപണി വിലയുള്ള പശുവിനെ ഇന്‍ഷ്വര്‍ ചെയ്യുന്ന പൊതുവിഭാഗത്തില്‍പെട്ട ഗുണഭോക്താവ് പ്രതിവര്‍ഷം 750 രൂപയും, എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ 450 രൂപയും അടച്ചാല്‍ മതി. പരമാവധി 50,000 രൂപയ്ക്കു മാത്രമേ ഒരു പശുവിനെ ഇന്‍ഷ്വര്‍ ചെയ്യാന്‍ സാധിക്കൂ എന്നത് പദ്ധതിയുടെ പരിമിതിയാണ്.

പൊതുമേഖല (ഇന്‍ഷ്വറന്‍സ്) സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയാണ് ഗോസമൃദ്ധി പദ്ധതി നടപ്പിലാക്കുന്നത്. ഇന്‍ഷ്വര്‍ ചെയ്ത പശുവിനെ വില്പന നടത്താം. പുതിയ ഉടമയിലേക്ക് പോളിസി കൈമാറ്റം ചെയ്യാം. കര്‍ഷകര്‍ക്കൊപ്പം ഡയറിഫാമുകള്‍ക്കും പദ്ധതിയില്‍ പങ്കാളികളാകാം.

ഗോസമൃദ്ധി പദ്ധതിക്കു കീഴില്‍ ക്ഷീരകര്‍ഷകനും കുടുംബത്തിനും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാണ്. പ്രത്യേക സോഫ്റ്റ്‌വെയര്‍ സംവിധാനം വഴി കര്‍ഷക രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് ഓണ്‍ലൈന്‍ വഴി തികച്ചും സുതാര്യമായാണ് പദ്ധതി നടത്തുന്നത്. പദ്ധതിയില്‍ കര്‍ഷകരെ പൂര്‍ണമായും ജിയോമാപ്പിംഗ് നടത്താനും ലക്ഷ്യമിടുന്നു. പദ്ധതിയുടെ വിപുലീകരണത്തിനായി ഗോസമൃദ്ധി പ്ലസ് എന്ന പുതിയ കര്‍മപരിപാടിയും ആവിഷ്‌കരിക്കുന്നുണ്ട്.

സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പുറമെ നിരവധി പൊതുമേഖലാ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളും പശുക്കള്‍ക്കായി ഇന്‍ഷ്വറ ന്‍സ് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഉയര്‍ന്ന വിപണിമൂല്യം കണക്കാക്കുന്ന പശുക്കളെയും കൂടുതല്‍ എണ്ണം പശുക്കളെയുമൊക്കെ ഇന്‍ഷ്വര്‍ ചെയ്യാന്‍ ഈ കമ്പനികളെ ആശ്രയിക്കാം. പൊതുമേഖലയില്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ്, ന്യൂ ഇന്ത്യ അഷ്വറന്‍സ്, ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ്, നാഷണല്‍ ഇന്‍ഷ്വറന്‍സ് തുടങ്ങിയ കമ്പനികളാണ് പശുക്കള്‍ക്കായി ഇന്‍ഷ്വറന്‍സ്പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. റോയല്‍ സുന്ദരം, ശ്രീറാം ഇന്‍ഷ്വറന്‍സ്, എച്ച്ഡിഎഫ് സി എര്‍ഗോ, ഐസിഐസിഐ ലംബാര്‍ഡ്, എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സ്, ബജാജ് അലയന്‍സ് തുടങ്ങിയ ഒട്ടനവധി സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളും പരിമിതമായ പ്രീമിയത്തില്‍ ക്ഷീരമേഖലക്കായി ഇന്‍ഷ്വറന്‍സ് പോളിസികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

നടപടിക്രമങ്ങള്‍

സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴില്‍ ഇന്‍ഷ്വറന്‍സ് നേടാ ന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ പഞ്ചായത്തിലെ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടാല്‍ മതി. പൊതുമേഖല / സ്വകാര്യ ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍ മുഖാന്തിരം പോളിസി എടുക്കുന്നവര്‍ അതാത് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പോളിസികള്‍ തെരഞ്ഞെടുക്കണം. ശേഷം ഗുണഭോക്താവിന്റെ പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ മൃഗത്തിന്റെ കാതില്‍ തിരിച്ചറിയുന്നതിനായുള്ള കമ്മല്‍ അടിക്കുന്നതടക്കമുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കണം. മൃഗത്തിന്റെ ഫോട്ടോ, വെറ്ററിനറി ഡോക്ടര്‍ പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ അപേക്ഷ, ആരോഗ്യസര്‍ട്ടിഫിക്കറ്റ് എന്നിവ പിന്നീട് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കണം. ഇന്‍ഷ്വറന്‍ സിന് ആനുപാതികമായ പ്രീമിയം തുക ഈ വേളയില്‍ അടച്ചാല്‍ മതിയാവും.


ഇന്‍ഷ്വറന്‍സുള്ള പശുവിന് അപകടം സംഭവിക്കുകയോ ചാവുകയോ ചെയ്താല്‍ ഉടന്‍ തൊട്ടടുത്ത മൃഗാശുപത്രിയിലെ ഡോക്ടറെ വിവരം അറിയിക്കണം. സ്വകാര്യസ്ഥാപനങ്ങള്‍ വഴിയാണ് ഇന്‍ഷ്വറന്‍സ് എങ്കില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളെയും വിവരം നേരിട്ടോ, എഴുതിയോ അറിയിക്കണം. ശേഷം ഡോക്ടറുടെ സഹായത്തോടെ പോസ്റ്റു മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കണം. ചിലപ്പോള്‍ ഇത് നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനുമായി തങ്ങളുടെ പ്രതിനിധിയെ കൂടി കമ്പനി അയക്കും.

തിരിച്ചറിയല്‍ അടയാളമായ കാതിലെ കമ്മല്‍, ചത്ത പശുവിന്റെ കാതിലെ കമ്മലോടു കൂടിയ ഫോട്ടോ, പോസ്റ്റുമോര്‍ട്ടം നടപടികളുടെ ഫോട്ടോ, പൂരിപ്പിച്ച അപേക്ഷാഫോറം, മറ്റ് അനുബന്ധരേഖകള്‍, ഡോക്ടര്‍ നല്‍കുന്ന ചികിത്സാരേഖ, മരണസര്‍ട്ടിഫിക്കറ്റ്/പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ സഹിതം ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിക്കണം.

പേവിഷബാധ പോലുള്ള പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആവശ്യമില്ലാത്ത സാഹചര്യങ്ങളില്‍ രോഗാവസ്ഥയുമായി ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം, പ്രത്യുത്പാദന ഉത്പാദനശേഷി നഷ്ടപ്പെട്ടതാണെങ്കില്‍ പരിശോധന, ചികിത്സാ റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിച്ചാല്‍ മതിയാവും. ഉത്പാദനശേഷി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിനു മുമ്പായി ഡോക്ടറെ കൂടാതെ കമ്പനി അധികാരപ്പെടുത്തിയ വിദഗ്ധന്‍കൂടി പശുക്കളെ പരിശോധിക്കാറുണ്ട്.

ഇക്കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കാം

1. ഇന്‍ഷ്വറന്‍സ് എടുക്കുന്ന മൃഗങ്ങള്‍ പൂര്‍ണ ആരോഗ്യമുള്ളവയായിരിക്കണം.

2. തൊഴുത്തും കുടിവെള്ളവും പോഷകാഹാരവുമെല്ലാം ഉറപ്പുവരുത്തണം.

3.പ്രതിരോധകുത്തിവയ്പ്പുകള്‍ ലഭ്യമായിട്ടും ഇവ നല്‍കാതെ രോഗം ബാധിച്ച് പശു ചത്താല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ല.

4.ഉരുക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പുകള്‍ കൃത്യമായെടുക്കാ നും ആന്തര- ബാഹ്യപരാദങ്ങള്‍ ക്കെതിരെ മരുന്നുകള്‍ നല്‍കാ നും ശ്രദ്ധിക്കണം.

5.വളര്‍ത്തുമൃഗങ്ങളുടെ അസുഖങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടറില്‍ നിന്ന് കൃത്യമായ ചികിത്സ തേടാന്‍ ശ്രദ്ധിക്കണം.

6. സ്വയം ചികിത്സിക്കുകയോ, മതിയായ യോഗ്യതയില്ലാത്തവരെ ചികിത്സക്ക് ആശ്രയിക്കുകയോ ചെയ്യരുത്.

7. അശാസ്ത്രീയ ചികിത്സാരീതികള്‍ അവലംബിച്ച് പശുചത്താ ലും ഇന്‍ഷ്വറന്‍സ് ലഭിക്കില്ല.

8. അംഗീകൃത ഡോക്ടറുടെ ചികിത്സാരേഖയും സാക്ഷ്യപത്രവും ക്ലെയിം തീര്‍പ്പാക്കാന്‍ നിര്‍ബന്ധമാണ്. മരുന്നുകളുടെ ബില്ലുകളും ചികിത്സാവിവരങ്ങളും സൂക്ഷിച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണം.

'കമ്മലില്ലെങ്കില്‍ പോളിസിയില്ല'

ഏതെങ്കിലും കാരണവശാല്‍ തിരിച്ചറിയല്‍ അടയാളമായ കാതിലെ കമ്മല്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഉടനെ വിവരം ഇന്‍ഷ്വറന്‍സ് കമ്പനിയെ അറിയിക്കണം. ഡോക്ടറുടെ സഹായത്തോടെ പശുവിനു പുതിയ കമ്മല്‍ അടിച്ച് കമ്പനിയില്‍ അപേക്ഷ പുതുക്കി നല്‍കണം. ഇന്‍ഷ്വറന്‍സിനായുള്ള അപേക്ഷയോടൊപ്പം കാതിലെ കമ്മലും ഹാജരാക്കേണ്ടത് പ്രധാനമാണ്.

പ്രകൃതിദുരന്തങ്ങള്‍, അത്യാഹിതങ്ങള്‍ തുടങ്ങിയവ നേരിട്ട് ശസ്ത്രക്രിയ നടത്തി, ഇതിനിടെ അപകടം സംഭവിച്ചാല്‍ ഇന്‍ഷ്വറന്‍സ് ലഭിക്കും. മോഷണം, മോഷണമെന്ന വ്യാജേന കച്ചവടം നടത്തല്‍, ശത്രുക്കളോ, ഉടമ മനഃപൂര്‍വമോ മൃഗങ്ങളെ അപകടത്തില്‍പ്പെടുത്തുകയോ പരിക്കേല്‍പ്പിക്കുകയോ, കൊലപ്പെടുത്തുകയോ ചെയ്യുക, കാതിലെ കമ്മലില്‍ കൃത്രിമം നടത്തുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ല.

ഇന്‍ഷ്വറന്‍സ് പരിരക്ഷയുള്ള മൃഗത്തെ കൈമാറ്റം ചെയ്യുകയോ വില്‍ക്കുകയോ ചെയ്താല്‍ വിവരം ഇന്‍ഷ്വറന്‍സ് ദാതാവിനെ അറിയിച്ച്, ക്ലെയിം പുതിയ ഉടമയുടെ പേരിലേക്കു മാറ്റണം.

പോളിസിയെടുക്കുന്ന സമയത്തു ലഭിക്കുന്ന ക്ലെയിം ഫോമും മറ്റു രേഖകളും സുരക്ഷിതമായി സൂക്ഷിച്ചുവയ്ക്കണം. അപകടങ്ങള്‍ സംഭവിച്ചാല്‍ ധനസഹായത്തിനുള്ള അപേക്ഷ പൂര്‍ണമായ രേഖകള്‍ സഹിതം 30 ദിവസത്തിനുള്ളില്‍ കമ്പനിയില്‍ സമര്‍പ്പിക്കണം. തൃപ്തികരമാണെങ്കില്‍ 15 ദിവസത്തിനകം പണം കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും.

ഇന്‍ഷ്വറന്‍സ് പരിരക്ഷ എടുത്തതിനുശേഷം ചുരുങ്ങിയത് പതിനഞ്ച് ദിവസമെങ്കിലും കഴിഞ്ഞു നടക്കുന്ന അത്യാഹിതങ്ങള്‍ക്കു മാത്രമേ ക്ലയിമിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. പോളിസികള്‍ സംബന്ധമായ പരാതികള്‍ ഉണ്ടെങ്കില്‍ കമ്പനി നിയമിക്കുന്ന പരാതി പരിഹാര ഓഫീസറെയോ, ഇന്‍ഷ്വറന്‍സ് ഓംബ്ഡുസ്മാനെയോ സമീപിക്കാം. പോളിസി ഉടമകളുടെ താത്പര്യ സംരക്ഷണ നിയമം- 2002 പ്രകാരം ഇതിനായി വ്യക്തമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.ഡോ. മുഹമ്മദ് ആസിഫ് എം.
ഡയറി കണ്‍സള്‍ട്ടന്റ്
e-mail: [email protected]
mob- 9495187522