ക്ഷമയുള്ള നിക്ഷേപകർക്കായി...
ഹൃസ്വകാല വ്യതിയാനങ്ങളെ അവഗണിച്ച് 8-10 വർഷക്കാലത്തേക്കു നിക്ഷേപം നടത്തി ക്ഷമയോടെ കാത്തിരിക്കുവാൻ തയാറുള്ള നിക്ഷേപകർക്കു ദീർഘകാലത്തിൽ മികച്ച നേട്ടം പ്രതീക്ഷിക്കാവുന്ന ഫണ്ടാണ് എൽ ആൻഡ് ടി മ്യൂച്വൽ ഫണ്ടിൽനിന്നുള്ള എൽ ആൻഡ് ടി മിഡ്കാപ് ഫണ്ട്.

2004-ൽ പ്രവർത്തനം ആരംഭിച്ച ഈ ഫണ്ട് വിവിധ വിപണി സൈക്കിളുകളിൽ മികച്ച റിട്ടേണ്‍ നൽകിയിട്ടുണ്ട്. ആസ്തിയുടെ പകുതിയിലധികവും മിഡ് കാപ് ഓഹരികളിൽ നിക്ഷേപം നടത്തി ദീർഘകാലത്തിൽ മൂലധന വളർച്ച ലക്ഷ്യമിടുന്ന ഇക്വിറ്റി ഫണ്ടാണിത്. ഫണ്ടിന്‍റെ പ്രകടനം കുറഞ്ഞ കാലയളവിൽതന്നെ മെച്ചപ്പെട്ട ആസ്തി വലുപ്പം നേടാൻ സഹായിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബറിൽ ഫണ്ട് മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 3197 കോടി രൂപയാണ്.

ഫണ്ടിന്‍റെ പ്രകടനം

പ്രവർത്തനത്തിന്‍റെ പതിനഞ്ചാം വർഷത്തിലേക്കു കടക്കുന്ന ഫണ്ട് പദ്ധതി തുടങ്ങിയതു മുതൽ 19.62 ശതമാനം വാർഷിക റിട്ടേണ്‍ നൽകിയിട്ടുണ്ട്. അതായത് പദ്ധതി തുടങ്ങിയ സമയത്ത് നിക്ഷേപിച്ച ഒരു ലക്ഷം രൂപ ഇപ്പോൾ 12,28,155 രൂപയായി വളർച്ച നേടിയിട്ടുണ്ട്. അതായത് 12.3 ഇരട്ടി. കാറ്റഗറി ശരാശരി, ബഞ്ച്മാർക്ക് സൂചിക എന്നിവയേക്കാൾ മെച്ചപ്പെട്ട റിട്ടേണ്‍ എല്ലാ കാലയളവിലും ഫണ്ട് നൽകിയിട്ടുണ്ട് എന്നതാണ് മറ്റൊരു സവിശേഷത.

നിക്ഷേപ സ്ട്രാറ്റജി

വളർച്ചാ സാധ്യതയുള്ളതും, മികച്ച തോതിൽ മാനേജ് ചെയ്യുന്നതുമായ മിഡ്കാപ് കന്പനികളുടെ ഓഹരികളാണ് ഫണ്ട് നിക്ഷേപത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിനു പുറമേ നിക്ഷേപശേഖരം വളരെ വൈവിധ്യവത്കരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ 78 ഓഹരികളാണ് ഫണ്ടിന്‍റെ നിക്ഷേപശേഖരത്തിലുള്ളത്. ഒരു ഓഹരിയിലേയും നിക്ഷേപം അഞ്ചു ശതമാനത്തിൽ കൂടാറില്ല.

മൂലധനം വളരെ കാര്യക്ഷമമായി ഉപയോഗിക്കുന്ന കന്പനികളുടെ ഓഹരികളാണ് ഫണ്ട് മാനേജർമാർ മുൻഗണന നൽകുന്നത്. ലാഭക്ഷമത, കന്പനിയുടെ ബിസിനസ് ആകർഷണീയത, വിപണിയിലെ മത്സരത്തിൽ കന്പനിയുടെ സ്ഥാനം, വ്യവസായത്തിൽ കന്പനിയുടെ സ്ഥാനം തുടങ്ങിയവയും നിക്ഷേപത്തിനു മുന്പ് കണക്കിലെടുക്കുന്നു.


ഇപ്പോൾ ഏറ്റവും കൂടുതൽ മുൻഗണന നൽകിയിട്ടുള്ളത് ധനകാര്യ മേഖലയ്ക്കാണ്. അതും 20 ശതമാനത്തിൽത്താഴെയാണ് നിക്ഷേപം. കണ്‍സ്ട്രക്ഷൻ, എൻജിനീയറിംഗ്, ഹെൽത്ത്കെയർ തുടങ്ങിയവയാണ് മറ്റു പ്രധാന നിക്ഷേപ മേഖലകൾ. ഇവയിലെ നിക്ഷേപം 15 ശതമാനത്തിൽത്താഴെയാണ്. പതിനാലോളം മേഖലകളിലെ ഓഹരികളിലാണ് നിക്ഷേപം നടത്തിയിട്ടുള്ളത്.

ഇപ്പോഴത്തെ വിപണിയുടെ സ്ഥിതി കണക്കിലെടുക്കുന്പോൾ ഏറ്റവും മികച്ച തോതിൽ വൈവിധ്യവത്കരണം നടത്തി നിഷ്ട സാധ്യത ഒഴിവാക്കാൻ കന്പനി ശ്രമിച്ചിട്ടുണ്ട്.
ലാർജ് കാപ്, സ്മോൾ കാപ് ഓഹരികൾക്കായി പത്തു ശതമാനത്തിനു ചുറ്റളവിലുള്ള നിക്ഷേപമേ നടത്തിയിട്ടുള്ളു.

മാത്രവുമല്ല, 20 ശതമാന ത്തോളം ഡെറ്റ് ഉപകരണങ്ങളിൽ നിക്ഷേപിച്ച് നഷ്ടം കുറച്ചു നിർത്താനും ഫണ്ടുമാനേജർമാർ ശ്രമിച്ചിട്ടുണ്ട്.

നഷ്ട-നിക്ഷേപ സാധ്യതകൾ

മൂല്യാധിഷ്ഠിത നിക്ഷേപ സമീപനമാണ് പൊതുവേ ഫണ്ടിന്‍റേത്. മികച്ച ഗുണനിലവാരമുള്ള മിഡ്കാപ് ഓഹരികൾ തെരഞ്ഞെടുക്കുന്നതിനൊപ്പം കുറച്ചു ഭാഗം വളർച്ചാസാധ്യതയുള്ള ഓഹരികളിലേക്കു തിരിച്ചുവിടുന്നു. സ്ഥിരതയ്ക്കായി ചെറിയൊരു ഭാഗം ലാർജ് കാപ് ഓഹരികളിലും നിക്ഷേപിക്കുന്നു. ഇതുവഴി റിസ്ക് മാനേജ് ചെയ്യാൻ കന്പനിക്കു സാധിക്കുന്നു. ഫണ്ടിന്‍റെ മുഖ്യ നിക്ഷേപമേഖലയായ മിഡ്കാപ്പിൽ മികച്ച തിരുത്തൽ സംഭവിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ കാലാവസ്ഥ മാറുന്നതോടെ മിഡ്കാപ് ഓഹരികൾ ശക്തമായി തിരിച്ചുവരാനുള്ള സാധ്യതയേറെയാണ്. ദീർഘകാലത്തിൽ ഏറ്റവും കൂടുതൽ റിട്ടേണ്‍ നൽകിവരുന്നത് മിഡ്കാപ് ഓഹരികളാണ്. അതേ സമയം നഷ്ടസാധ്യത ലാർജ് കാപ്പിനേക്കാൾ അധികവുമാണ്.

ചുരുക്കത്തിൽ നേരത്തെ സൂചിപ്പിച്ചതുപോലെ ദീർഘകാല ലക്ഷ്യത്തോടെ, കുറഞ്ഞതു 8-10 വർഷമെങ്കിലും നിക്ഷേപം നടത്തി, കാത്തിരിക്കാൻ ക്ഷമയമുള്ളവർക്ക് യോജിച്ച ഫണ്ടാണിത്. ഈ കാത്തിരിപ്പിനു യോജിച്ച റിട്ടേണ്‍ പ്രതീക്ഷിക്കുകയും ചെയ്യാം.