തായണ്ണന്‍കുടിയിലെ കൃഷി ദേശീയ ശ്രദ്ധയിലേയ്ക്ക്
തായണ്ണന്‍കുടിയിലെ കൃഷി ദേശീയ ശ്രദ്ധയിലേയ്ക്ക്
Wednesday, January 23, 2019 3:19 PM IST
തായണ്ണന്‍കുടി വനമേഖലയിലെ കൃഷി ദേശീയ ശ്രദ്ധയിലേക്ക്. കേരള- തമിഴ്‌നാട് അതിര്‍ത്തിയിലാണ് തായണ്ണന്‍കുടി. മൂന്നാറിനടുത്തുള്ള ചിന്നാര്‍ വനമേഖലയിലെ പ്രകൃതി രമണീയസ്ഥലം. കേന്ദ്ര സര്‍ക്കാരിന്റെ 2018-ലെ പ്ലാന്റ് ജീനോം സേവിയര്‍ കമ്മ്യൂണിറ്റി അവാര്‍ഡ് നേടിയിരിക്കുകയാണ് ഇവിടത്തെ കര്‍ഷകര്‍. പരമ്പരാഗത വിള ഇനങ്ങളെ പരിപാലിക്കുന്ന കര്‍ഷകര്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും ദേശീയതലത്തില്‍ നല്‍കുന്ന അവാര്‍ഡാണിത്. 2018 ല്‍ ഈ അവാര്‍ഡിന് തെക്കേ ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സമൂഹം തായണ്ണന്‍ കുടിക്കാരാണ്. ഇത് ഇവരുടെ കൃഷിക്കും വിളസംരക്ഷണ ശ്രമങ്ങള്‍ക്കുമുള്ള സാക്ഷിപത്രമാണ്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലിന്റെ പ്രവര്‍ത്തനത്തിലൂടെയാണ് തായണ്ണന്‍കുടിക്കാരേത്തേടി ഈ അവാര്‍ഡെ ത്തിയത്. 'മുതുപ' ഗോത്രവിഭാഗത്തില്‍പ്പെടുന്ന നാല്പത്തഞ്ചോ ളം കുടുംബങ്ങളാണ് തായണ്ണന്‍ കുടിയിലുള്ളത്. കുടിക്കുചുറ്റുമുള്ള മലനിരകളിലും താഴ്‌വാരങ്ങളിലുമാണ് പരമ്പരാഗത ഇനങ്ങള്‍ സംരക്ഷിക്കപ്പെടുന്നതും കൃഷി ചെയ്യപ്പെടുന്നതും.

മറയൂര്‍-ഉദുമല്‍പേട്ട പാതയില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ കാട്ടിനുള്ളിലൂടെ സഞ്ചരിച്ചുവേണം തായണ്ണന്‍ കുടിയിലെത്താന്‍. ആനയും പുലിയുമിറങ്ങുന്ന കാട്ടുവഴിയിലൂടെയുള്ള സഞ്ചാരം വളരെ ദുഷ്‌കരമായതിനാല്‍ താ യണ്ണന്‍കുടിക്കാര്‍ക്ക് പുറം ലോകവുമായുള്ള ബന്ധം കുറവാണ്. അതുതന്നെയാണ് പരമ്പരാഗത ഇനങ്ങളുടെ കൃഷിയില്‍ അവരെ പിടിച്ചു നിര്‍ത്തുന്നതും.

ചിന്നാര്‍ വനമേഖലയിലുള്ള ആദിവാസി കുടികളില്‍ പണ്ടുകാലത്ത് ഒട്ടേറെ പരമ്പരാഗത വിളകളുണ്ടായിരുന്നു. ഈ വിളകളുടെ വൈവിധ്യം അമ്പരിപ്പിക്കുന്നതായിരുന്നു. റാഗി, തിന, വരക്, ചോളം, ചാമ, അമര, ചീര, കടുക്, നാരകം, കുടംപുളി, ബീന്‍സ്, തക്കാളി, മത്തന്‍ എന്നിങ്ങനെയുള്ള പരമ്പരാഗത വിളകളുടെ വിവിധ ഇനങ്ങള്‍ കുടിയിലെ നിവാസികളുടെ ഭക്ഷ്യസുരക്ഷയും ആരോഗ്യസുരക്ഷയും ഉറപ്പുവരുത്തിയിരുന്നു.

എന്നാല്‍ പുറംലോകവുമായി അല്പാല്പം ബന്ധം വന്നതോടെ കുടികളിലെ നിവാസികള്‍ കൃഷിയില്‍ നിന്നു മാറാന്‍ തുടങ്ങി. കൃഷിയിടങ്ങളിലെ ജലദൗര്‍ലഭ്യ വും കാട്ടുമൃഗങ്ങളുടെ ശല്യവും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളും ഗോത്രവര്‍ഗങ്ങളെ കൃഷിയില്‍ നിന്നകറ്റി. അതോടെ കുടികളിലെ കാര്‍ഷിക സമൃദ്ധിയും ആരോഗ്യസമൃദ്ധിയും ക്ഷയിക്കാന്‍ തുടങ്ങി. പരമ്പരാഗത ഇനങ്ങള്‍ പലതും മണ്‍മറഞ്ഞു. കുടിക്കാര്‍ കൃഷി മറന്നു. മണ്ണിനെ മറന്നു. അതോടെ പലതരം രോഗങ്ങളും കുടികളില്‍ വിരുന്നെത്തി.
ഈ അവസ്ഥയില്‍ നിന്നു ഗോത്രവര്‍ഗക്കാരെ രക്ഷിക്കാനായി കൃഷി, വനം വകുപ്പുകള്‍ ഒന്നുചേര്‍ന്ന് ആവിഷ്‌ക്കരിച്ച പദ്ധതികളാണ് ഇന്ന് കുടികളിലേക്ക് ദേശീയശ്രദ്ധയെത്തിച്ചത്. കൃഷി മന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരം കാര്‍ഷിക സര്‍വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലും ഈ പദ്ധതികളില്‍ പങ്കുചേര്‍ന്നു.
പരമ്പരാഗത വിളകള്‍ കൃഷിചെയ്യാനും സംരക്ഷിക്കാനും ഏറ്റ വും മുന്നില്‍ നിന്നത് തായണ്ണന്‍ കുടിക്കാരായിരുന്നു. ഇന്ന് തായണ്ണന്‍കുടിയില്‍ പന്ത്രണ്ടില്‍പ്പരം റാഗി ഇനങ്ങള്‍ തന്നെ കൃഷിചെയ്യുന്നു.


പച്ചമുട്ടി റാഗി, റൊട്ടി റാഗി, കരിമുട്ടി റാഗി, സിരുറാഗി, പൂവന്റാഗി, അരക്കനാച്ചി റാഗി, കറപ്പുറാഗി എന്നിങ്ങനെയാണ് റാഗി ഇനങ്ങളുടെ പേരുകള്‍. മുളിയന്‍ തിന, കമ്പന്‍ തിന, പുല്ലുതിന എന്നിങ്ങനെ പോകുന്നു തിനകളുടെ പേരുകള്‍. ബീന്‍സുകളും കുടികളിലുണ്ട്. വള്ളി ബീന്‍സ്, ബട്ടര്‍ ബീന്‍സ്, കുത്തു ബട്ടര്‍ ബീന്‍സ്, കുത്തു ബീന്‍സ്, മുരിങ്ങ ബട്ടര്‍ ബീന്‍സ്, കൊടി ബട്ടര്‍ ബീന്‍സ് എന്നിങ്ങനെയാണ് ബീന്‍സിനങ്ങളുടെ നിര. കോഴിയുടെ കാല്‍ വിരല്‍ പോലെ വളഞ്ഞ കായയുണ്ടാകുന്ന അമരയുടെ പേര് കോഴിക്കാല്‍ അമര. കുടിക്കാര്‍ക്കു ആവശ്യമായ മല്ലി, കടുക്, വെളുത്തുള്ളി എന്നിവയും ഇവര്‍ കൃഷി ചെയ്യുന്നു. വനം വകുപ്പിന്റെ പ്രത്യേക താത്പര്യത്തില്‍ നടപ്പാക്കുന്ന പുനര്‍ജീവനം പദ്ധതി വിളവൈവിധ്യ സംരക്ഷണത്തിലും കൃഷിയിലും കുടിയിലെ കര്‍ഷകര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നു.

പൂര്‍ണമായും ജൈവരീതിയിലുള്ള കൃഷിയാണ് കുടികളില്‍ നടക്കുന്നത്. വിളകള്‍ക്കൊപ്പം ഇവര്‍ നാടന്‍ പശുക്കളെയും ആടുകളെയും കോഴികളെയും പരിപാലിക്കുന്നു.

അങ്ങനെ വയലുകളിലേക്കുള്ള ജൈവവളവും ഉറപ്പാക്കുന്നു. ഗോത്രവര്‍ഗക്കുടികളിലെ നഷ്ടപ്പെട്ട കൃഷിയും വിളവൈവിധ്യവും തിരിച്ചുകൊണ്ടുവരേണ്ടത് ഇന്നിന്റെ ആവശ്യമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. പുറത്തുള്ളവരെ ആശ്രയിച്ചു ജീവിക്കാനല്ല, ഗോത്രസമൂഹങ്ങളെ പഠിപ്പിക്കേണ്ടത്, ഓരോ കുടിക്കാര്‍ക്കും ആവശ്യമായ ഭക്ഷണം സ്വയം കൃഷിചെയ്തുണ്ടാക്കാനുള്ള ശാക്തീകരണമാണ്.

ഈ ആശയം അന്വര്‍ഥമാക്കുന്നതാണ് തായണ്ണന്‍കുടിക്കാരുടെ കൃഷിയിടങ്ങള്‍. തായണ്ണ ന്‍കുടിയിലെ വിളവൈവിധ്യം നിവാസികളുടെ ഭക്ഷണവ്യവസ്ഥയെ പോഷകസമൃദ്ധമാക്കുന്നു. കുടിയിലെ നിവാസികളുടെ ആവശ്യം കഴിഞ്ഞുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ മറയൂരിലെ ചില്ല എന്ന കമ്പോളത്തില്‍ വില്പനക്കെത്തിക്കുന്നു.

ഉള്‍ക്കാട്ടിനുള്ളിലെ കുടിയായതിനാല്‍ കുടിയില്‍ കെഎസ്ഇബി വൈദ്യുതിയെത്തിയിട്ടില്ല. എന്നാ ലും തായണ്ണന്‍കുടിയെ വലംവച്ചൊഴുകുന്ന ചിന്നാര്‍ പുഴയില്‍ മിനി ഹൈഡല്‍ പമ്പു സ്ഥാപിച്ച് കുടിയിലേക്കാവശ്യമായ വൈദ്യു തി ഉത്പാദിപ്പിക്കുന്നുണ്ട്.

മുളംതണ്ടുകള്‍ക്കുമീതെ മണ്ണുതേച്ചുപിടിപ്പിച്ച് നിര്‍മിക്കുന്ന ചുമരുകളുള്ള ചെറുവീടുകളിലാണ് തായണ്ണന്‍കുടിക്കാര്‍ കഴിയുന്നത്. മണ്ണും മുളയും ഉപയോഗിച്ച് നിര്‍മിക്കുന്ന ഇത്തരം വീടുകള്‍ അന്തരീക്ഷ താപവ്യതിയാനങ്ങ ളെ ഒരു പരിധിവരെ ചെറുത്തു നില്‍ക്കുന്നവയാണ്.

എന്നാലിപ്പോള്‍ സിമന്റുപയോഗിച്ചു നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് വീടുകളാണ് കുടികളില്‍ ഉയരുന്നത്. അവയില്‍ താമസം ഒട്ടും സുഖകരമല്ല എന്നാണ് തായണ്ണന്‍കുടിക്കാരുടെ പക്ഷം.

ഡോ. സി. ആര്‍. എല്‍സി, പി. പി. അശ്വതി
കേരള കാര്‍ഷിക സര്‍വകലാശാല
ഫോണ്‍: ഡോ. എല്‍സി 9447878968