സ്പര്‍ശനം, അടുപ്പത്തിനും ധൈര്യത്തിനും
സ്പര്‍ശനം, അടുപ്പത്തിനും ധൈര്യത്തിനും
Wednesday, January 30, 2019 3:54 PM IST
എഴുപത്തിയഞ്ചു വയസുകാരന്റെ സംസ്‌കാരത്തില്‍ പങ്കെടുത്തപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. നാലു മുതല്‍ പത്തു വയസുവരെയുള്ള എട്ടു കുട്ടികള്‍ അവരുടെ മുത്തച്ഛന്റെ ശവമഞ്ചത്തിനടുത്തിരുന്ന് 'അച്ചാച്ചാ പോകല്ലേ' എന്നുപറഞ്ഞ് ഉറക്കെ കരയുന്നു. അവര്‍ പെണ്‍മക്കളുടെ മക്കളാണ്. മക്കള്‍ നാലുപേരും വിങ്ങിപ്പൊട്ടിനില്ക്കുന്ന അമ്മയോടൊപ്പം വിതുമ്പുകയാണ്.

കരുതലിന്റെ സ്‌നേഹക്കൂട്

കഴിഞ്ഞ പതിനാറു വര്‍ഷമായി ശയ്യയിലായിരുന്ന ആ പിതാവിനു ചുറ്റും കുടുംബാംഗങ്ങള്‍ സ്‌നേഹക്കൂട് തീര്‍ത്ത് കാവലിരുന്നു. കൊച്ചുമക്കളും മക്കളുമൊക്കെ അപ്പനെ കൂടെക്കൂടെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കും. അടുത്ത പരിചയക്കാരും വേണ്ടപ്പെട്ടവരും അടുത്തു ചെല്ലുമ്പോള്‍ ഇരുന്നു കൊണ്ട് അവരുടെ ഒരു കൈ തന്റെ കൈയിലെടുത്തുപിടിച്ചുകൊണ്ടിരിക്കും. സംസാരം പൂര്‍ണമല്ലെങ്കിലും ആശയവിനിമയത്തിനു ശ്രമിക്കും. മക്കളും ഭാര്യയും കൊച്ചുമക്കളുമൊക്കെ ശ്രദ്ധയോടെ കേട്ട് അപ്പന്‍ പറയാനാഗ്രഹിക്കുന്നതെന്തെന്ന് ശ്രോതാവിന് വ്യക്തമാക്കിക്കൊടുക്കും. സംസാരം മുറിയുമ്പോള്‍ മക്കള്‍ ആശയം ഇന്നതല്ലേയെന്ന് ചോദിച്ചു സഹായിക്കും. വീട്ടില്‍ ആര് അതിഥിയായി വന്നാലും അപ്പനുചുറ്റും കൂടിയിരുന്നാണ് സംസാരം. ഇടയ്ക്കിടെ അടുത്തുവരുന്നവരെ സ്പര്‍ശിച്ചും തലോടിയും പുഞ്ചിരിച്ചും സ്‌നേഹം പ്രകടിപ്പിക്കും. നല്ല തമാശക്കാരനായിരുന്ന ആള്‍ സംസാരശേഷിയില്ലാതിരുന്നിട്ടും ചില നര്‍മ്മങ്ങള്‍ക്ക് തുടക്കമിടും. അച്ചാച്ചനു ചുറ്റും സൃഷ്ടിക്കപ്പെട്ട ഒരു സംവിധാനമായി ആ കുടുംബം പതിനാറു വര്‍ഷം നിലനിന്നുപോന്നു. സാമ്പത്തികപ്രതിസന്ധികളും വിവാഹാവശ്യങ്ങളും വന്നപ്പോഴൊക്കെ ഒന്നും സംഭവിക്കാത്തതുപോലെ അപ്പനു ചുറ്റുമുള്ള ആ ലോകം അനുസ്യൂതം ആഹ്ലാദത്തേരിലേറി മുമ്പോട്ടുപോയി. അടുക്കുന്നവരുമായി ആത്മബന്ധമുണ്ടായിരുന്ന വ്യക്തി. സ്വന്തം കഷ്ടനഷ്ടങ്ങള്‍ നോക്കാതെ ഏതു സമയത്തും ആരെയും സഹായിച്ചിരുന്നയാള്‍. കിടപ്പാടമില്ലാത്തവന്‍ മരിച്ചാല്‍ സ്വന്തം പറമ്പില്‍ ശവപ്പറമ്പൊരുക്കിയിരുന്ന മനുഷ്യസ്‌നേഹി. സ്പര്‍ശനത്തിന്റെ മാസ്മരിക സ്‌നേഹസന്ദേശം പകര്‍ന്നു നല്കി വിടവാങ്ങിയ ആ പിതാവിന്റെ ശവമഞ്ചത്തിനരികില്‍ വിതുമ്പലടക്കാന്‍ ഞാനും നന്നേ ബുദ്ധിമുട്ടി.

അന്യമാകുന്ന സ്‌നേഹം

ഇന്നു മനുഷ്യന് അന്യമായിക്കൊണ്ടിരിക്കുന്നത് സാമീപ്യത്തിന്റെയും സ്പര്‍ശനത്തിന്റെയും സ്വഭാവമാണ്. കുഞ്ഞുങ്ങള്‍ക്കും പങ്കാളിക്കും ഇടയ്ക്കിടെ സ്പര്‍ശനവും തലോടലും കരം ഗ്രഹിക്കലുമൊക്കെ ആവശ്യമുണ്ട്. കിടക്കയിലായിരിക്കുന്ന പിതാവും മാതാവും രോഗിയുമൊക്കെ കുടുംബാംഗങ്ങള്‍ ഇടയ്ക്കിടെ കരംഗ്രഹിക്കാനും കരവലയംകൊണ്ട് പുതപ്പിക്കാനും ചുംബനത്താല്‍ സന്തോഷിപ്പിക്കാനും സാമീപ്യംകൊണ്ട് പുളകിതരാക്കാനും ആഗ്രഹിക്കുന്നു. പക്ഷേ സമയക്കുറവെന്ന ഒഴികഴിവ് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പുതുതലമുറ ഇടംതേടുന്നു. കുഞ്ഞുങ്ങള്‍ക്ക് അനുദിനം കൊടുക്കുന്ന ശരീരസ്പര്‍ശം അവരുടെ മാനസിക ശാരീരിക വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. അനുദിനം ആശ്ലേഷിക്കപ്പെടുന്ന ഒരു കുട്ടി ഒരിക്കലും ഒരു അപരിചിതന്റെ ആശ്ലേഷത്തില്‍ മതിമറന്ന് ബന്ധങ്ങളുപേക്ഷിച്ച് പോകുകയില്ല. സാമീപ്യവും പിന്തുണയും എപ്പോഴുമുള്ള കുടുംബങ്ങളില്‍ കുട്ടികള്‍ വഴിതെറ്റാനുള്ള സാധ്യത വിരളമാണ്.

സ്പര്‍ശനം എന്ന സിദ്ധൗഷധം

സ്പര്‍ശനം ഒരു ആശയവിനിമയ മാര്‍ഗമാണ്. ബന്ധങ്ങളുടെ വികാരം സൃഷ്ടിക്കുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുവാന്‍ സ്പര്‍ശനത്തിന് സാധിക്കുന്നു. സ്പര്‍ശനം സ്‌നേഹത്തിന്റെ പ്രകടനമാണ്. സ്പര്‍ശനം ബന്ധം കൂടുതല്‍ സുദൃഢമാക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനും രോഗങ്ങളെ അകറ്റാനും സഹായിക്കും. സ്പര്‍ശനത്തിനായി മക്കളും ഭാര്യയും ഭര്‍ത്താവും അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെ ദാഹിക്കും. അതു ലഭിക്കാതെ വരുമ്പോള്‍ വിഷാദവും ആശങ്കയും വിരസതയും താത്പര്യക്കുറവും ഉന്മേഷക്കുറവും ഏകാന്തതയും അനുഭവപ്പെടും. സ്പര്‍ശനം ഒരു സിദ്ധൗഷധമാണ്. ജീവിതപങ്കാളിയും മക്കളും പുറത്തു പോകുമ്പോഴും തിരിച്ചുവരു മ്പോഴും ചുംബനമോ ആലിംഗനമോ കൊടുത്തു സ്വീകരിക്കുക. വിഷമവും പ്രതിസന്ധിയും കോപവും നിരാശയും വരുമ്പോള്‍ ആ വ്യക്തിയുടെ കരംഗ്രഹിക്കുകയും തോളില്‍ തലോടുകയും ചെയ്താല്‍ ശാന്തത ലഭിക്കും. കുടുംബത്തിലായിരിക്കുമ്പോള്‍ ഇടയ്ക്കിടെ സ്‌നേഹത്തോടെ തട്ടുന്നതും തലോടുന്നതും നമ്മുടെ പരസ്പരമുള്ള സ്‌നേഹസാന്നിധ്യം വിളിച്ചറിയിക്കുകയും ആത്മവിശ്വാസം എല്ലാവരിലും വളര്‍ത്തുകയും ചെയ്യും.

നാമെല്ലാവരും സമ്പര്‍ക്കത്തിനായുള്ള ശക്തമായ ദാഹത്തോടെയാണ് ജനിച്ചുവീഴുക. കുട്ടിയുടെ വൈകാരിക വളര്‍ച്ച നിരന്തരമുള്ള സ്പര്‍ശനത്തിലൂടെയാണ് നടക്കുന്നത്. മുതിര്‍ന്നവര്‍ക്കും മറ്റുള്ളവരുടെ കരവലയങ്ങളിലായിരിക്കാനും കൈകള്‍ പിടിക്കാനും ആലിംഗനവും ചുംബനവും ലഭിക്കാനും ആഗ്രഹമുണ്ടാകും. എന്നാല്‍ ഇതു പലപ്പോഴും ആഗ്രഹത്തിനൊത്ത് ലഭിക്കാറില്ല. അങ്ങനെയുള്ളവര്‍ ത്യജിക്കപ്പെടുന്നു എന്ന ചിന്ത മറക്കാന്‍ അവരുടെ സ്പര്‍ശനാവശ്യം ജോലി, വിവിധതരം പരിപാടികള്‍, ടിവി, ഭക്ഷണം, മയക്കുമരുന്ന്, മദ്യം ഇവവഴി മൂടി വയ്ക്കാന്‍ ശ്രമിക്കുന്നു. അടുപ്പവും ആത്മബന്ധവും ആഗ്രഹിക്കുന്നുവെങ്കില്‍ സ്പര്‍ശനത്തിനുള്ള തടസങ്ങള്‍ പൊട്ടിച്ചെറിഞ്ഞേ പറ്റൂ.


മനുഷ്യശിശുവില്‍ ആദ്യം പൂര്‍ണത പ്രാപിക്കുന്ന ഇന്ദ്രിയാനുഭൂതിയാണെന്ന് പറയാം. അതു വികാരത്തിന്റെ കേന്ദ്രമായി ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നു. പ്രായപൂര്‍ത്തിയായ മനുഷ്യന് സപര്‍ശനംകൊണ്ടു സാമൂഹ്യബന്ധത്തിനുള്ള ആഗ്രഹത്തെ തൃപ്തിപ്പെടുത്താം. തിരുമ്മലും മസാജിംങ്ങുമൊക്കെ ശാരീരികാശ്വാസത്തേക്കാളുപരി സ്പര്‍ശനംകൊണ്ടുള്ള മാനസിക സാന്ത്വനം കൂടിനല്കുന്നു. ഏകാന്തതയില്‍ വിഷമിക്കുന്നവരും ജീവിതസംഘര്‍ഷങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരും മസാജ് കേന്ദ്രങ്ങളില്‍ പോയി നിരന്തരം കരസ്പര്‍ശനമേറ്റ് അവരുടെ സ്വാഭാവികമായ സ്പര്‍ശനദാഹം (ലൈംഗികമാണെന്നു തെറ്റിദ്ധരിക്കരുത്) ശമിപ്പിക്കുമ്പോള്‍ മസാജിന്റെ ശാരീരിക ഗുണങ്ങളെക്കാളുപരി മാനസിക സംതൃപ്തി നേടിയെടുക്കുന്നു.

അമ്മമാരുടെ നിരന്തര സാന്നിധ്യവും സ്പര്‍ശനവും ലഭിക്കുന്ന കുട്ടികള്‍ അതു ലഭിക്കാത്ത കുട്ടികളേക്കാള്‍ പലതരത്തിലുള്ളശേഷികള്‍ക്ക് ഉടമകളായിത്തീരും.

അമ്മയുടെ സ്പര്‍ശനം ബന്ധം സുദൃഢമാക്കും. അതു സുരക്ഷ വിളിച്ചറിയിക്കുന്നു. (ഞാന്‍ ഇവിടെയുണ്ട്, നീ സുരക്ഷിതനാണ്). സ്പര്‍ശനത്തിന്റെ രീതിയനുസരിച്ചു നല്ലതോ ചീത്തയോ ആയ വികാരങ്ങള്‍ ഉണ്ടാകാം. അമ്മ പെെന്നു ശക്തിയായി കെട്ടിപ്പിടിച്ച് അമര്‍ത്തുകയും കുലുക്കുകയും ചെയ്താല്‍ ഭയമുളവാക്കിയേക്കാം. തലോടിയാല്‍ സന്തുഷ്ടിയുണ്ടാകും. ശരീരത്തില്‍ അമ്മമാര്‍ നിരന്തരം തലോടുകയും തിരുമ്മുകയും ചെയ്യുന്നത് നല്ല ഉറക്കം, അസ്വസ്ഥത കുറയല്‍, സാമൂഹ്യബന്ധമുണ്ടാകല്‍ ഇവയ്ക്ക് സഹായകമാകുമെന്ന് ഗവേഷകര്‍ പറയുന്നു.

തൊഴിലിലുള്ള പ്രഷര്‍ റിസപ്‌റ്റേഴ്‌സിനെ സ്പര്‍ശനം കൊണ്ട് ഉത്തേജിപ്പിക്കുമ്പോള്‍ സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് കുറയുന്നുവെന്നാണ് കണ്ടെത്തല്‍. അതിനോടൊപ്പം ഊഷ്മളമായ സ്പര്‍ശനം സ്‌നേഹ ഹോര്‍മോണായ ഓക്‌സിടോസിന്‍ ഉത്പാദിപ്പിക്കുകയും ചെയ്യും. നമ്മുടെ സ്വയംതലോടലും ശാന്തത നല്കുന്നതാണ്. നാം നമ്മുടെ ശരീരത്തില്‍ തിരുമ്മുന്നതും തലോടുന്നതും തലമുടിക്കിടയില്‍ കൈയിടുന്നതും കൈകള്‍ മാറില്‍ ചേര്‍ത്തുവയ്ക്കുന്നതും ഉത്തേജകമാണ്. സ്വയം തിരുമ്മല്‍ ഹൃദയമിടിപ്പ് കുറയ്ക്കുകയും സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറയ്ക്കുകയും ചെയ്യുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു പഠനത്തില്‍, പ്രിയപ്പെട്ട ആള്‍ കൈപിടിച്ച് നിന്നപ്പോള്‍ തലച്ചോറിലെ സ്‌ട്രെസുമായി ബന്ധപ്പെട്ട ഭാഗം ശാന്തമാകുന്നതായി കണ്ടെത്തി. സാന്ത്വനവും നന്ദിയും ഒക്കെ സ്പര്‍ശനംവഴി കൈമാറാനാകും. ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍ എന്നിവ കളിക്കുന്ന ടീം അംഗങ്ങള്‍ ഇടയ്ക്കിടെ പരസ്പരം സ്പര്‍ശിക്കുകയും തലോടുകയും ചെയ്യുന്നത് ടീമിന്റെ വിജയത്തിന് കാരണമായിത്തീര്‍ന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. സ്‌നേഹത്തോടെയും കരുതലോടെയും കൊടുക്കുന്ന സ്പര്‍ശനം രോഗശമനത്തിനു കാരണമായിത്തീരും. കുടുംബത്തിലെ പ്രായമായവര്‍ക്കും രോഗികള്‍ക്കും മറ്റുള്ളവരുടെ സാമീപ്യവും സ്പര്‍ശനവും ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യും. തിരുമ്മുന്നതും മസാജ് ചെയ്യുന്നതും സാന്ത്വനം ലഭിക്കാന്‍ സഹായിക്കും.

ദാമ്പത്യജീവിതത്തില്‍ സ്പര്‍ശനം ഒരു സിദ്ധൗഷധമാണ്. വിഷമിച്ചിരിക്കുന്ന പങ്കാളിയുടെ കരം ഗ്രഹിക്കുകയും തലോടുകയും മുഖത്ത് കൈകള്‍കൊണ്ട് തടവുകയും ആലിംഗനം ചെയ്യുകയും ചെയ്യുമ്പോള്‍ വലിയ ശാന്തതയാണ് ലഭിക്കുക. കോപിച്ചു നില്‍ക്കുന്ന പങ്കാളിയുടെ കരം സ്‌നേഹത്തോടെ കൈയിലൊതുക്കിയാല്‍ അത് ആ വ്യക്തിക്ക് അദ്ഭുതകരമായ ശാന്തത നല്‍കും. സംഘര്‍ഷങ്ങളിലൂടെ ശാരീരികമായി അകലുക കൂടി ചെയ്യുമ്പോള്‍ സ്പര്‍ശനം വിരളമാകുകയും അസ്വസ്ഥത വര്‍ധിക്കുകയും ചെയ്യും. അതിനാല്‍ നമുക്കു സ്‌നേഹസ്പര്‍ശനം ദിനചര്യയാക്കി സന്തോഷം കൈവരിക്കാം.

ഡോ.പി.എം ചാക്കോ പാലാക്കുന്നേല്‍
പ്രിന്‍സിപ്പല്‍ നിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് ആന്‍ഡ്
സൈക്കോതെറാപ്പി സെന്റര്‍, കാഞ്ഞിരപ്പള്ളി