അനിശ്ചിതത്വസമയത്ത് ചില നിക്ഷേപ തന്ത്രങ്ങൾ
2007 ഡിസംബറിൽ ഓഹരിയിലും മ്യൂച്വൽ ഫണ്ടിലുമൊക്കെ നിക്ഷേപിച്ചവർക്ക് 2008 ഡിസംബർ ആയതോടെ 65 ശതമാനം വരെ നഷ്ടമുണ്ടായി. അതുവകവയ്ക്കാതെ നിക്ഷേപം പിൻവലിച്ചവർക്ക് ലാഭമുണ്ടായി. ഇന്നും ആ നിക്ഷേപം ഉണ്ടെങ്കിൽ മൂലധനം എത്ര ഇരട്ടിയാകുമായിരുന്നെന്ന് ആലോചിച്ചു നോക്കൂ.

സൂചിക താഴേക്ക് പോകുന്പോൾ ഒരിക്കലും എസ്ഐപി അവസാനിപ്പിക്കരുത്. തുടരുക. എങ്കിലേ എസ്ഐപിയുടെ നേട്ടം ലഭിക്കൂ. ഇത് എസ്ഐപിക്കു മാത്രമല്ല, കയ്യിലുള്ള ഓഹരികൾക്കും ബാധകമാണ്. ഇറങ്ങുന്പോൾ വിറ്റു മാറണ്ട - നല്ല ഓഹരികളാണെങ്കിൽ മികച്ച ഓഹരികൾ വാങ്ങാനുള്ള അവസരമാണ് ഇടിവ്.

കരടി വിപണിയിൽ നിക്ഷേപിക്കുക

ബെയർ മാർക്കറ്റ് നിക്ഷേപത്തിനുള്ള അവസരമാണ്. ഈയിടെ വിപണിയിൽ കാര്യമായ തിരുത്തൽ വന്നല്ലോ. ഇനിയും തിരുത്തലുകൾ വരും. അപ്പോൾ നിക്ഷേപം ടോപ്പ് അപ് ചെയ്യാനുള്ള അവസരമായി എടുക്കുക. പൊതുവേ ചെയ്യുന്ന രീതി - വിപണി ഉയരത്തിൽ നിന്ന് ഉയരത്തിലേക്ക് പോകുന്പോൾ നിക്ഷേപിക്കും. താഴേക്ക് നീങ്ങുന്പോൾ വിൽക്കും. ഇടിയുന്പോൾ കാത്തിരിക്കുന്നവരുണ്ട് - അടുത്ത ഉയർച്ചയിൽ വിൽക്കാൻ. പക്ഷേ, ഏറ്റവും താഴെയെത്തുന്പോൾ പേടിച്ച് വിൽക്കും. അങ്ങനെ നഷ്ടം വരുത്തും. ചരിത്രത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുക. ഏറ്റവും താഴുന്പോൾ പിന്നേയും വാങ്ങുക. വിപണി ഉയരാതിരിക്കില്ല.

ചാഞ്ചാട്ടം മറികടക്കാൻ എസ്ഐപി

ഏറ്റവും താഴ്ചയിൽ വാങ്ങാനും ഏറ്റവും ഉയർച്ചയിൽ വിൽക്കാനും വിദഗ്ധർക്ക് പോലുമാകില്ല. അപ്പോൾ ഉയർച്ചയിൽ വിൽക്കാനും വിദഗ്ധർക്ക് പോലുമാകില്ല. അപ്പോൾ സാധാരണ നിക്ഷേപകരുടെ കാര്യം പറയണമോ? തുടർച്ചയായി എസ്ഐപിയിലൂടെ ഒരു നിശ്ചിത തുക എല്ലാ മാസവും നിക്ഷേപിച്ച് നീങ്ങുക. അങ്ങനെ ഓഹരിവില ആവറേജ് ചെയ്തുകിട്ടും.
എസ്ഐപി - അതു ഓഹരിയായാലും മ്യൂച്വൽ ഫണ്ട് ആയാലും ആദ്യവർഷങ്ങളിൽ നഷ്ടം സംഭവിച്ചേക്കാം. പ്രത്യേകിച്ച് നിക്ഷേപ ശേഖരം ഓഹരി ഇടിഞ്ഞാൽ. പക്ഷേ ആ നഷ്ടത്തെ മറികടന്ന് വൻ നേട്ടം തരാൻ എസ്ഐപിക്ക് കഴിയും. 1994 മുതൽ ഇന്നുവരെ 10 വൻ തകർച്ചകൾ ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഇന്ന് വൻ ലാഭത്തിലല്ലേ ഓഹരി നിൽക്കുന്നത്.

ചെറുകിടക്കാർക്ക് സ്മോൾ കാപ്, മിഡ് കാപ് വേണ്ട

ഇടിയുന്പോൾ അതിവേഗം ഇവയുടെ വില കുറുയം. പെട്ടെന്ന് താഴേക്ക് വീഴാം. അതുകൊണ്ട് സാധാരണക്കാർ ഇവയിൽ നിക്ഷേപിക്കുന്നത് സൂക്ഷിച്ചു വേണം. പ്രത്യേകിച്ച് ഹ്രസ്വകാലത്തേക്കുള്ള നിക്ഷേപം. ഈ പംക്തിയിൽ പല പ്രാവശ്യം സൂചിപ്പിച്ചിട്ടുള്ളതുപോലെ ബ്ലൂചിപ് കന്പനികൾ തെരഞ്ഞെടുത്തു നിക്ഷേപിക്കുക. പെനി സ്റ്റോക്കുകൾ വേണ്ടേ വേണ്ട. വില കുറഞ്ഞിരിക്കുന്ന ഓഹരികൾ വാങ്ങാനുള്ള ഒരു പ്രവണത പലരിലുമുണ്ട്. വില കുറവല്ല നിക്ഷേപത്തെ നയിക്കേണ്ടത്. നല്ല ഓഹരികൾ കണ്ടെത്തി ഡിപ് ഉണ്ടാകുന്പോൾ കയറുകയാണ് വേണ്ടത്.

വരാൻ പോകുന്ന ഇലക്ഷൻ

അടുത്തുവരുന്ന ഇലക്ഷൻ ഫലമെന്തായിരിക്കും? മോദി തിരിച്ചുവരുമോ? സ്ഥിരതയില്ലാത്ത സർക്കാരായിരിക്കുമോ?

ബി.ജെ.പിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതായാൽ വിപണി ഇടിയും. പക്ഷേ അതു താൽക്കാലികമായിരിക്കും. തിരിച്ചുകയറ്റമുണ്ടാകും. ഇടിവിൽ വാങ്ങാനുള്ള അവസരം കൈവരും. ദീർഘകാലയളവിൽ കേന്ദ്രം ആരു ഭരിച്ചാലും വിപണിക്ക് പ്രശ്നമാകില്ല. ഏകകക്ഷി ഭരണം വേണമെന്നുപോലുമില്ല.

മുൻപത്തേതിൽ നിന്ന് വിഭിന്നമായി ഈ പ്രാവശ്യത്തെ പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുൻപ് വിദേശ നിക്ഷേപകർ വിറ്റുമാറുന്നതായാണ് കാണുന്നത്. ഇലക്ഷൻ ഫലത്തിലെ അവ്യക്തത സൂചിപ്പിക്കുന്നുണ്ട്.

ഇനിയും വിപണി ഇടിയാം

രാജ്യത്തെ സന്പദ് വ്യവസ്ഥ അത്ര ശോഭനമല്ല. വ്യാപാര കമ്മി കൂടുന്നു. സാന്പത്തിക വളർച്ച കുറയുന്നു. സ്വകാര്യ നിക്ഷേപം നടക്കുന്നേയില്ല. തൊഴിലില്ലായ്മ പ്രശ്നമാകുന്നു. വിദേശ തൊഴിലാളികൾ തിരിച്ചു വരുന്നു. അമേരിക്ക - ചൈന വ്യാപാര യുദ്ധം കൊഴുക്കുന്നു. അനിശ്ചിതത്വം ഉയർത്തി തെരഞ്ഞെടുപ്പിൽ ആർക്ക് ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പില്ലാത്ത അവസ്ഥ. വിപണി ഇനിയും ഇടിയാനുള്ള കാരണങ്ങൾ ഇതൊക്കെ പോരെ. രൂപയുടെ മൂല്യശോഷണം എണ്ണ വിലവർദ്ധന - ഇവയെല്ലാം പ്രശ്നങ്ങളാണ്. ഒരു പത്തുശതമാനംകൂടി ഇടിഞ്ഞിട്ട് മതി വലിയ നിക്ഷേപം എന്ന് തോന്നുന്നു.

വിപണി ഉയരുകതന്നെ ചെയ്യും

2004-ലും 2008-ലും ഒരൊറ്റ ദിവസം പതിനഞ്ച് ശതമാനമൊക്കെ വിപണി താണതല്ലേ? പിന്നേയും വിപണി കുതിച്ചില്ലേ? വലിയ കയറ്റം നടത്തിയില്ലേ? നല്ല നേട്ടം ഉണ്ടാക്കിതന്നില്ലേ? ഇടിയുന്പോൾ വാങ്ങിക്കൂട്ടാം. ഓഹരി വിപണി ദീർഘകാലത്തേക്ക് നേട്ടം കൊണ്ടുവരും. ഇടയ്ക്കുള്ള ഉയർച്ച താഴ്ചകൾ കണക്കിലെടുക്കേണ്ട. ക്ഷമയോടെ നല്ല ഓഹരികളിലാണ്, നല്ല മ്യൂച്വൽ ഫണ്ടിലാണ് നിക്ഷേപമെങ്കിൽ കാത്തിരിക്കുക.

നഷ്ടമാണെങ്കിൽ വിറ്റു മാറണ്ട

ഓഹരിവിലകൾ താഴുന്പോൾ വിറ്റുമാറി നഷ്ടം കുറയ്ക്കാനാണ് പലരും മുതിരുന്നത്. 2008-ൽ വിപണി പകർന്നപ്പോൾ 65 ശതമാനം നഷ്ടമുണ്ടായി. അഞ്ചുലക്ഷം മ്യച്വൽ ഫണ്ടിലുണ്ടായിരുന്നവരുടെ നിക്ഷേപ മൂല്യം ഒന്നേകാൽ ലക്ഷത്തോളമായെന്ന്. ഭൂരിഭാഗംപേരും ആശങ്കയോടെ വിറ്റുമാറി പണം നഷ്ടപ്പെടുത്തി. ചിലർ കാത്തിരുന്നു. വിപണി തിരിച്ചുകയറി വലിയ ലാഭം തന്നവരെ അവർക്കിന്ന് 25 ലക്ഷത്തിലധികം ആസ്തിയുണ്ട്.


അനിശ്ചിതത്വത്തിൽ ചെറുകിടക്കാർ എന്തുചെയ്യണം?

1. നല്ല ഓഹരിയാണ് കയ്യിലുള്ളതെങ്കിൽ തകർച്ച കണ്ട് പേടിക്കേണ്ട. വിറ്റുമാറണ്ട. ക്ഷമയോടെ കാത്തിരിക്കുക. ലാഭമുണ്ടാകും.
2. താഴുന്പോൾ വാങ്ങാനുള്ള അവസരമായെടുക്കുക. നല്ലപോലെ താഴുന്പോൾ കൂടുതൽ വാങ്ങിക്കൂട്ടുക.
3. ഭാവി സാധ്യതയും നല്ല മാനേജ്മെന്‍റും കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്ഥിരമായി ലാഭവിഹിതം നൽകുകയും ചെയ്തു. മിഡ്കാപ് ഓഹരികൾ വാങ്ങുന്നതിൽ - കുറഞ്ഞു നിൽക്കുകയാണെങ്കിൽ - തെറ്റില്ല. ഈ ഇടക്കാലത്ത് മിഡ്, സ്മോൾ കാപ്പുകളിൽ വിലയിടിവ് ഉണ്ടായല്ലോ.
4. കൈവശമുള്ള ഓഹരികൾ ലാഭത്തിലാണെങ്കിൽ ഈ അനിശ്ചിതത്വത്തിൽ വിറ്റു മാറുന്നതിൽ തെറ്റില്ലെന്നാണ് എന്‍റെ അഭിപ്രായം. തെരഞ്ഞെടുപ്പെല്ലാം കഴിഞ്ഞ് ഏറ്റവും താഴെ നിൽക്കുന്പോൾ വീണ്ടും കയറാമല്ലോ.
5. കയ്യിലുള്ളത് നല്ല ഓഹരിയാണെങ്കിൽ നഷ്ടമാണെങ്കിലും വിറ്റു മാറേണ്ട. വിപണി തിരിച്ചുവരും. കാത്തിരിക്കുക.

കറൻസി പിൻവലിക്കൽ മൂലമുണ്ടായ പ്രതിസന്ധിയിൽ നിന്ന് കന്പനികൾ പുറത്തുകടന്നിട്ടില്ല. റിയൽ എസ്റ്റേറ്റ് ഉയർത്തെഴുന്നേറ്റിട്ടില്ല. ഹൗസിംഗ് ഫിനാൻസും അങ്ങനെ തന്നെ. പണപ്പെരുപ്പം, തെരഞ്ഞെടുപ്പ്, ഉത്പാദന ക്ഷമതകുറയുന്നത്, ധനകമ്മി ഇതെല്ലാം അനിശ്ചിതത്വം വർദ്ധിപ്പിക്കുന്നു. സ്വകാര്യ നിക്ഷേപമില്ല. കോർപറേറ്റ് വരുമാനം കടുത്ത സമ്മർദ്ദത്തിൽ. പലിശ നിരക്കിലെ ഉയർച്ച - ഇവയെല്ലാം വിപണിയെ പിടിച്ചുകുലുക്കും. പൊതുമേഖലാ ബാങ്കുകളുടെ തിരിച്ചുവരവ് ഒരു ശുഭലക്ഷണമാണ്. ഐടി കന്പനികൾക്ക് രൂപയുടെ തകർച്ച ഗുണം ചെയ്യും. ഇറക്കുമതി നടത്തേണ്ട കന്പനികളെ ഒഴിവാക്കുക.

ഓട്ടോ മൊബൈൽ കന്പനികളെ കഴിവതും തഴയുക. ഓട്ടോ സ്പെയർപാർട്സ് നിർമിക്കുന്നവയേയും. ഐ.ടി കന്പനികൾ - ടി.സി.എസ്, ഇൻഫോസിസ്, എച്ച്.സി.എൽ ടെക്, ടെക് മഹീന്ദ്ര ഇവയുടെ വില കൂടിക്കൊണ്ടേയിരിക്കുകയാണല്ലോ. ടാറ്റാ മോട്ടോഴ്സ് മുതലായ കാർ കന്പനികളുടെ വില താഴേക്കു തന്നെ.

നോണ്‍ ബാങ്കിംഗ് ഫിനാൻസ് സ്ഥാപനങ്ങൾ പ്രശ്നത്തിലാണ്. പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ് . അതുകൊണ്ട് ആ മേഖലയിലുള്ള സ്റ്റോക്കുകൾ ഇപ്പോൾ തെരഞ്ഞെടുക്കേണ്ടെന്ന് തോന്നുന്നു. ഹൗസിംഗ് ഫിനാൻസ് കന്പനികളും തഥൈവ. ഫാർമ, എഫ്.എം.സി.ജി ഇവയ്ക്ക് കുഴപ്പമില്ല.

അനിശ്ചിതത്വം എത്രനാൾ

ഏതു സർക്കാർ കേന്ദ്രത്തിൽ വന്നാലും വിപണി നയങ്ങളുടെ തുടർച്ചയായാണ് നീങ്ങുക. തെരഞ്ഞെടുപ്പു കഴിയുംവരെ മുന്നേറ്റം ഉണ്ടാകില്ല. താഴ്ചകൾക്ക് സാധ്യതയുമുണ്ട്. പാർലമെന്‍റ് തെരഞ്ഞെടുപ്പു കഴിയുംവരെ അനിശ്ചിതത്വം തുടരും. താഴ്ചകൾ ഉണ്ടാകാം. വിപണി സ്ഥിരപ്പെടുന്നതോടെ നിക്ഷേപവും സ്ഥിരപ്പെടുത്താം.

ചില നിർദ്ദേശങ്ങൾ മനസിൽ സൂക്ഷിക്കുക
1. നല്ല ബ്ലൂചിപ് കന്പനി ഓഹരികളിൽ ഡിപ് ഉണ്ടാകുന്പോൾ വാങ്ങുക.
2. ടിപ്പുകളുടെ പുറകേ പോകരുത്.
3. വളരെ കുറഞ്ഞതുകൊണ്ടു മാത്രം ഓടിപ്പോയി വാങ്ങരുത്. കുറഞ്ഞുവരുന്നവ കുറഞ്ഞുകൊണ്ടേരിക്കാം.
4. ഇന്ത്യാ ബുൾസ്, ഡി.എച്ച്.എഫ്.എൽ, ടാറ്റാ മോട്ടോർ എന്നിവ ഇപ്പോൾ കുറഞ്ഞാൽ നിൽക്കുന്നത്. പക്ഷേ, തിരിച്ചുവരവിന് സമയമെടുക്കും. ചിലപ്പോൾ ഇനിയും താണെന്നു വരാം.
5. അനിശ്ചിതത്വം അവസാനിക്കാൻ അഞ്ചാറു മാസമെടുക്കും. അത്രയും കാലം ജാഗ്രതയോടെ നീങ്ങുക.

2013 ഓഗസ്റ്റിൽ 5118 ആയിരുന്ന നിഫ്റ്റി 2018 ഓഗസ്റ്റിൽ 11,760ലേക്ക് വന്നു. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് 130 ശതമാനം വളർച്ച അടുത്ത പൊതു തെരഞ്ഞെടുപ്പിനുശേഷം വിപണി റാലി തുടരുമെന്ന് പ്രതീക്ഷിക്കാം. ഇതിനിടയ്ക്ക് തിരുത്തലുകൾ വരാം. അതു ഉപയോഗപ്പെടുത്തി മുന്നേറുക.

ക്ഷമ ഉണ്ടായേ പറ്റൂ

നിക്ഷേപിച്ചവർക്ക് പേടിയാണ് - താഴുന്പോൾ. ഒന്നോർക്കുക വിപണി എത്ര തവണ ഇതിനു മുൻപ് താണു. പിന്നേയും പൊങ്ങിവന്നില്ലേ. കൊടുമുടിയിലേക്ക് നീങ്ങിയില്ലേ? എത്ര താണാലും വിറ്റു മാറാതിരുന്നാൽ - നല്ല ഓഹരികൾ - ലാഭമുണ്ടാക്കും. വിപണിയിൽ ബുദ്ധിയേക്കാൾ ക്ഷമയാണ് വേണ്ടതെന്ന് പറയുന്നത് വെറുതെയല്ല!

ഗഡുക്കളായി നിക്ഷേപിക്കുക

പല പ്രാവശ്യം സൂചിപ്പിച്ചിട്ടുള്ളതാണ്. ഒറ്റയടിക്ക് നിക്ഷേപിക്കുന്നത് നന്നായിരിക്കില്ല. വില ഏറ്റവും താഴുന്നത് എപ്പോഴാണെന്ന് ആർക്കും അറിയില്ലല്ലോ. ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും എസ്ഐപി സാധ്യമാണ്. അല്ല ഒരു തുകയുണ്ടെങ്കിൽ എസ്ടിപി ആയി ലിക്വിഡ് ഫണ്ടിൽ ഇട്ടശേഷം ഓരോ വിപണി താഴ്ചയിലും വാങ്ങുക.

പ്രൊ​ഫ.​പി.​എ വ​ർ​ഗീ​സ്
ഇ-​മെ​യി​ൽ:
[email protected]
മൊബൈൽ: 9895471704