ഓമനപ്പക്ഷികള്‍ക്ക് എഗ്ഫുഡ് വിരുന്ന്
എന്നും തങ്ങളുടെ ഓമനപ്പക്ഷികള്‍ക്ക് വിരുന്നൊരുക്കാന്‍ ആഗ്രഹിക്കുന്നവരാണ് പക്ഷിപ്രേമികള്‍. പക്ഷികളുടെ തീറ്റക്രമത്തില്‍ 'എഗ് ഫുഡ്' എന്ന മൃദുതീറ്റയ്ക്ക് ഇന്ന് കേരളത്തിലും സ്ഥാനമുറച്ചുവരുന്നു. പ്രതിദിന ഭക്ഷണത്തിലും പ്രജനനകാലത്തും മഴക്കാലംപോലെ സമ്മര്‍ദ്ദവും രോഗസാധ്യതയും ഏറുന്ന കാലത്തും പറന്നു തുടങ്ങുന്ന ഇളമുറക്കാര്‍ക്കുമൊക്കെ ഇതു നല്‍കാം. വീട്ടില്‍ തന്നെ തയാറാക്കിയാലും പെറ്റ്‌ഷോപ്പുകളില്‍ നിന്നു വാങ്ങിയാലും വിലയല്‍പ്പം കൂടുതലാണെങ്കിലും 'എഗ് ഫുഡ്' തങ്ങളുടെ പക്ഷികളുടെ മെനുവിന്റെ ഭാഗമാക്കുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു.

ഓമനപ്പക്ഷികള്‍ക്ക് നല്‍കാവുന്ന ഏറെ രുചികരവും പോഷകസമ്പന്നവുമായ ആഹാരമാണ് 'എഗ് ഫുഡ്' അഥവാ 'മൃദു തീറ്റ'. മൃഗജന്യവും സസ്യജന്യവുമായ പ്രോട്ടീന്‍ പക്ഷികളുടെ ശരീരത്തിലെത്തിക്കാന്‍ ഇവ ഉത്തമ സ്രോതസാണ്. പലപ്പോഴും ജന്തുജന്യമായ പ്രോട്ടീന്‍ ഇല്ലാത്ത പക്ഷിത്തീറ്റകളില്‍ അവശ്യ അമിനോ അമ്ലങ്ങളായ ലൈസിന്‍, മെതിയോണിന്‍ എന്നിവയുടെ അപര്യാപ്തതയുണ്ടാവും. കൂടാതെ പുഴുങ്ങിയ മുട്ട, റസ്‌ക്ക് അല്ലെങ്കില്‍ ബ്രഡ് പൊടി, തേന്‍ എന്നീ പ്രകൃതിദത്ത ചേരുവകളാണ് ഇവയില്‍ പ്രധാനം. ഒപ്പം വിറ്റാമിനുകളും മിനറലുകളും ചേര്‍ക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടാനായി വിറ്റമിന്‍ A യും, കോശ വളര്‍ച്ചയ്ക്ക് വിറ്റമിന്‍ B12, E എന്നിവയും എല്ലിന്റെയും മാംസപേശികളുടെയും വളര്‍ച്ചയ്ക്ക് വിറ്റമിന്‍ D യും തൂവല്‍ വളര്‍ച്ചയ്ക്ക് ബയോട്ടിനും ചേര്‍ത്തവയാണ് മിക്ക റെഡിമെയ്ഡ് എഗ് ഫുഡുകളും. മൊത്തത്തിലുള്ള ആരോഗ്യ സംരക്ഷണത്തിനായി സസ്യജന്യ, സമീകൃത DHA,, ഒമേഗ-3,6 ഫാറ്റി ആസിഡുകളും ഇത്തരം തീറ്റയിലുണ്ടാകും.

മൃദു തീറ്റ - 1
(പൊതുവായ ഉപയോഗത്തിന് വീട്ടില്‍ തന്നെ തയാറാക്കുന്നത്)
വേണ്ട സാധനങ്ങള്‍
നന്നായി പുഴുങ്ങിയ കോഴിമുട്ട ഒന്ന്, റൊട്ടിപ്പൊടി 30 ഗ്രാം, മള്‍ട്ടി വിറ്റമിന്‍ ഡ്രോപ്‌സ്- 5 തുള്ളി, പ്രോബയോട്ടിക്(Bifilac)1 Capsule.

റൊട്ടിപ്പൊടി ബേക്കറികളിലാണ് ലഭിക്കാന്‍ സാധ്യത. ഇല്ലെങ്കില്‍ റസ്‌ക്കോ, മൊരിച്ച റൊട്ടിയോ മിക്‌സിയില്‍ അടിക്കുക. ആദ്യം പുഴുങ്ങിയ മുട്ടയുടെ തോട് മിക്‌സിയില്‍ അടിച്ച് നല്ലവണ്ണം പൊടിഞ്ഞശേഷം മുട്ടയും, തുടര്‍ന്ന് റൊട്ടിപ്പൊടിയും ചേര്‍ത്തടിക്കുക. മിനറല്‍ മിശ്രിതവും ഒരു നുള്ള് പ്രോബയോട്ടിക്കും ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. നനവുണ്ടെങ്കിലും കുഴഞ്ഞുപോകാത്ത രീതിയില്‍ തയാറാക്കുക.


മൃദു തീറ്റ - 2
റൊട്ടിപ്പൊടി 30 ഗ്രാം, കോഴിമുട്ട തോടോടെ പുഴുങ്ങിയത്- ഒന്ന്, സോയ ഫ്‌ളേക്ക്‌സ്- 15 ഗ്രാം, വെളുത്തുള്ളി അരച്ചത്- ഒരു ടീസ്പൂണ്‍, എള്ളെണ്ണ- 2ml, കോഡ് ലിവര്‍ ഓയില്‍ 2ml, ധാതുലവണ മിശ്രിതം ഒരു ഗ്രാം, പ്രോബയോട്ടിക് ഒരു കാപ് സ്യൂള്‍.

ആദ്യം പുഴുങ്ങിയ മുട്ടയുടെ തോട് മിക്‌സിയില്‍ അടിച്ച് നല്ലവണ്ണം പൊടിഞ്ഞശേഷം മുട്ടയും തുടര്‍ന്ന് റൊട്ടിപ്പൊടിയും ചേര്‍ ത്തടിക്കുക. അതില്‍ സോയ ഫ്‌ളേക്കുകള്‍ ഓരോ സ്പൂണ്‍ ചേര്‍ത്ത് അടിച്ചു മിശ്രിതമാക്കി കളിമണ്‍പാത്രത്തില്‍ വയ്ക്കുക. വെളുത്തുള്ളി അരച്ചത്, ധാതുലവണ മിശ്രിതം, പ്രോബയോട്ടിക് ഗുളിക എന്നിവ മിക്‌സിയിലിട്ട് നന്നായി അടിക്കണം. പിന്നെ എള്ളെണ്ണയും കോഡ്‌ലിവര്‍ ഓയിലും ചേര്‍ത്ത് വീണ്ടും മിക്‌സിയില്‍ അടിക്കണം. കളിമണ്‍ പാത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒന്നാമത്തെ മിശ്രിതം കൂടി ചേര്‍ത്ത് മൃദു തീറ്റയാക്കാം.

മൃദു തീറ്റ - 3
കോഴിമുട്ട (പുഴുങ്ങി ചുരണ്ടിയത്)- 1, റൊട്ടി/റെസ്‌ക് പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍, മള്‍ട്ടി വിറ്റമിന്‍- 10 തുള്ളി, പ്രോബയോട്ടിക് അല്‍പ്പം, മിനറല്‍ മിശ്രിതം-ഒരു ടീസ്പൂണിന്റെ പകുതി.

കൂടാതെ പുഴുങ്ങിയ കാരറ്റ് അല്ലെങ്കില്‍ മധുരക്കിഴങ്ങ്, ബീറ്റ്‌റൂട്ട് ചിരണ്ടിയത്, ഓട്ട്‌സ്, മുളപ്പിച്ച ധാന്യങ്ങള്‍, അരിഞ്ഞ ഇലവര്‍ഗങ്ങള്‍ എന്നിവ ഒപ്പം ചേര്‍ക്കാവുന്നതാണ്. പുഴുങ്ങിയ മുട്ടത്തോടു മാറ്റി ചെറുതായി ചുരണ്ടിയ ശേഷം രണ്ട് ടേബിള്‍ സ്പൂണ്‍ റൊട്ടി അഥവാ റെസ്‌ക് പൊടിയും, 10 തുള്ളി മള്‍ട്ടി വിറ്റമിനും , അര സ്പൂണ്‍ മിനറല്‍ മി ശ്രിതവും, ഒരു നുള്ള് പ്രോബയോട്ടിക്കും ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. നനവുണ്ടെങ്കിലും കുഴഞ്ഞുപോകാത്ത രീതിയില്‍ തയാറാക്കുക. ഒപ്പം കാരറ്റോ, മധുരക്കിഴങ്ങ് പുഴുങ്ങിയതോ, ബീറ്റ്‌റൂട്ട് ചുരണ്ടിയോ ചേര്‍ക്കാം. ഓട്‌സ് ചേര്‍ക്കുന്നത് കൂടുതല്‍ സ്വാദു നല്‍കും.


ഡോ. സാബിന്‍ ജോര്‍ജ്
അസിസ്റ്റന്റ് പ്രഫസര്‍, വെറ്ററിനറി കോളജ്, മണ്ണുത്തി.
9446203839, [email protected]