ഓര്‍മപ്പടവുകളില്‍ വഴുതി വീഴുന്നവര്‍
ഓര്‍മപ്പടവുകളില്‍ വഴുതി വീഴുന്നവര്‍
Friday, March 1, 2019 3:26 PM IST
'പ്രീതി, എന്നെ നുള്ളുന്നൂ, പ്രീതി, ദേ കണ്ടോ, എന്നെ നുള്ളുന്നു.' ഡിമെന്‍ഷ്യ കെയര്‍ സെന്ററിലെ ഒരു പേഷ്യന്റ,് നഴ്‌സിനെ വിളിച്ചു പറയുകയാണ്. മടിയിലിരിക്കുന്ന പാവക്കുട്ടിയുടെ കൈയില്‍ കടിച്ച് സ്‌നേഹപ്രകടനം നടത്തുന്ന മീനാക്ഷി. അടുത്തിരിക്കുന്ന ആളോട് എനിക്കു ഡിമെന്‍ഷ്യ ഉണ്ടോയെന്നു ചോദിക്കുന്നു കൗസല്യ. പത്രത്തില്‍ നിന്ന് ഇന്റര്‍വ്യൂ എടുക്കാന്‍ വന്നതാണെന്നു പറഞ്ഞപ്പോള്‍ എണീറ്റു നിന്നു ഗുഡ്‌മോണിംഗ് പറയുന്നു ഗോപാലന്‍. കൊച്ചുമോളാണ് വന്നതെന്നു കരുതി വീട്ടുവിശേഷങ്ങള്‍ ചോദിക്കുന്നു മറ്റൊരാള്‍. ഡിമെന്‍ഷ്യ കെയര്‍ സെന്ററിലെ രോഗികള്‍ ഇങ്ങനെയാണ്. വര്‍ത്തമാനകാലത്തെ കുറിച്ച് അവര്‍ക്കൊന്നും ഓര്‍മയില്ല. തമ്മില്‍ കുറുമ്പു കാട്ടിയും പതുക്കെ കരഞ്ഞും ഉറക്കെ ചിരിച്ചുമൊക്കെ അവര്‍ കൊച്ചുകുട്ടികളെപ്പോലെ ദിവസങ്ങള്‍ തള്ളിനീക്കുന്നു. ഒരുപക്ഷേ വീടിനുള്ളിലെ നാലു ചുവരുകള്‍ക്കുള്ളിലായിരുന്നുവെങ്കില്‍ ആ മുഖങ്ങളില്‍ ഇത്രയും സന്തോഷം കാണുമായിരിക്കില്ല.

വാര്‍ധക്യത്തെ ദുരിതപൂര്‍ണവും നിസ്സഹായകവുമാക്കുന്ന ആല്‍സ്‌ഹൈമേഴ്‌സ് രോഗം വര്‍ധിച്ചുവരികയാണ്. പരിഹാരം കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. എങ്കിലും ഇവരുടെ രോഗദുരിതങ്ങളില്‍ തുണയാവാന്‍ രോഗിയുടെ ബന്ധുക്കള്‍ക്കു സാധിക്കും. ആല്‍സ്‌ഹൈമേഴ്‌സ് എന്ന രോഗത്തെക്കുറിച്ചുള്ള പ്രാഥമിക ധാരണകള്‍ മിക്ക മലയാളികള്‍ക്കുമുണ്ട്. കാരണം 'തന്മാത്ര' എന്ന സിനിമയില്‍ ആല്‍സ്‌ഹൈമേഴ്‌സ് ബാധിച്ച കഥാപാത്രമായി മോഹന്‍ലാല്‍ സ്‌ക്രീനിലെത്തിയപ്പോള്‍ അത് രോഗത്തെക്കുറിച്ചുള്ള മികച്ച ബോധവത്കരണം കൂടിയായി.

എന്താണ് ആല്‍സ്‌ഹൈമേഴ്‌സ്?

ഒരു വ്യക്തിയുടെ ശാരീരിക മാനസിക പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. തലച്ചോറ് രോഗബാധിതമാകുകയും തലച്ചോറിന്റെ ധര്‍മ്മങ്ങള്‍ ശരിയായി നടത്താന്‍ കഴിയാതെ വരുകയും ചെയ്യുന്നു. അങ്ങനെ അയാളുടെ മനസില്‍ നിന്നും വര്‍ത്തമാനകാലം നഷ്ടപ്പെടുന്നു. എന്നാല്‍ ഭൂതകാലത്തെ ഓര്‍മകള്‍ ഇവരുടെ മനസിലുണ്ടാകും. ഇവര്‍ പലപ്പോഴും ജീവിക്കുന്നത് ഭൂതകാലത്തിലാണ്. തന്മൂലം ഒരാള്‍ക്ക് തന്റെ ദൈനംദിന പ്രവൃത്തികളും തൊഴില്‍പരമോ സാമൂഹികമോ ആയ ധര്‍മ്മങ്ങളും നടത്താന്‍ കഴിയാതെ വരുകയും ചെയ്യുന്ന അവസ്ഥയാണ് ആല്‍സ്‌ഹൈമേഴ്‌സ്. ജര്‍മന്‍ ഡോക്ടറായ അലോയ്ഡ് ആല്‍സ്‌ഹൈമര്‍ 1906ലാണ് ഇത്തരത്തിലൊരു സ്മൃതിനാശരോഗത്തെക്കുറിച്ച് ശാസ്ത്രീയ നിരീക്ഷണങ്ങള്‍ നടത്തിയത്.

സ്ത്രീകളില്‍ രോഗം കൂടുതല്‍

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ആല്‍സ്‌ഹൈമേഴ്‌സ് രോഗം കൂടുതലായി കാണുന്നത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് കൃത്യമായി കണ്ടെത്താനായിില്ല.

രോഗ കാരണങ്ങള്‍

ആല്‍സ്‌ഹൈമേഴ്‌സ് രോഗത്തിന്റെ കാരണങ്ങള്‍ ഇന്നും അജ്ഞാതമാണ്. 65 വയസിനു മുകളിലുള്ളവരില്‍ 15 പേരില്‍ ഒരാള്‍ക്ക് ആല്‍സ്‌ഹൈമേഴ്‌സുണ്ട്. 85 നു മുകളില്‍ പ്രായമുള്ളവരില്‍ പകുതിപ്പേര്‍ക്കും ആല്‍സ്‌ഹൈമേഴ്‌സ് വരാനുള്ള സാധ്യത ഏറെയാണ്. ചിലര്‍ക്ക് പാരമ്പര്യമായി തന്നെ ആല്‍സ്‌ഹൈമേഴ്‌സ് വരുന്നുണ്ട്. വാസ്‌കുലാര്‍ ഡിമെന്‍ഷ്യ, തലച്ചോറിലുണ്ടാകുന്ന ട്യൂമറുകള്‍, അപകടങ്ങള്‍ മൂലമുണ്ടാകുന്ന ക്ഷതങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍കൊണ്ട് ആല്‍സ്‌ഹൈമേഴ്‌സ് ഉണ്ടാകാം.

ചെറുപ്പക്കാര്‍ക്കും ഡിമെന്‍ഷ്യ വരാം

പ്രായമായവരിലാണ് പൊതുവെ ഡിമെന്‍ഷ്യ കണ്ടുവരുന്നതെങ്കിലും ചെറുപ്പക്കാരിലും സ്മൃതിഭ്രംശ രോഗങ്ങള്‍ ബാധിക്കുന്നുണ്ടെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രിസെനൈല്‍ ഡിമെന്‍ഷ്യ എന്നാണ് ഇതിനെ പറയുന്നത്. വാഹനാപകടങ്ങളിലും മറ്റും പരിക്കേറ്റ ചെറുപ്പക്കാര്‍ക്ക് പിന്നീട് ഓര്‍മയ്ക്ക് സാരമായ തകരാറുണ്ടാകുന്നത് ഇത്തരത്തിലുള്ളതാണ്.

ഓര്‍മക്കുറവില്‍ തുടക്കം

ഓരോ ഏഴ് സെക്കന്‍ഡിലും ഒരു പുതിയ ആല്‍സ്‌ഹൈമേഴ്‌സ് രോഗി ഉണ്ടാകുന്നതായി പഠനം ചൂണ്ടിക്കാുന്നു. ലോകത്ത് ഇന്ന് ഏകദേശം 4.4 കോടിയോളം ജനങ്ങള്‍ ഡിമെന്‍ഷ്യ ബാധിതരാണ്. 2050 ആകുമ്പോഴേക്കും ഇത് 13.5 കോടിയാകും. ഇതില്‍ അമ്പതു ലക്ഷത്തോളം പേര്‍ ഇന്ത്യയിലാണ്. ലോകത്തെ വൃദ്ധജനങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. അടുത്തിടെ നടത്തിയ ചില പഠനങ്ങളനുസരിച്ച് കേരളത്തില്‍ 65 വയസിനു മുകളിലുള്ളവരില്‍ നാലു ശതമാനത്തോളം പേര്‍ മറവി രോഗത്താല്‍ വിഷമിക്കുന്നുണ്ട്.

രോഗത്തിന്റെ സൂചനകള്‍

രോഗം ബാധിക്കുന്ന എല്ലാവരിലും ഒരേതരത്തിലുളള ലക്ഷണങ്ങളല്ല ഉണ്ടാകുന്നത്. ഓരോരുത്തരുടെയും ബൗദ്ധിക നിലവാരം, ചെറുപ്പത്തിലെ സ്മരണകള്‍ തുടങ്ങിയവയുടെയൊക്കെ അടിസ്ഥാനത്തില്‍ ലക്ഷണങ്ങളിലും വ്യത്യാസം ഉണ്ടാകും. എങ്കിലും പൊതുവായി കാണുന്ന ഒന്നാണ് വിഷാദാത്മകത. രോഗത്തിന്റെ വിവിധഘങ്ങളിലായിാവും വിവിധ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. പ്രധാനപ്പെട്ട സൂചനകള്‍ ഇവയാണ്...

* ക്രമേണ വര്‍ധിച്ചു വരുന്ന ഓര്‍മക്കുറവ്.
* പറഞ്ഞ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുക.
* പരിചിതമായ സ്ഥലത്ത് വഴിതെറ്റി പോകുക.
* സ്വന്തം വീട്ടുകാരുടെ തന്നെ പേരുകള്‍ മറന്നുപോവുക, തിരിച്ചറിയുവാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക.
* സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വിഷയം മാറിപ്പോവുക, പരസ്പര ബന്ധമില്ലാതെ സംസാരിക്കുക.
* സ്ഥലകാല ബോധം നഷ്ടപ്പെടുക.
* സ്വകാര്യ വസ്തുക്കള്‍ (കണ്ണട, ചെരുപ്പ്, പഴ്‌സ്) തുടങ്ങിയ വച്ച് മറുന്നു പോവുക.
* വളരെക്കാലമായി ചെയ്തുകൊ്യുിരിക്കുന്ന ജോലികള്‍ തുടര്‍ന്ന് കൊണ്ടുപോകാന്‍ ഓര്‍മക്കുറവ് മൂലം കഴിയാതെ വരുക.
* കാലബോധമില്ലാതെ മലമൂത്ര വിസര്‍ജ്ജനം ചെയ്യുക.
* വ്യക്തിത്വത്തിലും പെരുമാറ്റത്തിലുമുണ്ടാകുന്ന മാറ്റങ്ങള്‍ അമിതമായ ദേഷ്യം, വിഷാദം, മൗനിയായിപ്പോകുക, നിസംഗത.

ഡിമെന്‍ഷ്യയെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍

* ഡിമെന്‍ഷ്യ വാര്‍ധക്യത്തിന്റെ ഭാഗമല്ല.
* വാര്‍ധക്യകാലത്താണ് ഡിമെന്‍ഷ്യ കൂടുതലും കാണപ്പെടുന്നതെങ്കിലും ചെറുപ്പക്കാരെയും ഇത് ബാധിക്കും.
* ഡിമെന്‍ഷ്യ പാരമ്പര്യ രോഗമല്ല. പക്ഷേ ചില കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഇതുണ്ടാകുവാനുള്ള പ്രവണത കൂടുതലായി കണ്ടേക്കാം.
* ഇതൊരു മാനസിക രോഗമല്ല. മറിച്ച് മാനസിക ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന നാഡീകോശങ്ങളെ ബാധിക്കുന്ന ഒരു ശാരീരിക രോഗമാണ്.
* ഡിമെന്‍ഷ്യക്ക് ശാശ്വതമായ പ്രതിവിധി കണ്ടെത്തിയിട്ടില്ല. രോഗത്തിന്റെ ലക്ഷണങ്ങളില്‍ ചിലതിന്റെ ശക്തി കുറയ്ക്കാനുള്ള ചികിത്സോപാധികള്‍ നിലവിലുണ്ട്. അതിനാല്‍ പ്രാരംഭഘത്തിലുള്ള രോഗനിര്‍ണയം വളരെ വലുതാണ്.
* സ്‌ട്രോക്ക് പോലുള്ള കാരണങ്ങളാല്‍ ഉണ്ടാകുന്ന ഡിമെന്‍ഷ്യ ഒരുപരിധി വരെ ചികിത്സിച്ച് ഭേദമാക്കാം.
* പ്രാഥമികാവശ്യങ്ങളായ ഭക്ഷണം, കുളി, വസ്ത്രധാരണം എന്നിവയില്‍ ഡിമെന്‍ഷ്യ രോഗികള്‍ക്ക് നിരന്തരമായ ശ്രദ്ധയും പരിചരണവും ആവശ്യമാണ്.
* രോഗി മിക്കപ്പോഴും വാശിപിടിക്കുന്നത് പല കുടുംബങ്ങള്‍ക്കും വെല്ലുവിളിയാണ്.
* രോഗിയേക്കാളും രോഗിയെ പരിചരിക്കുന്നവര്‍ക്കാണ് കൂടുതല്‍ ശ്രദ്ധയും പരിചരണവും നല്‍കേണ്ടത്.


എല്ലാ ഓര്‍മക്കുറവും ഡിമെന്‍ഷ്യയല്ല

ഓര്‍മക്കുറവ് പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. ഓര്‍മക്കുറവ് ഉണ്ടായാല്‍ അത് ഡിമെന്‍ഷ്യ എന്നു ചിന്തിക്കരുത്. വിഷാദം, ആകാംക്ഷ, ശാരീരിക രോഗങ്ങള്‍, ശാരീരിക ക്ഷീണം, പോഷകാഹാരക്കുറവ്, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവകൊണ്ട് ഓര്‍മക്കുറവ് ഉണ്ടാകാം.

ആല്‍സ്‌ഹൈമേഴ്‌സ് നേരത്തെ കണ്ടെത്താനാകുമോ?

ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത രോഗമായി മാറിയിരിക്കുന്നു ആല്‍സ്‌ഹൈമേഴ്‌സ്. രോഗം വരാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്താനും അത്രയെളുപ്പമല്ല. എങ്കിലും മുതിര്‍ന്നയാളുകളില്‍ ഓര്‍മക്കുറവോ വിഷാദാകതയോ പെരുമാറ്റത്തില്‍ വ്യത്യാസങ്ങളോ ഉണ്ടായാല്‍ ഒരു ജെറിയാട്രീഷ്യനെ കണ്ട് പരിശോധിപ്പിച്ചാല്‍ ആല്‍സ്‌ഹൈമേഴ്‌സാണോ എന്ന് തിരിച്ചറിയാന്‍ കഴിയും. രോഗസാധ്യത നേരത്തേ കണ്ടെത്തിയാല്‍ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി മാറ്റിയെടുക്കാന്‍ കഴിയും.

പ്രായാധിക്യം, ചില ജീനുകളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, നിയന്ത്രിതമല്ലാത്ത രക്തസമ്മര്‍ദ്ദം, അതിരോസ്‌ക്ലീറോസിസ്, അമിത കൊഴുപ്പ് തുടങ്ങിയ വിഷമതകളുള്ളവരില്‍ ആല്‍സ്‌ഹൈമേഴ്‌സ് പോലുള്ള പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.

ആല്‍സ്‌ഹൈമേഴ്‌സിനെ പ്രതിരോധിക്കാനാകുമോ?

മസ്തിഷ്‌കകോശങ്ങളിലെ ജീര്‍ണതകളാണ് ആല്‍സ് ഹൈമേഴ്‌സ് രോഗത്തിലേക്കു നയിക്കുന്നത്. അത് പ്രതിരോധിക്കല്‍ അത്ര എളുപ്പമല്ല. എങ്കിലും ജീവിതശൈലിയില്‍ വരുത്തുന്ന ചില മാറ്റങ്ങളും മികച്ച വ്യക്തിത്വശേഷികളും സാമൂഹിക ജീവിതവും ഒരളവുവരെ രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.

* മികച്ച ശാരീരികശേഷി നിലനിര്‍ത്തുക
* അന്നന്നത്തെ കാര്യങ്ങള്‍ ഓര്‍മിച്ച് വൈകുന്നേരം വിശദമായ ഡയറി തയാറാക്കുന്നത് ശീലമാക്കുക
* ചലനാത്മക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ മികച്ച ശേഷിയുള്ളവര്‍ക്ക് ആല്‍സ്‌ഹൈമേഴ്‌സ് സാധ്യത കുറയും. ഉടുപ്പിന്റെയോ മറ്റോ ബട്ടണ്‍ ഇടുക, കൊളുത്തുകള്‍ വിടര്‍ത്തുക, ഒറ്റക്കൈകൊണ്ട് ബട്ടണ്‍ ഇടുക, ബട്ടണിലേക്കും ബട്ടണ്‍ തുളയിലേക്കും ശ്രദ്ധിക്കാതെ ബട്ടണിടുക തുടങ്ങിയവ വളരെ വേഗം ചെയ്യാന്‍ കഴിയുന്നത് ആല്‍സ്‌ഹൈമേഴ്‌സ് സാധ്യത കുറവാണെന്നതിന്റെ ലക്ഷണമാണ്.
* നടത്തം പോലുള്ള വ്യായാമങ്ങള്‍ ശീലമാക്കുക
* കൊഴുപ്പു കുറഞ്ഞ ആഹാര രീതി സ്വീകരിക്കുക
* പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവ ഇല്ലെന്ന് ഉറപ്പാക്കുക
* കുടുംബാംഗങ്ങളുമായും സമൂഹവുമായും പോസിറ്റീവായ ബന്ധങ്ങള്‍ പുലര്‍ത്തുക.
* സാമൂഹിക കാര്യങ്ങളില്‍ ഇടപെടുകയും നല്ല സാമൂഹിക ജീവിതം നയിക്കുകയും ചെയ്യുക
* വായന, ചര്‍ച്ചകള്‍, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ബൗദ്ധികായാസമുള്ള കാര്യങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുക.

രോഗകാരികളായ ജീനുകളെ കണ്ടെത്തി

ഡിമെന്‍ഷ്യ എന്ന രോഗത്തിലേക്ക് നയിക്കുന്ന ജീനുകളെ ഇംഗ്ലണ്ടിലെ ഒരു സംഘം കണ്ടെത്തി. പതിനാറു വര്‍ഷമായി തുടര്‍ന്നു വരുന്ന ആല്‍സ്‌ഹൈമേഴ്‌സ് രോഗപ്രതിരോധ ഗവേഷണങ്ങളില്‍ ഇത് വഴിത്തിരിവാകുമെന്നാണ് സൂചന. തലച്ചോറിനെ സംരക്ഷിക്കുന്ന ഈ ജീനുകളില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുമ്പോഴാണ് ആല്‍സ്‌ഹൈമേഴ്‌സ് ഉണ്ടാകുന്നതെന്ന് പഠനം.

സാന്ത്വന സ്പര്‍ശമായി എ ആര്‍ ഡി എസ് ഐ

ഡിമെന്‍ഷ്യ രോഗികളുടെ സംഖ്യ കൂടിവരുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം രോഗികളുടെ പരിചരണവും പുനരധിവാസവും കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയാണ് ആല്‍സ്‌ഹൈമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ (എആര്‍ഡിഎസ്‌ഐ). 25 വര്‍ഷമായി സെന്റര്‍ പ്രവര്‍ത്തിക്കുന്നു. ഡിമെന്‍ഷ്യ രോഗം ബാധിച്ചവര്‍ക്കായി തൃശൂര്‍, കോഴിക്കോട്, കൊച്ചി, കുമ്പളങ്ങി, എടവനക്കാട് , പാലാരിവട്ടം എന്നീ സ്ഥലങ്ങളില്‍ പകല്‍ വീടുകളും (ഡേ കെയര്‍) മുഴുവന്‍ സമയ പരിചരണവും (റെസ്‌പൈയ്റ്റ് കെയര്‍) കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ മുഴുവന്‍ സമയ ഡിമെന്‍ഷ്യ കെയര്‍ വൈപ്പിന്‍ ദ്വീപിലെ എടവനക്കാട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം രോഗികളെ കണ്ടെത്തുന്നതിനായി ക്യൂണിറ്റി സര്‍വെ, രോഗനിര്‍ണയത്തിനായി മെമ്മറി ക്ലിനിക്, രോഗീപരിചരണത്തിനായി പകല്‍വീടുകള്‍, മുഴുവന്‍ സമയ പരിചരണ കേന്ദ്രം. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള നഴ്‌സിംഗ് കോഴ്‌സുകള്‍ (ജറിയാട്രിക് കെയര്‍ ട്രെയിനിംഗ്) ഹെല്‍പ് ലൈന്‍ സര്‍വീസ്, ഗവേഷണ പ്രവര്‍ത്തനങ്ങളും കൂടാതെ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനങ്ങളും ആല്‍സ്‌ഹൈമേഴ്‌സ് സൊസൈറ്റി നല്‍കി വരുന്നു.

അഭയമാകുന്ന പകല്‍വീട്

എറണാകുളം പാലാരിവട്ടം ആലിന്‍ചുവടില്‍ പ്രവര്‍ത്തിക്കുന്ന ഡിമെന്‍ഷ്യ കെയര്‍ സെന്ററില്‍ (പകല്‍വീട്) പരിചരണത്തിനൊപ്പം രോഗികളുടെ മാനസികപരമായ ഉല്ലാസത്തിന് പ്രയോജനകരമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്തു മുതല്‍ വൈകുന്നേരം നാല് വരെയാണ് പകല്‍വീട് പ്രവര്‍ത്തിക്കുന്നത്. രോഗികള്‍ക്ക് വാഹന സൗകര്യവുമുണ്ട്.

ഡിമെന്‍ഷ്യ ഹെല്‍പ് ലൈന്‍

24മണിക്കൂറും പ്രവര്‍ത്തനസജ്ജമായ ഡിമെന്‍ഷ്യ ടെലഫോണിക് ഹെല്‍പ് ലൈന്‍ സേവനവും ലഭ്യമാണ്. 98461 98471, 98461 98786, 98461 98473 എന്നിവയാണ് നമ്പറുകള്‍.

മികച്ച പരിചരണത്തിനുളള നിര്‍ദേശങ്ങള്‍

* രോഗിക്ക് പുതിയ കാര്യങ്ങളും പഴയ കാര്യങ്ങളും ഓര്‍മിച്ചെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകും. ഓര്‍മയില്‍ സൂക്ഷിക്കേണ്ട വ്യക്തിഗത വിവരങ്ങളും മറ്റുള്ള വിവരങ്ങളും അടുക്കും ചിട്ടയും വരുത്തുവാന്‍ രോഗിയെ സഹായിക്കാന്‍ കുടുംബാംഗങ്ങളും പരിചരണക്കാരും ശ്രദ്ധിക്കണം.
* ദൈനംദിന ജീവിതത്തെ സംബന്ധിച്ച കാര്യങ്ങള്‍ ചെയ്യാന്‍ പലപ്പോഴും രോഗിക്ക് കഴിഞ്ഞെന്നു വരില്ല. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ ചെയ്യാന്‍ പോകുന്നത് എന്താണെന്ന് പറഞ്ഞ്, അത് ചെയ്യുന്നത് സമ്മതമാണോ എന്ന് ചോദിക്കുക, രോഗി സമ്മതഭാവത്തില്‍ തലകുലുക്കിയാല്‍, കാര്യം മനസിലായെന്നും സഹകരിക്കാമെന്നുമാണ് അത് സൂചിപ്പിക്കുന്നത്.
* മരുന്നു നല്‍കുമ്പോള്‍, പ്രായമായ ഡിമെന്‍ഷ്യ രോഗിയുടെ പേര് ഡ്രഗ് ബോക്‌സില്‍ കാണിച്ചിരിക്കണം. മരുന്നുകളുടെ പട്ടികയും അവയുടെ ഉപയോഗവും എഴുതുക. ഡെയ്‌ലി ഡ്രഗ് ബോക്‌സ് വ്യക്തമായി ലേബല്‍ ചെയ്യണം. പ്രായമേറിയ രോഗിക്ക്, ലേബല്‍ നോക്കി നിഷ്പ്രയാസം കവര്‍ നീക്കി മരുന്നെടുക്കാം.
* ഡിമെന്‍ഷ്യ രോഗിക്ക് ഷോപ്പിംഗ് നിഷേധിക്കേണ്ട ആവശ്യമില്ല. എന്നാല്‍ കൂട്ടിന് ഒരാള്‍ വേണമെന്നു മാത്രം. രോഗിക്ക് സമൂഹവുമായി ഇടപഴകാനുള്ള സാഹചര്യം ഒരുക്കുന്നത് നന്നായിരിക്കും.



സീമ മോഹന്‍ലാല്‍
വിവരങ്ങള്‍ക്ക് കടപ്പാട്
ഡിമെന്‍ഷ്യ കെയര്‍ സെന്റര്‍, ആലിന്‍ചുവട്, പാലാരിവട്ടം