വിളയുന്നത് കുമളിയില്‍, വില്‍ക്കുന്നത് കാക്കനാട്ട്
വിളയുന്നത് കുമളിയില്‍, വില്‍ക്കുന്നത് കാക്കനാട്ട്
Saturday, April 13, 2019 5:42 PM IST
ലളിതവും നൂതനവുമായ കൃഷിരീതികളിലൂടെ ചെടികളെ പരിപാലിക്കാന്‍ ആഗ്രഹിക്കുന്ന ജൈവകര്‍ഷകര്‍ക്ക് മാതൃകയാണ് കുമ ളി ഒന്നാംമൈലിലെ ചക്കാലക്കല്‍ ബിന്‍സി ജെയിംസ്. ജീവിതത്തിലെ ദുരിതങ്ങളില്‍ നിന്ന് കാര്‍ഷികമേഖലയിലേക്ക് ചുവടുമാറ്റി വിജയം സ്വന്തമാക്കിയ കുടുംബിനി. പച്ചക്കറിക്കൃഷിയിലും പയറു കൃഷിയിലും സ്‌ട്രോബറിയിലും പുതിയ പരീക്ഷണങ്ങള്‍ നട ത്തി, കാര്‍ഷിക അറിവുകള്‍ പകര്‍ന്നു നല്‍കുന്ന കര്‍ഷക കുടുംബം. കാര്‍ഷിക വിദ്യാര്‍ഥികള്‍ക്കുപോലും അറിവിന്റെ പ്രായോഗിക പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന മണ്ണിന്റെ ഗന്ധമുള്ള കര്‍ഷക.

കട്ടപ്പനയിലെ സ്വന്തം വീടും സ്ഥലവും വാടകയ്ക്കു നല്‍കിയ തുകകൊണ്ടാണ് കുമളി ഡോണ്‍ബോസ്‌കോ പള്ളിവകസ്ഥലം പാട്ടത്തിനെടുത്തത്. ഏലത്തോട്ടത്തില്‍ പണിക്കുപോയിരുന്ന ബിന്‍സി വീടിനു ചുറ്റും വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ കൃഷി ചെയ്തിരുന്നു. മൂന്നു മക്കളുടെ പഠനവും മറ്റു കാര്യങ്ങളും നടത്താന്‍ കഴിയാത്ത വിധം തൊഴിലവസരങ്ങള്‍ കുറഞ്ഞു. ജീവിതം ദുരിതത്തിലേക്കു നീങ്ങുന്ന അവസ്ഥയിലാണ് സ്വന്തംകൃഷി എന്ന ചിന്ത ഉടലെടുത്തത്. ജീവിക്കാനുള്ള ചെറിയ വരുമാനം ലക്ഷ്യമിട്ടാണ് ഒന്നരവര്‍ഷം മുമ്പ് കുമളിയിലെത്തുന്നത്. കാടുപിടിച്ചു കിടന്ന സ്ഥലം ഭര്‍ത്താവും മക്കളും ചേര്‍ന്നു വെട്ടി. ഏതാനും തൊഴിലാളികളെയും കൂട്ടി. അതിലുണ്ടായിരുന്ന ചെറിയഷെഡ് വൃത്തിയാക്കി താമസം തുടങ്ങുമ്പോഴേക്കും മുപ്പതിനായിരം രൂപ ചെലവായിക്കഴിഞ്ഞിരുന്നു. തക്കാളി, വഴുതന, കാബേജ്, ബീന്‍സ് തുടങ്ങിയ പച്ചക്കറികള്‍ കൃഷിചെയ്തു. ആദ്യ വിളവെടുപ്പ് നല്‍കിയ സന്തോഷത്തില്‍ രണ്ടാം കൃഷി. അത് ആദ്യത്തെപ്പോലെ വിളവു നല്‍കിയില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കാര്യം മനസിലായത്. വളക്കൂറില്ലാത്ത പൂഴിമണലാണ് പറമ്പില്‍. വര്‍ഷങ്ങളായി കാടുപിടിച്ചു കിടന്നതിനാല്‍ മണ്ണില്‍ ലയിച്ച പച്ചിലകളുടെ വളം കൊണ്ടാണ് ആദ്യകൃഷി വിജയിച്ചത്. മനുഷ്യര്‍ക്ക് ദോഷമില്ലാത്ത ജൈവകൃഷി മാത്രമേ ചെയ്യൂ എന്ന വാശിയാണ് പിന്നീട് നഷ്ടമുണ്ടാകാന്‍ കാരണം. രാസവളം നല്‍കി കൂടുതല്‍ ഉത്പാദനമുണ്ടാക്കാന്‍ പലരും ഉപദേശിക്കുന്നുണ്ട്. എത്ര നഷ്ട മുണ്ടായാലും ജൈവകൃഷിയില്‍ നിന്നു പിന്‍മാറില്ലെന്നാണ് ബിന്‍ സി പറയുന്നത്. ഇന്ന് തേക്കടി, കുമളി സന്ദര്‍ശനത്തിനെ ത്തുന്ന സഞ്ചാരികള്‍ ബിന്‍സിയുടെ ജൈവകൃഷി കാണാനെത്തുന്നുണ്ട്.

കൃഷി ഒരു വരുമാനമാര്‍ഗം മാത്രമല്ല, ജീവിതചര്യ കൂടിയാണെന്ന് ഈ കര്‍ഷക കുടുംബം വിശ്വസിക്കുന്നു. മലിനീകരണം തടയാനും പ്രകൃതിയെ ശുദ്ധീകരിക്കാനും കഴിയുന്ന തരത്തില്‍ കൃഷി നടത്തണമെന്ന ഉറച്ച ചിന്തയിലാണ് ഇവര്‍ ഓരോ വിളകളും കൃഷിചെയ്യുന്നത്. പശു, കോഴി, താറാവ്, മല്‍സ്യം, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയെല്ലാമടങ്ങിയ സമ്പൂര്‍ണ സമ്മിശ്രകൃഷിയാണ് ഇവിടെ അനുവര്‍ത്തിക്കുന്നത്. മികച്ച കര്‍ഷകരായി അറിയപ്പെടുന്നവരുടെ കൃഷിരീതികള്‍ കണ്ടുപഠിക്കുകയും സംശയങ്ങള്‍ക്കു പരിഹാരം കാണുകയും ചെയ്യുന്ന മികച്ച പഠന രീതിയാണ് ഇവരുടെ കൃഷി വിജയത്തിന്റെ രഹസ്യം. കൂടാതെ തളരാത്ത മനസും കഠിനാധ്വാനവും കൂട്ടായ്മയും വിജയഗാഥയൊരുക്കുന്നു. നേരം പുലരും മുമ്പേ ഭര്‍ത്താവിനൊപ്പം കൃഷിയില്‍ സജീവമാകുന്നു ബിന്‍സി. നേരം ഇരുട്ടുന്നതുവരെ കൃഷിയിടത്തില്‍ തന്നെ. കൃഷിപ്പണികള്‍ക്കായി ഒരു തൊഴിലാളിപോലും ഇവിടെ ഇല്ലെന്നതാണ് സത്യം. പഠനത്തിനു ശേഷമുള്ള സമയം മക്കളും കൃഷിപ്പണികള്‍ക്കെത്തുന്നു.


മണലിനെ ഫലപുഷ്ടിയുള്ളതാക്കാന്‍ ലാഭം മുഴുവന്‍ ചെലവിട്ടു. മണ്ണും മണലും സംയോജിപ്പിച്ച് ചാണകപ്പൊടിയും എല്ലുപൊടിയും ഇട്ട് മണ്ണിനെ മെച്ചപ്പെടുത്തി. ഇതിനിടയിലുണ്ടായ മഴയിലും പ്രളയത്തിലും ഒരു കൃഷി പൂര്‍ണമായും നശിച്ചു. ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടിയപ്പോഴും തളരാതെ മുന്നേറാന്‍ മക്കളും കൂടെനിന്നു. പ്രതിമാസം പതിനായിരം രൂപ പാട്ടം കൊടുക്കേണ്ട കൃഷിയിടത്തിലെ കുളം വൃത്തിയാക്കി നട്ടര്‍, ഗിഫ്റ്റ് തിലാപ്പിയ തുടങ്ങിയ മല്‍സ്യങ്ങളെ വളര്‍ത്തുന്നുണ്ട്. ആവശ്യക്കാര്‍ക്ക് ചൂണ്ടയിട്ടു മീന്‍പിടിക്കാം. കിലോയ്ക്ക് ഇരുനൂറ് രൂപയാണ് വാങ്ങുന്നത്.

കൃഷിവകുപ്പിന്റെ സഹായത്തോടെ ഈ വര്‍ഷം നിര്‍മിച്ച 1000 അടി വിസ്തീര്‍ണമുള്ള പോളിഹൗസ് കൃഷി വിജയത്തിന് സഹായകമാകുന്നു. നാലു തരത്തിലുള്ള ബീന്‍സുകള്‍, തക്കാളി, വള്ളിതക്കാളി, ചെറിതക്കാളി, മുളക്, അച്ചിങ്ങപ്പയര്‍, മീറ്റര്‍ പയര്‍, വഴുതന, പാവല്‍, കോവല്‍, കാബേജ്, ചീര, വിവിധതരം ഇലയിനങ്ങള്‍, സ്‌ട്രോബറി, പാഷന്‍ഫ്രൂട്ട്, സപ്പോട്ട തുടങ്ങിയ പഴവര്‍ഗങ്ങളും ഇവിടെയുണ്ട്.

കൃഷിയിടത്തിലെ ജൈവമാലിന്യങ്ങളെല്ലാം വളമാക്കുന്നു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ വാരങ്ങളെടുത്താണ് കൃഷി. ചാക്കിലും ഗ്രോബാഗിലും മണ്ണു നിറച്ച് വിവിധതരം പച്ചക്കറികള്‍ കൃഷി ചെയ്തിട്ടുണ്ട്. അല്പം സ്ഥലംപോലും വെറുതെയിടാതെ ഓരോ വിളകളും സൂര്യപ്രകാശത്തിന്റെ ലഭ്യത അനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്നു. ഔഷധ സസ്യങ്ങളുടെ ഇലകളും മറ്റും ചേര്‍ത്ത് തനി നാടന്‍ രീതിയില്‍ തയാറാക്കുന്ന കീടനാശിനിയാണ് ഉപയോഗിക്കുന്നത്. ചാണകം, എല്ലുപൊടി, പിണ്ണാക്ക്, പഞ്ചഗവ്യം എന്നിവ വളമായി ഉപയോഗിക്കുന്നു. കൃഷി വകുപ്പിന്റെ സഹായത്തോടെ തുള്ളിനന സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിഷമില്ലാത്ത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ജൈവകൃഷിയില്‍ നിന്ന് കൂടുതല്‍ വിളവു ലഭിക്കുന്നില്ലെങ്കിലും മികച്ച വില ലഭിക്കുന്നുണ്ട്. പ്രാദേശിക വിപണികളില്‍ നിന്ന് കാര്യമായ വിലകിട്ടാതെ വന്നപ്പോള്‍ എറണാകുളം കാക്കനാട്ടുള്ള നാട്ടുചന്തയില്‍ കൊണ്ടുപോയി വില്പനനടത്തി. നാട്ടിലെ വിലയെക്കാള്‍ മൂന്നിരട്ടി വിലയ്ക്കാണ് വില്പന. ഒരു പ്രാവശ്യം വാങ്ങിയവര്‍ വീണ്ടും വാങ്ങാനെത്തുന്നത് ജൈവകൃഷിയുടെ ഗുണം കൊണ്ടാണെന്നാണ് ഈ കര്‍ഷകയുടെ അഭിപ്രായം. എല്ലാ ഞായറാഴ്ചയും പുലര്‍ച്ചേ ഒന്നിന് വിളവെടുത്ത് നാലുമണിക്കൂര്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചാണ് ബിന്‍സിയും ഭര്‍ത്താവും പച്ചക്കറികളെല്ലാം കാക്കനാട്ടെ നാട്ടു ചന്തയിലെ ത്തിക്കുന്നത്. 50- 80 കിലോ പച്ചക്കറി ഈ യാത്രയില്‍ കൊണ്ടുവരും. പത്തിനു മുമ്പായി എല്ലാം വിറ്റുതീരും. ബിന്‍സി കൊണ്ടുവരുന്ന പച്ചക്കറികള്‍ വാങ്ങാന്‍ വീട്ടമ്മമാര്‍ ക്യൂ നില്‍ ക്കുന്നു.

ജൈവകൃഷിയിലൂടെ കൃഷിയിടത്തില്‍ മിത്ര ജീവാണുക്കളും കീടങ്ങളും വര്‍ധിക്കും. ഇത് മണ്ണിനെയും വിളകളെയും രോഗകീടങ്ങളില്‍ നിന്നു സംരക്ഷിക്കും. ഓരോ വിളവെടുപ്പിനു ശേഷവും പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിച്ച് തുടര്‍ കൃഷി ചെയ്യുന്നതിനാല്‍ ജൈവകൃഷി നഷ്ടങ്ങളില്ലാതെ കൊണ്ടുപോകാന്‍ ബിന്‍സിക്കും കുടുംബത്തിനും സാധിക്കുന്നുണ്ട്. ഫോണ്‍: 8113902060

നെല്ലി ചെങ്ങമനാട്