ഏറ്റവും വിലയേറിയ കാർ
ഏറ്റവും  വിലയേറിയ കാർ
Wednesday, May 29, 2019 2:10 PM IST
വാഹനപ്രേമികളായ കോടീശ്വരന്മാരിൽ ഒരാൾക്കൊഴികെയുള്ളവർക്ക് മോഹഭംഗം ഉണ്ടായിക്കിയ ഒരു കാറിനെ ബുഗാറ്റി, ജനീവ മോട്ടോർഷോയിൽ പ്രദർശിപ്പിച്ചു. അതാണ് ലാ വോറ്റു നുവാർ (ഘമ ഢീശേൗൃല ചീശൃല). ഈ കാർ ആകെ ഒരെണ്ണമേ കന്പനി നിർമിക്കുന്നുള്ളൂ.
അതുകൊണ്ടുതന്നെ ഭാഗ്യശാലിയായ ഒരു കോടീശ്വരനു മാത്രമാണ് ഇതിനെ സ്വന്തമാക്കാൻ യോഗമുള്ളത്. ലോകത്തിലെ എക്കാലത്തെയും ഏറ്റവും വിലയേറിയ കാർ എന്ന ബഹുമതിയും ബുഗാറ്റിയുടെ ഹൈപ്പർ കാറിനുണ്ട്. ഏകദേശം 87 കോടി രൂപയാണ് വില.
ടാക്സും ഇൻഷുറൻസും ഒക്കെ അടച്ച് റോഡിലിറക്കുന്പോൾ132 കോടി രൂപയാകും. ഇത്തവണത്തെ ജനീവ മോട്ടോർ ഷോയിലാണ് ഈ മോഡലിനെ കന്പനി പ്രദർശിപ്പിച്ചത്.

ടൈപ്പ് 57 എസ് സി അറ്റ് ലാന്‍റികിന്‍റെ സ്മരണയ്ക്ക്

1936 ൽ ബുഗാറ്റി പുറത്തിറക്കിയ ടൈപ്പ് 57 എസ് സി അറ്റ് ലാന്‍റിക് എന്ന ശ്രദ്ധേയമായ മോഡലിന്‍റെ സ്മരണ പുതുക്കുന്നതിനാണ് ലാവോറ്റു നുവാറിനെ സൃഷ്ടിച്ചത്. ബുഗാറ്റിയുടെ സ്ഥാപകനായ ഇറ്റോർ ബുഗാറ്റിയുടെ പുത്രനും വാഹന ഡിസൈനറുമായ ജീൻ ബുഗാറ്റിയായിരുന്നു ടൈപ്പ് 57 എസ്സി രൂപകൽപ്പന ചെയ്തത്.

ഈ മോഡൽ ആകെ നാലെണ്ണം മാത്രമാണ് നിർമിച്ചത്. ഓരോന്നും ഉപഭോക്താവിനായി പ്രത്യേകം നിർമിച്ചവയായിരുന്നു . അതുകൊണ്ടുതന്നെ ഓരോ കാറുകളും തികച്ചും വ്യത്യസ്തമായിരുന്നു. അതിലൊന്നിന്‍റെ ഉടമ ജീൻ ബുഗാറ്റിതന്നെയായിരുന്നു. ജീൻ 1939 ൽ അന്തരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഫ്രാൻസിൽ ജർമനി നടത്തിയ കടന്നുകയറ്റത്തിനു പിന്നാലെ ജീനിന്‍റെ കാറും അപ്രത്യക്ഷമായി. എട്ട് പതിറ്റാണ്ടോളമായി തുടരുന്ന അന്വേഷണത്തിൽ അതിനെ കണ്ടെത്താനായിട്ടില്ല. ലോക വാഹനചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നായാണ് അത് കണക്കാക്കപ്പെടുന്നത്. 1909 ൽ തുടക്കമിട്ട ഫ്രഞ്ച് വാഹനബ്രാൻഡായ ബുഗാറ്റി നിലവിൽ ജർമൻ കന്പനി ഫോക്സ്വാഗനു കീഴിലാണ്.

പകരം വെക്കാനില്ലാത്ത ഭംഗിയോടെ


ബുഗാറ്റിയുടെ ഹൈപ്പർ കാറായ ഷിറോണിനെ അടിസ്ഥാനമാക്കിയാണ് ലാവോറ്റു നുവാറിനെ നിർമിച്ചിരിക്കുന്നത്. വേറോണ്‍ , ഷിറോണ്‍ മോഡലുകളെ അപേക്ഷിച്ച് വലുപ്പം കൂടിയ, കുതിര കുളന്പിന്‍റെ ആകൃതിയിലുള്ള ഗ്രില്ലാണ് ഇതിന്. മനോഹാരിതയുള്ള ഹെഡ്ലാംപുകൾ വീൽ ആർച്ചുകൾക്ക് മുകൾ ഭാഗം വരെ എത്തിനിൽക്കുന്നു.

പൂർണ്ണമായും ഒരു കൂപ്പെയുടെ ആകാരവടിവല്ല, ലാവോറ്റു നുവാറിനുള്ളത്. യഥാർഥ അറ്റ്ലാന്‍റിക് മോഡലിനെ ഓർമിപ്പിക്കുന്ന നീളം കൂടിയ ബോണറ്റ് തികച്ചും വ്യത്യസ്തമായ രൂപഭംഗി സമ്മാനിക്കുന്നുണ്ട്. കറുപ്പ് നിറത്തിലുള്ള ബോഡി കാർബണ്‍ ഫൈബർ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. സ്റ്റീലിനെക്കാൾ അഞ്ചിരട്ടി ബലവത്തായതും അതേസമയം ഭാരം തീർത്തും കുറഞ്ഞതുമായ പോളിമറാണ് കാർബണ്‍ ഫൈബർ .

മക് ലാറൻ പി വണ്ണിലേതുപോലെ പിൻഭാഗം മുഴുവനും പടർന്നു കിടക്കുന്ന ടെയ്ൽലാംപാണ് നൽകിയിരിക്കുന്നത്. ആറ് വ്യത്യസ്ത പൈപ്പുകൾ അടങ്ങുന്നതാണ് എക്സോസ്റ്റ് സംവിധാനം.
ബുഗാറ്റി ഷിറോണിൽ ഉപയോഗിക്കുന്നതരം എട്ട് ലിറ്റർ , 16 സിലിണ്ടർ , ക്വാഡ് ടർബോ പെട്രോൾ എൻജിനാണ് ലാവോറ്റു നുവാറിനും.

കരുത്ത 1479 ബിഎച്ച്പിയാണ്.പരമാവധി ടോർക്ക് 1600 എൻഎം ആണ്്. ഫോർ വീൽ ഡ്രൈവുള്ള ഹൈപ്പർ കാറിന് ഡിഎസ്ജി ഗീയർബോക്സാണ് ഉപയോഗിക്കുന്നത്.

മണിക്കൂറിൽ 380 കിലോമീറ്റർ വരെ വേഗമെടുക്കും. നൂറ് കിലോമീറ്റർ വേഗത്തിലേയ്ക്ക് കുതിക്കാൻ 2.5 സെക്കൻഡ് മതി.

ഇത്രയുമൊക്കെ അറിഞ്ഞപ്പോൾ ഈ കാർ വാങ്ങാൻ ആഗ്രഹം തോന്നിയാലും രക്ഷയില്ല. അത് വിറ്റുകഴിഞ്ഞു. ഉടമ ആരെന്നു മാത്രം കന്പനി വെളിപ്പെടുത്തുന്നില്ല.

ഐപ്പ് കുര്യൻ