തീരുമാനങ്ങളെടുക്കാൻ പ്രാപ്തരാക്കാം
ഏറ്റവും നല്ല രീതിയിൽ എങ്ങനെ അധികാരങ്ങൾ പങ്കുവെച്ചു നൽകാം എന്നതാണ് കഴിഞ്ഞ രണ്ടു ലക്കങ്ങളിലുണ്ടായിരുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഉത്തരവാദിത്വങ്ങൾ താഴെ തട്ടിലേക്കു കൂടി പങ്കുവെച്ചു നൽകുക എന്നുള്ളതാണെന്നും മനസിലാക്കി. അതുകൊണ്ടു മാത്രമായില്ല.

ഏറെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഉത്തരവാദിത്വം പങ്കുവെച്ചു നൽകുന്നതോടൊപ്പം തന്നെ ആ ചുമതലയിൽ തീരുമാനങ്ങൾ എടുക്കുവാൻ ഉള്ള അധികാരവും കൈമാറ്റം ചെയ്യണം എന്നുള്ളതാണ്.

മിക്കവാറും സ്ഥാപനങ്ങളിൽ ഇത് ഒരിക്കലും സംഭവിക്കാറില്ല. ഇതു തന്നെ ആണ് അധികാരങ്ങൾ പങ്കുവെച്ചു നൽകാനുള്ള ശ്രമം പരാജയപ്പെടുവാനുള്ള മുഖ്യ കാരണവും.

തീരുമാനങ്ങൾ അവരെടുക്കട്ടെ

പുതിയതായി ജോലിക്കാളെത്തിയാലോ അല്ലെങ്കിൽ കന്പനിയിൽ ഒരു മാറ്റം ആവശ്യമാണെന്നു തോന്നുന്പോഴോ അതുമല്ല അധികാരം പങ്കുവെച്ചു നൽകാം എന്നു തീരുമാനിക്കുന്പോഴോ, ജീവനക്കാർക്ക് പ്രത്യേകിച്ച് താഴെ തട്ടിലുള്ള ജീവനക്കാർക്ക് ഉത്തരവാദിത്വങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ പലപ്പോഴും നൽകും. അതങ്ങനെയൊരു ലിസ്റ്റ് എന്നെയുള്ളു.

തീരുമാനം എടുക്കുവാനുള്ള സ്വിച് എപ്പോഴും ഉടമ തന്നെയായിരിക്കും കൈവശം വെക്കുന്നത്. കന്പനിയിൽ ഒരില അനങ്ങണമെങ്കിൽ ഞാനറിയണം. എന്ത് ചെയ്യണം എങ്കിലും തന്നോട് ചോദിച്ചിട്ട് ചെയ്യാവൂ എന്നൊരു തിട്ടൂരവും നൽകും. ഇതു വഴി യഥാർത്ഥത്തിൽ ജോലി ഭാരം ഇരട്ടി ആകും എന്നു മാത്രമല്ല, സ്ഥാപനത്തിന്‍റെ വളർച്ചയെ അത് മുരടിപ്പിക്കുകയും ചെയ്യും.
നമ്മുടെ കീഴിലുള്ള ആളുകൾ വളർന്നു വന്നാലേ സ്ഥാപനം വളരുകയുള്ളൂ എന്ന യാഥാർഥ്യം ഇവിടെ വിസ്മരിക്കപ്പെടുന്നു.


കൈവിട്ടു പോകുമോയെന്നുള്ള പേടി

യഥാർത്ഥത്തിൽ ഇതിനു കാരണം കാര്യങ്ങൾ തന്‍റെ കൈ വിട്ടു പോകുമോ എന്ന ഭയമാണ്. ഇങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുന്ന ആരും ഒരു പരിധി വിട്ടു വിജയിച്ചിട്ടില്ല എന്ന് അന്വേഷിച്ചാൽ നമുക്ക് മനസ്സിലാകും.

മറ്റൊരു കാരണം, നല്ല രീതിയിൽ അധികാരം പങ്കുവെച്ചു ൽകി കഴിയുന്പോൾ പിന്നെ ഉടമയ്ക്ക് ചെയ്യാൻ ജോലികളൊന്നും ഇല്ലാതെ വരുന്നതാണ്. അതുവരെ ഉടമ രാവിലെ മുതൽ പാതിരാത്രി വരെ കുത്തിയിരുന്ന് ചെയ്തു കൊണ്ടിരുന്ന കാര്യങ്ങൾ അതിലും സമർത്ഥനായ ഒരാൾ വളരെ പെട്ടെന്ന് ചെയ്തു തീർക്കുന്നത് ആർക്കും അത്ര പെട്ടെന്ന് ദഹിക്കുന്ന ഒന്നല്ല.

ഇതിനുള്ള പരിഹാരം അധികാരം പങ്കുവെയ്ക്കാൻ ആലോചിക്കുന്പോൾ തന്നെ അതിനുള്ള ടൈം ലൈൻ തയ്യാറാക്കുകയും നല്ല രീതിയിൽ അത് പ്രാവർത്തികമായാൽ ചെയ്യനുള്ള പുതിയ പദ്ധതികളെ കുറിച്ചുള്ള രൂപ രേഖ നേരത്തെ തന്നെ തയ്യാറാക്കി വയ്ക്കുകയും ചെയ്യുക എന്നുള്ളതാണ്.

വികേന്ദ്രീകരണം വിജയകരമാകുന്നതോടെ പതിയെപ്പതിയെ പുതിയ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുകയും ചെയ്യാം. ഈഗോ ഇല്ലാതെ തന്നെ നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോകുവാൻ സാധിക്കും.

(ബിസിനസുകൾക്ക് ഓർഗനൈസഷൻ ഡെവലപ്മെന്‍റ്, ലീഡർഷിപ് കോച്ചിങ് എന്നിവ നൽകുന്ന ഒരു സർട്ടിഫൈഡ് ലീഡർഷിപ് കോച്ച് , സോഫ്റ്റ്വേർ കണ്‍സൾട്ടന്‍റ എന്നീ നിലകളിൽ പ്രവർത്തിക്കുന്നയാളാണ് ലേഖകൻ. ഫോണ്‍ :9961429066. ഇമെയിൽ :[email protected])

പി.കെ ഷിഹാബുദീൻ