സ്റ്റാര്‍ ഓഫ് ബെത്‌ലഹേം അഥവാ അതിശയ പുഷ്പം
സ്റ്റാര്‍ ഓഫ് ബെത്‌ലഹേം അഥവാ അതിശയ പുഷ്പം
Tuesday, June 18, 2019 5:03 PM IST
മുറിച്ചെടുത്ത് വെട്ടുപൂവായി പൂപ്പാത്രത്തില്‍ അലങ്കരിച്ചു വയ്ക്കാം. മൂന്നാഴ്ച ഒരു ഭാവഭേദവുമില്ലാതെ ഉന്മേഷവതിയായി നില്‍ക്കും. ഈ പുഷ്പസുന്ദരിയെ വണ്ടര്‍ ഫ്‌ളവര്‍ എന്നല്ലാതെ പിന്നെന്താണ് വിളിക്കുക? 'സ്റ്റാര്‍ ഓഫ് ബെത്‌ലഹേം' എന്ന് ഓമനപ്പേരുള്ള പൂച്ചെടിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ഓറഞ്ച് സ്റ്റാര്‍ ഫ്‌ളവര്‍, സ്‌നേക്ക് ഫ്‌ളവര്‍, ചിങ്കെറിഞ്ചി എന്നെല്ലാം ഇതിനു വേറെയും വിളിപ്പേരുകളുണ്ട്. സസ്യശാസ്ത്രം ഇതിനെ ഓര്‍ണിത്തോഗാലം തൈര്‍സോയിഡ് സ് എന്നു വിളിക്കുന്നു.

ചുവട്ടില്‍ ഉള്ളിക്കുടങ്ങളുള്ള(ബള്‍ബ്) വണ്ടര്‍ ഫ്‌ളവര്‍ ദക്ഷിണാഫ്രിക്കയുടെ സന്തതിയാണ്. ദീര്‍ഘനാള്‍ പുതുമ കൈവിടാതെ നില്‍ക്കും എന്നതിനാലാണ് വണ്ടര്‍ ഫ്‌ളവര്‍ എന്ന ഓമനപ്പേര് പുഷ്പപ്രേമികള്‍ നല്‍കിയത്. വെട്ടുപൂ എന്ന നിലയ്ക്ക് ഇവ യ്ക്കു നല്ല ഡിമാന്‍ഡുമാണ്. ചെ ടി പരമാവധി 20 മുതല്‍ 50 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വളരും. ഒരടിയോളം നീളമുള്ള, വീതിയുള്ള, അഗ്രം കൂര്‍ത്ത മാംസളമായ ഇലകള്‍. സ്തൂപികാകൃതിയിലുള്ള പൂങ്കുലകളില്‍ കപ്പിന്റെ ആകൃതിയില്‍ വെളുത്ത പൂക്കള്‍ വിടരും. ഓരോ പൂങ്കുലയിലും മുപ്പതോളം പൂക്കള്‍ കാണും. പൂക്കളുടെ മധ്യഭാഗം പച്ചയോ ക്രീമോ നിറം തേച്ചതുപോലെ കാണാം. വസന്തകാലത്തിന്റെ ഒടുവിലാണ് ചെടികള്‍ പുഷ്പിക്കുന്നത്. ഇത് വേനല്‍ പകുതിയോളം തുടരും. പൂങ്കുലകള്‍ ഇലകള്‍ക്കു മീതെ തല ഉയര്‍ത്തി എത്തുന്നതോടെ ചെടി അല്‍പം വാടി പിന്നാക്കം മാറാന്‍ തുടങ്ങും.

നല്ല വെയിലത്തും ഭാഗികമായ തണലത്തും നന്നായി വളരും. ചുവട്ടില്‍ ഉള്ളിക്കുടങ്ങളുള്ള ചെടിയായതിനാല്‍ ഇതിന് വെള്ളക്കെട്ട് ഇഷ്ടമല്ല. എങ്കിലും വളര്‍ച്ചാഘട്ടത്തില്‍ നന നിര്‍ബന്ധം. ചെടി പുഷ്പിക്കല്‍ കഴിഞ്ഞ് സുഷുപ്താവസ്ഥയിലേക്കെത്തിയാല്‍ പിന്നെ നനയ്‌ക്കേണ്ടതില്ല. ഒരര്‍ഥത്തില്‍ ഈ സുഷുപ്താവസ്ഥയിലൂടെയാണ് വണ്ടര്‍ ഫ്‌ളവര്‍ കടുത്ത വേനല്‍ക്കാലത്തെ അതിജീവിക്കുന്നത്. 'ഓര്‍ണിത്തോഗാലം' എന്ന സ്പീഷീസ് പേര് രണ്ടു ഗ്രീക്കു പദങ്ങള്‍ ചേര്‍ന്നുണ്ടായതാണ്. ഓര്‍ണിത്തോസ് എന്നാല്‍ പക്ഷി ഗാല എന്നാല്‍ പാല്‍. പൂക്കളുടെ വെളുവെളുത്ത നിറമാകാം ഗാല എന്ന വാക്കിനു നിദാനം.

പൂക്കള്‍ക്ക് നക്ഷത്രാകൃതിയാണ്. അതാണ് യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുമായി ബന്ധപ്പെട്ട് സ്റ്റാര്‍-ഓഫ് ബെത്‌ലഹേം എന്ന പേര് പൂക്കള്‍ക്കു കിട്ടാന്‍ കാരണം. ലില്ലിപ്പൂക്കളുടെ കുടുംബത്തിലെ അംഗമാണ് ഈ പൂച്ചെടിയും. ജനുവരി മുതല്‍ വേനല്‍ക്കാലം തീരും വരെ പൂക്കാലം തുടര്‍ന്നുകൊണ്ടേയിരിക്കും. വേനലിന്റെ വരവോടെ ചെടിയുടെ ഇലകള്‍ കരിഞ്ഞുണങ്ങും. ചെടിച്ചുവട്ടിലെ ഉള്ളിക്കിഴങ്ങുകള്‍ സുഷുപ്തിയിലാകും. തണലത്താണ് വളരുന്നതെങ്കില്‍ ചെടിയില്‍ പൂക്കള്‍ കുറവായിരിക്കും. മാത്രമല്ല, സാവകാശമേ പൂക്കള്‍ വിടരൂ. ചുവട്ടിലെ വിത്തുകിഴങ്ങുകള്‍ മുറിച്ച്, ചെറു കഷണങ്ങളാക്കി മുകുളത്തോടൊപ്പം നട്ടാണ് പുതിയ ചെടിയുണ്ടാക്കുന്നത്. ചെടികള്‍ 5-6 ഇഞ്ച് അകറ്റി നടണം. വിത്തു പാകി തൈകള്‍ വളര്‍ത്താമെങ്കിലും അവ പുഷ്പിക്കാന്‍ മൂന്നു നാലു വര്‍ഷം വേണ്ടിവരും.


ദിവസവും നാലഞ്ചു മണിക്കൂര്‍ സൂര്യപ്രകാശം കിട്ടിയാല്‍ നന്നായി പുഷ്പിക്കും. ജൈവവളങ്ങള്‍ക്കു പുറമേ സൂപ്പര്‍ഫോസ്‌ഫേറ്റ് ഓരോ ടേബിള്‍സ്പൂണ്‍ വീതം ഒരു ചട്ടിയിലും മണ്ണിലാണെങ്കില്‍ ഒരു തടത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ വീതവും ചേര്‍ത്തുകൊടുക്കുന്നത് ചെടിയുടെ പുഷ്പിക്കല്‍ ത്വരിതപ്പെടുത്തും. വളം ചെടിത്തടത്തില്‍ വിതറി മണ്ണിലിളക്കി ചേര്‍ത്താല്‍ മതി. അല്പം നനയ്ക്കുകയും വേണം. ചെടിയുടെ തണ്ടിലും ഇലകളിലുമൊന്നും രാസവളങ്ങള്‍ പറ്റാതെ ശ്രദ്ധിക്കണം. പൂമൊട്ടുകള്‍ തല നീട്ടാന്‍ തുടങ്ങുമ്പോഴേക്കും തടം നനയ്ക്കണം. മാധ്യമത്തിലെ മുകളിലത്തെ ഒരിഞ്ചു ഭാഗത്ത് സദാ നനവുള്ളതു നല്ലതാണ്. നനയ്ക്കുമ്പോള്‍ ചെടിയുടെ മുകള്‍ത്തലപ്പില്‍ നിന്നല്ലാതെ ഇലകള്‍ക്ക് താഴെ, തടത്തില്‍ നനയ്ക്കുക. ചെടി പുഷ്പിച്ചു കഴിഞ്ഞ് ഇലകള്‍ ഉണങ്ങാന്‍ തുടങ്ങിയാല്‍ നന നിര്‍ത്താം.

സ്റ്റാര്‍ ഓഫ് ബെത്‌ലഹേമിന്റെ അടുത്ത ചര്‍ച്ചക്കാരായി മറ്റു ചില ഉദ്യാന സുന്ദരികള്‍ കൂടെയുണ്ട്. ഇവരെ കൂടെ പരിചയപ്പെടാം.
1. ഓര്‍ണിത്തോഗാലം അറബിക്കം
(അറേബ്യന്‍ സ്റ്റാര്‍ ഫ്‌ളവര്‍) നക്ഷത്രാകൃതിയില്‍ മധുരഗന്ധമുള്ള വെള്ളയോ ക്രീം വെള്ളയോ പൂക്കള്‍.
2. ഓര്‍ണിത്തോഗാലം ഡൂബിയം
കുലകളായി വിടരുന്ന മഞ്ഞ മുതല്‍ ഓറഞ്ച് നിറം വരെയുള്ള പൂക്കള്‍.
3. ഓര്‍ണിത്തോഗാലം മാഗ്നം
ചെറിയ വെളുത്ത നിറമുള്ള നക്ഷത്രപ്പൂക്കള്‍
4. ഓര്‍ണിത്തോഗാലം നൂതന്‍സ്
വെളുത്ത പൂക്കളുടെ പുറം ഭാഗത്തായി പച്ച വര.
5. ഓര്‍ണിത്തോഗാലം അംബല്ലേറ്റം
തെളിഞ്ഞ വെള്ള നിറത്തില്‍ കുലകളായി വിടരുന്ന പൂക്കള്‍.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടര്‍, കൃഷി വകുപ്പ്, തിരുവനന്തപുരം