കര്‍ഷകരെ അവഗണിച്ച കേന്ദ്ര ബജറ്റ്
കര്‍ഷകരെ അവഗണിച്ച കേന്ദ്ര ബജറ്റ്
Saturday, March 26, 2022 11:38 AM IST
സ്വാതന്ത്ര്യത്തിന്‍റെ നൂറാം വര്‍ഷത്തിലേക്കുള്ള 'അമൃത കാല'യാത്രയുടെ ബ്ലൂ പ്രിന്‍റ് എന്നു വിശേഷിപ്പിച്ചു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച 2022-23 ലെ കേന്ദ്ര ബജറ്റില്‍ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും തികഞ്ഞ അവഗണന.

ഡിജിറ്റല്‍ കൃഷിക്കും പൊതുസ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഹൈടെക് കൃഷിക്കും പ്രാധാന്യം നല്‍കുന്ന ബജറ്റില്‍ കാര്‍ഷിക മേഖലയിലെ വരുമാന നഷ്ടവും ഗ്രാമീണ തൊഴിലില്ലായ്മയും പരിഹരിക്കാനുള്ള നിര്‍ദേശങ്ങളൊന്നുമില്ല. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മുന്‍ വാഗ്ദാനം വിസ്മരിച്ച ധനമന്ത്രി ഇന്ത്യയിലെ നഗരങ്ങള്‍ക്കു പുതിയ മുഖഛായ പകരാന്‍ ലക്ഷ്യമിടുന്ന 'അമൃത കാല' യാത്രയിലും കര്‍ഷകരെ ഒപ്പം കൂട്ടിയിട്ടില്ല.

കോവിഡിന്റെ രണ്ടു തരംഗങ്ങള്‍ക്കും ആളിക്കത്തിയ കര്‍ഷക പ്രക്ഷോഭത്തി നുമിടയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കാര്‍ഷിക മേഖല തിളക്കമാര്‍ന്ന വളര്‍ച്ച നേടി. ഈ വര്‍ഷത്തെ സാമ്പത്തിക സര്‍വേ പ്രകാരം 3.6 ശതമാനമായിരുന്നു 2020-21 ലെ കാര്‍ഷിക വളര്‍ച്ചാ നിരക്ക്. 2021-22 ല്‍ പ്രതീക്ഷിക്കുന്നത് 3.9 ശതമാനം വളര്‍ച്ചാ നിരക്കാണ്.

2020-21 ലെ ഭക്ഷ്യധാന്യ ഉത്പാദനം 308.65 ദശലക്ഷം ടണ്ണാണ്. 2019-20 വര്‍ഷത്തേക്കാള്‍ 11.5 ദശലക്ഷം ടണ്‍ കൂടുതലാണിത്. 330 ദശലക്ഷം ടണ്‍ ഹോര്‍ട്ടികള്‍ച്ചര്‍ വിളകളും 2020-21 ല്‍ ഉത്പാദിപ്പിച്ചു. കാര്‍ഷിക കയറ്റുമതിയില്‍ 2020-21 ല്‍ തലേവര്‍ഷത്തേക്കാള്‍ 25 ശതമാനം കൂടുതല്‍ വളര്‍ച്ചയുണ്ടായി. മൂന്നു ലക്ഷം കോടി രൂപയുടെ കാര്‍ഷിക കയറ്റുമതിയാണ് 2020-21 ല്‍ നടന്നതെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.

എന്നാല്‍, മറ്റു മേഖലകള്‍ തളര്‍ന്നു കിടന്നപ്പോള്‍ കാര്‍ഷിക മേഖല നടത്തിയ ഈ മികച്ച പ്രകടനത്തിന് അനുസൃതമായ പരിഗണന ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ ലഭിച്ചി ട്ടില്ല. കര്‍ഷകരുടെ വരുമാനം വര്‍ധി പ്പിക്കുന്നതിനോ കാര്‍ഷിക വിപണി ശക്തിപ്പെടുത്തുന്നതിനോ ഉള്ള നിര്‍ദേശങ്ങളൊന്നും ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ ഇല്ല.

2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്നായിരുന്നു 2016-17ലെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നടത്തിയ പ്രഖ്യാ പനം. കഴിഞ്ഞ ആറു വര്‍ഷവും മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നല്‍കിയ ഏറ്റവും വലിയ വാഗ്ദാനവും ഇതായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ബജറ്റില്‍ കര്‍ഷകരുടെ വരുമാനം ഈ ലക്ഷ്യത്തിന് അടുത്തെങ്ങുമെത്തി ക്കാന്‍ സര്‍ക്കാരിനായിട്ടില്ല.

കര്‍ഷക വരുമാനം വര്‍ധിപ്പിക്കാന്‍ നിയോഗിച്ച അശോക് ദല്‍വായി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ ലക്ഷ്യം നേടാന്‍ പ്രതിവര്‍ഷം കുറഞ്ഞത് 10 ശതമാനം വളര്‍ച്ചയെങ്കിലും കാര്‍ഷിക മേഖല കൈവരിക്കണമായിരുന്നു. അതുണ്ടായില്ല. കാര്‍ഷിക കുടുംബങ്ങ ളുടെ സ്ഥിതി വിലയിരുത്താന്‍ ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസ് നടത്തിയ 2019ലെ 77മത് വട്ടം സര്‍വേ പ്രകാരം 2019ല്‍ ഇന്ത്യയിലെ ഒരു കര്‍ഷക കുടുംബത്തിന്റെ ശരാശരി പ്രതിമാസ വരുമാനം 10218 രൂപയായിരുന്നു. 2014ലെ സര്‍വേയില്‍ ഇത് 6426 രൂപയായിരുന്നു.

എന്നാല്‍ ഇന്ധന വിലക്കയറ്റം, രാസവളങ്ങളുടെയും മറ്റ് നിവേശക വസ്തുക്കളുടെയും വിലക്കയറ്റം, പൊതു വിലക്കയറ്റം തുടങ്ങിയവ തട്ടിക്കിഴിക്കുമ്പോള്‍ കര്‍ഷകരുടെ യഥാര്‍ഥ വരുമാനം താഴോട്ടാണ് പോയിരിക്കുന്നത്. ചെറുകിട കര്‍ഷകരുടെ ഏറ്റവും വലിയ വരുമാന സ്രോതസ് ഇപ്പോള്‍ കൂലിപ്പണിയാണെന്ന് എന്‍എസ് എസ്ഒ സര്‍വേ വ്യക്തമാക്കുന്നു.

പ്രതിമാസ വരുമാനമായ 10218 രൂപയുടെ 40 ശതമാനവും കര്‍ഷ കര്‍ക്കു ലഭിക്കുന്നത് കൂലിപ്പണിയില്‍ നിന്നാണ്. വിളകളില്‍ നിന്നുള്ള വരുമാനം 37 ശതമാനം മാത്രം. വിളക ള്‍ക്ക് ന്യായവില ലഭിക്കാത്തതിനാല്‍ നിലനില്‍പ്പിനായി കര്‍ഷകര്‍ കൂലിപ്പ ണിക്കാരായി മാറുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇതിനു പരിഹാരം കാണാനുള്ള ഒരു പ്രഖ്യാപനവും ബജറ്റില്‍ ഇല്ല.

നെല്ല്, ഗോതമ്പ് സംഭരണത്തി നായി 2.37 ലക്ഷം കോടി രൂപ 163 ലക്ഷം കര്‍ഷകര്‍ക്ക് ഈ വര്‍ഷം നല്‍കുമെന്ന താണു കര്‍ഷകര്‍ക്കു വേണ്ടി ബജറ്റില്‍ നടത്തിയിരിക്കുന്ന ഏറ്റവും വലിയ പ്രഖ്യാപനം. 2021-22 ലെ ഖാരിഫ്, റാബി സീസണുകളി ലായി 1208 ലക്ഷം ടണ്‍ നെല്ലും ഗോതമ്പും സംഭരിക്കുന്ന തിന് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടു നല്‍കുന്ന തുകയാണിത്.

എന്നാല്‍, കഴിഞ്ഞ ബജറ്റില്‍ എംഎസ് പി നല്‍കിയുള്ള സംഭരണത്തിനു വേണ്ടി നീക്കിവച്ച 2.48 ലക്ഷം കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം ചെലവഴിക്കുന്ന തുക കുറവാണ്. രാജ്യത്ത് 23 കാര്‍ഷിക വിളകളാണു കുറഞ്ഞ താങ്ങുവില നല്‍കി സംഭരിക്കുന്നത്.

എന്നാല്‍, നെല്ല്, ഗോതമ്പ് എന്നീ വിളകള്‍ക്കു മാത്രമാണ് എംഎസ്പി നല്‍കിയുള്ള സംഭരണത്തിന്റെ പ്രയോജനം ലഭിക്കു ന്നത്. ഇതില്‍ 70 ശതമാനം സംഭര ണവും പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍നിന്നു മാത്രമാണ്. മൂന്നു വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം പിന്‍വലിച്ചെങ്കിലും എല്ലാ പ്രധാന കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും കുറഞ്ഞ താങ്ങുവില നിയമപരമായ ബാധ്യതയായി പ്രഖ്യാപിക്കണമെന്ന താണു കര്‍ഷകര്‍ ഇപ്പോഴും ഉന്നയി ക്കുന്ന പ്രധാന ആവശ്യം.

ഇതില്‍ കുറഞ്ഞ താങ്ങുവിലയ്ക്കു കച്ചവടക്കാര്‍ കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങിയാല്‍ അതു കുറ്റമായി കണക്കാക്കി ശിക്ഷ നല്‍കണം എന്നാണു കര്‍ഷകരുടെ ആവശ്യം. കുറഞ്ഞ താങ്ങുവില എല്ലാ വിളകളിലേക്കും വ്യാപിപ്പിക്കുന്നതിനെ ക്കുറിച്ചും ഇതു നിയമപരമായ ബാധ്യതയായി പ്രഖ്യാപിക്കുന്നതിനെ ക്കുറിച്ചും ബജറ്റ് നിശബ്ദമാണ്. വിപണിയിലെ വില പ്രഖ്യാപിച്ച താങ്ങുവിലയേക്കാളും കുറഞ്ഞാല്‍ രണ്ടും തമ്മിലുള്ള അന്തരം കര്‍ഷക രുടെ അക്കൗണ്ടിലേക്ക് പണമായി നല്‍കുന്നതിനു നടപ്പാക്കുന്ന പിഎം ആശ പദ്ധതിക്കു വേണ്ടി 2019- 20 ല്‍ നീക്കിവച്ചിരുന്നത് 1500 കോടി രൂപയായിരുന്നുവെങ്കില്‍ 2022-23 ലെ ബജറ്റില്‍ അത് ഒരു കോടി രൂപ മാത്രമാണ്.

മറ്റൊരു പ്രധാന വിപണി ഇടപെടല്‍ പദ്ധതിയായ പ്രൈസ് സപ്പോര്‍ട്ട് സ്‌കീം മാര്‍ക്കറ്റ് ഇന്റര്‍ വെന്‍ഷന്‍ സ്‌കീമിന്റെ വിഹിതം (പിഎസ്എസ്എംഐഎസ്) 3596 കോടി രൂപയില്‍നിന്നും ഈ ബജറ്റില്‍ 1500 കോടി രൂപയായി കുറച്ചു. കാര്‍ഷിക വിപണി ശക്തിപ്പെടുത്തു ന്നതിനു പകരം അതില്‍ നിന്നു പിന്‍വാങ്ങുന്നതിന്റെ സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

കര്‍ഷകരുടെ ഇടയില്‍ ഡ്രോണ്‍ ഉപയോഗം പ്രോത്സാഹിപ്പിക്കും. ഇതിനു വേണ്ടി കിസാന്‍ ഡ്രോണ്‍ പദ്ധതി നടപ്പാക്കും. ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും കാര്‍ഷികോത്പാദനം വിലയിരു ത്താനും കീടനാശിനികളും പോഷക ങ്ങളും തളിക്കുന്നതിനും ഡ്രോണ്‍ ഉപയോഗം വ്യാപകമാക്കും.

കൃഷി ആവശ്യത്തിനുള്ള ഡ്രോണുകള്‍ വാങ്ങാന്‍ കാര്‍ഷിക സര്‍വകലാശാലകള്‍ക്കും ഗവേഷണ സ്ഥാപനങ്ങ ള്‍ക്കും 100 ശതമാനം സബ്‌സിഡിയും കര്‍ഷകരുടെ ഉത്പാദക സംഘടന കള്‍ക്ക് 75 ശതമാനം സബ്‌സിഡിയും അനുവദിച്ചു കൊണ്ട് ഈ വര്‍ഷം ജനുവരിയില്‍ കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഡ്രോണ്‍ നിര്‍മാണത്തില്‍ രാജ്യത്തെ സ്വകാര്യ മേഖലയെ സ്വയംപര്യാപ്ത മാക്കാന്‍ വിദേശത്ത് സമ്പൂര്‍ണമായി നിര്‍മിച്ച ഡ്രോണുകളുടെ ഇറക്കു മതിയും കേന്ദ്ര ഗവണ്മെന്റ് നിരോധിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ ക്യഷി പ്രോത്സാ ഹിപ്പിക്കുന്നതിന്റെ ഭാഗമായാണു കേന്ദ്രം ഡ്രോണുകളുടെ ഉപയോഗം വ്യാപകമാക്കുന്നത്. കര്‍ഷകര്‍ക്ക് ഹൈടെക് ഡിജിറ്റല്‍ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് പൊതുമേഖലയിലെ കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ അഗ്രി ടെക് കമ്പനികളും ചേര്‍ന്നു പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള ഒരു പദ്ധതി തുടങ്ങുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

സംയുക്ത നിക്ഷേപ മാതൃകയില്‍ നബാര്‍ഡില്‍ പ്രത്യേക നിക്ഷേപ ഫണ്ട് രൂപീകരിക്കും. കാര്‍ഷികോത് പന്നങ്ങളുടെ മൂല്യശൃംഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കാര്‍ ഷിക ഗ്രാമീണ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് ഈ ഫണ്ട് വിനിയോഗിക്കും.


കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ വാടകയ്ക്കു നല്‍കുക, കര്‍ഷകരുടെ ഉത്പാദക സംഘടനകളെ സഹായിക്കുക, വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് സാങ്കേതിക വിദ്യ കൈ മാറുക തുടങ്ങിയവയായിരിക്കും ഈ സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രധാന ദൗത്യങ്ങള്‍.

അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പിഎം ഗതിശക്തി യുടെ ഭാഗമായി കര്‍ഷകരുടെ ഉത്പനങ്ങള്‍ കൊണ്ടു പോകുന്ന തിനും മറ്റും റെയില്‍വേ സേവനം കൂടുതല്‍ വിപുലീകരിക്കും. കര്‍ഷ കര്‍ക്കും ചെറുകിട സംരംഭകര്‍ക്കും വേണ്ടി ഒരു സ്‌റ്റേഷന്‍ ഒരു ഉത്പന്നം' എന്ന ആശയത്തിന് കൂടുതല്‍ പ്രചാരം നല്‍കും.

പേരില്‍ ചെറുതാണെങ്കിലും കാര്യത്തില്‍ ചെറുതല്ല ചെറുധാന്യങ്ങള്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ജീവിതശൈലീ രോഗങ്ങളുടെയും ഈ കാലഘട്ടത്തില്‍ ചെറുധാന്യങ്ങളുടെ പ്രധാന്യം വര്‍ധിച്ചുവരികയാണ്. കൂവരക്, ബജ്ര, വരക്, ചാമ, തിന, പനിവരക്, കുതിരവാലി എന്നിങ്ങനെ ഒട്ടേറെ ചെറുധാന്യങ്ങള്‍ നമ്മുടെ കൃഷിയിടത്തില്‍ കൃഷി ചെയ്തിരുന്നു.

ഭാവിയിലെ സൂപ്പര്‍ ഫുഡ് എന്നറിയപ്പെടുന്ന ചെറു ധാന്യങ്ങള്‍ ഇന്നു തിരിച്ചു വരവിന്റെ പാതയിലാണ്. 2023 ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വര്‍ഷമായി ഐക്യരാഷ്ട്ര സംഘടന പ്രഖാപിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും ബ്രാണ്ടിംഗ് നടത്തി ചെറു ധാന്യങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുമെന്നാണു ബജറ്റിലെ പ്രഖ്യാപനം. ചെറു ധാന്യങ്ങളുടെ ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കുന്നതിനും മൂല്യവര്‍ധനവിനും കേന്ദ്രം സഹായം നല്‍കും. ഇവയുടെ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ കയറ്റുമതി വന്‍തോതില്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

ഇറക്കുമതി കുറച്ച് ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് എണ്ണക്കുരു വിളകള്‍ക്കു വേണ്ടി സമഗ്രമായ ഒരു പദ്ധതി നടപ്പാക്കും. സ്വകാര്യ മേഖലക്കു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള എണ്ണപ്പന കൃഷി വ്യാപനമായിരിക്കും പദ്ധതിയിലെ പ്രധാന പരിപാടി. പാമോയില്‍ ഇറക്കുമതിക്കു വേണ്ടി അന്യരാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ഭക്ഷ്യ എണ്ണ വില നിയന്ത്രിക്കുന്നതിനുമായി ദേശീയ ഭക്ഷ്യ എണ്ണ മിഷന്റെ ഭാഗമായി എണ്ണപ്പന ഉപമിഷന്‍ നടപ്പാക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചിരുന്നു.

മൂന്നര ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് രാജ്യത്ത് ഇപ്പോള്‍ എണ്ണപ്പന കൃഷി. 2029 ഓടെ ഇത് 16.7 ലക്ഷം ഹെക്ടറായി ഉയര്‍ത്തും. ഇതിന്റെ 34 ശതമാനം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും 19 ശതമാനം ആന്ധ്രപ്രദേശിലും 16 ശതമാനം തെലുങ്കാനയിലും ബാക്കി മറ്റ് സംസ്ഥാനങ്ങളിലുമായിരിക്കും. പഴംപച്ചക്കറി വിളകളുടെ മികച്ച ഇനങ്ങള്‍ കൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനും സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ സമഗ്രമായ പാക്കേജ് നടപ്പാക്കും. ഇവയുടെ വിളവെടുപ്പിനു ശേഷമുള്ള സംഭരണവും സംസ്‌കരണവും മൂല്യവര്‍ധനവും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി നേരിടുന്നതിനു കുറഞ്ഞ കാര്‍ബണ്‍ ഉപഭോഗം ലക്ഷ്യമാക്കിക്കൊണ്ടുള്ള സുസ്ഥിര വികസന മാതൃകകള്‍ എല്ലാ മേഖലകളിലും പ്രോത്സാഹിപ്പിക്കും. വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതു കൃഷിയില്‍ നിന്നുള്ള ഹരിത ഗൃഹ വാതക വിസജനത്തിന്‍റെ പ്രധാന സ്രോതസുകളില്‍ ഒന്നാണ്. താപോര്‍ജ നിലയങ്ങളില്‍ അഞ്ചു മുതല്‍ എഴുശതമാനം വരെ കര്‍ഷകരുടെ വിള അവശിഷ്ടങ്ങള്‍ പെല്ലറ്റ് രൂപത്തില്‍ കത്തിക്കും.

ഇത് വായു മലിനീകരണം തടയുന്നതിനു പുറമെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം നല്‍കും. കാര്‍ഷിക വനവത്കരണത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കും. കാര്‍ഷിക വനവത്കരണവും സ്വകാര്യ വനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് നിയമ ഭേദഗതി കൊണ്ടുവരും. കാര്‍ഷിക വനവത്കരണ പരിപാടികള്‍ ഏറ്റെടുത്തു നടപ്പാക്കാന്‍ താത്പര്യമുള്ള പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെട്ട കര്‍ഷകര്‍ക്ക് കേന്ദ്ര ഗവണ്മെന്റ് സാമ്പത്തിക സഹായം നല്‍കും.

രാസവസ്തുക്കള്‍ ഉപയോഗിക്കാത്ത ജൈവ കൃഷി രാജ്യമൊട്ടാകെ പ്രോത്സാഹിപ്പിക്കുമെന്നതാണ് ബജറ്റിലെ ഒരു പ്രധാന പ്രഖ്യാപനം. ഗംഗാ നദിയുടെ അഞ്ചു കിലോമീറ്റര്‍ വീതിയുള്ള ഇടനാഴികളില്‍ കര്‍ഷകരുടെ വയലുകളിലായിരിക്കും പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുക. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരമ്പരാഗത കൃഷി യോജന ഈ ബജറ്റില്‍ രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ കീഴില്‍ കൊണ്ടുവന്നു. എന്നാല്‍ ബജറ്റ് വിഹിതം വ്യക്തമല്ല.

ഹരിത വിപ്ലവ പരിപാടികള്‍ എന്ന പേരില്‍ കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന ചില പദ്ധതികളും ഈ ബജറ്റില്‍ രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ കീഴില്‍ കൊണ്ടു വന്നിട്ടുണ്ട്. 2021-22 ലെ പുതുക്കിയ ബജറ്റില്‍ ഹരിതവിപ്ലവ പരിപാടികള്‍ക്കു വേണ്ടി 8852.65 കോടി രൂപയാണ് നീക്കി വച്ചിരുന്നതെങ്കില്‍ രാഷ്ട്രീയ കൃഷി വികാസ് യോജനയ്ക്കുവേണ്ടി ഈ ബജറ്റില്‍ 10433 കോടി രൂപയാണ് നല്‍കുന്നത്. ജൈവകൃഷി വികസനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ഇതു സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്യം നല്‍കും.

പ്രകൃതി കൃഷി, ചെലവില്ലാ പ്രകൃതി കൃഷി, ജൈവകൃഷി, ആധുനിക കൃഷി, മൂല്യവര്‍ധനവ്, മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി കാര്‍ഷിക കോഴ്‌സുകളുടെ സിലബസ് പരിഷ്‌കരിക്കാന്‍ കാര്‍ഷിക യൂണിവേഴ്‌സിറ്റികളെ പ്രോത്സാഹിപ്പിക്കുമെന്നാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം.

44605 കോടി രൂപ ചെലവില്‍ കെന്‍ ബെട്വാ നദീ സംയോജന പദ്ധതി നടപ്പാക്കും. ഇത് 9.08 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയില്‍ ജലസേചനം എത്തിക്കും. മറ്റ് അഞ്ച് നദീസംയോജന പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകളും തയാറാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ തമ്മില്‍ യോജിപ്പില്‍ എത്തുന്നതിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതികളും നടപ്പാക്കും.

2022-23 ലെ ബജറ്റില്‍ കൃഷിക്കുള്ള വിഹിതത്തില്‍ നാമമാത്രമായ വര്‍ധനവ് മാത്രമാണുള്ളത്. കര്‍ഷകര്‍ക്കു വായ്പ നല്‍കുന്നതിനുള്ള ലക്ഷ്യം 202122 ലെ 16.5 ലക്ഷം കോടിയില്‍ നിന്നും ഈ ബജറ്റില്‍ 18 ലക്ഷം കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

എന്നാല്‍ രാസവളത്തിനു നല്‍കുന്ന സബ്‌സിഡി കഴിഞ്ഞ ബജറ്റിലെ 140122 കോടി രൂപയില്‍ നിന്നും 2022-23ല്‍ 105222 കോടി രൂപയായി വെട്ടിക്കുറച്ചു. കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന യൂറിയയുടെയും പോഷകാധിഷ്ഠിത എന്‍ പി കെ യുടെയുമെല്ലാം സബ്‌സിഡി കുത്തനെ കുറച്ചത് കര്‍ഷകരെ പ്രതിസന്ധിയിലാക്കും. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി 2020 മെയില്‍ പ്രഖ്യാപിച്ച ഒരു ലക്ഷം കോടി രൂപയുടെ അഗ്രി ഇന്‍ഫ്രാസ്ടക്ച്ചര്‍ ഫണ്ടിന് ഈ ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത് 500 കോടി രൂപ മാത്രമാണ്.

ദേശീയ വിള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയുടെ വിഹിതം ഈ ബജറ്റില്‍ 500 കോടി രൂപ കണ്ട് കുറഞ്ഞു. കര്‍ഷകര്‍ക്ക് മൂന്നു തവണയായി ഒരു വര്‍ഷം 6000 രൂപ അക്കൗണ്ടില്‍ നല്‍കുന്ന പിഎം കിസാന്‍ വിഹിതം കഴിഞ്ഞ ബജറ്റിലെ 67500 കോടി രൂപയില്‍ നിന്നും ഈ ബജറ്റില്‍ 68000 കോടി രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ഗ്രാമീണ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 6000 രൂപ ഇരട്ടിയെങ്കിലും ആക്കണമെന്ന കര്‍ഷകരുടെ ആവശ്യം ധനമന്ത്രി അംഗീകരിച്ചിട്ടില്ല. കന്നുകാലി വളര്‍ത്തല്‍, ക്ഷീരവികസനം, ഫിഷറീസ് മേഖലകള്‍ക്കുള്ള വിഹിതം കാര്യമായി വര്‍ധിപ്പിച്ചതാണ് ബജറ്റിലെ ഏക ആശ്വാസം.

ഡോ. ജോസ് ജോസഫ്