മഞ്ഞള്‍ നടാം... ആദായം നേടാം
മഞ്ഞള്‍ നടാം... ആദായം നേടാം
Thursday, June 30, 2022 4:22 PM IST
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്‍ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളിലും സൗന്ദര്യ വര്‍ധക വസ്തുക്കളിലും മഞ്ഞള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു. മഞ്ഞളിന്റെ ഉത്പാദനത്തിലും കയറ്റുമതിയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. കേരളത്തില്‍ ഏകദേശം 2400 ഹെക്ടര്‍ സ്ഥലത്ത് മഞ്ഞള്‍ കൃഷി ചെയ്യുന്നു.

കാലാവസ്ഥയും മണ്ണും

ഉഷ്ണമേഖലാ സസ്യമായ മഞ്ഞളിനു നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള പശിമരാശി മണ്ണാണ് അനുയോജ്യം. സിന്‍ജിബെറേസിയ കുടുംബത്തിലെ അംഗമായ ഈ വിളയ്ക്ക് സമുദ്രനിരപ്പില്‍ നിന്ന് 1500 മീറ്റര്‍ ഉയരത്തില്‍ വരെ വളരാന്‍ സാധിക്കും. തനിവിളയായും ഇടവിളയായും മഞ്ഞള്‍ കൃഷി ചെയ്യാം. തണലില്‍ വളരാനുള്ള കഴിവും ആഴത്തില്‍ ഇറങ്ങാത്ത വേരുപടലവും ഇതിനെ നല്ലൊരു ഇടവിളയാക്കാന്‍ സഹായിക്കുന്നു.

കൃഷിയിടമൊരുക്കല്‍

വേനല്‍കാല മഴ ലഭിക്കുന്നതു കണക്കാക്കി മഞ്ഞള്‍ നടുന്നതാണു നല്ലത്. സാധാരണ ഫെബ്രുവരി- മാര്‍ച്ച് മാസത്തില്‍ നിലം നല്ലതുപോലെ ഉഴുത് കട്ട ഉടച്ച് ഇടുക. 3 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള വാരങ്ങള്‍ 40 സെ.മീ അകലത്തില്‍ എടുക്കുക. ഇങ്ങനെ തിരിച്ച വാരങ്ങളില്‍ 25 ഃ 25 സെ.മീ അകലത്തില്‍ ചെറിയ കുഴികളെടുത്ത് മഞ്ഞള്‍ വിത്ത് നടാവുന്നതാണ്. കൃഷി ഇറക്കുമ്പോള്‍ മണ്ണില്‍ ജൈവാംശം ഉറപ്പാക്കുന്നതോടൊപ്പം തന്നെ മണ്ണിന്റെ അമ്ലത 4.5 നും 7.5 നും ഇടയില്‍ ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം.

വിത്ത്

നടാനുള്ള വിത്ത് തെരഞ്ഞെടുക്കുമ്പോള്‍ മാതൃപ്രകന്ദങ്ങളോ ലഘുപ്രകന്ദങ്ങളോ ഉപയോഗിക്കാവുന്നതാണ്. നല്ല ആരോഗ്യമുള്ളതും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതുമായ വിത്തുകള്‍ തെരഞ്ഞെടുക്കുക. ഒരു സെന്റ് സ്ഥലത്തേയ്ക്ക് ഏകദേശം 10 കിലോ വിത്ത് ആവശ്യമാണ്. നടുന്നതിനായി പ്രകന്ദങ്ങള്‍ മുഴുവനായോ മുറിച്ചോ ഉപയോഗിക്കാം. എന്നിരുന്നാലും ഒരു മുകുളമെങ്കിലുമുള്ള പ്രകന്ദങ്ങളാണ് നല്ലത്.

നടുന്നതിന് മുന്നോടിയായി വിത്ത് കോപ്പര്‍ ഓക്‌സി ക്ലോറ്റൈഡ് എന്ന കുമിള്‍നാശിനിയിലോ 0.2% സ്യൂഡോമോണസ് ഫ്‌ളൂറസൈന്‍സ് ലായനിയിലോ മുക്കി തണലില്‍ ഉണക്കി ഉപയോഗിക്കുന്നത് രോഗനിയന്ത്രണത്തിന് സഹായകമാണ്.

പ്രധാനപ്പെട്ട ഇനങ്ങള്‍

കേരള കാര്‍ഷിക സര്‍വകലാശാല ഇനങ്ങള്‍ - സോന, വര്‍ണ, ശോഭ, കാന്തി ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ഇനങ്ങള്‍ - പ്രദ, പ്രതിഭ, ആലപ്പി സുപ്രീം, സുഗുണ, സുവര്‍ണ, സുദര്‍ശന, കേദാരം.

വളപ്രയോഗവും പുതയിടീലും

കൃഷി ചെയ്യുന്നതിനു മുന്നോടിയായി മണ്ണില്‍ ജൈവാംശം ഉറപ്പാക്കു ന്നതു നല്ല വിളവ് ലഭിക്കുന്നതിന് സഹായകമാണ്. ജൈവവളങ്ങള്‍ നിലമൊരുക്കുന്ന സമയത്ത് മണ്ണില്‍ അടിവളമായി കൊടുക്കാവുന്നതാണ്. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 30-40 ടണ്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്ത് മണ്ണിനെ സമ്പുഷ്ടീകരിക്കണം. നിലമൊരുക്കുന്ന സമയത്ത് അടിവളം ചേര്‍ത്തിട്ടില്ലെങ്കില്‍ നടീല്‍ കഴിഞ്ഞ് വാരങ്ങളില്‍ ജൈവവളങ്ങള്‍ വിതറികൊടുക്കാവുന്നതാണ്.

വിവിധ മണ്ണിനങ്ങളില്‍ മൂലകങ്ങളുടെ അളവ് വ്യത്യാസപ്പെട്ടിരിക്കുമെന്നതിനാല്‍ മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ ജൈവ വളത്തോ ടൊപ്പം രാസവളങ്ങളും ചേര്‍ത്ത് കൊടുക്കാവുന്നതാണ്. ഒരു സെന്റില്‍ 260ഗ്രം യൂറിയ, 600 ഗ്രാം രാജ്‌ഫോസ്, 400 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ അടിവളമായി നല്കണം. നട്ട് ഒരു മാസത്തിനു ശേഷം 175 ഗ്രാം യൂറിയ നല്‍കാവുന്നതാണ്. ബാക്കിയുള്ള 85 ഗ്രാം യൂറിയയും 200 ഗ്രാം പൊട്ടാഷും നട്ട് 60 ദിവസത്തിനുശേഷം നല്‍കണം.


നട്ടശേഷം മഞ്ഞളിന് ചെയ്യുന്ന ഒരു പ്രധാന കൃഷിപ്പണിയാണ് പുതയിടീല്‍. സെന്റിന് 50-60 കിലോ എന്ന തോതില്‍ പച്ചില കൊണ്ട് പുതയിടണം. ഇതു മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും പ്രകന്ദങ്ങള്‍ നന്നായി മുളപൊട്ടുന്നതിനും അതുപോലെ തന്നെ കള നിയന്ത്രണത്തിനും സഹായകമാണ്. പച്ചിലയുടെ ലഭ്യത അനുസരിച്ച് 50 ദിവസത്തിനുശേഷം ഇത് ആവര്‍ത്തിക്കാവുന്നതാണ്.

കള നിയന്ത്രണവും മണ്ണടുപ്പിക്കലും

വിളയുടെ വളര്‍ച്ചാദശയില്‍ കളനിയന്ത്രണം നടത്തേണ്ടത് അത്യാവശ്യമാണ്. വിളയുടെ ശരിയായ വളര്‍ച്ചക്കും കീടരോഗ നിയന്ത്രണത്തിനും ഇത് ഉപകാരപ്രദമാണ്. മഞ്ഞള്‍ നട്ട് 60,120,150 ദിവസം കഴിയുമ്പോള്‍ കളകള്‍ പറിച്ച് നീക്കണം. നട്ട് 60 ദിവസം കഴിയുമ്പോള്‍ കളയെടുത്തശേഷം മണ്ണ് കൂട്ടികൊടുക്കണം.

വിളവെടുപ്പ്

നടാന്‍ ഉപയോഗിക്കുന്ന ഇനത്തി നനുസരിച്ചാകും വിളദൈര്‍ഘ്യം. സാധാരണയായി ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണു വിളവെടുപ്പുകാലം. ഹ്രസ്വകാല ഇനങ്ങള്‍ 7-8 മാസമാകുമ്പോളും മധ്യകാല ഇനങ്ങള്‍ 8-9 മാസമാകുമ്പോളും വിളവെടുക്കാന്‍ തയാറാകും.

വിളവെടുക്കാന്‍ തയാറാകുമ്പോള്‍ ചെടിയുടെ ഇലകള്‍ മഞ്ഞളിച്ച് ചെടി ഉണങ്ങി തുടങ്ങും. മണ്‍ വെട്ടി ഉപയോഗിച്ച് കിളച്ച് മഞ്ഞളിനു ക്ഷതമേല്‍ക്കാതെ വിളവെടുക്കാം. ഇങ്ങനെ ശേഖരിച്ചെടുക്കുന്ന മഞ്ഞളി ന്റെ മാതൃ പ്രകന്ദങള്‍ അടുത്ത കൃഷിക്ക് വിത്തിനായി ഉപയോഗിക്കാ വുന്നതാണ്. ഇതിന്റെ ഉപകാണ്ഡങ്ങള്‍ സംസ്‌കരിച്ച് ഉണക്ക മഞ്ഞള്‍, മഞ്ഞള്‍ പൊടി തുടങ്ങിയ മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാവുന്നതാണ്.

കീടരോഗനിയന്ത്രണം

കാര്യമായ കീടരോഗങ്ങള്‍ ബാധിക്കാത്ത വിളയാണ് മഞ്ഞളെങ്കിലും കൃത്യമായ കൃഷിയിട പരിശോധന കീടരോഗങ്ങളെ അകറ്റി നിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു. വിളകളില്‍ രോഗനിയന്ത്രണത്തിനുള്ള പ്രധാന മാര്‍ഗം കൃഷിയിടം ശുചിയായി സൂക്ഷിക്കുക എന്നുള്ളതാണ്. കൃത്യമായ കളനിയന്ത്രണവും വാരങ്ങളില്‍ വേപ്പിന്‍ പിണ്ണാക്ക് ഇടുന്നതും കീടരോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായകമാണ്. കീടരോഗങ്ങള്‍ ഇല്ലാത്ത പ്രകന്ദങ്ങള്‍ തെരഞ്ഞെടുക്കുക എന്നത് അതിപ്രധാനമായ കാര്യമാണ്.

കീടനിയന്ത്രണത്തിന് ജൈവകീടനാശിനിയായ ബ്യുവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റര്‍ എന്ന തോതില്‍ തളിക്കാവുന്നതാണ്. കൂടാതെ രോഗനിയന്ത്രണത്തിനായി ട്രൈക്കോഡെര്‍മ അല്ലെങ്കില്‍ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കാം. വാട്ടരോഗമോ മൂടുചീയല്‍ രോഗമോ കാണുന്നുണ്ടെങ്കില്‍ ബോര്‍ഡോമിശ്രിതം 1% വീര്യത്തില്‍ തടം കുതിരത്തക്കവണ്ണം ഒഴിച്ചു കൊടുക്കാവുന്നതാണ്.

ജ്യോതിലക്ഷ്മി എസ്, ഡോ. ലക്ഷ്മി എസ്.എല്‍ & ഡോ. അതുല്‍ ജയപാല്‍
ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം