മുംബൈ വിട്ടു ഷിമോഗയില്‍; ജോമി നേടിയതു സമാനതകളില്ലാത്ത കൃഷി വിജയം
മുംബൈ വിട്ടു ഷിമോഗയില്‍; ജോമി നേടിയതു സമാനതകളില്ലാത്ത കൃഷി വിജയം
Friday, July 22, 2022 2:43 PM IST
ഡിഗ്രിയും എംബിഎയും കഴിഞ്ഞു മുംബൈയില്‍ പ്രശസ്തമായ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴും ജോമി മാത്യുവിന്റെ മനസ് അസ്വസ്ഥമായിരുന്നു. ഇതൊന്നുമല്ല തന്റെ വഴിയെന്ന് എപ്പോഴും മനസ് മന്ത്രിച്ചുകൊണ്ടിരുന്നു. സ്വന്തമായിട്ടെന്തെങ്കിലും ചെയ്യണമെന്നായിരുന്നു ഉള്‍വിളി. തൊണ്ണൂറുകളുടെ മധ്യത്തിലാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു നല്ല വിലയുള്ള കാലം.

കാര്‍ഷിക കുടുംബത്തില്‍ ജനിച്ചതു കൊണ്ടാണോ? പിതാവിന്റെ കൃഷി ആഭിമുഖ്യം കണ്ടു വളര്‍ന്നിട്ടാണോ? അതോ രണ്ടും കൂടിയാണോ? എതാണെന്നറിയില്ല, കൃഷി തന്നെ ജീവിതമാര്‍ഗമെന്നു തീരുമാനിച്ചു.

ഒട്ടും വൈകിയില്ല, ജോലി രാജിവച്ചു കര്‍ണാടകയിലെ ഷിമോഗയിലെത്തി. കുടിയേറ്റ കര്‍ഷകരുടെ കേന്ദ്രമായ ഹാലുഗുഡ്ഡേയില്‍ 30 ഏക്കര്‍ സ്ഥലം വാങ്ങി. തെങ്ങും റബറും കമുകും നട്ടു. ഇഞ്ചി, വാഴ, പപ്പായ, കുരുമുളക്, കാപ്പി, കൊക്കോ, ഏലം തുടങ്ങിയ ഇടവിളകളുമായി കൃഷി മെല്ലെ പുരോഗമിച്ചു. സമ്മിശ്രകൃഷി. ഒന്നിനു വില കുറഞ്ഞാല്‍ മറ്റൊന്നിനു നല്ല വില.

ജോമിയുടെ പരീക്ഷണം വിജയം കണ്ടു. 2013 മുതല്‍ റബര്‍ തോട്ടങ്ങളില്‍ കുരുമുളക്, കാപ്പി, കൊക്കോ എന്നിവയും ഇടവിളയായി ചെയ്തു തുടങ്ങി. കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ടു മാത്രം കൂടുതല്‍ സ്ഥലം സ്വന്തമാക്കി. ഇപ്പോള്‍ നാലിടങ്ങളിലായി നൂറോളം ഏക്കര്‍. ഏകവിളയ്ക്കു പകരം ബഹുവിള കൃഷി നടത്തിയതോടെ വരുമാനം മൂന്നിരട്ടിയായി. ഇപ്പോള്‍ ഏക്കറിന് അഞ്ച് ലക്ഷം രൂപവരെ വരുമാനമുണ്ട്.

റബര്‍ തോട്ടങ്ങളില്‍ നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ കുരുമുളക് ആദായകരമായി കൃഷി ചെയ്യാമെന്നാണ് ജോമിയുടെ അനുഭവം. റബര്‍ മരങ്ങളില്‍ മാത്രമല്ല, തെങ്ങ്, കമുക്, സുബാബുള്‍, സില്‍വര്‍ ഓക്ക്, പൂവരശ്, ശീമക്കൊന്ന തുടങ്ങിയ താങ്ങുമരങ്ങളിലും കുരുമുളക് പടര്‍ ത്തിയിട്ടുണ്ട്. റബര്‍ മരത്തി ന്റെ ചുവട്ടിലെ കുരുമുളക് വള്ളികള്‍ അയഞ്ഞു കിടക്കുന്നതിനാല്‍ ടാപ്പിംഗിനും ബുദ്ധിമുട്ടില്ല.

താങ്ങുമരങ്ങള്‍ക്കു പകരം കോണ്‍ ക്രീറ്റ് കാലുകള്‍ ഉപയോഗിക്കുന്നത് ആദായകരമല്ലെന്നാണ് ജോമിയുടെ അഭിപ്രായം. ഒരു കോണ്‍ക്രീറ്റ് കാലിന് 1500 രൂപയോളം ചെലവ് വരും. ഹെക്ടറിന് ആയിരത്തോളം കാലുകള്‍ വേണം. ആ ഇനത്തില്‍ മാത്രം 15 ലക്ഷം രൂപ കൂടുതലായി കണ്ടെത്തണം. മാത്രമല്ല, ചൂടിനെ പ്രതിരോ ധിക്കാന്‍ കൃത്രിമ തണലിനുള്ള സംവിധാ നം ഒരുക്കുക യും വേണം. അ തി നും വേണം നല്ലൊരു തുക. താ ങ്ങുമരങ്ങളാണെങ്കില്‍ ഈ പ്രശ് നമൊന്നുമില്ല.

ഏക്കറില്‍ 400 കുരുമുളക് ചെടികള്‍ എന്നതാണു ജോമിയുടെ തോട്ടത്തിലെ കണക്ക്. റബര്‍ നട്ട് രണ്ടു വര്‍ഷത്തിനുള്ളില്‍ കുരുമുളക് ചെടികളും നടും. രണ്ടു വര്‍ഷത്തിനുശേഷം തോട്ടത്തില്‍ സൂര്യപ്രകാശം കുറയുന്നതു കുരുമുളക് ചെടിയുടെ വളര്‍ച്ചയെ ബാധിക്കാന്‍ സാധ്യതയുണ്ട്.

മൂന്നാം വര്‍ഷം മുതല്‍ കുരുമുളകില്‍ നിന്ന് ആദായം ലഭിച്ചുതുടങ്ങും. 4-5 വര്‍ഷം പ്രായമുള്ള ചെടിയില്‍ നിന്നു സാധാരണ മൂന്നു കിലോ വരെ ഉണക്ക കുരുമുളക് ലഭിക്കും. എട്ടു കിലോ വരെ കിട്ടിയ അവസരങ്ങളുമുണ്ടായിട്ടുണ്ട്. പന്നിയൂര്‍ 1,2,5,8 ഇനങ്ങള്‍, കരിമുണ്ട, നീലമുണ്ടി, പഞ്ചമി, ജീരകമുണ്ടി, ഐമ്പിരിയന്‍, തേവം തുടങ്ങി 50 ഇനം കുരുമുളക് ചെടികള്‍ ജോമിയുടെ തോട്ടത്തിലുണ്ട്.



സീയോണ്‍ മുണ്ടി, സിഗന്ധിനി എന്നീ ഇനങ്ങളും മികച്ച വിളവ് നല്‍കുന്നവയാണ്. അഞ്ചിനങ്ങള്‍ അദ്ദേഹം കണ്ടെത്തി വികസിപ്പിച്ചിട്ടുമുണ്ട്. വി- സീരിസ് (വി1,വി2,വി3, വി4,വി5) എന്നാണ് അവയ്ക്ക് പേരു കൊടുത്തിരിക്കുന്നത്.

കരിമുണ്ട നല്ല ആദായം നല്‍കുമെങ്കിലും കേട് കൂടുതലാണ്. മികച്ച പ്രതിരോധ ശേഷി പന്നിയൂര്‍ ഇനങ്ങള്‍ക്കാണ്. പാലാ പ്രദേശത്തുള്ള ചെറിയ കാണിയക്കാടന്‍, നെടുമങ്ങാട്ട് പ്രദേശത്തുള്ള ഉതിരന്‍കോട്ട ഇനങ്ങള്‍ സംയോജിപ്പിച്ചാണ് 1971-ല്‍ ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് കുരുമുളക് ഇനം പന്നിയൂര്‍ 1 വികസിപ്പിച്ചെടുത്തത്. ഇതുതന്നെയാണ് ഇന്നും ലോകത്തിലെ ഏറ്റവും മികച്ച കുരുമുളക് ഇനം. കേറ് തലകളാണു നടാനായി ജോമി ഉപയോഗിക്കുന്നത്. കുരുമുളക് തൈകള്‍ ക്കൊപ്പം സുബാബുള്‍ തൈകളും നടും. രണ്ടും ഒന്നിച്ചുവളരും. ജെവവളങ്ങള്‍ക്കൊപ്പം രാസവളങ്ങളും അദ്ദേഹം പ്രയോഗിക്കുന്നുണ്ട്.

കുരുമുളകിന്റെ ഉത്പാദനക്ഷമത ഹെക്ടറിന് ആറ് ടണ്ണിന് മുകളിലെത്തിക്കാന്‍ ജോമിക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ പേരിലാണ് ഇന്റര്‍ നാഷണല്‍ പെപ്പര്‍ കമ്യൂണിറ്റിയുടെ മികച്ച കുരുമുളക് കര്‍ഷകനുള്ള പുരസ്‌കാരം ജോമിയെത്തേടിയെത്തിയത്. സാധാരണ നിലയില്‍ ഹെക്ടറിന് 2.5- 5 ടണ്‍ വിളവാണു കുരുമുളകിനു കിട്ടുന്നത്.

റബര്‍ തോട്ടങ്ങളില്‍ ഫലപ്രദമായി ചെയ്യാവുന്ന മറ്റൊരു ഇടവിളയാണ് കാപ്പി. ഒരേക്കറില്‍ 720 ചെടികള്‍ വരെ നടാം. മൂന്നാം വര്‍ഷം മുതല്‍ ജോമി കാപ്പിക്കുരു പറിച്ചു തുടങ്ങി. ചന്ദ്രഗിരി, ഹേമാവതി, സി.എക്‌സ്.ആര്‍ തുടങ്ങിയ ഇനങ്ങളാണു കൃഷി ചെയ്തിരിക്കുന്നത്.

ഇടവിളയായി ചെയ്തിരിക്കുന്ന കൊക്കൊയില്‍ നിന്നു മികച്ച ആദായമാണു ലഭിക്കുന്നത്. എന്നാല്‍, കൊക്കോ നല്ലൊരു ഇടവിളയാണെന്ന അഭിപ്രായം അദ്ദേഹത്തിനില്ല. ഇതിനിടെ, റബര്‍ കര്‍ഷകരെ സംഘടിപ്പിച്ച് ശരാവതി റബര്‍ പ്രൊഡ്യൂസിംഗ് സൊസൈറ്റിയും ജോമി രൂപീകരിച്ചു.

സമുദ്രനിരപ്പില്‍ നിന്ന് 700 മീറ്ററിനു മുകളിലാണു ജോമിയുടെ തോട്ടം. അനുകൂല കാലവസ്ഥയും ശാസ്ത്രീയ പരിചരണവുമാണ് തന്റെ കൃഷി വിജയത്തിനു പിന്നിലെന്നു ജോമി കരുതുന്നു. ഭാര്യ: പാലാ പുതിയാപറമ്പില്‍ ഡെയ്‌സി. മക്കള്‍: ജോസഫ്, വിയാന്‍ (ഇരുവരും വിദ്യാര്‍ഥികള്‍)

ഫോണ്‍: 9448255748