കായമില്ലാതെ സാമ്പാറും അച്ചാറുമില്ല
കായമില്ലാതെ സാമ്പാറും അച്ചാറുമില്ല
Thursday, August 11, 2022 4:55 PM IST
സാമ്പാറിനും അച്ചാറിനും കായമില്ലാതെ പറ്റില്ല. പ്രത്യേക രുചിയും മണവും നല്‍കുന്നതോടൊപ്പം ഔഷധഗുണമുണ്ട് കായത്തിന്. പ്രോട്ടീന്‍, കൊഴുപ്പ്, ഫൈബര്‍, കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. അംബെല്ലിഫറെ സസ്യകുടുംബത്തില്‍പ്പെട്ട കായ ചെടിയുടെ വേരുകളില്‍ നിന്നെടുക്കുന്ന കറയാണു കായം. ഫെറൂല അസഫോയിറ്റിഡേ എന്നാണു ചെടിയുടെ ശാസ്ത്ര നാമം.

രണ്ടു മുതല്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ വളരുന്ന ചെടിയാണിത്. രോമങ്ങളോട് കൂടിയ മൃദുവായ ഇലകളും, ശാഖകളുടെ അഗ്രഭാഗത്തായി പൂങ്കുലകളും കാണാം. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണു പൂവിടുന്നത്. പൂക്കള്‍ക്കു മഞ്ഞ നിറമാണ്. 8 മില്ലിമീറ്റര്‍ വരെ നീളമുള്ള കായകളുമുണ്ടാകും. ചെടിയെ അപേക്ഷിച്ച് വേരുകള്‍ക്ക് വണ്ണം കൂടുതലാണ്. ഇതിന് കാരറ്റിനോട് രൂപസാദൃശ്യമുണ്ട്.

നട്ടു നാലു വര്‍ഷമായാല്‍ വേരുകളില്‍ നിന്നു കായം ശേഖരിക്കാം. ഇതിനായി വേരുകളില്‍ മുറിവ് ഉണ്ടാക്കണം. രണ്ടുദിവസം കഴിഞ്ഞ് കറ ശേഖരിക്കാം. രണ്ടുദിവസത്തിനു ശേഷം വീണ്ടും അല്പം മുകളിലായി മുറിവ് ഉണ്ടാക്കി വീണ്ടും കറ ശേഖരിക്കാം. ഇത്തരത്തില്‍ ശേഖരിച്ച കറ ശുദ്ധീകരിച്ചാണ് കായമായി വിപണിയിലെത്തിക്കുന്നത്.

കായത്തിന് തീക്ഷണ ഗന്ധവും എരിവുമുണ്ട്. കായം ഭക്ഷണങ്ങളില്‍ നേരിട്ട് ഉപയോഗിക്കാറില്ല. ഗോതമ്പ്, മൈദ, ഗം അറബിക്, അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയവയുമായി ചേര്‍ത്ത് ചെറിയ കട്ടകളായും, ഗുളിക രൂപത്തിലും പൊടിരൂപത്തിലും വിപണിയില്‍ ലഭ്യമാണ്. കായത്തിന്റെ തീക്ഷ്ണ ഗന്ധത്തിന് കാരണം ഇവയില്‍ അടങ്ങിയിട്ടുള്ള ഓര്‍ഗാനിക് സള്‍ഫര്‍ മിശ്രിതമാണ്. ശുദ്ധമായ കായത്തില്‍ 5 മുതല്‍ 17 ശതമാനം വരെ ബാഷ്പശീലമുള്ള എണ്ണയും, 40-65 ശതമാനം വരെ കറയും അട ങ്ങിയിട്ടുണ്ട്. ആല്‍ക്കഹോള്‍ ലയി ക്കുന്ന പദാര്‍ഥങ്ങളുമുണ്ട്. കായം വാറ്റിയാല്‍ എണ്ണ കിട്ടും.

ലോകത്ത് കായം കൂടുതലായി കൃഷി ചെയ്യുന്നത് അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ്. കേരളത്തിലെ കാലാവസ്ഥ കായ ക്കൃഷിക്ക് അനുയോജ്യമല്ല. ഇന്ത്യയില്‍ കാഷ്മീര്‍, പഞ്ചാബ്, ഹിമാലയന്‍ ഭാഗങ്ങള്‍ തുടങ്ങി തണുപ്പുള്ള പ്രദേശങ്ങളിലാണ് കായം കൃഷി ചെയ്യുന്നത്.

ലോകത്ത് ആകെ ഉത്പാദിപ്പിക്കുന്ന കായത്തിന്റെ 40% ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയില്‍ പ്രതി വര്‍ഷം ശരാശരി 1500 ടണ്ണില്‍ കൂടുതല്‍ കായം, ടര്‍ക്കി, ഇറാന്‍, അഫ്ഗാനി സ്ഥാന്‍ എന്നിവിടങ്ങളില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇറക്കുമതിചെയ്യുന്ന കായം സംസ്‌കരിച്ചശേഷം പല രൂപങ്ങളിലും പേരുകളിലും വിപണി യിലെത്തിക്കുന്നു.


ഇന്ത്യയില്‍ ഹിമാചല്‍ താഴ്‌വര കളില്‍ കായ ചെടി കൃഷി ചെയ്യാമെന്ന് നേരത്തെ കണ്ടെത്തിയിട്ടുള്ളതാണ്. ഇവിടെ യോജിച്ച ഇനങ്ങളെ കണ്ടെ ത്തുന്നതിനായി സിഎസ് ഐആര്‍ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ബയോ റിസോഴ്‌സ് ടെക്‌നോളജി (പലമ്പൂര്‍) ഇറാനി ല്‍നിന്ന് ആറ് ഇനങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു. ലാഹുവല്‍, സ്പിതി തുടങ്ങിയ പ്രദേശങ്ങളില്‍ കായ തൈകള്‍ നടുകയും ചെയ്തു.



കായ ചെടി എന്നു പറഞ്ഞു നഴ്‌സറികളില്‍ നിന്നു ലഭിക്കുന്ന വെള്ളപ്പൂക്കളുള്ള ചെടി യഥാര്‍ഥ ത്തില്‍ സോമനാദികായ ചെടിയാണ്. മുകളിലത്തെ ഖണ്ഡികകളില്‍ വിവ രിച്ച കായ ചെടിയും സോമനാദി കായ ചെടിയും ഒന്നാണെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട് ഇരു ചെടികളും തമ്മില്‍ കാഴ്ചയില്‍ തന്നെ വ്യത്യ സ്തത പുലര്‍ത്തുന്നുണ്ട്. സോമനാദി കായ ചെടിയുടെ അറ്റത്തായാണ് മഞ്ഞ നിറത്തിലുള്ള കറകള്‍ കാണ പ്പെടാറുള്ളത്.

കറുപ്പ്, വെളുപ്പ് എന്നിങ്ങനെ രണ്ടു തരം കായ ചെടികള്‍ ഉണ്ട്. വെള്ള കായ ചെടിയാണ് ഔഷധത്തിനായി കൂടുതലായും ഉപയോഗിക്കുന്നത്. നെയ്യില്‍ വറുത്തെടുത്തു ശുദ്ധീകരിച്ച കായമാണ് ഔഷധത്തിനായി ഉപയോ ഗിക്കുന്നത്. ദഹനത്തെ ഉത്തേജി പ്പിക്കുന്നതിനും, ഉദര സംബന്ധമായ രോഗങ്ങള്‍ക്കും, വിരശല്യം ചുമ ശ്വാസകോശ രോഗങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍ എന്നിവയുടെ ചികി ത്സക്കും ഇത് ഉപയോഗിക്കാറുണ്ട്. അഷ്ടചൂര്‍ണം, ഹിംഗുവചാദി ചൂര്‍ണം, രാജപ്രവര്‍ത്തിനി വടിക, തുടങ്ങിയ ഔഷധങ്ങളില്‍ കായം അടങ്ങി യിട്ടുണ്ട്.

ആയുര്‍വേദത്തില്‍ ഹിംഗു എന്നാ ണ് കായം അറിയപ്പെടുന്നത്. പ്രമേഹം കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിത ശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്കും കായം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ അളവില്‍ കൂടുതല്‍ കായം ശരീരത്തിലെത്തുന്നതും ഉപയോഗി ക്കുന്നതും ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ശുദ്ധമായ ശുദ്ധമായ കായം വെള്ളത്തില്‍ ലയിപ്പിച്ചാല്‍ വെള്ളം പാല്‍ നിറമാകും. അശുദ്ധമാണെങ്കില്‍ പാത്രത്തില്‍ അടിയുകയും ചെയ്യും. ഫോണ്‍: 7012550157

ഷഫ്‌ന കളരിക്കല്‍
അസി. പ്രഫസര്‍ (ഹോര്‍ട്ടികള്‍ച്ചര്‍), കാര്‍ഷിക ഗവേഷണ കേന്ദ്രം ആനക്കയം, മലപ്പുറം.