നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റുന്പോൾ!
Wednesday, October 24, 2018 2:27 PM IST
പലജാതി പഠനവൈകല്യങ്ങളുണ്ട്. പൊതുവെ വായിക്കാനും എഴുതാനും മനസ്സിലാക്കാനും വിഷമമുള്ള അവസ്ഥയെ ഡിസ്്ലെക്സിയ എന്നു പറയും. അതിൽ തന്നെ കണക്കിനോട് മാത്രം വൈരാഗ്യമുള്ളവരെകുറിച്ചാണു നാം ഇന്നിവിടെ സംവദിക്കുന്നത്. സാധാരണമായ ഒരു പഠനവൈകല്യമാണിത്. 3% മുതൽ 6% വരെ കുട്ടികളിൽ ശരിയായ ഗണിത പഠന വൈകല്യം കാണാറുണ്ട്. ഇവർക്ക് അക്കങ്ങൾ മാത്രമല്ല കണക്കിലെ ചിഹ്നങ്ങൾ പോലും മനസ്സിലാക്കാൻ വിഷമമായിരിക്കും.എണ്ണാനും, സമയം പറയാനും എണ്ണൽ സംഖ്യയുമായി ബന്ധപ്പെട്ടതെന്തും വിഷമമായിവരാം. അതുകൊണ്ട് വർഷങ്ങൾ ഓർമ്മിക്കേണ്ടി വരുന്ന ചരിത്ര പഠനവും ഫിസിക്സുമൊക്കെ വിഷമമാവാം. ഡിസകാല്ക്കുലിയക്കാർക്ക് കണക്കു മാത്രമായിരിക്കും കീറാമുട്ടി. ടർനേഴ്സ് സിൻഡ്രം, ഫ്രജൈൽ എക്സ് സിൻഡ്രം, വെലൊകാഡയോ ഫേഷിയൽ സിൻഡ്രം, വില്ലിയംസ് സിൻഡ്രം എന്നിങ്ങനെ ചില ഭീകര പേരുകളിലുള്ള ജനിതകപ്രശ്നങ്ങൾ കൊണ്ടും കണക്ക് പ്രശ്നമാവാം. മദ്യപരായ അമ്മമാരുടെ മക്കൾക്കും, ജന്മനാ ഭാരം കുറഞ്ഞ കുട്ടികൾക്കും പിന്നീട് കണക്ക് വിഷമമായി വരാം. കണക്കിൽ മോശമായ കുട്ടികളിലെ തലച്ചോറിലെ ഗ്രേ മാറ്ററിന്റെ അളവ് കുറവായിരിക്കും. അതു പോലെ തലച്ചോറിലെ കണക്കു കൂട്ടൽ ഏരിയയായ ഇൻട്ര പെരൈറ്റൽ സൾക്കസ് എന്ന ഭാഗത്തെ പ്രവർത്തനങ്ങൾക്കും കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിന്റെ പെരൈറ്റൽ ഭാഗത്തുണ്ടാകുന്ന ക്ഷതങ്ങൾക്കുശേഷം പലരിലും കണക്കുകൾ പിഴയ്ക്കുന്നതായി കണ്ടെത്തിയിട്ടുള്ളത് ഈ വാദത്തെ ശരിവയ്ക്കുന്നു.
തലച്ചോറിനെ വീണ്ടും ഇതൊക്കെ പഠിപ്പിക്കാനാവുമോയെന്ന് പലർക്കും സംശയം തോന്നാം.എന്നാൽ മാറ്റാൻ പറ്റുമെന്നത് നമുക്ക് അനുഭവമുള്ള കാര്യമാണ്. കണക്കിന്റെ എ.ബി.സി.ഡി മനസ്സിലാക്കാൻ പറ്റാത്തതിനാൽ പഠിത്തം നിർത്തിയ ചില പഴയ ആൾക്കാർ കൂലി കണക്കുപറഞ്ഞ് മേടിച്ചത് കണക്കു പഠിച്ചു തന്നെയല്ലേ. വിശപ്പാണ് ഏറ്റവും നല്ല കറിയെന്നു പറയുന്നതുപോലെ, ആവശ്യമാണു ഏറ്റവും നല്ല ഗുരു. മലയാളമല്ലാതെ മറ്റു ഭാഷ പഠിക്കാൻ വിഷമിച്ചിരുന്ന പലരും കുറച്ചുകാലം മറ്റ് സംസ്ഥാനങ്ങളിൽ ജോലിചെയ്ത് തിരിച്ച് നാട്ടിൽ വന്നിട്ട് കൂളായി ഒരു ചമ്മലുമില്ലാതെ അഭിമാനത്തോടെ പല ഭാഷകൾ സംസാരിക്കുന്നതു കാണുന്പോൾ, വെറുതെ സ്കൂളിൽ പോയി സമയം കളഞ്ഞു എന്നു നിങ്ങളിൽ ചിലർക്കെങ്കിലും തോന്നിയിട്ടില്ലേ. നമ്മുടെ തലച്ചോറിന് അങ്ങനെ ഒരു കഴിവുണ്ട്.പ്ലാസ്റ്റിസിറ്റി’ എന്നാണതിനു പറയുക. തലച്ചോർ പ്രായകാലത്തിനനുസരിച്ചു നാം നേടുന്ന അറിവുകൾക്കനുസരിച്ച് വികസിച്ചുകൊണ്ടിരിക്കും. അതു കൊണ്ടു പേടിക്കുകയൊന്നും വേണ്ട. വേണമെങ്കിൽ ഇനിയും കണക്കു പഠിക്കാം. കണക്കു വിഷമമാക്കുന്നതിൽ ജനിതക കാരണങ്ങൾക്കും അവരു കണക്കു പഠിച്ച രീതിക്കും പങ്കുണ്ട്.
തലച്ചോറിന്റെ തകരാർ ഒരു കാരണമാണെങ്കിലും കണക്ക് ലളിതമായി മനസിലാക്കാനുള്ള വഴികൾ സ്വീകരിച്ചും ചില കുറുക്കു വഴികൾ സ്വീകരിച്ചും കണക്ക് മനസ്സിലാക്കാം.പള്ളിയറ ശ്രീധരൻ സാർ കണക്കു പഠിക്കുന്നതെന്തിനെന്നു പുസ്തകങ്ങളിലൂടെ ജനകീയമാക്കിയപ്പോഴാണു കേരളത്തിലെ ചില കണക്കു മാഷുമാർക്കു വരെ താനീ പഠിപ്പിക്കുന്നതെന്തിനെന്നു കുട്ടികളോട് പറഞ്ഞുകൊടുക്കാനറിവായത്. അന്നും ഇന്നും സംഖ്യാഗണിതമല്ലാതെയുള്ള കണക്ക് എങ്ങനെ പ്രായോഗിക ജീവിതത്തിൽ ഉപയോഗിക്കാമെന്ന് കുട്ടികൾക്കറിയണമെന്നുണ്ടായിരുന്നു. പേടിച്ചിട്ട് ചോദ്യങ്ങൾ ചോദിക്കതിരുന്നതാണ്. ചോദിച്ചിരുന്നെങ്കിൽ ടീച്ചർമാർ കുടുങ്ങിയേനെ. കണക്ക് വിരസമാക്കിയതിൽ ഒരു പ്രധാന പങ്ക് അദ്ധ്യാപകരുടേതു കൂടിയാണ്.
ഗണിത പഠനവൈകല്യങ്ങളോടൊപ്പം മറ്റ് പഠനവൈകല്യങ്ങളായ ഡിസ്ലെക്സിയ, ഡിസ് പ്രക്സിയ, എ.ഡി.എച്ച്.ഡി , സ്പെസിഫിക് ലാംഗ്വേജ് ഇന്പേർമെന്റ് എന്നിവയും കൂടിയുണ്ടെങ്കിൽ പ്രശ്നം സങ്കീർണമാണെന്നറിയണം..
തലച്ചോറിന്റെ വശങ്ങളിലുള്ള ഇറ്റാ പെരൈറ്റൽ ചാലുകളിലെ നാഡീ തകരാറുകളാണ് ഈ പ്രശ്നമുണ്ടാകുന്നതിനു കാരണമെന്നു പറഞ്ഞല്ലോ. അപ്പോൾ നമ്മുടെ മനസിന്റെ ഏകാഗ്രത കുറയുന്നു. കണക്കിന്റെ അടിസ്ഥാന പാഠങ്ങൾ മറന്നു പോകുന്നു. ശ്രദ്ധ ഒന്നിൽ തന്നെ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. ഒരിക്കൽ നാം ചെയ്ത കണക്കിന്റെ രീതി പിന്നെ പാടെ മറന്നു പോകുന്നു. ചെയ്തകാര്യം ഓർമ്മിക്കുന്ന വർക്കിങ്ങ് മെമ്മറി നഷ്ടമാകുന്നു. ലോങ്ങ് ടേം മെമ്മറിയിൽ സൂക്ഷിക്കേണ്ട ഗുണനപട്ടികകളും മറ്റും അവിടുന്നു ചാടിപ്പോകുന്നു.
ലക്ഷണങ്ങൾ
സംഖ്യകളുടെ സ്ഥാന വില (പ്ലേസ് വാല്യു) മനസിലാവില്ല. ഇവർക്ക് കൂട്ടലും കുറയ്ക്കലും ഗുണിക്കലും ഹരിക്കലും ഒക്കെ വിഷമമായിരിക്കും. അതിന്റെ ചിഹ്നങ്ങൾ പോലും മനസ്സിലാവില്ല. ഇത്തരക്കാർക്ക് മനക്കണക്കെന്നുപറയുന്ന ആശയം പോലും മനസിലാകില്ല. വഴിക്കണക്കുകൾ മനസിലാവില്ല. കണക്കിന്റെ സ്റ്റെപ്പുകൾ തെറ്റിപ്പോകുന്നു. ചില കുട്ടികളിൽ ദിവസങ്ങളുടെ എണ്ണം, മാസങ്ങളുടെ എണ്ണം എന്നിവയും മനസ്സിലാക്കാൻ വിഷമമായിരിക്കും. ഒരു സംഖ്യ പറഞ്ഞാൽ അതിന്റെ മൂല്യം മനസ്സിലാവില്ല. ഉദാഹരണത്തിനു 8 എന്ന് മനസിലാ യാലും എട്ട് മാങ്ങ എന്നു പറഞ്ഞാൽ ഉൾക്കൊള്ളാൻ കഴിയില്ല.
അക്കങ്ങൾ തലതിരിഞ്ഞു പോകാം. 6 നെ 9 ആയി തോന്നാം.
റ്റിന്റുമോനോട് ഒരിക്കൽ ടീച്ചർ ചോദിച്ചു. എട്ടിന്റെ പകുതിയെത്ര? ടിന്റു പറഞ്ഞത് നെടുകെ മുറിച്ചാൽ 3 , കുറുകെ മുറിച്ചാൽ 0 ...ഇമ്മാതിരി ഉത്തരമായിരിക്കും കിട്ടുക.
ഒന്നിടവിട്ടും മറ്റും എണ്ണാൻ കഴിയുകയേയില്ല.
വലുതാണ് >, ചെറുതാണ് <, സ്ക്വയർ, സ്ക്വയർ റൂട്ട് എന്നൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. ഉസാഘ, ല സാ ഗു എന്നൊന്നും പറഞ്ഞു വിരട്ടാനും നോക്കണ്ട.
പലതരം ഗണിത പഠനവൈകല്യങ്ങളുണ്ട്...
1. സംസാര വൈഷമ്യം: ഇവർക്ക് സംഖ്യകൾ പറഞ്ഞുഫലിപ്പിക്കാൻ അറിയില്ല.
2. ഉപയോഗ്യ വൈഷമ്യം: ഇവർക്ക് കണക്കറിഞ്ഞാലും അത് ഉപയോഗിക്കാൻ അറിയില്ല.
3. ലെക്സിക്കൽ ഡിസ്കാല്കുലിയ: കണക്കിലെ ചിഹ്നങ്ങളും അക്കങ്ങളും മനസിലാകുമെങ്കിലും എഴുതിഫലിപ്പിക്കാൻ കഴിയില്ല.
4 ഗ്രാഫിക്കൽ ഡിസ്കാല്കുലിയ: ഇവർക്ക് ചിഹ്നങ്ങളെ തിരിച്ചറിയാനാവുന്നില്ല.
5 മനക്കണക്ക് വിഷമക്കാർ - ഇവർക്ക് എഴുതിക്കൂട്ടിയാൽ ശരിയാകും. മനക്കണക്കാണു കീറാമുട്ടി.
6. ഗണിത പ്രവർത്തന വൈകല്യം: ഇവർക്ക് സംഭവമൊക്കെ അറിയാം. പക്ഷേ, കണക്ക് ചെയ്തു വരുന്പോൾ എങ്ങനെയെങ്കിലും എവിടെയെങ്കിലും തെറ്റും .ഒരിക്കൽ തെറ്റ് പറ്റിയ സ്ഥലത്തായിരിക്കില്ല രണ്ടാമത്തെ പ്രാവശ്യം തെറ്റുക.
ഡോ:റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്
കണ്ണൂർ , മൊബൈൽ 9447689239 :
[email protected]