കാലാവസ്ഥാ വ്യതിയാനം; ചെങ്കണ്ണ് പടരുന്നു
Saturday, August 5, 2023 1:10 PM IST
കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം മൂലം നാട്ടിൽ ചെങ്കണ്ണ് രോഗം പടരുന്നു. കുട്ടികളിലും മുതിർന്നവരിലും വ്യാപകമായി രോഗം പടർന്നുപിടിച്ചിട്ടുണ്ട്. ബാക്ടീരിയകളും വൈറസുമാണ് ചെങ്കണ്ണ് രോഗം പടർത്തുന്നത്.
സാധാരണ കടുത്ത വേനൽക്കാലത്താണ് ചെങ്കണ്ണ് രോഗം വ്യാപകമാകുന്നത്. പൊടിപടലങ്ങൾ കൂടുതലാകുന്പോഴാണ് ഇത് കൂടുതലായി ഉണ്ടാകുന്നത്. എന്നാൽ, ഇപ്പോൾ മഴക്കാലത്തും ചെങ്കണ്ണ് പടരാനിടയാകുന്നത് കാലാവസ്ഥയിലെ വ്യതിയാനം മൂലമാണെന്നാണ് സൂചന.
മഴയും വെയിലും മാറിവരുന്ന കാലാവസ്ഥയായതിനാൽ ചെങ്കണ്ണും വൈറൽപനിയും പടരാൻ അനുയോജ്യമായ ചുറ്റുപാടാണ് ഇപ്പോൾ നിലനിൽക്കുന്നത്.
അണുബാധ, അലർജി, രാസവസ്തുക്കളുടെ സാന്നിധ്യം എന്നിവയാണ് ചെങ്കണ്ണിനുള്ള പ്രധാന കാരണങ്ങൾ. ഇവയിൽ അണുബാധ മൂലമുള്ള ചെങ്കണ്ണാണ് പകരുന്നത്.
ചെങ്കണ്ണ് ബാധിച്ചയാളുടെ കണ്ണിൽ നോക്കിയാൽ രോഗം പകരുമെന്നാണ് ധാരണയെങ്കിലും ഇതു തെറ്റാണെന്ന് ഡോക്ടർമാർ പറയുന്നു. രോഗബാധിതനായ ആളുടെ കണ്ണിലെ കണ്ണുനീർ ഏതെങ്കിലും കാരണവശാൽ മറ്റുള്ളവരുടെ കണ്ണിൽ പറ്റാൻ ഇടയായാൽ മാത്രമേ രോഗം പകരൂ.
കാലാവസ്ഥാ മാറ്റം മൂലം രോഗികൾവഴിയല്ലാതെയും ചെങ്കണ്ണ് പിടിപെടാൻ ഇടയാകും. കുട്ടികൾക്ക് അണുബാധ ഏൽക്കാനുള്ള സാധ്യത ഏറെയാണ്. ഒരു കണ്ണിൽ തുടങ്ങുന്ന രോഗം ക്രമേണ രണ്ടു കണ്ണിലേക്കും വ്യാപിക്കും.
സാധാരണ ഒരാഴ്ചകൊണ്ടു ഭേദമാകുന്ന രോഗമാണ് ചെങ്കണ്ണ് എങ്കിലും നിസാര രോഗമെന്നു കരുതി സ്വയം ചികിത്സിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. മതിയായ പരിചരണവും ചികിത്സയും കിട്ടാത്ത പക്ഷം കാഴ്ചശക്തി വരെ നഷ്ടമാകാൻ ഇടയാകും.
നേത്രഗോളങ്ങൾക്കു പുറത്തും കണ്പോളകൾക്കുള്ളിലുമായി കാണപ്പെടുന്ന നേത്ര ആവരണമായ കണ്ജക്ടീവിലുണ്ടാകുന്ന രോഗമായതിനാൽ ചെങ്കണ്ണ് രോഗം കണ്ജക്ടീവൈറ്റിസ് എന്നും അറിയപ്പെടുന്നു. ആശുപത്രികളിൽ രോഗം ബാധിച്ചെത്തുന്നവരുടെ എണ്ണം വർധിച്ചതായി അധികൃതർ പറയുന്നു.
ചെങ്കണ്ണ് അറിഞ്ഞിരിക്കേണ്ടത്
ബാക്ടീരിയ, വൈറസ് എന്നീ രോഗാണുക്കൾകൊണ്ടും അലർജികൊണ്ടും ചെങ്കണ്ണ് ഉണ്ടാകാം. സാധാരണ പ്രശ്നങ്ങളൊന്നുമില്ലാതെ സുഖപ്പെടുന്ന രോഗമാണെങ്കിലും ചിലപ്പോൾ വളരെക്കാലം നീണ്ടുനിൽക്കുന്ന രോഗത്തിനും അസ്വസ്ഥതയ്ക്കും ചെങ്കണ്ണ് കാരണമായേക്കാം.
രോഗലക്ഷണം
കണ്ണു ചുവന്നിരിക്കുക, കണ്ണിൽനിന്നു വെള്ളം വരിക, കണ്ണിൽ കരടു പോയതുപോലുള്ള തോന്നൽ, കണ്പോളകൾ തമ്മിൽ പറ്റിപ്പിടിക്കുക, കണ്ണിൽ അധികം പീള കെട്ടുക എന്നിവയാണു ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണിന്റെ ലക്ഷണം.
വൈറൽ ചെങ്കണ്ണിനു പീള കെട്ടുന്നതു കുറവായിരിക്കും. കണ്ണിന്റെ കൃഷ്ണമണിയെയും വൈറസ് ബാധിക്കാമെന്നതിനാൽ കാഴ്ചക്കുറവ് ഉണ്ടാകാനുമിടയുണ്ട്.
രോഗപ്രതിരോധം
ഒരാൾക്കു ചെങ്കണ്ണ് വന്നാൽ ആ വീട്ടിലുള്ള എല്ലാവർക്കും രോഗം ബാധിക്കാൻ സാധ്യതയുണ്ട്. അസുഖമുള്ള ആളുടെ കണ്ണിൽ നോക്കിയതുകൊണ്ടു ചെങ്കണ്ണ് പകരില്ല.
കണ്ണിൽനിന്നുള്ള സ്രവം, കൈകൾ വഴിയോ തുവാല, സോപ്പ്, ടവ്വൽ എന്നിവ വഴിയോ മറ്റൊരാളിലേക്ക് രോഗാണു പകർച്ച ഉണ്ടാകാതെ ശ്രദ്ധിക്കണം.
സാനിറ്റൈസറോ, സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയായി സൂക്ഷിച്ചാൽ രോഗാണുക്കൾ പകരുന്നത് തടയാൻ ഒരു പരിധിവരെ സാധിക്കും. കൈകൾ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യുന്നത് രോഗം പടരാതിരിക്കാൻ സഹായകരമാണ്.
തിരിച്ചറിഞ്ഞ് ചികിത്സ
രോഗലക്ഷണങ്ങളുണ്ടെങ്കിൽ നേത്രരോഗ വിദഗ്ധരുടെ ചികിത്സ തേടണം. ഏതു തരം രോഗാണുക്കളാണ് ചെങ്കണ്ണിനു കാരണമായതെന്ന് തിരിച്ചറിഞ്ഞ് വേണം ചികിത്സിക്കാൻ.
ഒരു രോഗിക്ക് ഫലപ്രദമായ മരുന്ന് മറ്റുള്ളവർക്ക് ഗുണകരമാകണമെന്നില്ല. തുള്ളിമരുന്നുകളാണ് ചികിത്സക്ക് പ്രധാനമായും ഉപയോഗിക്കുന്നത്.
കണ്ണിന്റെ ചുവപ്പ് ചെങ്കണ്ണ് മൂലം മാത്രമല്ല മറ്റു നേത്രരോഗങ്ങൾ മൂലവും ഉണ്ടാകാം. ചെങ്കണ്ണിന് ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്.
ഡോ. അലക്സ് ബേബി
എംഡി, അൽഫോൻസാ ഐ ഹോസ്പിറ്റൽസ്