കർക്കടക ചികിത്സ: ദഹനപ്രശ്നങ്ങൾക്കു പരിഹാരം
Saturday, July 19, 2025 3:21 PM IST
മുക്കുടി
ആഹാരം ഔഷധമായി കണ്ടിരുന്ന കാലം കൂടിയാണു കർക്കടകം. അക്കാലത്തെ മറ്റൊരു പ്രയോഗമാണു മുക്കുടി (മോരുകറി). വർഷകാലത്ത് ദിവസവും ശീലിക്കുന്നത് ഉത്തമമാണ്.
ജീരകം, അയമോദകം, കുരുമുളക്, പുളിയാരലില, കുടകപ്പാലത്തൊലി തുടങ്ങിയ മരുന്നുകൾ അരച്ചുചേർത്ത് മോരിൽ കാച്ചിയാണു മുക്കുടി ഉണ്ടാക്കുന്നത്.
അടുക്കളയിൽ ചെയ്യാവുന്നത്
ഈ പറഞ്ഞവ എല്ലാം ഇല്ലെങ്കിൽ കൂടി നമ്മുടെ അടുക്കളയിൽ നിന്നുലഭിക്കുന്ന ഇഞ്ചി, കറിവേപ്പില, ജീരകം, അയമോദകം, കുരുമുളക്, വെളുത്തുള്ളി മുതലായവ ചേർത്തും മുക്കുടി പാകം ചെയ്യാവുന്നതാണ്.
വെറുംവയറ്റിൽ ഇതു സേവിക്കുക വഴി ദഹനസംബന്ധമായ ഒട്ടനവധി രോഗങ്ങൾക്കു പരിഹാരമാവുകയും ചെയ്യുന്നു.
വർഷകാലത്തു വർജിക്കേണ്ടത്
വർഷകാലത്ത് നമ്മൾ വർജിക്കേണ്ടതായ ചില കാര്യങ്ങൾ കൂടിയുണ്ട്. തൈര്, തണുത്ത പദാർഥങ്ങൾ എന്നിവയുടെ ഉപയോഗം, പകലുറക്കം, അമിതവ്യായാമം മുതലായവയാണവ.
പഞ്ചകർമ ചികിത്സ
യുക്തവും ഹിതവുമായ ആഹാരസേവയും ഔഷധസേവയും പോലെ പ്രധാനപ്പെട്ടതാണു പഞ്ചകർമത്തോടൊപ്പമുള്ള ബാഹ്യചികിത്സകളായ ഉഴിച്ചിൽ, കിഴികൾ മുതലായവ.
ശരീരശക്തിയും രോഗാവസ്ഥയും നോക്കി വൈദ്യനിർദേശമനുസരിച്ച് ഈ ക്രിയകൾ ചെയ്താൽ കാലങ്ങളോളം നിലനില്ക്കുന്ന ആരോഗ്യമാണു ഫലം.
ശുചിത്വം
കർക്കടകമാസം ശുചിത്വത്തിന്റെ പ്രതീകം കൂടിയാണ്. ശുചിത്വമാണ് ഈ കാലഘട്ടത്തിന്റെ മുദ്രാവാക്യം. പ്രതിരോധമാണു സന്ദേശം.
ശുദ്ധിയോടെയും മികവോടെയും ഈ പ്രകൃതിയെയും പരിസ്ഥിതിയെയും അടുത്ത തലമുറയ്ക്കു കൈമാറുകയെന്നതു കൂടിയാകട്ടെ നമ്മുടെ ലക്ഷ്യം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി. ഹേമചന്ദ്രൻ
ചീഫ് മെഡിക്കൽ ഓഫീസർ
കോട്ടയ്ക്കൽ ആര്യവൈദ്യശാല, കോട്ടയം ബ്രാഞ്ച്.