ലൈംഗീകശേഷിക്കും, ശരീരപുഷ്ടിക്കും അമുക്കുരം
Friday, March 20, 2015 4:07 AM IST
<യ> ആരോഗ്യം ആയുർവേദത്തിലൂടെ
ബലാരിഷ്‌ടം, അശ്വഗന്ധാരിഷ്‌ടം, അശ്വഗന്ധാദിലേഹ്യം, ച്യവനപ്രാശം എന്നിവയിലെ പ്രധാനചേരുവ അമുക്കുരമാണ്. ശരീരത്തിന് ബലവും ആരോഗ്യവും വർധിക്കുന്നതിനും നീരും വേദനയും അകറ്റി ഊർജസ്വലത കൈവരിച്ച് നാഡി, തലച്ചോറ് എന്നിവയെ ഉത്തേജിപ്പിച്ച് ഉറക്കം ഉണ്ടാക്കുന്നതിനും ശരീരത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിനും ദുർബലന്മാരുടെ ശരീരം പുഷ്‌ടിപ്പെടുത്തുന്നതിനും ഉപയോഗിക്കുന്ന അതിവിശിഷ്‌ടമായ ഒരു ആയുർവേദ സസ്യമാണ് അമുക്കുരം.

കായികതാരങ്ങൾ അമുക്കുരം സൂഷ്മചൂർണമാക്കി പാലിലോ നെയ്യിലോ ചേർത്ത് കഴിച്ചാൽ കൂടുതൽ കരുത്തും വേഗതയും ശക്‌തിയും വർധിക്കും. ലൈംഗികശക്‌തി വർധിക്കുന്നതിന് അമുക്കുരം പാലിൽ പുഴുങ്ങി വറ്റിച്ച് വെയിലത്തുവച്ച് നന്നായി ഉണക്കിയെടുത്ത് ഇടിച്ച് ശീലപ്പൊടി ചെയ്ത് അഞ്ചുഗ്രാം വീതം പാലിൽ ചേർത്തുകഴിച്ചാൽ മതി. കുട്ടികളുടെ ശക്‌തി വർധിക്കുന്നതിനും ശരീരം പുഷ്‌ടിപ്പെടുത്തുന്നതിനും അശ്വഗന്ധാദി ഘൃതം കൊടുക്കാം. വന്ധ്യയായ സ്ത്രീ അമുക്കുരം പാൽക്കഷായമായി കഴിക്കുന്നത് ഗർഭമുണ്ടാകാൻ സഹായിക്കും. സന്ധിവാതം, ആമവാതം എന്നിവയ്ക്ക് അമുക്കുരം നേരിയ ചൂർണമാക്കി തുടർച്ചയായി മൂന്നുമാസം ഉപയോഗിച്ചാൽ രോഗത്തിന് ശമനം ലഭിക്കും. ലൈംഗിക ദൗർബല്യം തീർക്കാൻ വിപണിയിൽ ലഭിക്കുന്ന ഏതാണ്ട് എല്ലാ പേറ്റന്റ് ഔഷധങ്ങളിലും അമുക്കുരം പ്രധാന ചേരുവയായി ഉപയോഗിക്കുന്നുണ്ട്.


കുടുംബം: സൊളാനേസി
ശാസ്ത്രനാമം: വിഥാനിയം സോമ്നി ഫെറ
സംസ്കൃതം: അശ്വഗന്ധം, വരദാ, വാജീഗന്ധാ

തയാറാക്കിയത്: <യ> എം.എം. ഗാഥ, വെള്ളിയൂർ