കർക്കടകക്കഞ്ഞിയും ചര്യങ്ങളും
Friday, July 17, 2015 3:33 AM IST
ഡോ. രവീന്ദ്രൻ. ബിഎഎംഎസ്

രോഗപ്രതിരോധം എന്ന ആശയത്തോടു പൊതുവിൽ താൽപര്യം കൂടിവരുകയാണ്. അതുകൊണ്ടുതന്നെ ആയുർവേദ ചികിത്സകൾ മുതൽ കർക്കടക കഞ്ഞിവരെയുള്ള പഴമക്കാരുടെ പൈതൃകവും പാരമ്പര്യവുമായിരുന്ന കർക്കടക ചികിത്സയ്ക്ക് ഇപ്പോൾ കേരളത്തിലും എന്തിനേറെ വിദേശങ്ങളിൽ പോലും പ്രചാരം വർധിച്ചു വരുന്നുണ്ട്. കർക്കടകത്തിലെ ഭക്ഷണരീതി, മരുന്നു കഞ്ഞി എന്നിവയുടെ പ്രത്യേകതകളെക്കുറിച്ചറിയാം...

ശരീരത്തിന് ഉണർവേകാൻ കർക്കടക ചികിത്സ

കർക്കടകം എന്നു പറയുന്നത് മലയാള മാസങ്ങളിലെ അവസാന മാസമാണല്ലോ. അതിനു മുമ്പുള്ള 11 മാസത്തെയും അധ്വാനത്തിന്റെ ഫലമായി ശരീരത്തിനും മനസിനും ഉണ്ടായിട്ടുള്ള ക്ഷീണത്തെ അകറ്റി ആരോഗ്യപൂർണവും ഉന്മേഷകരവുമായി പുതുവർഷത്തിൽ അവരവരുടെ കർമമേഖലയിലേക്കു വീണ്ടും എത്താൻവേണ്ടി കേരളീയർ പണ്ടുമുതൽക്കേ അനുഷ്ഠിച്ചു പോന്നിരുന്ന ചര്യകളാണ് കർക്കടക ചികിത്സയും കർക്കടകക്കഞ്ഞിയും.

വർഷകാലം എന്നത് രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന ഒന്നായതിനാലും രോഗാതുരതകളും പകർച്ചവ്യാധികളും ഏറ്റവും പടർന്നുപിടിക്കുന്ന കാലമായതിനാലും രോഗപ്രതിരോധശേഷി സംരക്ഷണത്തിലും ആരോഗ്യസംരക്ഷണത്തിലും ഏറെ പ്രാമുഖ്യം നൽകുന്ന കർക്കടക ചികിത്സകൾക്കു പ്രാധാന്യം ഏറുന്നു.

വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്നു കോരിച്ചൊരിയുന്ന മഴയിലേക്കും മരംകോച്ചുന്ന തണുപ്പിലേക്കും കാലാവസ്‌ഥ മാറുന്ന വർഷകാലമായ മിഥുനം, കർക്കടകം എന്നീ മാസങ്ങളിൽ ശരീരബലം, രോഗപ്രതിരോധശക്‌തി , ദഹനരസങ്ങളുടെ പ്രവർത്തനമാന്ദ്യം എന്നിവ സംഭവിക്കുകയും വാതവും പിത്തവും വർധിക്കുകയും ചെയ്യുക സാധാരണമാണ്. പൊതുവിൽ ശരീരത്തിന്റെ എല്ലാ പ്രവർത്തനവും ദുർബലമായിരിക്കുന്ന ഒരു കാലമായി വർഷകാലത്തെ പരിഗണിക്കാം. അതുകൊണ്ടുതന്നെ ഈ കാലത്തു ചെയ്യുന്ന ചികിത്സാക്രമങ്ങളോടു വളരെ അനുകൂലമായി ശരീരം പ്രതികരിക്കും.
കർക്കടക ചികിത്സ എന്നത് മനസിനും ശരീരത്തിനും ഉന്മേഷവും പുതുജീവനും പ്രദാനം ചെയ്യുന്ന ഒരു പ്രകിയയാണ്. ദഹനവ്യവസ്‌ഥയെ കൂടുതൽ കാര്യക്ഷമമാക്കുക, രക്‌തസഞ്ചാരം വർധിപ്പിച്ച് ശരീരവേദനകളെ അകറ്റുക, നാഡി ഞരമ്പുകൾക്ക് ഊർജവും ഉത്തേജനവും പ്രദാനം ചെയ്യുക എന്നിവ കൂടാതെ ബാഹ്യസൗന്ദര്യവും ആകാരഭംഗിയും വർധിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും വരെ കർക്കടക ചികിത്സ സഹായിക്കുന്നു.

<യ>ആഹാരക്രമത്തിൽ ശ്രദ്ധിക്കാം

വർഷകാലത്ത് മറ്റു കാലങ്ങളെ അപേക്ഷിച്ച് ആഹാരകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കണം. നോൺ വെജിറ്റേറിയൻ ആഹാരങ്ങൾ, അധികം കയ്പുരസമുള്ള ആഹാരങ്ങൾ, ദഹനശക്‌തിയെ മന്ദീഭവിപ്പിക്കുന്നതരം കട്ടിയേറിയ ആഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, രാസപദാർഥങ്ങൾ ചേർത്ത് കൃത്രിമമായി ഉണ്ടാക്കുന്ന ആഹാരങ്ങൾ, ബേക്കറി സാധങ്ങൾ, അധികം എരിവും പുളിയുമുള്ള ഭക്ഷണപദാർഥങ്ങൾ, തൈര്, തണുത്ത ആഹാരങ്ങൾ എന്നിവയെല്ലാം പരമാവധി ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്യണം.


ദഹനശക്‌തി വർധിപ്പിക്കുന്ന ആഹാരമാകാം

വേഗത്തിൽ ദഹിക്കുന്നവയും ദഹനശക്‌തിയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന പച്ചക്കറി സൂപ്പുകൾ, കഞ്ഞിയും ചെറുപയറും, പഴങ്ങൾ, പച്ചക്കറികൾ, കർക്കടക കഞ്ഞി എന്നറിയപ്പെടുന്ന ഔഷധക്കഞ്ഞി, ചുക്ക്, മല്ലി ഇവ ചേർത്ത് തിളപ്പിച്ചുണ്ടാക്കുന്ന വെള്ളം എന്നിവയെല്ലാം കർക്കടക കാലത്ത് ദഹനശക്‌തി വർധിപ്പിക്കുന്നതിനും ശരീരത്തിനു പോഷണം ലഭിക്കുന്നതിനും വേണ്ടി ഉപയോഗിക്കാവുന്ന ഉത്തമമായ ഭക്ഷണങ്ങളും പാനീയവുമാണ്.

കർക്കടകക്കഞ്ഞി എന്ന ഔഷധം

നവരയരി, ഉണക്കലരി, സൂചി ഗോതമ്പ്, ഉലുവ എന്നീ ധാന്യങ്ങളും ആശാളി എന്ന പച്ചമരുന്നും ചേർത്ത് വെള്ളത്തിലോ കുറുന്തോട്ടിക്കഷായത്തിലോ കഞ്ഞിയാക്കി, അതിൽ ജീരകം, ഏലക്കായ, അയമോദകം മുതലായ ദഹനസഹായികൾ പൊടിച്ചു ചേർത്ത്, തേങ്ങാപ്പാൽ, ആട്ടിൻ പാൽ, പശുവിൻ പാൽ ഇവയിൽ ഏതെങ്കിലും ഒന്നും കൂടി ചേർത്ത് ഉപയോഗിക്കുകയോ അല്ലെങ്കിൽ പൊടിയരി, സൂചിഗോതമ്പ്, ഞവരയരി, ഉലുവ എന്നിവ കഞ്ഞിവച്ച് അതിൽ നിലപ്പന, ചിറ്റരത്ത, അമുക്കുരം മുതലായവ പൊടിച്ചു ചേർത്ത്, മേൽപ്പറഞ്ഞ പാലുകളിൽ ഏതെങ്കിലും ഒന്നും ചേർത്ത് കഴിച്ചാലും കർക്കടകക്കഞ്ഞിയായി.
കർക്കടക ചികിത്സാക്രമങ്ങളിൽ നിന്നും ആഹാരശീലങ്ങളിൽ നിന്നും കർക്കടകക്കഞ്ഞിയെ ഒഴിവാക്കാനാവില്ല. ഇതിന്റെ ഔഷധവീര്യം കൊണ്ടും ദഹനപ്രക്രീയയെ സുഗമമാക്കും എന്നതുകൊണ്ടും ഇതിന്റെ പ്രാധാന്യം കാലം ചെല്ലുന്തോറും ഏറിവരുകയാണ്.

മരുന്നുകഞ്ഞി എത്ര ദിവസം കഴിക്കണം

കർക്കടക മാസത്തിൽ മുഴുവനുമോ അല്ലെങ്കിൽ അവരവരുടെ താൽപര്യത്തിനനുസരിച്ച് ഏഴു ദിവസമോ, പതിനാലു ദിവസമോ, ഇരുപത്തൊന്നു ദിവസമോ ഒരു നേരത്തെ പ്രധാന ആഹാരമായി കർക്കടകക്കഞ്ഞി ഉപയോഗിക്കാം. ഇത് പ്രഭാത ഭക്ഷണമായിട്ടോ രാത്രി ഭക്ഷണമായിട്ടോ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.

ഡോ. രവീന്ദ്രൻ. ബി.എ.എം.എസ്.
അസി.സീനിയർ.മെഡിക്കൽ ഓഫീസർ, ദി ആര്യവൈദ്യ ഫാർമസി (കോയമ്പത്തൂർ) ലിമിറ്റഡ്. ബ്രാഞ്ച് ആൻഡ് ട്രീറ്റ്മെന്റ് സെന്റർ, സിഎംഎസ് കോളജ് റോഡ്, കോട്ടയം.