ആരോഗ്യരക്ഷ കർക്കിടകത്തിൽ (തുടർച്ച)
ആരോഗ്യരക്ഷ
ദഹനശക്തിയെ വർധിപ്പിക്കുന്നതും വാത-പിത്ത-കഫങ്ങളെ ശമിപ്പിക്കുന്നതുമായ എല്ലാ ആഹാര വിഹാര ഒൗഷധങ്ങളും ഈമാസത്തിൽ ശീലിക്കേണ്ടതാണ്. ശരീരബലം ക്രമേണ വർധിച്ചുവരുന്ന കാലമായതിനാൽ ഈ കാലയളവിൽ ചെയ്യപ്പെടുന്ന എല്ലാ ചികിത്സാക്രമങ്ങളും വളരെവേഗം ഫലംകാണുന്നു. ദഹനശക്തിയെ വർധിപ്പിക്കുന്നതിനായി തേൻ, നെയ്യ്, തിപ്പലി എന്നിവ ചേർത്ത പഴകിയ ധാന്യങ്ങൾ കൊണ്ടുണ്ടാക്കുന്ന പലഹാരങ്ങൾ, പഴക്കംചെന്ന ഗോതന്പ്, നവരയരി, ചെറുപയർ, മാംസ സൂപ്പ്, തിളപ്പിച്ചാറിയ വെള്ളം ഇവ ഉപയോഗിക്കാം. മധുര രസവും ഉപ്പും പുളിയും ചേർന്ന ആഹാര പാനീയങ്ങൾ ഉപയോഗിക്കണം. പച്ചക്കറികളും ഇലക്കറികളും ധാരാളമായി കഴിക്കാം. പാവയ്ക്ക, നെല്ലിക്ക, ചീര എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മാംസാഹാരങ്ങൾ, പകലുറക്കം, മദ്യം, പുകയില, മറ്റു ലഹരി വസ്തുക്കൾ, അധികം ആയാസകരമായ ജോലികൾ, അമിതമായ ലൈംഗീകവേഴ്ച, മനസംഘർഷം, അതിവ്യായാമം ഇവ ഒഴിവാക്കണം. അകിൽ, കുന്തിരിക്കം ഇവകൊണ്ട് വീടും പരിസരവും പുകയ്ക്കുന്നതു നല്ലതാണ്.

രോഗം ശമിപ്പിക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനുമുള്ള ഒൗഷധസേവാ ക്രമം കർക്കിടകമാസ ചികിത്സയിൽ നിർദേശിച്ചിരിക്കുന്നു. ആയുർവേദത്തിന്‍റെ മാത്രം പ്രത്യേകതയായ ശോധന ചികിത്സയായ പഞ്ചകർമ ചികിത്സയുടെ ഏറ്റവും അനുയോജ്യമായ മാസംകൂടിയാണിത്. ആധുനിക ഭക്ഷണരീതികളാൽ ശരീരത്തിൽ വർധിച്ചിരിക്കുന്ന വിഷാംശങ്ങൾ ശരീരത്തിന്‍റെ സ്വാഭാവിക മാർഗങ്ങളിൽ കൂടി പുറന്തള്ളുന്ന ശോധന ചികിത്സ ഇന്ന് കാലഘട്ടത്തിന്‍റെ ആവശ്യമായി മാറിയിരിക്കുന്നു. ഓരോ വ്യക്തിയുടേയും ശരീരപ്രകൃതിയും അവസ്ഥയും അനുസരിച്ച് 3,7,14,21,28 ദിവസങ്ങളിലായി ഇതു ചെയ്യപ്പെടുന്നു. ഇന്നു ഏറെ കാണപ്പെടുന്ന ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, അമിത രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, അമിത വണ്ണം, ആർത്തവ തകരാറുകൾ എന്നിവയുടെ ചികിത്സയ്ക്കും പ്രതിരോധത്തിനും പഞ്ചകർമചികിത്സ വളരെ ഫലപ്രദമാണ്.

||

മരുന്ന് കഞ്ഞി


കർക്കിടക മാസത്തിലെ മറ്റൊരു ശ്രേഷ്ഠ ആചാരമാണ് ഒൗഷധകഞ്ഞി സേവ. ശരീരത്തെ ബാധിക്കുന്ന പല രോഗങ്ങളിൽ നിന്നും മുക്തിതേടി പ്രതിരോധ ശക്തിനേടാനും, വാതവികാരങ്ങൾക്ക് ശമനം ഉണ്ടായി തുടർന്നു ആരോഗ്യത്തോടെയും ഉൗർജസ്വലതയോടെയും പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഒൗഷധ കഞ്ഞി സേവ ഉപകരിക്കുന്നു. എണ്ണതേച്ച് കുളി, അഭ്യംഗം, ഉഴിച്ചിൽ, ഞവരക്കിഴി, ധാര, വയറിളക്കുക, വസ്തികർമങ്ങൾ എന്നീ ശോധന ചികിത്സകൾ വിദഗ്ധ മേൽനോട്ടത്തിൽ ചെയ്തതിനുശേഷം ഒൗഷധകഞ്ഞി സേവ കൂടിയായാൽ ആരോഗ്യം സുനിശ്ചിതം. മരുന്നുകഞ്ഞിയുടെ നിർമാണ രീതിയിൽ പ്രാദേശിക വ്യത്യാസങ്ങളുണ്ട്. പച്ചില മരുന്നു ശരിയായ അളവിൽ അരച്ചു ചേർത്തും, മരുന്നുകൾ ചേർത്ത് കിഴികെട്ടിയിട്ടും കഞ്ഞി തയാറാക്കാം. ഇതു യഥാവിഥി തയാറാക്കി ഏതെങ്കിലും ഒരു നേരത്തെ ആഹാരമായോ, അല്ലെങ്കിൽ അത്താഴമായോ കഴിക്കാം. ഇന്നു പല ഫാർമസികളുടേയും ഒൗധക കഞ്ഞി കിറ്റ് മാർക്കറ്റിൽ ലഭ്യമാണ്. ശ്വാസകോശ രോഗങ്ങൾ, ദഹന പ്രശ്നങ്ങൾ, അലർജി, ശരീര വേദനകൾ, മൂത്രത്തിൽ പഴുപ്പ് തുടങ്ങിയവ നിരന്തരം ശല്യപ്പെടുത്തുന്ന രോഗികൾ വൈദ്യനിർദേശ പ്രകാരം ശീലിക്കുന്ന പഞ്ചകർമചികിത്സയും, മരുന്നു കഞ്ഞി സേവയും അതിശയകരമായ ഫലം വാഗ്ദാനം ചെയ്യുന്നു. തൃശൂർ അമല ആയുർവേദ ആശുപത്രി വിദഗ്ധ ഡോക്ടർമാരാലും പഞ്ചകർമ തെറാപ്പിസ്റ്റുകളാലും സുസജ്ജമായി പ്രവർത്തിക്കുന്നു. കർക്കിടകമാസത്തിലും തുടർന്നും ആയുർവേദ ശാസ്ത്രത്തിന്‍റെ ആരോഗ്യ രഹസ്യം ഉൾക്കൊണ്ട് അരോഗികളായി തീരാമെന്നു നമുക്ക് പ്രാർത്ഥിക്കാം. (അവസാനിച്ചു).

||

ഡോ. ഇന്ദു ശശികുമാർ MD (AY)

AMALA AYURVEDIC HOSPITAL AND RESEARCH CENTER
Amala Nagar PO, Thrissur - 680 555
Kerala, India
Phone : +91-487-2303000
Fax : +91-487-2303030

www.amalaayurveda.org