കൊളസ്ട്രോളും ആയുർവേദവും
Thursday, July 7, 2016 4:47 AM IST
ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ മൂലം തടിയും കൊഴുപ്പും കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളുമായി ജീവിക്കുന്ന സമൂഹമാണു നമ്മുടേത്. കൊളസ്ട്രോൾ കൂടുതലുള്ള എല്ലാവർക്കും പൊണ്ണത്തടി ഉണ്ടായിക്കൊള്ളണമെന്നില്ല, എന്നാൽ പൊണ്ണത്തടിയുള്ളവരിൽ ബഹുഭൂരിപക്ഷവും ശരീരത്തിൽ കൊളസ്ട്രോൾ ആവശ്യത്തിൽ കൂടുതലുള്ളവരായിരിക്കും. കൊളസ്ട്രോളിന് പരിഹാരമായ ആയുർവേദ മാർഗങ്ങൾ അറിയാം...

സമൃദ്ധിയുടെ പാർശ്വഫലങ്ങൾ

നമ്മുടെ ജീവിതചര്യ മാറിയതോടെ പൊണ്ണത്തടിയും കൊളസ്ട്രോളും അനുബന്ധരോഗങ്ങളും കൂടി. കേരളത്തിലെ കുട്ടികളിൽ പൊണ്ണത്തടിയുള്ളവരുടെ എണ്ണം വളരെ കൂടുതലായിട്ടുണ്ട്. എകദേശം ഇരുപതു വർഷം മുൻപുവരെ പോഷകാഹാരക്കുറവായിരുന്നു കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമെങ്കിൽ ഇന്ന് പോഷകക്കൂടുതൽ മൂലമാണ് അസുഖങ്ങൾ ഉണ്ടാകുന്നത്. സാധാരണക്കാരും സമ്പന്നരും ഭക്ഷണശൈലിയിലും ജീവിതശൈലിയിലും വളരെയധികം മാറ്റങ്ങൾ വരുത്തി. ഭക്ഷണത്തിന്റെ ഗൂണനിലവാരം വർധിച്ചു, കൊഴുപ്പിന്റെ അളവുകൂടി, ധാന്യങ്ങൾ മുതലായവ കൂടുതലായി സംസ്ക്കരിച്ച് ഉപയോഗിക്കാൻ തുടങ്ങിയതോടേ അതിലെ നാരുകളുടെയും മറ്റും അളവ് കുറഞ്ഞു, ഊർജം വർധിക്കുകയും ചെയ്തു. ഏകദേശം ഇരുപത് വർഷത്തോളമായി കേരളീയരുടെ ഈ ഭക്ഷണശീലങ്ങളും ജീവിതശൈലിയും കൂടിച്ചേർന്ന് കൊളസ്ട്രോൾ, ഹൃദ്രോഗം, പ്രമേഹം മുതലായ ജീവിതശൈലിരോഗങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ഇന്നത്തെ സ്കൂൾ കുട്ടികളിൽ കൂടുതൽ പേരും ഓടിക്കളിക്കുന്നവരോ, കാൽനടയാത്ര ചെയ്യുന്നവരോ അല്ല. നഴ്സറിതലം മുതൽ തൊട്ടടുത്തുള്ള സ്കൂളിലേക്കാണെങ്കിലും വാഹനങ്ങളിലുള്ള യാത്ര ശീലമായിരിക്കുന്നു. സ്കൂൾ സമയം കഴിഞ്ഞ് വീട്ടിൽ എത്തിയാൽ ഉടൻ തന്നെ ടെലിവിഷൻ, കംപ്യൂട്ടർ എന്നീ വിനോദോപാധികളെ കൂടുതലായി ആശ്രയിക്കുന്നു. ഫലമോ ഇവരുടെ ജീവിതശൈലിയിൽ വ്യായാമം എന്ന വാക്കിന് യാതൊരു പ്രസക്‌തിയും ഇല്ലാതാകുന്നു. കുട്ടികൾക്ക് ബേക്കറി പലഹാരങ്ങൾ(സ്നാക്സ്) കൊടുക്കുന്നതിലൂടെ അവരുടെ ഊർജം വർധിക്കുകയും വ്യായാമത്തിന്റെ അഭാവം മൂലം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടി ചെറുപ്പം മുതൽ അനാരോഗ്യത്തിന്റെ കലവറയായി കുട്ടികൾ മാറുകയും ചെയ്യുന്നു.

തിരക്കുകൾക്കിടയിലെ താളം തെറ്റിയ ഭക്ഷണരീതികളും ഫാസ്റ്റ്ഫുഡ് സംസ്കാരവും കൃത്രിമപാനീയങ്ങളുടെ ഉപയോഗവും ടെൻഷനും സ്ട്രെസ്സും ചിട്ടയായ വ്യായാമമില്ലായ്മയും കൂടിച്ചേർന്ന് നമ്മുടെയെല്ലാം മാനസിക ശാരീരിക നിലകളെ താളം തെറ്റിക്കുന്നു.

<ശാഴ െൃര=/ളലമേൗൃല/മ്യൗൃബ2016ഖൗഹ്യ07വമ2.ഷുഴ മഹശഴി=ഹലളേ>

<യ> കൊളസ്ട്രോളിന്റെ ധർമങ്ങൾ

ശരീരത്തിനാവശ്യമായ ഊർജം നൽകുക, ശരീരത്തിലെ താപനില സന്തുലിതാവസ്‌ഥയിൽ നിറുത്തുക, ആന്തരാവയവങ്ങളെ പുറമേ നിന്നുള്ള ക്ഷതങ്ങളിൽ നിന്നു സംരക്ഷിക്കുക, ജീവകം എ, ഡി, ഇ, കെ എന്നിവയുടെ ആഗിരണത്തെ സുഗമമാക്കുക എന്നിവയാണ് കൊളസ്ട്രോളിന്റെ പ്രധാന ധർമങ്ങൾ.

<യ> കൊളസ്ട്രോൾ ഉണ്ടാകുന്നത്

ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ കൊളസ്ട്രോൾ രണ്ട് വിധത്തിലാണ് ഉണ്ടാകുന്നത്. ഒന്ന് നാം നിത്യേന കഴിക്കുന്ന ആഹാരത്തിൽ നിന്നും രണ്ടാമത് കരളിൽ ഉല്പാദിപ്പിക്കപ്പെടുന്നതിൽ നിന്നും.

പ്രധാനമായും സസ്യേതര ഭക്ഷണത്തിൽക്കൂടിയാണ് നമുക്ക് ആവശ്യമായ കൊളസ്ട്രോളിൽ കൂടുതൽ ഭാഗവും ലഭിക്കുന്നത്. മുട്ട (പ്രത്യേകിച്ചു മഞ്ഞക്കരു ) വെണ്ണ, മാംസം (പ്രത്യേകിച്ചും മട്ടൺ, ബീഫ് ) ഇവയിൽ കൊളസ്ട്രോളിന്റെ അളവ് കൂടുതലാണ്.

ഭക്ഷണത്തിലൂടെ ചെറുകുടലിൽ എത്തുന്ന കൊഴുപ്പ് ചില എൻസൈമുകളുടെ പ്രവർത്തനഫലമായി ട്രൈഗ്ലിസറൈഡുകൾ, കൊളസ്ട്രോൾ, ഫാറ്റി ആസിഡുകൾ എന്നീ ഘടകങ്ങളായി വേർതിരിയുന്നു. രക്‌തത്തിലുള്ള മറ്റ് കൊഴുപ്പുകളെപ്പോലെതന്നെ കൊളസ്ട്രോളും വെള്ളത്തിൽ ലയിക്കാത്തവ ആയതിനാൽ നേരിട്ട് ആഗിരണം ചെയ്യപ്പെടുന്നില്ല. ചില പ്രോട്ടീനുകളുടെ സഹായം കൂടി ഇവയുടെ ആഗിരണത്തിന് ആവശ്യമാണ്. ശരീരത്തിൽ എത്തുന്ന കൊഴുപ്പിന്റെ പകുതി ഭാഗത്തോളം മാത്രമാണ് ഇപ്രകാരം ആഗിരണം ചെയ്യപ്പെടുന്നത്. ബാക്കി പകുതി ഭാഗം മലത്തിലൂടെ വിസർജിക്കപ്പെടുന്നു .

രക്‌തത്തിൽ എത്തിച്ചേർന്നതിനുശേഷവും ഈ കൊഴുപ്പുകൾ വീണ്ടും ചില എൻസൈമുകളുടെ പ്രവർത്തനഫലമായി വീണ്ടും വിഘടിക്കപ്പെടുന്നു. ഇതിൽ ട്രൈഗ്ലിസറൈഡുകളെ പേശികളും മറ്റു ചില കോശങ്ങളും സംഭരിക്കുന്നു. കൊളസ്ട്രോൾ നേരിട്ട് കരളിലെത്തുകയും ശരീരത്തിന്റെ വിവിധ പ്രവൃത്തികൾക്കായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. മിച്ചം വരുന്ന കൊളസ്ട്രോളിനെ പിത്തരസവുമായി കൂട്ടിച്ചേർത്ത് തിരികെ കുടലിൽ എത്തിച്ചതിനു ശേഷം മലത്തിലൂടെ പുറംതള്ളുന്നു.

<യ> ശരീരത്തിൽ നിർമിക്കപ്പെടുന്ന കൊഴുപ്പുകൾ

കരളിലെ കോശങ്ങളിലാണ് പ്രധാനമായും കൊഴുപ്പ് നിർമിക്കപ്പെടുന്നത്. നാം കഴിക്കുന്ന ആഹാരത്തിലെ അന്നജം, മാംസ്യം, കൊഴുപ്പ് ഇവയുടെ ഉപാപചയ പ്രവർത്തനത്തിൽ നിന്ന് ഉണ്ടാകുന്ന ഒരു ഘടകത്തിൽ നിന്നുമാണ് ശരീരകോശങ്ങൾ കൊളസ്ട്രോളിനെ നിർമിച്ചെടുക്കുന്നത്. ഭക്ഷണത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ, രക്‌തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുകയും കരളിലെ കൊളസ്ട്രോളിന്റെ ഉല്പാദനം കുറയുകയും ചെയ്യും.

കരളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന കൊളസ്ട്രോളിനെ രക്‌തത്തിലൂടെ വിവിധ അവയവങ്ങളിലും കോശങ്ങളിലും എത്തിക്കുന്നത് കൊളസ്ട്രോളിലെ എൽഡിഎൽ (ലോ ഡെൻസിറ്റി ലൈപ്പോ പ്രോട്ടീൻസ്) ആണ്. കോശങ്ങളിലെത്തിച്ചേരുന്ന കൊളസ്ട്രോൾ വിവിധ ശാരീരിക പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു. രക്‌തത്തിലെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നതാണ് രക്‌തക്കുഴലുകളിൽ രക്‌തം കട്ടപിടിക്കാൻ കാരണമായിത്തീരുന്നത്.



രക്‌തത്തിലെ കൊളസ്ട്രോളിന്റ അളവിനെ നിയന്ത്രിച്ചുനിർത്തി രക്‌തക്കുഴലുകളിൽ രക്‌തം കട്ട പിടിക്കുന്നതിനെ തടയുവാൻ സഹായിക്കുന്ന എച്ച്ഡിഎൽ (ഹൈ ഡെൻസിറ്റി ലൈപ്പോ പ്രോട്ടിൻ) എന്ന ഒരു വിഭാഗവും കൊളസ്ട്രോളിലുണ്ട്. ശരീരത്തിലെ കൊളസ്ട്രോളിലെ ഇരുപതു മുതൽ മുപ്പത് ശതമാനം വരെ ഇതായിരിക്കും. കരളിലും കുടലിന്റെ ഭിത്തിയിലുള്ള കോശങ്ങളിലുമാണ് ഇവ ഉൽപാദിപ്പിക്കപ്പെടുന്നത്. ശരീരകോശങ്ങളിലും കലകളിലും രക്‌തക്കുഴലിലും എല്ലാം അളവിൽ കൂടുതലായി കാണുന്ന കൊളസ്ട്രോളിനെ സ്വീകരിച്ച് കരളിലെത്തിക്കുകയും അവിടെ നിന്നു പിത്തരസത്തോടൊപ്പം കലർത്തി കുടലിലെത്തിച്ച് വിസർജിക്കുന്നതിന് സഹായിക്കുകയും ചെയ്യുക എന്നതാണ് എച്ച്ഡിഎല്ലിന്റ പ്രധാന ധർമം. ഇത്രയുമൊക്കെ ഉപയോഗം ചെയ്യുന്നവയായതുകൊണ്ട് ഇതിനെ നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്നു.

കൊളസ്ട്രോൾ ശത്രുവും മിത്രവും

രക്‌തത്തിലെ മറ്റു കൊഴുപ്പുകളുടെയും കൊഴുപ്പുകളിൽ മാത്രം ലയിച്ചുചേരുന്ന ജീവകങ്ങളുടെയും ആഗിരണത്തെ സഹായിക്കുക, ശരീരത്തിനു മുഴുവൻ സംരക്ഷണകവചമായി നിലകൊള്ളുന്ന ചർമത്തിനെ രോഗാണുക്കളിൽ നിന്നും ഹാനികരമായേക്കാവുന്ന മറ്റ് പദാർഥങ്ങളിൽ നിന്നും സംരക്ഷിക്കുക, ചർമത്തിൽ നിന്നു ജലാംശം ബാഷ്പീകരിച്ചു നഷ്ടപ്പെടാതെയിരിക്കാൻ സഹായിക്കുക എന്നിവ ചെയ്യുന്നത് ചർമത്തിന് അടിയിൽ അടിഞ്ഞുനിൽക്കുന്ന കൊളസ്ട്രോൾ ആണ്.

ശരീരത്തിലെ പല പ്രധാന ഹോർമോണുകളുടെയും ഉൽപാദനത്തിനും കൊളസ്ട്രോൾ ആവശ്യമാണ്. കോർട്ടിസോൺ, ആൽഡോസ്റ്റീറോൺ, ഈസ്ട്രജൻ, പ്രോജസ്ട്രോൺ, ടെസ്റ്റോസ്റ്റീറോൺ എന്നിവയെല്ലാം കൊളസ്ട്രോളിൽ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്നവയാണ്.

കൊഴുപ്പിന്റെ ആഗിരണം ശരീരത്തിൽ തടസപ്പെടുകയാണെങ്കിൽ കൊഴുപ്പിൽ ലയിച്ചുചേരുന്ന ജീവകം എ, ഡി, ഇ, കെ എന്നിവയുടെ ആഗിരണം ശരിയായ നിലയ്ക്ക് നടക്കുകയില്ല. ഇത് ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഇവയിൽ ഏറ്റവും പ്രധാനമായി സംഭവിക്കുക ശരീരത്തിൽ ഒട്ടും തന്നെ ശേഖരിച്ചുവയ്ക്കാത്ത ജീവകം കെ യുടെ കുറവായിരിക്കും. ജീവകം കെ ശരിയായ അളവിൽ ആഗിരണം ചെയ്യപ്പെടുന്നില്ല എങ്കിൽ രക്‌തം കട്ടപിടിക്കാൻ ആവശ്യമായ പല ഘടകങ്ങളും കരളിന് ഉൽപാദിപ്പിക്കാൻ കഴിയാതെ വരും. ഇതുമൂലം അമിതരക്‌തസ്രാവം അടക്കമുള്ള ഗുരുതരമായ പല ശാരീരിക പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. കൊളസ്ട്രോൾ അമിതമായാൽ ശരീരത്തിന് ഹാനികരമാണ്.


വിഎൽഡിഎൽ, എൽഡിഎൽ, എച്ച്ഡിഎൽ, ട്രൈഗ്ലിസറൈഡ് എന്നീ നാലു ഘടകങ്ങളുടെയും കൂടി മൂർത്തീഭാവമാണ് കൊളസ്ട്രോൾ.

<യ> കൊളസ്ട്രോളിന്റെ പ്രവർത്തനം

കരളിലാണ് കൊളസ്ട്രോൾ പ്രധാനമായും നിർമിച്ചെടുക്കുന്നത്. കുറേ നമ്മൾ കഴിക്കുന്ന ആഹാരത്തിൽക്കൂടിയും രക്‌തത്തിൽ എത്തിച്ചേരുന്നു. ഏതു മാർഗത്തിൽക്കൂടി ശരീരത്തിൽ എത്തിച്ചേർന്നതാണെങ്കിലും ലിപ്പോപ്രോട്ടീൻസ് എന്ന രൂപത്തിലാണ് കൊളസ്ട്രോൾ രക്‌തത്തിൽക്കൂടി സഞ്ചരിക്കുന്നത്.

കരളിൽ താരതമ്യേന അളവിൽക്കൂടുതലുള്ള ട്രൈഗ്ലിസറൈഡും കുറച്ച് കൊളസ്ട്രോളും കൂടിച്ചേർന്ന് വിഎൽഡിഎൽ (വെരി ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) ഉണ്ടാകുന്നു. ഈ വി എൽഡിഎൽ രക്‌തക്കുഴലിലൂടെയുള്ള സഞ്ചാരത്തിനിടയിൽ ട്രൈഗ്ലിസറൈഡിനെ കൊഴുപ്പുകോശങ്ങളിൽ നിക്ഷേപിക്കുന്നു. ഇങ്ങനെ ധാരാളം ട്രൈഗ്ലിസറൈഡ് നഷ്ടപ്പെട്ട് അവ എൽഡിഎൽ ( ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) ആയി വീണ്ടും യാത്ര തുടരുന്നു. കൊളസ്ട്രോളുമായി സഞ്ചരിക്കുന്ന എൽഡിഎൽ കൊളസ്ട്രോളിനെ ശരീരത്തിൽ എല്ലാമുള്ള കോശങ്ങളിൽ നിക്ഷേപിക്കുന്നു.

രക്‌തത്തിൽ എൽഡിഎൽ വളരെ കൂടുതൽ ഉണ്ടെങ്കിൽ അവ രക്‌തക്കുഴലുകളുടെ ഭിത്തിയിലും കൊളസ്ട്രോളിനെ നിക്ഷേപിക്കുന്നു. തൽഫലമായി രക്‌തക്കുഴലുകളുടെ ഉൾഭാഗം കട്ട പിടിക്കുന്നതിനും ഉള്ളിലെ വ്യാസം കുറയുന്നതു മൂലം രക്‌തസഞ്ചാരത്തിനു തടസം നേരിടുകയും ചെയ്യുന്നു .

വിഎൽഡിഎല്ലുകൾക്കു പുറമേ കരളിൽ നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ (ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) ഉം നിർമിക്കപ്പെടുന്നു. ഇവ കോശങ്ങളിലും രക്‌തക്കുഴലുകളുടെ ഭിത്തിയിലും അടിഞ്ഞുകൂടിയിരിക്കുന്ന അധികകൊളസ്ട്രോളിനെ തിരികെയെടുത്തു കരളിലേക്കുതന്നെ കൊണ്ടുപോകുന്നു. എച്ച്ഡിഎൽ കരളിലേക്ക് കൊണ്ടുവരുന്ന അധികമുള്ള കൊളസ്ട്രോളിൽ കുറച്ചുഭാഗം വീണ്ടും ഉപയോഗിക്കപ്പെടുന്നു. ബാക്കി വരുന്ന കുറേ ഭാഗം പിത്ത രസത്തോട് കലർത്തി കുടലിലേക്ക് തിരികെ അയച്ച് വിസർജിക്കപ്പെടുന്നു.

ശരീരത്തിൽ കൊഴുപ്പിന്റെ വ്യാപനത്തിലും ആഗിരണത്തിലും വരുന്ന അപാകതകളാണ് കൊളസ്ട്രോളിന്റെ അളവ് കൂടുന്നതിന് കാരണമാകുന്നത്. ശരിയായ രീതിയിലല്ലാത്ത ആഹാരവിഹാരങ്ങൾ, പൂരിതകൊഴുപ്പുകൾ, മധുരം എന്നിവ കൂടുതലുള്ള കഫവർധനമായ ആഹാരങ്ങളുടെ ഉപയോഗം, അസമയത്തും കൂടുതലായുമുള്ള ഉറക്കം, വ്യായാമം കുറവ്, സസ്യേതര വിഭവങ്ങളിൽ നിന്നു ലഭിക്കുന്ന കൊഴുപ്പുകളുടെ ഉപയോഗം എന്നിവ രക്‌തത്തിൽ കൊളസ്ട്രോൾ കൂടാൻ പ്രധാന കാരണമായിത്തീരുന്നു.

<യ> അമിത കൊളസ്ട്രോളിന്റെ ദൂഷ്യഫലങ്ങൾ

രക്‌തത്തിൽ കൊളസ്ട്രോളിന്റെ അളവ് വളരെക്കാലം കൂടുതലായി നിന്നാൽ രക്‌തക്കുഴലുകളുടെ ഉൾഭാഗം കട്ടിയാവുകയും ഉള്ളിലെ വ്യാസം കുറയുന്നതുമൂലം രക്‌തസഞ്ചാരം കുറയുകയും ചെയ്യുന്നു. ഹൃദയപേശികൾക്ക് രക്‌തം എത്തിക്കുന്ന രക്‌തക്കുഴലുകളിലാണ് ഇപ്രകാരം സംഭവിക്കുന്നതെങ്കിൽ ഹൃദയകോശങ്ങൾ മൃതപ്രായമാകുകയും ഹൃദയസ്തംഭനത്തിനു കാരണമായിത്തീരുകയും ചെയ്യുന്നു. കൊളസ്ട്രോൾ കൂടുതലുള്ളവർ പുകവലിക്കുകയോ പ്രമേഹരോഗം ഉണ്ടാകുകയോ രക്‌തസമ്മർദ്ദം വർധിക്കുകയോ ചെയ്താൽ ഹൃദ്രോഗസാധ്യത കൂടുതലാണ്. തലച്ചോറിലേക്കുള്ള രക്‌തക്കുഴലിലാണ് തടസം നേരിടുന്നതെങ്കിൽ ഓർമക്കുറവ്, മന്ദത, തലകറക്കം, ബോധക്കേട് മുതലായവ ഉണ്ടാകുകയും അമിതരക്‌തസമ്മർദ്ദം മൂലം രക്‌തക്കുഴലുകൾ പൊട്ടുകയും ചിലപ്പോൾ മരണം വരെ സംഭവിക്കുകയും ചെയ്യാം.

രക്‌തക്കുഴലുകൾ അടയുകയോ പൊട്ടുകയോ ചെയ്യുന്നതിന്റെ ഫലമായി പക്ഷാഘാതം (ശരീരത്തിന്റെ ഒരു വശം തളരുക), കൈകൾ ഉയർത്താൻ കഴിയാതെ വരുക , ചിലപ്പോൾ ശരീരം മുഴുവനായും തളർന്നുപോകുക, മുഖം ഒരു വശത്തേക്ക് കോടിപ്പോകുക, നടക്കുമ്പോഴും കയറ്റം കയറുമ്പോഴും കിതപ്പ്, എല്ലാപ്രവർത്തികളിലും ഉത്സാഹക്കുറവ്, ലൈംഗിക ശേഷിയും താല്പര്യവും കുറയുക, നിത്യരോഗി ആയിപ്പോയല്ലോ എന്ന മാനസികവ്യഥ എന്നിവയുണ്ടാകാം.

<യ> കൊളസ്ട്രോൾ നിയന്ത്രണം

കൊളസ്ട്രോളിന്റെ ആധിക്യം നിയന്ത്രിക്കുന്നതിന് പ്രധാനമായും രണ്ട് മാർഗങ്ങളാണ് ആയുർവേദ ശാസ്ത്രം അനുശാസിക്കുന്നത്.

* ഔഷധസേവയും ഔഷധചൂർണങ്ങൾ ഉപയോഗിച്ചുള്ള തിരുമ്മൽ ( ഉദ്വർത്തനം), ഔഷധസസ്യങ്ങളുടെ ഇലകളോ ഔഷധചൂർണങ്ങളോ കൊണ്ട് ഉണ്ടാക്കിയ കിഴി ഉപയോഗിച്ച് വിയർപ്പിക്കൽ.

* ശരിയായ രീതിയിലുള്ള വ്യായാമം , ആഹാരത്തിലൂടെ അധികം കൊഴുപ്പ് ശരീരത്തിൽ എത്താതിരിക്കാനുള്ള മാർഗങ്ങൾ, ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ.



ഔഷധസേവയും ചികിത്സയും

വരണാദി കഷായം, വരാദി കഷായം, രസോനാദി കഷായം, ഗുൽഗുലുതിക്‌തകം കഷായം, പഞ്ചകോലകുലത്ഥാദി കഷായം, വ്യോഷാചിത്രകാദി കഷായം, ദശമൂലഹരീതകി ലേഹ്യം, ത്രിഫലാ ചൂർണ്ണം, ലീൻ ഹീൽ മുതലായവ രോഗിയുടെ ശരീരപ്രകൃതിക്കനുസരിച്ചും, രക്‌തത്തിലെ കൊളസ്ട്രോളിന്റെ അളവിനനുസരിച്ചും വിധിപ്രകാരം സേവിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായകമാകും.

ഗുൽഗുലു, കന്മദം, വെളുത്തുള്ളി, നെല്ലിക്ക, പാവയ്ക്കാ, കടുക്ക, യവം, അയമോദകം, നീർമരുത്, വേങ്ങക്കാതൽ എന്നിവയ്ക്കും അമിത കൊളസ്ട്രോളിനെ കുറയ്ക്കാനുള്ള കഴിവുണ്ട്. നീർമരുത്, വേങ്ങക്കാതൽ എന്നിവ ചതച്ചിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് ഒരുപരിധി വരെ അമിത കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കും.

ഇതു ശ്രദ്ധിക്കാം

* വിശപ്പുള്ളപ്പോൾ മാത്രം ആഹാരം കഴിക്കുക. ആവശ്യത്തിലധികം ആഹാരം കഴിക്കാതിരിക്കുക, (വയറിന്റെ പകുതി ഭാഗം ആഹാരം കൊണ്ടും കാൽഭാഗം വെള്ളം കൊണ്ടും നിറയ്ക്കുക, ബാക്കി വരുന്ന കാൽഭാഗം വായുവിന്റെ സുഖസഞ്ചരണത്തിനായി ഒഴിവാക്കിയിടുക എന്ന ആയുർവേദ തത്വം എപ്പോഴും മനസിൽ ഓർത്തുവയ്ക്കുക).

* ഭക്ഷണകാര്യത്തിൽ സസ്യാഹാരങ്ങൾക്ക് പ്രാധാന്യം കൊടുക്കുക. അവയിൽ നാര് കൂടുതൽ അടങ്ങിയവയ്ക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുക. നാര് കൂടുതൽ അടങ്ങിയ പയറുവർഗങ്ങൾ, തവിടുകളയാത്ത ധാന്യങ്ങൾ എന്നിവ രക്‌തത്തിലെ കൊളസ്ട്രോളിനെ നിയന്ത്രിച്ചുനിർത്തുകയും വിസർജനത്തെ സഹായിക്കുകയും ചെയ്യും. കാരറ്റ്, വെളുത്തുള്ളി, ചുവന്നുള്ളി തുടങ്ങിയവ സസ്യാഹാരങ്ങളിലെ വളരെ ഗുണമുള്ളവയാണ്. ഇവയിലൊക്കെ അടങ്ങിയിരിക്കുന്ന കരോട്ടിനും നിരോക്സികരണ ഘടകങ്ങളും ആവശ്യത്തിൽ കൂടുതലുള്ള കൊളസ്ട്രോളിനെ പുറംതള്ളാൻ സഹായിക്കുകയും ദഹനവ്യവസ്‌ഥയെ ശരിയാംവണ്ണം പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നവയാണ്. ദഹനത്തിനുശേഷം ബാക്കിവരുന്ന അപകടകാരികളായ കൊളസ്ട്രോളിനെ മലത്തിലൂടെ വിസർജിക്കുന്നതിനും ഇവ സഹായിക്കുന്നു.

* ഇറച്ചി, മുട്ട, പാൽ, വെണ്ണ, ഐസ്ക്രീം തുടങ്ങി മൃഗക്കൊഴുപ്പുകൾ ചേർന്ന ആഹാരങ്ങൾ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. ഫാസ്റ്റ് ഫുഡുകൾ, കൃത്രിമ ആഹാരങ്ങൾ, കൃത്രിമപാനിയങ്ങൾ, അധികം സംസ്കരിച്ച (റിഫൈൻഡ്) ആഹാരപദാർഥങ്ങൾ എന്നിവ നിശേഷം ഉപേക്ഷിക്കുക. പകരം ധാരാളം സസ്യങ്ങളും, ധാന്യങ്ങളും , പഴങ്ങളും അടങ്ങിയ മിശ്രിത ഭക്ഷണരീതി സ്വീകരിക്കുക .

* കൂടുതൽ ഉപ്പും , മധുരവും ഒഴിവാക്കി പൊണ്ണത്തടി വരാത്ത രീതിയിൽ ഉയരത്തിനൊത്ത് ശരീരഭാരം ക്രമീകരിച്ചു നിർത്തുക.

* മദ്യപാനം , പുകവലി എന്നിവയുള്ളവർ അവ നിശേഷം ഉപേക്ഷിക്കുക.

* പകൽ ഉറങ്ങാതെയിരിക്കുകയും രാത്രി അധികസമയം ഉറങ്ങാതെ രാവിലെ കൃത്യസമയത്ത് എഴുന്നേൽക്കുകയും ചെയ്യുക.

* വിധിപ്രകാരം ദിവസവും കൃത്യമായി വ്യായാമം ചെയ്യുക. ഒരാളുടെ ആരോഗ്യത്തിന്റെ പകുതിക്ക് ഒത്ത വിധത്തിൽ വ്യായാമം ചെയ്തിരിക്കണം എന്നാണ് ആയർവേദം അനുശാസിക്കുന്നത്. നെറ്റിയിലും മൂക്കിന്റെ അറ്റത്തും കക്ഷത്തിലും വിയർപ്പ് പൊടിയുന്നതായിക്കണ്ടാൽ അതാണ് പകുതി ശക്‌തിക്ക് ഒത്ത വിധത്തിലുള്ള വ്യായാമത്തിന്റ മാനദണ്ഡം.

ഡോ. ആർ. രവീന്ദ്രൻ. ബി. എ. എം. എസ്.

അസി. സീനിയർ. മെഡിക്കൽ ഓഫീസർ.ദി ആര്യവൈദ്യ ഫാർമസി (കോയമ്പത്തൂർ) ലിമിറ്റഡ്.
ബ്രാഞ്ച് * ട്രീറ്റ്മെന്റ് സെന്റർ,സി. എം. എസ.് കോളജ് റോഡ് കോട്ടയം .