ഇരുപത് രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ ചേര്‍ന്നുള്ള ഗാനം തരംഗമാകുന്നു
Friday, May 15, 2020 11:41 AM IST
കൊച്ചി: ലോക നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ഇരുപതു രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരായ ഗായകരെ ഉള്‍പ്പെടുത്തി സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ തയാറാക്കിയ സംഗീത ശില്‍പം യൂട്യൂബില്‍ തരംഗമാവുന്നു. യുവജനങ്ങളുടെ പ്രിയപ്പെട്ട താരം ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജില്‍ നഴ്‌സസ് ഡേയുടെ ആശംസകളോടെ ഗാനം പങ്കുവച്ചതോടെ അനേകായിരങ്ങളാണ് ഇതു വീക്ഷിച്ചത്. ഒരുപാട് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെ പാട്ട് വൈറലാകുകയായിരുന്നു. ''ഒരു സ്‌നേഹവാക്കിനാല്‍ ഒരു കുഞ്ഞു ഹൃദയത്തില്‍
സ്വാന്തനം പകരാന്‍ കഴിഞ്ഞുവെങ്കില്‍ എന്ന ആദ്യവരി പാടിത്തുടങ്ങുന്നത് ഔസേപ്പച്ചന്‍ തന്നെയാണ്. തുടര്‍ന്ന് അയര്‍ലണ്ടിലെ സാബു ജോസഫ്, ഇംഗ്ലണ്ടില്‍നിന്നു ഡോ. വാണി ജയറാം, സ്‌കോട്‌ലന്‍ഡിലെ ഡോ. സവിത മേനോന്‍, പിന്നെ സ്വിറ്റസര്‍ലണ്ടിലെ തോമസ് മുക്കോംതറയില്‍, ബഹ്‌റൈനിലെ ജെസിലി കലാം, സൗദി അറേബ്യയിലേ ഷാജി ജോര്‍ജ്, ഓസ്‌ട്രേലിയയിലെ ജെയ്‌മോന്‍ മാത്യു, സിംഗപ്പൂരിലെ പീറ്റര്‍ സേവ്യര്‍, വെയില്‍സിലെ മനോജ് ജോസ്, ഇറ്റലിയില്‍നിന്ന് പ്രീജ സിജി, കാനഡയിലെ ജ്യോത്സ്‌ന മേരി ജോസ്, ഓസ്ട്രിയയിലെ സിറിയക് ചെറുകാട്, ഇസ്രയേലിലെ മഞ്ജു ജോസ്, കുവൈറ്റിലെ അനൈസ് ആനന്ദ്, ജര്‍മനിയിലെ ചിഞ്ചു പോള്‍, യുഎഇയില്‍ നിന്നു രേഖ ജെന്നി, അയര്‍ലണ്ടിലെ ജിബി മാത്യു, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ സിനി പി. മാത്യു എന്നിവര്‍ ഗായകരായി.


റോയ് കാഞ്ഞിരത്താനം രചിച്ച ഈ ഗാനം ഇരുപതു രാജ്യങ്ങളില്‍ നിന്നുള്ള ഗായകരെ ഏകോപിച്ച് ഈ ആല്‍ബത്തിന് ചുക്കാന്‍ പിടിച്ചത് സ്‌കോട്ട്‌ലണ്ടില്‍നിന്നും എബിസണ്‍ ജോസാണ്.

നടന്‍ ജയറാമിന്റെ ശബ്ദസന്ദേശത്തോടെയാണു സംഗീതവിരുന്ന് തുടങ്ങുന്നത്. 'സ്‌നേഹിതരെ, ഞാന്‍ ജയറാമാണ്. ലോകം മുഴുവന്‍ ഒരു മരണമുഖത്താണ്. ജീവനില്‍ കൊതി എല്ലാവര്‍ക്കുമുണ്ടല്ലോ പക്ഷെ, കരുതലും കരുത്തുമായി സ്വന്തം ജീവനേക്കാള്‍ മറ്റുള്ളവരുടെ ജീവനു മൂല്യം കല്‍പ്പിക്കുന്ന കുറെ ആളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. ആതുര സേവന രംഗത്തു പ്രവര്‍ത്തിക്കുന്നവരാണ് അവര്‍. മനുഷ്യര്‍ മുറിവേറ്റ് കിടക്കുന്ന എല്ലായിടങ്ങളിലും എല്ലാക്കാലത്തും അവര്‍ ഉണ്ടായിരുന്നു. ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമായി ഈ ഗാനം നിങ്ങള്‍ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു എന്ന മുഖവുരയോടെയാണു സംഗീതം ആരംഭിക്കുന്നത്.