അക്ഷരപ്പൂക്കൾ...
അക്ഷരപ്പൂക്കൾ...
വായന നിന്നാ,ലടഞ്ഞുപോകുന്നതാ,ണറിവിന്‍റെ
വാതായനങ്ങളെന്നോർക്കുക ,
അക്ഷരപ്പൂക്കൾ തൻ സൗരഭ്യമാണെന്നും
അറിവിന്‍റെ യൗന്നത്യ മോർത്തീടുകിൽ.

വാക്കുകൾ പൂക്കുന്ന പ്രജ്ഞാപഥങ്ങളിൽ,
വാഗതീതം വാക്കുതിർക്കുന്ന വിസ്മയം.
വായനാവിത്തുകൾ പാകി മുളപ്പിക്ക
വാഴ്വിന്നതേകട്ടെ ശീതളഛായകൾ!

അക്ഷരക്കൂട്ടത്തിൽ ആർത്തുല്ലസിക്കുവിൻ,
അക്ഷരലക്ഷത്തെ കൂട്ടുചേർത്തീടുവിൻ ,
അക്ഷൗഹിണികളായറിവിൻ പിറപ്പുകൾ,
ആർത്തിരമ്പട്ടെയനസ്യൂത, മുജ്ജ്വലം !

അറിവിന്‍റെയാർദ്രരേണുക്കളാ പ്രജ്ഞയിൽ,
ആത്മബോധത്തിന്‍റെ അഗ്നിയായ് മാറട്ടെ .
അപരന്‍റെ സ്വാസ്ഥ്യമാണെൻസ്വാസ്ഥ്യമെന്നുള്ള
ആത്മസാക്ഷാത്ക്കാരമാകട്ടെ ചിന്തകൾ.

ഒരുവന്നുവന്നിടും ആപത്തു കാണുകിൽ ,
ഓർക്കുക, നാളെ നമുക്കുമതായിടാം .
ഒത്തുചേർന്നേകിടാ, മേവർക്കുമാശാസം,

ഓർക്കുക, സ്വാർത്ഥത വിട്ടുപേക്ഷിക്കുക.

അറിവിനെയാദരിച്ചീടുകിൽ സ്‌പഷ്ടമാ
ണറിവിനാൽ വന്നിടുമാദരം നിശ്ചയം .
അറിവിനൊരിക്കലും അപരന്നു ദോഷമായ്,
മുറിവിന്നു ഹേതുവായ് മാറ്റുകില്ലീശ്വരൻ .

വായിച്ചറിഞ്ഞവർ എഴുതിത്തെളിഞ്ഞവർ,
വാക്കിനാൽ വാങ്മയ ചിത്രം രചിച്ചവർ,
വരമൊഴിപ്പെരുമയുടെ ഈറ്റില്ലമായവർ,
വാക്കിനാൽ വിശ്വവിജയ, മാർജിച്ചവർ.

മുൻപേ ചരിച്ചവർ, പിൻപേ ഗമിക്കുവാൻ
വൻപേതുമില്ലാതെ മാർഗം തെളിച്ചവർ
ഇമ്പമോടേകിയ സാഹിതീമോദകം
അൻപോടെയാസ്വദിക്കാം നമുക്കാകവേ!

അക്ഷരനാളത്തിൽ നാമലിഞ്ഞീടുക,
അറിവിന്‍റെയാഴങ്ങളിൽ തുടിച്ചീടുക,
അപരന്‍റെ നന്മയെ കാംക്ഷിക്ക നിത്യവും,
അൻപിനാൽ നിറയട്ടെ ഈലോകമീവിധം !

ബൈജു തറയിൽ

useful_links
story
article
poem
Book