ഭൂമിയിലെ മാലാഖമാർ
ഭൂമിയിലെ മാലാഖമാർ
പാരിലിന്നാപത്തു വന്നൊരീ വേളയിൽ,
മാനുഷർ കല്മഷം പൂണ്ടു നിൽക്കെ,
പേടിവേണ്ടെന്നോതി ഈ യുദ്ധ ഭൂമിയിൽ,
കർമ്മനിരതരായ് മാലാഖമാർ!

അക്ഷൗഹിണികളായ്, ശാന്തിതൻ ദൂതരായ് ,
ആതുരലക്ഷത്തിനാലംബമായ്
ആരോടുമില്ലാ പരിഭവം തെല്ലുമേ,
ആതുരസേവ താൻ ഏക ലക്‌ഷ്യം.

ഊണില്ല, നേരത്തുറക്കമില്ല,
ഊരില്ല, ഉണ്ണിയെ കാൺകവേണ്ട ,
ഊർധ്വൻ വലിക്കുന്ന ജീവന്നരികിലാണെ
ണ്ണമില്ലാത്തൊരീ മാലാഖമാർ!

കോവിഡ് കാലമോ, നിപ്പ തൻ കാലമോ,
കാലമേതാകിലും കാവലുണ്ടീ,
കണ്ണിമ തെറ്റാതെ നമ്മൾക്കരികിലീ
നിർമ്മായ കർമ്മമായ് മാലാഖമാർ.

"വൈറ്റ് കോട്ടിഫക്റ്റിനെ' പുഞ്ചിരിപ്പൂവിനാൽ,
മായിച്ചെടുക്കുന്ന സോദരിമാർ,
നമ്മുടെ നഴ്സുമാർ, എന്തു ചൊന്നാകിലും,
അവരാണ് നമ്മുടെ സോദരങ്ങൾ.

പേറ്റുമുറിയിലെ അമ്മതൻ രോദനം ,
പേറിന്നൊടുവിൽ പിറപ്പിന്റെ രോദനം,

ആദ്യമായ് കാണ്മതും കേൾപ്പതുമീ
പാരിലീയോമന മാലാഖമാർ.

ഓപ്പറേഷൻ മുറി തന്നിലായ് ജീവന്റെ ,
പെൻഡുലമാടുന്ന വേളകളിൽ ,
ഓർമ്മയ്ക്കുമോർമ്മവരമ്പിനു മപ്പുറം,
കർമ്മേഷു ദാസിയായ്‌ നിൽപ്പോരിവർ.

ജോലിയിൽ നിത്യവും നോവിൻ കുറുകലും,
ചാവിൻ കരച്ചിലും കേൾപ്പോരിവർ,
ചങ്കു തകരാതെയുള്ളു പതറാതെ,
ആശ്വാസമാകുമീ മാലാഖമാർ.

സൂചി കുത്തുമ്പോളുറുമ്പെന്നു ചൊല്ലുന്ന
നർമ്മം വിതറുമീ സോദരിമാർ,
‘ജീവശ്വാസത്തിന്റെ യന്ത്ര’മുറങ്ങാതെ,
ജീവന്റെ സ്പന്ദനം കാപ്പോരിവർ.

സോദരിയാണിവൾ, അമ്മയുമാണത്രെ,
അർദ്ധാംഗിനിയുമാം, പുത്രിയുമാം.
നമിക്കുന്നു നിങ്ങളെ സ്നേഹാതിരേകത്താൽ,
നിങ്ങളീ ഭൂമിതൻ മാലാഖമാർ!

(എല്ലാ നഴ്‌സ്‌മാർക്കുമായി സമർപ്പിക്കുന്നു.)

അബുദാബിയിൽനിന്നും ബൈജു തറയിൽ

useful_links
story
article
poem
Book