കാലംതെറ്റിയ വർഷപ്പാതിയിൽ...
കാലംതെറ്റിയ വർഷപ്പാതിയിൽ...
കാലംതെറ്റിയ വർഷപ്പാതിയിൽ,
നേരംതെറ്റിയ വേനൽവരവിൽ,
കാണുന്നൂനാം ഉർവ്വിയുണർത്തും,
ഉൾത്താപത്തിൻ നെടുവീർപ്പ്.

ആർത്തലപെയ്യും നീർമഴയിൽ,
കണ്ണീരാറുകൾ കവിയുമ്പോൾ,
പട്ടിണിയുണ്ണും കൂര,ക്കുടിലുകൾ,
ചേറാഴങ്ങളിൽ പുതയുമ്പോൾ,

വർഷാകാശച്ചെരുവിൽനിന്നും,
ഇടവപ്പാതി കനക്കുമ്പോൾ,
ഹൃദയാകാശക്കീറിൽനിന്നും,
കണ്ണീരാറു പിറക്കുന്നു.

എന്തേ നമ്മൾ നട്ടീല?
ഭൂരുഹമൊന്നീ ധരണിയ്ക്കായ്?
എന്തേ നമ്മൾ ഓർത്തീല?
ധരയാണമ്മ, ആർത്തയുമാം.

ആറിൻ തീരം, തടിനീ പുളിനം
കായൽത്തീരവുമൊന്നൊഴിയാ
തങ്ങിനെ കെട്ടിയുയർത്തീ നാം,
സ്വപ്നം കണ്ടൊരു ഭവനങ്ങൾ!

പുഴയും കടലും കായൽ തീരവും,
കാഴ്ച പകർന്നൊരു ബാൽക്കണികൾ!
രാവിൽ കതിരായ് ഗഗന ചെരാതുകൾ,

കണ്ണിമ ചിമ്മും കിടപ്പറകൾ!

എന്തേ നമ്മൾ കണ്ടീല?
ആറിൻ, പുഴതൻ നൊമ്പരമി
ന്നെന്തേ നമ്മൾ കേട്ടീല?
കായൽ പറയും കദനങ്ങൾ.

അയനം തുടരാൻ വയ്യാതങ്ങനെ,
ആറും പുഴയും വലയുമ്പോൾ,
വെള്ളിപ്പരലും കുഞ്ഞൻ കൊഞ്ചും,
നീരാഴങ്ങളിലിടറുമ്പോൾ,

എന്തേ നമ്മൾ ഓർത്തീല?
പുഴയാണവ,ളൊഴുകേണ്ടവളാം.
എന്തേ നമ്മൾ കണ്ടീല?
പുഴയുടെ കണ്ണീർ കോലങ്ങൾ.

മകരക്കൊയ്ത്തും പുഞ്ചക്കൊയ്ത്തും,
ഓർമ്മകളിൽ കഥ പറയുമ്പോൾ,
പുന്നെൽക്കതിരുകളെല്ലാമിങ്ങനെ,
കാലത്തിൽ പോയ്മറയുമ്പോൾ.

കാലംതെറ്റിയ വർഷപ്പാതിയിൽ,
നേരംതെറ്റിയ വേനൽവരവിൽ,
കാണുന്നൂനാം ഉർവ്വിയുണർത്തും,
ഉൾത്താപത്തിൻ നെടുവീർപ്പ്.


ബൈജു തറയിൽ

useful_links
story
article
poem
Book