മരിച്ചുപോയ സൈനികരുടെ വിരുന്ന് (സുരേഷ് നാരായണൻ)
മരിച്ചുപോയ സൈനികരുടെ വിരുന്ന് (സുരേഷ് നാരായണൻ)
പുലർച്ചെ മൂന്നുമണി
ആയിട്ടുണ്ടാവണം.
അടുക്കള ഭാഗത്തു നിന്നുമെന്തോ അപശബ്ദങ്ങൾ കേട്ട്
പതിഞ്ഞ കാലടികളോടെ ഞാൻ ചെന്നു നോക്കി.

എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല,
നരച്ചു കീറിയ പട്ടാളവേഷം ധരിച്ച കുറേപ്പേർ
മെഴുകുതിരി വെളിച്ചത്തിൽ തിന്നുകയും കുടിക്കുകയും ചെയ്യുന്നു!

പെട്ടെന്നവരുടെ തലവൻ
എന്നു തോന്നിച്ചയാൾ
എൻറെ നേരെ തിരിഞ്ഞ് ശബ്ദമുയർത്തി ടോസ്ററ് പറഞ്ഞു.

ഞെട്ടിത്തിരിഞ്ഞു പുറകോട്ടോടിയ എൻറെ തല വാതിൽപ്പടിയിന്മേൽ
ശക്തിയായിടിച്ചു.


ഓർമ്മ വരുമ്പോൾ ഞാനാ സൈന്യധിപന്‍റെ
മടിയിൽ കിടക്കുകയാണ്.
കീറിപ്പറിഞ്ഞു പോയ ആത്മകഥാ പുസ്തകം കൊണ്ട് അയാളെന്നെ വീശുന്നുണ്ട്.

വിരണ്ടുപോയ ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കുഴഞ്ഞുപോയി.

'നിനക്കെഴുന്നേൽക്കാൻ പറ്റില്ല; ആ ശ്രമം ഉപേക്ഷിച്ചേക്കൂ.' സൈന്യാധിപൻ പറഞ്ഞു.

പെട്ടെന്നയാൾ ചാടിയെഴുന്നേറ്റ് എൻറെ അടിവയറ്റിലാഞ്ഞു ചവിട്ടി!
ഒരു ഞരക്കം പോലും പുറത്തു വിടാനാവാത്തത്രയും അവശനായിരുന്നു ഞാൻ.

തുടർന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നു സംഭവിച്ചു.

എൻറെ തലയല്പം പൊക്കി വെച്ച്
വയറിനു മീതെ ഒരു കണ്ണാടി സ്വല്പം ചെരിച്ചു പിടിച്ച് അയാളലറി,

'ഇങ്ങോട്ട് നോക്ക്!'

ഭയന്നുപോയ എൻറെ കണ്ണുകൾ കണ്ടു,
ബൂട്ടു കൊണ്ടുള്ള ചവിട്ടേറ്റ സ്ഥലത്ത് അച്ചുനിരത്തിയതുപോലെ പതിഞ്ഞിരിക്കുന്നു ഏഴക്ഷരങ്ങൾ ;

FASCIST

'ഇനി നിനക്കെഴുന്നേൽക്കാം.' ജനറൽ പറഞ്ഞു.
'പുതിയ ബൂട്ടുകൾ ധരിക്കാം.
മിത്രങ്ങൾക്കു നീ മുല കൊടുക്കുക.
ശത്രുക്കൾക്കു ബൂട്ടിന്റെ മടമ്പും !
ഒന്നോർക്കുക ,
അടിവയറ്റിലെ അടയാളം ഒരിക്കലും മായരുത്;
മങ്ങുകയുമരുത്!
എത്ര ശവങ്ങളെ നീ മറികടക്കുന്നുവോ
അത്രയും പെട്ടെന്നു നിനക്ക് ഞങ്ങളുടെ വിരുന്നുമേശയിലെത്താം.
ഞങ്ങൾക്കൊപ്പം അനന്തകാലം തിന്നുകയും കുടിക്കുകയും ചെയ്യാം!'

തുടർന്ന് Dismissed
എന്നൊരലർച്ച കേട്ടതും
ഞാൻ ഞെട്ടിയുണർന്നു.

അൽഭുതം,
നെറ്റിയിലെ മുറിവുണങ്ങിയിരുന്നു,
കാലിൽ തിളങ്ങുന്ന ബൂട്ടുകൾ!.

പക്ഷേ ഒലിച്ചിറങ്ങിയ ചോര ,
മുഖാർദ്ധഭാഗത്തെ കൃത്യമായി ചുവപ്പിച്ചിരിക്കുന്നു!

പതിയെ പതിയെ എല്ലാം വ്യക്തമായി വന്നു.

ആറാം തീ(യതി)യുടെ പ്രഭാതത്തിലേക്കു ഞാനുണർന്നു കഴിഞ്ഞിരിക്കുന്നു.

പടികൾ കുതിച്ചിറങ്ങുമ്പോഴുള്ള കുതിരക്കുളമ്പടി ശബ്ദം
എന്നെ ലഹരി പിടിപ്പിച്ചു.

useful_links
story
article
poem
Book