കുചേലവൃത്തം
കുചേലവൃത്തം
സുദാമൻ വരുന്നുവത്രേ
മുകുന്ദനെത്തേടി!
ഗതചങ്ങാത്തത്തിൻ
മധുരനാരങ്ങയില്ല
കാഴ്ചയ്ക്കവിൽപ്പൊതി
കയ്യിലില്ല
പാടിപ്പഴകിയ ഗീതങ്ങളില്ല
സ്‌മൃതിയിൽ നിറഞ്ഞ
കിനാക്കളില്ല.
ചാലായൊഴുകും
പദങ്ങളാൽ തീർത്ത
നിശബ്ദത മാത്രം
ചിതറിത്തെറിച്ചു
ചിറകു നീർത്തി
*ചെറു കുരുവികളായ്
ചിലച്ചൂ!
വരും വഴിയേ,
വിണ്ടു വിളറിയ
പാടവരമ്പിൽ
കതിർക്കറ്റ ചുമ്മുന്ന
രാധയെക്കണ്ടു
കലപ്പയേന്തും
ബലരാമനെക്കണ്ടു
ചുടുകാറ്റു വിയർക്കും
കിടാങ്ങളെക്കണ്ടു
പാലു വറ്റിപ്പിടയുന്ന
ഗോക്കളെക്കണ്ടു
കെട്ടകാലത്തിൻ
തലക്കെട്ടുകണ്ടു
തിളയ്ക്കുന്ന ചോര
ഞരമ്പിൽ കണ്ടു
കലിയുഗം
ഞെട്ടിപ്പിടയണ കണ്ടു!
ദൂരെ,
ഉരുൾപ്പൊട്ടിയടരുന്ന
ഗോവർദ്ധനം കണ്ടു

ചാരേയുറങ്ങും
യമുനയെക്കണ്ടു
കടമ്പിന്റെ വേരിൽപ്പിണഞ്ഞു
രമിക്കുന്നോരുഗ്രനാം
കാളിയസർപ്പത്തെ കണ്ടു!
എല്ലാമറിഞ്ഞ കുചേലന്റെ
കുടലിലെ വെള്ളം തിളച്ചു
നൂറായിരം നാവുകൾ നീട്ടി
രുചിച്ച ചവർപ്പും
ചവച്ചു തുപ്പി
ഒരു പീലിത്തുണ്ടു
മൊരോടക്കുഴലിന്റെ തുമ്പും!
തുപ്പലിൽ നിന്നും
ജനിച്ചൂ
കുചേലന്റെ നൂറായിരം
കുഞ്ഞുമക്കൾ…!
കംസൻ പണിത
തടവറയിൽ
കൃഷ്ണഗാഥ രചിക്കുന്നു
മാധവൻ…
ഗായത്രി ചൊല്ലുന്നു
പൂതന!
കുചേലനൊരുങ്ങി
ജയമന്ത്രം മുഴങ്ങി.
നരസിംഹരൂപാവതാരമാവാം
ഇനി കംസവധവുമാവാം.

*കെട്ട കാലത്ത് തെറ്റായ വാർത്തകൾ നവമാധ്യമങ്ങളിലൂടെ പടരാം. സൂക്ഷിക്കുക!

ഡോ. അജയ് നാരായണൻ, Lesotho, 00266 63156513

useful_links
story
article
poem
Book