എയ്ഡഡ് സ്കൂൾ അധ്യാപകനാണ്. എച്ച്എസ്എ ആയി ജോലി ചെയ്യുന്നു. എനിക്ക് എട്ടു വർഷത്തെ സർവീസുണ്ട്. വിദേശത്ത് ജോലി നോക്കുന്നതിനുവേണ്ടി മൂന്നര മാസം മുന്‍പുതന്നെ അവധിക്കുള്ള അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ എന്റെ അവധി പാസായി വന്നത് വിദേശത്ത് പോകേണ്ട സമയം കഴിഞ്ഞ് 20 ദിവസത്തിനുശേഷമാണ്. അതിനാൽ ഞാൻ അവധി പാസായി വരുന്നതിനു മുന്‍പായി റിലീവ് ചെയ്തു പോകുകയുണ്ടായി. മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് പ്രശ്നം ഒന്നും ഉണ്ടായില്ല.
കഴിഞ്ഞ 2019 ജനുവരി ഒന്നു മുതലാണ് ഞാൻ അവധി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സ്കൂൾ ഇൻസ്പെക്ഷന് വന്നപ്പോൾ എന്റെ സർവീസ് ബുക്കു പരിശോധനയിൽ ഞാൻ ചട്ടവിരുദ്ധമായി അവധി എടുത്തുവെന്ന് രേഖപ്പെടുത്തി. എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൊണ്ടല്ല ഇത് സംഭവച്ചിരിക്കുന്നത്. ഇതിനെന്താണ് പരിഹാരം?
ടോമി ഡൊമിനിക്,
തിരുവല്ല
വിദേശത്ത് ജോലി നോക്കുന്നതിനുവേണ്ടി ശൂന്യവേതനാവധി എടുത്തവരുടെ അവധികൾ കൃത്യസമയത്തുതന്നെ പാസാക്കി കൊടുക്കണമെന്നും അതിനു വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി ഇതു കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയവർ ആണെന്നും കാണിച്ചുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്ത് പോകാൻ വീസ ലഭിച്ചവർക്ക് കൃത്യസമയത്ത് ഹാജരായില്ലെങ്കിൽ അവർക്കു ജോലി നഷ്ടപ്പെടാനിടയാകാം. ഇങ്ങനെയുളള പ്രശ്നങ്ങൾ ഒഴിവാക്കാനാണ് സർക്കാർ പുതിയതായി ഉത്തരവിറക്കിയിട്ടുള്ളത്.
അവധി ആരംഭിക്കുന്നതിന് മൂന്നു മാസം മുന്‍പെങ്കിലും അപേക്ഷ സമർപ്പിക്കണം എന്നാണ് വ്യവസ്ഥ. 05-11-2018ലെ സ.ഉ(പി) 170/2018 /ധന. എന്ന ഉത്തരവിൽ ഇതുസംബന്ധിച്ച് വിശദമായി പറയുന്നുണ്ട്.