മൃഗസംരക്ഷണ വകുപ്പിൽ ജോലിചെയ്യുന്ന ജീവനക്കാരിയാണ്. ഞങ്ങളുടെ ഓഫീസിലെ ഒരു ജീവനക്കാരൻ ഗുരുതരമായ രോഗം ബാധിച്ച് ഒരു പ്രൈവറ്റ് ആശുപത്രിയിലും പിന്നീട് ഒരു മാസത്തെ ചികിത്സിക്കുശേഷം തുടർച്ചയായി മറ്റൊരു പ്രൈവറ്റ് മെഡിക്കൽ കോളജിലും ചികിത്സ നടത്തി. അദ്ദേഹത്തിന്റെ മെഡിക്കൽ റീഇംബേഴ് സ്മെന്റിനുള്ള അപേക്ഷ സമർപ്പിക്കാൻ തയാറെടുക്കുക യാണ്. പ്രൈവറ്റ് ആശുപത്രിയിൽ പോകുന്നതിനുമുന്പ് ഗവ. ആശുപത്രിയിൽ പോയിരുന്നു. മെഡിക്കൽ റീഇംബേഴ്സ്മെന്റിനുള്ള അപേക്ഷ ഒന്നിച്ചു സമർപ്പിച്ചാൽ മതിയോ?
ലിസി എം. ജോസ്,
കട്ടപ്പന
ഗവ. ആശുപത്രിയിൽ ബന്ധപ്പെട്ടതിനു ശേഷമാണ് പ്രൈവറ്റ് ആശുപത്രിയിൽ ചികിത്സ തേടിയതെങ്കിലും രണ്ട് ആശുപത്രികളിലാണ് ചികിത്സ നടത്തിയിട്ടുള്ളത്. ഒരു ആശുപത്രിയിൽനിന്നും തുടർച്ചയായിട്ടാണ് ചികിത്സ നടത്തിയതെങ്കിലും രണ്ടും രണ്ട് ആശുപത്രിയായി കണക്കാക്കണം. ഒരു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തശേഷം ഡിസ്ചാർജ് ചെയ്തുപോയതുകൊണ്ട് ആ ആശുപത്രിയിലെ ചികിത്സാ രേഖകളിൽ ആദ്യത്തെ ഡോക്ടർക്കു മാത്രമേ ഒപ്പിടാൻ സാധിക്കുകയുള്ളൂ. രണ്ടാമത്തെ ആശുപത്രിയിലെ ചികിത്സ തുടങ്ങിയതു മുതൽ ഡിസ്ചാർജ് ചെയ്തതുവരെയുള്ള കാലയളവിലെ ചികിത്സ സംബന്ധിച്ച രേഖകൾ രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടർക്കേ ഒപ്പിടാൻ സാധിക്കൂ. അതിനാൽ രണ്ട് അപേക്ഷയായി പ്രത്യേകം പ്രത്യേകം അപേക്ഷയും ചികിത്സാ രേഖകളും സമർപ്പിക്കേണ്ടതാണ്.