സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ അപേക്ഷകൾ ഓണ്ലൈൻ ആയി പരിശോധിച്ച് തീർപ്പാക്കുന്നതിനായി സർക്കാർ പ്രിസം (PRISM-Pensioners Infor mation System) സോഫ്റ്റ് വെയർ വികസിപ്പിച്ചിട്ടുള്ളതും വിവിധ വകുപ്പുകളിലായി സോഫ്റ്റ് വെയർ ഇതിനോടകം നടപ്പാക്കിയിട്ടുള്ളതുമാണ്. പ്രിസം സോഫ്റ്റ്വെയറിന്റെ പ്രവർത്തനം സുഗമമായി നടത്തുന്നതിനായും പെൻഷൻ അനുവദിക്കുന്നത് ത്വരിത ഗതിയിലാക്കുന്നതിനും വേണ്ടി താഴെപ്പറയുന്ന നിർദേശങ്ങൾ പുറപ്പെടുവിച്ചു.
1. പെൻഷൻ അനുവദിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുന്നതിനായി അക്കൗണ്ടന്റ് ജനറലിനു പ്രിസം മുഖേന പെൻഷൻ പ്രൊപ്പോസൽ അയയ്ക്കുന്നതോടൊപ്പം പെൻഷണറുടെ സേവന പുസ്തകം (Service Book), സർവീസ് സർട്ടിഫിക്കറ്റ്, സർവീസ് വെരിഫിക്കേഷൻ റിപ്പോർട്ട് എന്നിവ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അക്കൗണ്ടന്റ് ജനറലിന് ലഭ്യമാക്കാൻ പെൻഷൻ സാംഗ്ഷനിംഗ് അതോറിറ്റി / വകുപ്പ് തലവൻ ശ്രദ്ധിക്കേണ്ടതാണ്.
2. പ്രിസം മുഖേന സമർപ്പിക്കുന്ന പെൻഷൻ പ്രൊപ്പോസലിനോടൊപ്പം ഫിസിക്കൽ ആയി അക്കൗണ്ടന്റ് ജനറലിന് സമർപ്പിക്കുവാൻ ആവശ്യപ്പെട്ട ഇ-പെൻഷൻ ബുക്കിന്റെ പകർപ്പ് ജനുവരി മുതൽ നൽകേണ്ടതില്ല.
3. ഇ-പെൻഷൻ പ്രൊപ്പോസലിനോടൊപ്പം Descriptive Roll and Identification Parti culars ന്റെ ഫിസിക്കൽ പകർപ്പ് അക്കൗണ്ടന്റ് ജനറലിനു നൽകേണ്ടതില്ല. പ്രസ്തുത രേഖകളുടെ രണ്ടു സെറ്റ് പകർപ്പ് പെൻഷൻ സാംഗ്ഷനിംഗ് അതോറിറ്റി/ വകുപ്പ് തലവൻ സാക്ഷ്യപ്പെടുത്തി അവസാന ശന്പള സർട്ടിഫിക്കറ്റിനൊപ്പം (LPC)ബന്ധപ്പെട്ട ട്രഷറിക്ക് നൽകേണ്ടതാണ്.
4. ആദ്യ പെൻഷൻ, ഡിസിആർജി കമ്യൂട്ടേഷൻ എന്നിവ അനുവദിച്ചശേഷം ട്രഷറിയിൽനിന്നും വൗച്ചറുകൾ അക്കൗണ്ടന്റ് ജനറലിന് സമർപ്പിക്കേണ്ടതില്ല.
പെൻഷൻ പേയ്മെന്റ് ഒാർഡർ അയയ്ക്കില്ല, ഇനിമുതൽ എസ്എംഎസ്
ഇനി മുതൽ പെൻഷൻ പേയ് മെന്റ് ഓർഡർ, ഗ്രാറ്റുവിറ്റി പേയ്മെന്റ് ഓർഡർ, കമ്യൂട്ടേഷൻ പേയ്മെന്റ് ഓർഡർ (PPO, GPO, CPO) എന്നിവയുടെ ഫിസിക്കൽ പകർപ്പ് അക്കൗണ്ടന്റ് ജനറൽ പുറപ്പെടുവിക്കുന്നതല്ല. പെൻഷൻ അനുവദിക്കുന്ന മുറയ്ക്ക് പെൻഷണർക്ക് പ്രിസം സോഫ്റ്റ് വെയറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നന്പരിലേക്ക് അക്കൗണ്ടന്റ് ജനറലിൽനിന്നും എസ്എംഎസ് ലഭിക്കുന്നതാണ്. മെസേജിന്റെ പകർപ്പ് ബന്ധപ്പെട്ട ട്രഷറി ഓഫീസർക്കും ലഭിക്കുന്നതാണ്.
എസ്എംഎസ് ലഭ്യമാകുന്ന മുറയ്ക്ക് പെൻഷണർ തിരിച്ചറിയൽ കാർഡുമായി (ആധാർ കാർഡ്/പാൻ കാർഡ്/ ഇലക്ഷൻ ഐഡി കാർഡ്) ബന്ധപ്പെട്ട ട്രഷറിയെ സമീപിക്കേണ്ടതാണ്.
പെൻഷൻ പ്രൊപ്പോസലിന്റെ നിലവിലെ സ്ഥിതി ksemp.agker.cag.gov.in എന്ന വെബ്സൈറ്റിൽ നിന്നും പരിശോധിക്കുന്നതാണ്.