ഒരു മീശക്കഥ സൊല്ലട്ടുമാ....
Wednesday, December 5, 2018 2:27 PM IST
"മീശ'യെന്നു കേട്ടാൽ മലയാളിയുടെ മനസിലേക്ക് വിവാദങ്ങൾ ഘോഷയാത്രയായി എത്തുന്ന കാലമാണിത്. എങ്കിലും... ഒരു"മീശ’ ക്കഥ സൊല്ലട്ടുമാ.... മീശക്കാരനായ ഒരു മാധ്യമപ്രവർത്തകന്റെ കഥ, മീശക്കാരൻ വീരപ്പനെ കുറിച്ചുള്ള കഥകൾ ലോകത്തിനു പറഞ്ഞ തന്ന മറ്റൊരു മീശക്കാരന്റെ കഥ (കഥയല്ല ജീവിതം).
നക്കീരൻ ഗോപാൽ എന്ന പേരു കേട്ടാൽ എല്ലാവരുടേയും മനസിലേക്ക് ആദ്യം എത്തുക ആ കൊന്പൻ മീശ തന്നെയാണ്. ആ മീശയോട് കടുത്ത ആരാധനയുള്ളവരുടെ എണ്ണവും കുറച്ചൊന്നുമല്ല. എന്തിനേറെപ്പറയുന്നു ഉലകനായകൻ കമൽഹാസൻ പോലും നക്കീരന്റെ മീശയുടെ കട്ട ഫാനാണ്. തേവർമകൻ സിനിമയിൽ താൻ അനുകരിച്ചത് നക്കീരന്റെ മീശയാണെന്ന് ഒരിക്കൽ ഒരഭിമുഖത്തിൽ കമൽഹാസൻ തുറന്നു പറയുക പോലും ചെയ്തു. അറുപതാമത്തെ വയസിലും ആ മീശയുടെ ഗ്ലാമറിനും വീര്യത്തിനും അതിനേക്കാൾ ഉദ്വേഗം നിറഞ്ഞ നക്കീരൻ ഗോപാലിന്റെ പത്രപ്രവർത്തന ജീവിതത്തിനും ഗാംഭീര്യം ഒട്ടും കുറഞ്ഞിട്ടില്ല.
നിരവധി എക്സ്ക്ലൂസീവ് വാർത്തകൾ പുറം ലോകത്തെ അറിയിച്ചതു മുതൽ വീരപ്പനുമായുള്ള സൗഹൃദം, ജയലളിതയുമായുള്ള വഴക്കുകൾ തുടങ്ങി നിരവധി നിരവധി സന്ദർഭങ്ങളിലൂടെയാണ് ദ്വൈവാരികയും പത്രാധിപർ നക്കീരൻ ഗോപാലും എല്ലാക്കാലവും ജനശ്രദ്ധയിൽ നിലനിന്നു പോന്നത്.
തമിഴ്നാട്ടിലെ അറുപ്പുക്കോട്ടൈ എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന സാധാരണക്കാരനായ രാജഗോപാൽ നക്കീരൻ ഗോപാൽ ആയ അനുഭവ കഥ, അദ്ദേഹം പുറം ലോകത്തെത്തിച്ച ആന വേട്ടക്കാരൻ വീരപ്പനെ കുറിച്ചുള്ള കഥകളെക്കാൾ ഉദ്വേഗം നിറഞ്ഞതാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ അദ്ദേഹം രാഷ്ട്രദീപികയുമായി പങ്കുവച്ച ജീവീതാനുഭവങ്ങളിലേക്ക്
നക്കീരന്റെ തുടക്കം
ജീവിക്കാൻ ഒരു മാർഗം തേടിയാണ് സ്വന്തം നാടു വിട്ട് ചെന്നൈയിലേക്ക് വന്നതെന്ന് ഗോപാൽ പറയുന്നു. ലേഒൗട്ട് ആർട്ടിസ്റ്റ് ആയാണ് തുടക്കം. തായ് എന്ന തമിഴ് മാസികയിൽ ലേഒൗട്ട് ആർട്ടിസ്റ്റ് ആയി ജോലി ചെയ്യുന്പോഴാണ് സ്വന്തമായി ഒരു പ്രസ്ഥാനം ഉണ്ടാക്കിയെടുക്കുന്നതിനെക്കുറിച്ച് രാജഗോപാൽ ആലോചിച്ചു തുടങ്ങിയത്. അപ്പോഴാണ് നക്കീരന്റെ മുൻ ഉടമസ്ഥൻ ടൈറ്റിൽ വിൽക്കുന്നു എന്ന വാർത്ത കേട്ടത്. അദ്ദേഹത്തെ കണ്ടു സംസാരിച്ചു. പ്രതിഫലമായി വലിയ തുക ആവശ്യപ്പെട്ടാൽ എന്തു ചെയ്യും എന്നൊരു ഭയമുണ്ടായിരുന്നു.
""പക്ഷേ എന്നേയും എന്റെ സുഹൃത്തുക്കളേയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ടൈറ്റിൽ സൗജന്യമായി തന്നു. 4120 രൂപയുമായാണ് 1988ൽ ഞാൻ നക്കീരൻ ആരംഭിക്കുന്നത്. ഒരു ചെറിയ മുറിയായിരുന്നു നക്കീരന്റെ ആദ്യ ഓഫീസ്. ഫോണ് ഇല്ല. അടുത്തുള്ള ടീ ഷോപ്പിലേക്കാണ് ഫോണ് വരുന്നത്. ആദ്യ ലക്കത്തിന്റെ 18000 കോപ്പികളാണ് ഞങ്ങൾ പ്രിന്റിംഗിന് കൊടുത്തത്. എന്നാൽ സമയമായപ്പോൾ കിട്ടിയത് 500 കോപ്പിയാണ്. അതിനു പിന്നിലെ കാരണം എനിക്ക് വ്യക്തമായി അറിയാമായിരുന്നു. ആദ്യ ലക്കം പുറത്തു വരുന്നതിനു മുൻപു തന്നെ ഒരു മാസിക പുറത്ത് എത്തിക്കുന്നതിനു പിന്നിൽ എത്ര കഠിനാധ്വാനം വേണമെന്ന് ഞങ്ങൾ മനസിലാക്കി. പക്ഷേ ഒരു വർഷത്തിനുള്ളിൽ നക്കീരന്റെ കോപ്പികളുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്തെത്തി.''- നക്കീരന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്ന് ഗോപാൽ അഭിമാനത്തോടെ പറയുന്നു.
രാഷ്ട്രീയം, സിനിമ, കായികം തുടങ്ങി എല്ലാവരും സഞ്ചരിച്ചു പഴകിയ പാതയോട് നക്കീരന് താത്പര്യമില്ലായിരുന്നു. അതിൽ നിന്നൊക്കെ വ്യത്യസ്തമായി നിന്നത് അന്വേഷണാത്മക പത്രപ്രവർത്തനമാണ്. എത്ര വലിയ സംഭവമുണ്ടായാലും തുടക്കത്തിൽ അതിനു പിന്നാലെ പോകാൻ എല്ലാ മാധ്യമങ്ങളും ഉണ്ടാകും. എന്നാൽ മുന്നോട്ടു പോകുന്തോറും ആളുകളുടെ എണ്ണം കുറയും. പക്ഷേ അതല്ലായിരുന്നു നക്കീരന്റെ രീതി. ""ഞങ്ങൾ ഒരു വിഷയത്തിന്റെ അവസാനം വരെ പോകുമായിരുന്നു. അങ്ങനെ പോയതാണ് നക്കീരന്റെ വിജയവും.''
ഓട്ടോ ശങ്കർ എന്ന ഗുണ്ടയുടെ ക്രൂരകൃത്യങ്ങളെക്കുറിച്ച് അന്വേഷിച്ചുകൊണ്ടായിരുന്നു തുടക്കം. കൊലക്കുറ്റമുൾപ്പെടെ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട്, വധശിക്ഷ കാത്തു കഴിയുകയായിരുന്നു ഓട്ടോ ശങ്കർ. അയാളെ പറഞ്ഞു ബോധ്യപ്പെടുത്തി നക്കീരനിൽ പരന്പര എഴുതാൻ ആവശ്യപ്പെട്ടു. ശങ്കറിന്റെ ഓരോ കുറ്റകൃത്യവും ചെന്നു നിന്നത് വന്പൻ കക്ഷികളിലാണ്. അതോടെ നക്കീരനും അവിടുത്തെ ജീവനക്കാരും പലരുടേയും കണ്ണിലെ കരടായി മാറി. കോളജ് വിദ്യാർഥിനികളെ തെറ്റായ രീതിയിൽ കൊണ്ടുപോകാൻ ശ്രമിച്ച അധ്യാപിക നിർമലാദേവിക്കെതിരെ നക്കീരനിൽ വന്ന വാർത്ത തമിഴ്നാട്ടിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. നിർമലാ ദേവി വിദ്യാർഥിനികളോടു സംസാരിക്കുന്നതിന്റെ തെളിവ് ഞങ്ങളുടെ പക്കലുണ്ട്. ഈ വാർത്ത പുറത്തു വിട്ടതിനാൽ ഗവർണറുടെ ഒൗദ്യോഗിക കൃത്യ നിർവഹണത്തിനു തടസമുണ്ടാക്കിയെന്നാരോപിച്ച് കേസെടുത്തു. എന്നാൽ ഒരു ദിവസത്തിനുള്ളിൽ എന്നെ പുറത്തു വിടേണ്ടി വന്നു.
ഇതുതന്നെയാണോ വീരപ്പൻ?
നക്കീരൻ ഗോപാൽ എന്ന വ്യക്തിയുടെ മാധ്യമപ്രവർത്തന ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണ് വീരപ്പനുമായുള്ള സൗഹൃദം. വീരപ്പനെ ആദ്യമായി കാണുന്നതും അഭിമുഖം നടത്തിയതും തുടർന്നുള്ള സംഭവങ്ങളുമെല്ലാം വളരെ രസകരമായ ഓർമകളാണെന്ന് ഗോപാൽ പറയുന്നു.
""ലേഒൗട്ട് ആർട്ടിസ്റ്റ് ആയിരുന്ന കാലം മുതൽ വീരപ്പന്റേതെന്ന വ്യാജേന പ്രചരിപ്പിച്ചിരുന്ന ചിത്രത്തിൽ എനിക്ക് സംശയമുണ്ടായിരുന്നു. സഫാരി സ്യൂട്ട് ധരിച്ച, മെലിഞ്ഞുണങ്ങി ഒറ്റനോട്ടത്തിൽ കുഷ്ഠരോഗി എന്നു തോന്നിപ്പിക്കുന്ന ഒരു മുറി മീശക്കാരന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ആദ്യം പുറത്തു വന്നത്. ഓരോ സംഭവം നടക്കുന്പോഴും ഈ ചിത്രമാണ് കിട്ടുന്നത്. ഈ എഴുന്നേറ്റു നിൽക്കാൻ പറ്റാത്ത ആളാണോ ഇത്രയും പേരെ കൊല്ലുന്ന കാട്ടുകള്ളൻ എന്നു ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.' ""അങ്ങനെയിരിക്കെ 1993 ഏപ്രിലിൽ വീരപ്പൻ കാട്ടിൽ ഇല്ലെന്നും പേടിച്ച് നാടുവിട്ടെന്നും തമിഴ്നാട് സർക്കാർ വാർത്ത പുറത്തു വിട്ടു. പക്ഷേ ഒരാഴ്ചയ്ക്കുള്ളിൽ കാടിനുള്ളിൽ 22 പോലീസുകാരെ വീരപ്പൻ ബോംബ് വച്ച് കൊന്നു എന്ന വാർത്തയും പുറത്തു വന്നു. അതെങ്ങനെ ശരിയാകും എന്നു ഞാൻ ആലോചിച്ചു. ഒന്നുകിൽ മന്ത്രി പറഞ്ഞതു കള്ളം. മന്ത്രി പറഞ്ഞത് ശരിയാണെങ്കിൽ കാടിനുള്ളിൽ പോലീസുകാരെ കൊന്നതാര്? ആ രണ്ടു ചോദ്യങ്ങളും എന്റെ മുന്നിലുണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് യഥാർഥ വീരപ്പനെത്തേടി ഞാൻ യാത്രതിരിച്ചത്.''
14,000 ചതുരശ്ര കിലോമീറ്റർ പടർന്നു കിടക്കുന്ന കാട്ടിലേക്കാണ് യാത്ര. അന്ന് ഇന്നത്തെപ്പോലെ പ്രത്യേക സംവിധാനങ്ങളോ സൗകര്യങ്ങളോ ഒന്നുമില്ല. പോയ്ക്കഴിഞ്ഞാൽ വീട്ടിലേക്കോ ഓഫീസിലേക്കോ ഒന്നു വിളിച്ച് വിവരം അറിയിക്കാൻ പോലും സാധിക്കില്ല. അങ്ങനെ വീരപ്പനെ തേടിയുള്ള യാത്ര വീരപ്പനിൽ തന്നെ എത്തി നിന്നു. മെലിഞ്ഞ്, ഉയരമുള്ള, കപ്പടാ മീശവെച്ച വീരപ്പന്റെ യഥാർഥ ചിത്രം ആദ്യമായി ജനങ്ങൾക്കു മുന്നിൽ എത്തിച്ചത് നക്കീരനാണ്. പലപ്രാവശ്യമായി നിരവധി തവണ ഗോപാൽ വീരപ്പനെ നേരിൽ കണ്ടിട്ടുണ്ട്. കന്നട താരം രാജ്കുമാറിന്റെ മോചനത്തിനു സർക്കിന്റെ മധ്യസ്ഥനായി നിന്നത് നക്കീരൻ ഗോപാലാണ്. കാട്ടുകള്ളനും കൊലയാളിയുമായ, എല്ലാവരിലും ഭീതി മാത്രം നിറയ്ക്കുന്ന വീരപ്പൻ ഒരു സരസൻ കൂടിയായിരുന്നുവെന്ന് ഗോപാൽ പറയുന്നു.
"ഒരിക്കൽ വീരപ്പൻ എന്നോടു ചോദിച്ചിട്ടുണ്ട് നീ എന്തിനാടാ എന്നെപ്പോലെ മീശ വച്ചിരിക്കുന്നതെന്ന്. തമാശയായിട്ടാണ് ചോദിച്ചത്. ഞാൻ മാത്രമല്ല ഞങ്ങളുടെ നാട്ടിൽ എല്ലാവരും ഇങ്ങനെയാണെന്ന് ഞാനും പറഞ്ഞു. അതുപോലെ മറ്റൊരു സംഭവമുണ്ട്. വീരപ്പൻ വലിയ ചന്ദന കടത്തുകാരൻ ആണെന്നാണല്ലോ എല്ലാവരും പറയുന്നത്. ഞാൻ ആണെങ്കിൽ ചന്ദനമരം കണ്ടിട്ടുമില്ല. ചന്ദനമരം കാണണം എന്ന ആഗ്രഹം വീരപ്പനോടു പറഞ്ഞപ്പോൾ വീരപ്പൻ പറഞ്ഞ മറുപടി ഇങ്ങനെ- ഇവിടെ ചന്ദനമരമൊന്നുമില്ല. അതൊക്കെ എന്റെ പേരും പറഞ്ഞ് അവന്മാര് വെട്ടിക്കൊണ്ടു പോയി എന്നാണ്. ഇപ്പോഴും ആ മറുപടിയോർത്ത് ചിരിക്കാറുണ്ടെന്ന് ഗോപാൽ പറഞ്ഞു. വീരപ്പനു പിന്നിൽ ആരെങ്കിലുമുണ്ടായിരുന്നോ എന്ന ചോദ്യത്തിനു ഗോപാൽ തന്ന മറുപടി മറ്റൊരു സംഭവമായിരുന്നു. വീരപ്പന്റെ ഡ്രസ് ശ്രദ്ധിച്ചാൽ അറിയാം വയറിന്റെ ഭാഗം വീർത്തിരിക്കും. അതു കുടവയറല്ല. അതിനുള്ളിൽ നിറയെ ബുള്ളറ്റുകളാണ്. ഒരിക്കൽ ഒന്നൊന്നായി എടുത്ത് വാങ്ങുന്ന വില പറഞ്ഞു തന്നു. നിന്റെ പോലീസ് തന്നെയാടാ ഇതെനിക്ക് വിൽക്കുന്നത് എന്നും പറഞ്ഞു. പോലീസിനുള്ളിൽ വീരപ്പനെ സഹായിക്കാൻ വലിയ വലിയ ഉദ്യോഗസ്ഥരുണ്ടെന്ന് ഒരു ഐജി പറഞ്ഞിട്ടുണ്ട്. വീരപ്പനെ പെട്ടെന്ന് ഒരു ദിവസം പിടികൂടിയതല്ലെന്നും നാലു ദിവസത്തോളം തടവിൽവച്ച് പീഡിപ്പിക്കുകയും മീശയെല്ലാം പിഴുതെറിയുകയും ചെയ്തെന്നും ഗോപാൽ കൂട്ടിച്ചേർത്തു.

ജയലളിതയുമായി തുടക്കം മുതൽ ഉടക്ക്
തായ് എന്ന പ്രസിദ്ധീകരണത്തിൽ ജോലി ചെയ്യുന്പോൾ തുടങ്ങിയതാണ് ജയലളിതയുമായുള്ള പ്രശ്നങ്ങളെന്ന് ഗോപാൽ പറഞ്ഞു. ""അന്ന് ഞാൻ ലേഒൗട്ട് ആർട്ടിസ്റ്റാണ്. ജോലി ചെയ്യുന്നതിനിടയിൽ ഒരു സീനിയർ വന്ന് ഫോണ് ഉണ്ടെന്നു പറഞ്ഞു. എഴുന്നേറ്റു ചെന്നപ്പോൾ കൈകൂപ്പി, മുട്ടിടിച്ച് ഫോണിൽ ആരോടോ അദ്ദേഹം കാര്യമായി മാപ്പു പറയുന്നു. ഞാൻ ചെന്നപ്പോൾ റിസീവർ എനിക്കു കൈമാറി. ഹലോ ഐയാം ഗോപാൽ എന്നു പറഞ്ഞതു മാത്രം എനിക്കോർമയുണ്ട്. പിന്നെ ഞാൻ കേട്ടത് ഇംഗ്ലീഷിലെ വലിയ വലിയ തെറിയാണ്. ഒരു സ്ത്രീ ഇംഗ്ലീഷിൽ തെറി വിളിക്കുന്നുവെന്ന് പറഞ്ഞ് ഞാൻ ഫോണ് സാറിനു കൊടുത്തു. അദ്ദേഹം വീണ്ടും കുറെ സോറി പറഞ്ഞ് ഫോണ് വച്ചു. എന്നിട്ട് എന്റെ നേരെ നാലു ചാട്ടം. ജയലളിതയുടെ പേരിനു മുന്നിലായി സെൽവി (തമിഴിൽ വിവാഹം കഴിക്കാത്ത സ്ത്രീകളെ പറയുന്ന വാക്ക്) എന്നെഴുതാത്തതിനാണ് ഞാൻ ആ തെറി മുഴുവൻ കേട്ടത് എന്ന് എനിക്ക് അപ്പോൾ മനസിലായി.''
1991ൽ ജയലളിതയും ശശികലയും ഒരുമിച്ച് കോടനാട് ഗ്രേറ്റ് മൂർ എസ്റ്റേറ്റ് കാണാൻ പോയ ചിത്രം അച്ചടിച്ചതാണ് മറ്റൊരു സംഭവം. ഞങ്ങളുടെ ഫോട്ടോഗ്രാഫർ അവിടെ നിന്നു വിളിച്ചു പറഞ്ഞു സിഎം വരുന്നതുകൊണ്ട് അവിടത്തെ സ്റ്റുഡിയോ എല്ലാം അടച്ചു പൂട്ടാൻ പോലീസ് ഓർഡർ ഇട്ടു എന്ന്. ""അതൊരു ആവശ്യമില്ലാത്ത ഓർഡർ ആണല്ലോ. ഫോട്ടോ കിട്ടണം എന്നു ഞാൻ നിർബന്ധം പറഞ്ഞു. ജീവൻ പണയം വെച്ച് ഫോട്ടോ എടുത്ത് പ്രസിദ്ധീകരിച്ചു. അതിന്റെ പേരിൽ കള്ളക്കേസുണ്ടാക്കി ഞങ്ങളിൽ 27 പേരെ അറസ്റ്റ് ചെയ്തു.''
എന്നോടു ചെയ്യുന്നതിനു പുറമേ എന്റെ കുടുംബത്തെപ്പോലും ഇല്ലാതാക്കാൻ അവർ ശ്രമിച്ചുകൊണ്ടേയിരുന്നു. എല്ലാവരും അമ്മ എന്നു വിളിക്കുന്ന ജയലളിത 1994ൽ എന്റെ മകളെ കടത്താൻ ആളെ വിട്ടു. അന്ന് അവൾ കുഞ്ഞാണ്. അതിനുശേഷം മകളുടെ സംരക്ഷണത്തിനായി എനിക്ക് രണ്ടുപേരെ നിയമിക്കേണ്ടി വന്നു.
ചിലപ്പോഴൊക്കെ ഈ മീശ തനിക്ക് രക്ഷയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ""ജയലളിതയെക്കുറിച്ച് വാർത്ത നൽകുന്ന ദിവസം മൂന്ന് ഓട്ടോ നക്കീരന്റെ ഓഫീസിന് മുന്നിൽ വന്നു നിൽക്കും. ഗുണ്ടകളാണ്. അവർ കയറി വന്ന് ഓഫീസ് അടിച്ചു തകർക്കുകയും സ്റ്റാഫുകളെ അടിക്കുകയും ചെയ്യും. കൂട്ടത്തിൽ എനിക്കാണ് കൂടുതൽ കിട്ടുന്നത്. എന്റെ മീശയാണ് അവരുടെ അടയാളം. അതെനിക്കു മനസിലായി. അതുകൊണ്ടു ഞാൻ നാട്ടിൽ നിന്ന് എന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ഇറക്കും. എല്ലാവർക്കും ഇതേ മീശയാണ്. ഒരു മീശക്കാരനെ തല്ലാൻ വരുന്നവർ ഒൻപതു മീശക്കാരെ കണ്ട് കണ്ഫ്യൂസ്ഡ് ആകും. 2003ൽ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ എന്റെ മീശ പിഴുതെടുക്കാൻ ശ്രമിച്ചു. ജയിലിൽ എല്ലാവരും കണ്ണിൽ വെളിച്ചം അടിക്കാതിരിക്കാൻ തോർത്തുപയോഗിച്ച് കണ്ണു മൂടിക്കെട്ടും. പക്ഷേ ഞാൻ മീശ മറച്ചു തുണി കെട്ടി. സ്വന്തം മീശ സംരക്ഷിക്കാൻ താൻ പെട്ട പാട് കുറച്ചൊന്നുമല്ലെന്നും ഗോപാൽ പറഞ്ഞു.
അഞ്ജലി അനിൽകുമാർ