ചായകോപ്പയിലെ ചൂടിൽനിന്നും റഷ്യൻ മണ്ണിലേക്കൊരു വിജ"യാത്ര'
Thursday, October 21, 2021 3:30 PM IST
കൊച്ചി: ചായക്കടയിലെ അടുപ്പില്നിന്നുയരുന്ന ചൂടിനും പുകയ്ക്കും അവധി നല്കി, വിജയന്-മോഹന ദമ്പതികള്‍ ഇനിയുള്ള ഒരാഴ്ചക്കാലം ശൈത്യത്തിന്റെ കുളിര്‍മ പകരുന്ന റഷ്യയില്‍.
സ്വന്തം ചായക്കടയില്‍നിന്നുള്ള വരുമാനംകൊണ്ട് ഉലകം ചുറ്റുന്നതു ശീലമാക്കിയ ഇവര്‍, തങ്ങളുടെ 26-ാമത് സന്ദര്‍ശക രാജ്യമായാണ് റഷ്യ തെരഞ്ഞെടുത്തത്. ഇതിനു പിന്നില്‍ കാരണം മറ്റൊന്നുമല്ല, ലോകത്ത് ആദ്യമായി വിപ്ലവത്തിലൂടെ തൊഴിലാളികള്‍ അധികാരത്തില്‍ വന്ന മണ്ണിലൊന്നു കാലുകുത്തണമെന്ന അതിയായ മോഹംതന്നെ.
"21 മുതല്‍ 28 വരെ കടമുടക്കം' എന്ന നോട്ടീസ് ഒരാഴ്ചമുന്നേതന്നെ കടയില്‍ പതിച്ചു. വ്യാഴം പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം വിജയനും മോഹനയും എയര്‍ അറേബ്യ വിമാനത്തില്‍ പറന്നുയര്‍ന്നു.
രണ്ടു പെണ്മക്കളും കൊച്ചുമക്കളുമടക്കം കുടുംബത്തില്‍നിന്ന് ഏഴു പേര്കൂടിയുണ്ട്. ഷാര്‍ജ വഴി ഇന്നു രാത്രി മോസ്കോയിലത്തുന്ന ഇവര്‍ക്ക് മോസ്കോ മലയാളി അസോസിയേഷന് വരവേല്പും ഒരുക്കിയിട്ടുണ്ട്.
ആദ്യമൊക്കെ സ്വന്തം ചെലവിലായിരുന്നു യാത്രയെങ്കിലും കഴിഞ്ഞ കുറെക്കാലമായി ഒരു ട്രാവല്‍ ഏജന്‍സിയാണ് വിജയന്റേയും മോഹനയുടെയും യാത്രാചെലവു വഹിക്കുന്നത്. അതിനു കാരണവുമുണ്ട്.
യാത്രാപ്രേമികള്‍ക്ക് പ്രചോദനവും പ്രോല്‍സാഹനവുമായ ഇവരുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയാണ് ഏജന്‍സിയുടെ ഫ്ളക്സുകളും പരസ്യങ്ങളും. വിജ"യാത്ര' എന്നാണ് പരസ്യഫ്ളെക്സുകളിലെ തലവാചകംതന്നെ. മറ്റു കുടുംബാംഗങ്ങളുടെ ചെലവ് അവര്‍ സ്വന്തമായാണ് വഹിക്കുന്നതെന്ന് വിജയന് പറഞ്ഞു.
ചെറുപ്പം മുതല്‍ യാത്രാകമ്പമുണ്ടായിരുന്ന വിജയന് പിതാവിനൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമായിരുന്നു. 2008 ല്‍ ഭാര്യക്കൊപ്പം വിശുദ്ധനാട്ടിലേക്കായിരുന്നു ആദ്യ വിദേശയാത്ര. കോവിഡിനെതുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാ വര്‍ഷവും കുറഞ്ഞത് രണ്ടു രാജ്യങ്ങളെങ്കിലും സന്ദര്‍ശിക്കുക പതിവായിരുന്നു.
2019 ലെ ഓസ്ട്രേലിയന്‍ സന്ദര്‍ശനമായിരുന്നു ഏറ്റവും അവസാനത്തേത്. 25 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ ഏറ്റവും മനോഹരം ന്യൂസിലന്‍ഡും സ്വിറ്റ്സര്ലന്ഡുമാണെന്ന് വിജയന് നിസംശയം പറയുന്നു.
എറണാകുളം ഗാന്ധിനഗറില്‍ 27 വര്‍ഷമായുള്ള വിജയന്റെ ശ്രീബാലാജി കോഫി ഹൗസില്‍ പല പ്രമുഖരും ചായ കുടിക്കാനെത്തിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ മാസം മന്ത്രി മുഹമ്മദ് റിയാസും ചായക്കട സന്ദര്‍ശിച്ചിരുന്നു.
ഷാജിമോന്‍ ജോസഫ്