പ്ലീസ്... ഇവിടെ ഹോണടിക്കരുത് !
Saturday, December 4, 2021 2:03 PM IST
തൃശൂർ സ്വരാജ് റൗണ്ടിനെ നിശബ്ദ മേഖലയായി പ്രഖ്യാപിച്ചു. റൗണ്ടിലെത്തുന്ന വാഹനങ്ങൾ ഇനി മുതൽ ഹോൺ മുഴക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.
കേന്ദ്ര മലിനീകരണ ബോർഡിന്റെ നിർദേശപ്രകാരമാണ് സ്വരാജ് റൗണ്ട് ഹോണ്‍ രഹിത മേഖലയായി പ്രഖ്യാപിച്ചത്. ശബ്ദമലിനീകരണം കൂടുതലുള്ള മേഖലയായതിനാലും, ആരാധനാലയങ്ങൾ, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുള്ളതിനാലുമാണ് പ്രധാനമായും ഇവിടെ ഹോണ്‍ രഹിത മേഖലയാക്കാൻ തീരുമാനിച്ചത്.
സിഗ്നൽ ലൈറ്റുകൾ ഉള്ളിടത്താണ് കൂടുതലായി ഹോണ്‍ അലർച്ചയുണ്ടാക്കുന്നത്. സിഗ്നലിൽ പച്ച ലൈറ്റ് കത്തിയാലുടൻ മുന്നിലുള്ള വാഹനം മാറ്റാൻ ഹോണടിക്കുന്നതു പതിവാണ്. എയർഹോണ്‍ നിരോധിച്ചെങ്കിലും കൂടുതലായി ബസുകളാണ് ഇത്തരത്തിൽ തുടർച്ചയായി ഹോണ്‍ മുഴക്കുന്നത്. ഇത് ഏറെ അസഹനീയമായിരുന്നു.
എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ ഹോൺ മുഴക്കുന്നതിനെതിരെ ബോധവത്കരണ പരിപാടി ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയിൽ സ്വരാജ് റൗണ്ടിൽ നോ ഹോണ്‍ ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. സ്വകാര്യ ബസ് ഡ്രൈവർമാർക്കും ടാക്സി, ഓട്ടോ ഡ്രൈവർമാർക്കും സ്വരാജ് റൗണ്ടിലെത്തുന്ന വാഹന ഡ്രൈവർമാർക്കും ബോധവത്കരണ നോട്ടീസ് നൽകും. തുടർന്ന് എല്ലാവരെയും ബോധവത്കരിക്കുന്ന പരിപാടികൾ നടത്തും. മൂന്നാംഘട്ടമെന്ന നിലയിൽ ഹോണടിക്കുന്നവരിൽനിന്നു പിഴ ഇടാക്കും.
സ്വരാജ് റൗണ്ടിലെ പരീക്ഷണം വിജയിച്ചാൽ കോടതികളുള്ള അയ്യന്തോൾ പ്രദേശവും ഹോണ്‍രഹിത മേഖലയാക്കി പ്രഖ്യാപിച്ചേക്കും.