"വരക്കല്ല് ' അട്ടപ്പാടിയുടെ സുന്ദര മുഖം
Saturday, January 1, 2022 8:58 AM IST
സൈലന്റ് വാലി വനമേഖലയിലാണ് പ്രകൃതിയുടെ വരദാനമായ ഈ വരക്കല്ലുള്ളത്. മണ്ണാർക്കാട് ചിന്നത്തടാകം അന്തർസംസ്ഥാന പാതയിൽ അട്ടപ്പാടിച്ചുരത്തിൽ പത്താം വളവിനു സമീപത്തായി സ്ഥിതി ചെയ്യുന്ന വരക്കല്ല് അട്ടപ്പാടിയുടെ മുഖം കൂടിയാണ്.
അട്ടപ്പാടിയുടെ പ്രവേശന കവാടമെന്നും വരക്കല്ലിനെ വിശേഷിപ്പിക്കാറുണ്ട്. പ്രകൃതി അനുഗ്രഹിച്ചു നൽകിയ ഈ കൂറ്റൻ ശില വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്. മണ്ണാർക്കാട് നഗരത്തിൽ നിന്ന് 50 കിലോമീറ്റർ അകലെ നിന്നുംപോലും ഈ കൂറ്റൻ ശില ദർശിക്കാനാവും.
അതുകൊണ്ടു തന്നെ ഈ വരക്കല്ലിനെ ഇക്കോ ടൂറിസം പദ്ധതിയിലുൾപ്പെടുത്തി ഈ വർഷമെങ്കിലും വിനോദ സഞ്ചാരികളുടെ ആഗ്രഹം സഫലീകരിക്കുമെന്നാണ് പ്രതീക്ഷ.
ജനുവരിയിലെ കോടമഞ്ഞും കുളിർക്കാറ്റുമെല്ലാം വരക്കല്ലിന് കൂടുതൽ ദൃശ്യഭംഗിയും ചാരുതയും നൽകുന്നു. സമുദ്രനിരപ്പിൽ നിന്ന് രണ്ടായിരത്തി അഞ്ഞൂറ് അടി ഉയരത്തിൽ എകദേശം ഒരേക്കറോളം സ്ഥലത്ത് പരന്നുകിടക്കുന്നതാണ് ഈ ശില.
ഈ വരക്കല്ലിന്റെ മുകളിൽ നിന്ന് നോക്കിയാൽ മണ്ണാർക്കാട് മാത്രമല്ല മറ്റു സമീപ പ്രദേശങ്ങളും കാണാൻ സാധിക്കും. മന്ദംപൊട്ടിക്കു സമീപത്തുള്ള പാതയിലൂടെ അഞ്ച് കിലോമീറ്റർ നടന്നാൽ ഈ വരക്കല്ലിന്റെ മുകളിൽ എത്താൻ കഴിയും. ഇവിടെ നിന്ന് ഏതാണ്ട് അടുത്തു തന്നെയാണ് കീരിപ്പാറ ഇക്കോ ടൂറിസം പദ്ധതിയും സ്ഥിതി ചെയ്യുന്നത്.
വരക്കല്ലിന്റെ മുകളിൽ നീർകുളമുണ്ടെന്നും അതിൽ ഏതു കടുത്ത വേനലിലും വെള്ളമുണ്ടാകുമെന്നും പഴമക്കാർ പറയുന്നു. പൂർവികർ വേട്ടയാടൻ വേണ്ടി രാത്രികാലങ്ങളിൽ വരക്കല്ലിൽ എത്താറുണ്ടെന്നും നീർകുളത്തിൽ നിന്ന് വെള്ളം കുടിക്കാറുണ്ടെന്നും പറയുന്നു.
വരക്കല്ലിനെ കുറിച്ച് പല ഐതിഹ്യവും പഴമക്കാർ പറയുന്നുണ്ട്. രാമായണ യുദ്ധത്തിൽ പോരാടി തളർന്ന വാനരസേനയെ പുനഃരുജീവിപ്പിക്കാൻ മൃതസഞ്ജീവിനി തേടി പോയ ഹനുമാന്റെ കൈവിരൽ തട്ടി നിന്ന കല്ലാണെന്നും അതിനാൽ ഇതിനെ ഹനുമാൻകല്ലെന്നും വിളിച്ചിരുന്നു.
അകലെ നിന്നു നോക്കിയാൽ മൂന്നു വരകൾ ഉള്ള പോലെ തോന്നിപോകുന്നതിനാലാണ് വരക്കല്ലെന്ന നാമത്തിൽ അറിയപ്പെട്ടിരുന്നത്. മണ്ണാർക്കാട് താലൂക്കിൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പല പദ്ധതികളും മുൻകാലങ്ങളിൽ തയാറാക്കിയിട്ടുണ്ടെങ്കിലും അതിൽ പലതും വെളിച്ചം കണ്ടിട്ടില്ല.
കാഞ്ഞിരപ്പുഴ, ശിരുവാണി, മീൻവല്ലം എന്നീ പദ്ധതികളെ ബന്ധിച്ച് ടൂറിസം സർക്യൂട്ട് ആരംഭിച്ചാൽ മണ്ണാർക്കാടിന്റെ മുഖഛായ മാറുകയും സർക്കാറിനു തന്നെ വൻ വരുമാനമാകുകയും ചെയ്യും. ഈ പദ്ധതി പ്രഖ്യാപിച്ചതാണെങ്കിലും നടപ്പായില്ല. ഈ പദ്ധതിയും ഒപ്പം വരക്കല്ലിനെ കൂടി ഉൾപ്പെടുത്തിയ ഇക്കോ ടൂറിസം പദ്ധതി 2022 ലെങ്കിലും പ്രാവർത്തികമാക്കണമെന്നാണ് ആവശ്യമുയരുന്നത്.
ഉണ്ണികൃഷ്ണൻ മണ്ണാർക്കാട്