നീർപ്പക്ഷി സർവേയിൽ 16,634 പക്ഷികൾ
Thursday, January 13, 2022 4:02 PM IST
ഏഷ്യൻ വാട്ടർ ബേഡ് സെൻസസിന്റെ ഭാഗമായുള്ള നീർപ്പക്ഷിസർവേ, തൃശൂർ - പൊന്നാനി കോൾനിലങ്ങളിൽ സംഘടിപ്പിച്ചു. തുടർച്ചയായ മുപ്പത്തൊന്നാം വർഷമാണു കോൾപ്പാടത്തെ ഈ ജനകീയ പക്ഷി സർവേ നടക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ശേഖരിക്കപ്പെടുന്ന ഡാറ്റ ഇ ബേഡ് (www.ebird.org) എന്ന പോർട്ടൽ വഴി വെറ്റ് ലാൻഡ് ഇന്റർനാഷണലിനും പക്ഷികളുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തുന്നവർക്കും ലഭ്യമാകും.
അടാട്ട്, മനക്കൊടി, ഏനമാവ്, പുള്ള്-ആലപ്പാട്, പാലക്കൽ, പുല്ലഴി, തൊമ്മാന, കോന്തിപുലം, മുരിയാട്, മാറഞ്ചേരി, ഉപ്പുങ്ങൽ എന്നിങ്ങനെ പന്ത്രണ്ടോളം കോൾപ്രദേശങ്ങളിലായി നടന്ന സർവേയിൽ 61 ഇനം തണ്ണീർത്തടങ്ങളിൽ കാണപ്പെടുന്ന 16,634 പക്ഷികളെ നിരീക്ഷിക്കാനായെന്ന് കോ-ഓർഡിനേറ്റർ ഡോ. പി.ഒ. നമീർ പറഞ്ഞു.
2021 ലെ സർവവേയിൽ 15,959 പക്ഷികളെയാണു രേഖപ്പെടുത്തിയത്. നീർക്കാക്ക, ചൂളാൻ എരണ്ട, ചിന്നമുണ്ടി, വരിഎരണ്ട, നീലക്കോഴി തുടങ്ങിയ പക്ഷികളെയാണ് ഏറ്റവും കൂടുതൽ കാണാനായത്.
കോൾ ബേഡേഴ്സ് കളക്ടീവിന്റെയും കേരള കാർഷികസർവകലാശാലയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർവേ യിൽ വിദ്യാർഥികളും പരിസ്ഥിതിപ്രവർത്തകരും അടക്കം അറുപതോളം പക്ഷിനിരീക്ഷകർ പങ്കെടുത്തു.