വ്യക്തിഗത കൗൺസലിംഗ് ഫലപ്രദം
Tuesday, June 6, 2023 5:38 PM IST
പുകവലിശീലം ഒഴിവാക്കാൻ സഹായിക്കുന്ന നിക്കോട്ടിൻരഹിതമായ മരുന്നാണ് വാരെനിക്ലൈൻ. പന്ത്രണ്ട് ആഴ്ചത്തേക്ക് വാരെനിക്ലൈൻ ഉപയോഗിക്കുക. പക്ഷേ, നിങ്ങൾ ഈ ശീലം തടയുന്നതിൽ വിജയിച്ചിട്ടുണ്ടെങ്കിൽ പുകവലി വീണ്ടും തുടങ്ങാനുള്ള സാധ്യത കുറയ്ക്കുന്നതിന് വീണ്ടും പന്ത്രണ്ട് ആഴ്ച കൂടി ഈ മരുന്ന് ഉപയോഗിക്കാം.
പെരുമാറ്റ വ്യതിയാനങ്ങൾ, വിഷാദാവസ്ഥ, മോശം മാനസികാവസ്ഥ, കോപം, ശത്രുതാ മനോഭാവം, ആത്മഹത്യാ പ്രവണതകൾ അല്ലെങ്കിൽ ശ്രമങ്ങൾ എന്നിവ ഈ മരുന്നുകൾ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകാൻ സാധ്യതയുണ്ട്.
പെരുമാറ്റശീലം മെച്ചപ്പെടുത്തുന്നതിന് പിന്തുണ തേടുക
പുകവലിയിൽ നിങ്ങൾക്കുള്ള വൈകാരികവും ശാരീരികവുമായ ആശ്രയത്വം മൂലം, അത് ഉപേക്ഷിച്ച ദിവസത്തിന് ശേഷം നിക്കോട്ടിൻ ഉപയോഗത്തിൽ നിന്നുള്ള വിട്ടുനിൽക്കൽ വെല്ലുവിളി ഉണ്ടാക്കുന്നു.
ഇതിൽ നിന്ന് പുറത്തുകടക്കാൻ കൗൺസിലിംഗ് സേവനങ്ങൾ, സ്വയം സഹായ സാമഗ്രികൾ, മറ്റു പിന്തുണയ്ക്കായുള്ള സേവനങ്ങൾ എന്നിവ പരീക്ഷിക്കുന്നത് സഹായിക്കും.
നിങ്ങളുടെ ശാരീരിക ലക്ഷണങ്ങൾ കാലക്രമേണ മെച്ചപ്പെടുമ്പോൾ, നിങ്ങളുടെ വൈകാരികമായ പ്രശ്നങ്ങളും അകലുന്നു.
ഓൺലൈൻ കൗൺസലിംഗ്
പെരുമാറ്റശീലവുമായി ബന്ധപ്പെട്ട ചികിത്സ ഗ്രൂപ്പ് തെറാപ്പി മുതൽ വ്യക്തിപരമായുള്ളതുവരെയുണ്ട്. ഫോൺ വഴിയോ ഓൺലൈൻ വഴിയോ വ്യക്തിഗത കൗൺസലിംഗ് സ്വീകരിക്കാം. യാതൊരു പിന്തുണയുമില്ലാതെയുള്ള രീതി അവലംബിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വയം സഹായ സാമഗ്രികൾ ഉപയോഗിച്ചുള്ള രീതി പുകവലി ഉപേക്ഷിക്കുന്നതിന്റെ നിരക്ക് വർധിപ്പിക്കും.
പക്ഷേ, മൊത്തത്തിൽ, വ്യക്തിഗത കൗൺസിലിംഗ് ഏറ്റവും ഫലപ്രദമായ പെരുമാറ്റ പിന്തുണാരീതിയാണ്. നാഷണൽ ഹെൽത്ത് മിഷനും ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തും ചേർന്നുള്ള സംരംഭമായ ദിശ(ഫോൺ നന്പർ -1056) ഇത്തരം ചികിത്സകൾ സൗജന്യമായി നല്കുന്നുണ്ട്.
പുകയില ഉപേക്ഷിക്കാം
പുകവലി ശീലമാക്കിയവർ അത് ഉപേക്ഷിക്കുമെന്ന തീരുമാനമെടുക്കുക. ശാസ്ത്രീയമായ മാർഗങ്ങൾ ഉപയോഗിച്ച് നിക്കോട്ടിൻ ആസക്തിയിൽ നിന്ന് പൂർണമായും മുക്തമാവാനും നല്ല ശീലം ആരംഭിക്കാനും കഴിയും.
ആരോഗ്യമുള്ള സമൂഹത്തിനായും പരിസ്ഥിതിക്കായും പുകയില വിരുദ്ധ പ്രവർത്തനങ്ങളിൽ നമുക്കും പങ്കാളികളാകാം.
വിവരങ്ങൾ: ഡോ. ദീപ്തി റ്റി.ആർ
മെഡിക്കൽ ഓഫീസർ, മലബാർ കാൻസർ കെയർ സൊസൈറ്റി, കണ്ണൂർ
ഫോൺ - 0497 2705309, 62382 65965