പോത്തിന്റെ തല വാങ്ങാൻ മറക്കരുത്!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്

നേരം പുലരുന്നതേയുള്ളൂ, ലക്ഷ്മണേട്ടന്റെ വീട്ടിലെ പെൻഷൻ പറ്റാറായ പൂവൻകോഴി നീട്ടിക്കൂവി. ഏതാനും വർഷങ്ങളായി വീട്ടിലെ മെയിൻ അലാറം ഈ പൂവൻകോഴിയാണ്. പൊട്ടിപ്പൊളിഞ്ഞ ഒരു കോഴിക്കൂട് ഒഴികെ കാര്യമായ ആനുകൂല്യങ്ങളൊന്നും അനുവദിച്ചുകൊടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും അവൻ ഇന്നേവരെ പണിമുടക്കിയിട്ടില്ല. സമരത്തിനു നോട്ടീസും തന്നിട്ടില്ല.

അവന്റെ കൂടെ കറങ്ങുന്ന ‘പിടക്കോഴി ഒരുമൈകൾ’ പലപ്പോ ഴും മുട്ടയിടാതെ സമരം നടത്തിയിട്ടുണ്ട്. അയൽപക്കത്തെ ചായ്പിൽ പൂഴ്ത്തിവച്ച മുട്ട വീട്ടുകാർ റെയ്ഡ് ചെയ്തു പിടിച്ചെടുത്തിട്ടുമുണ്ട്. ഇതിനിടയിലാണ് ഏതൊരു കോഴിക്കും അഭിമാനിക്കാവുന്ന ട്രേഡ് യൂണിയൻ സംസ്കാരവുമായി ലക്ഷ്മണേട്ടന്റെ പൂവൻകോഴി തന്റെ ഡ്യൂട്ടി തുടരുന്നത്. പൂവൻകോഴിക്കു നന്ദിരേഖപ്പെടുത്തി ലക്ഷ്മണേട്ടന്റെ ഭാര്യ പാത്രവുമെടുത്തു തൊഴുത്തിലേക്കു നടന്നു. കൂടു വൃത്തിയാക്കുമ്പോഴേക്കു കറക്കാൻ റെഡിയായി വാലുമാട്ടി നിൽക്കുകയാണു പൂവാലി പശുവിന്റെ രീതി.

പക്ഷേ, ഇന്നു പതിവുകൾ തെറ്റിയിരിക്കുന്നു. വീട്ടുകാരിയെ കാര്യമായി ഗൗനിക്കാതെയാണു പൂവാലിയുടെ നിൽപ്പ്. പലപ്രാവശ്യം പറഞ്ഞിട്ടും കറക്കാനുള്ള അവസരം നൽകാതെ വീട്ടുകാരിയെ വട്ടംകറക്കുകയാണു പൂവാലി. അഞ്ചരയോടെ ചായക്കടക്കാരനു പാലു കൊടുക്കാനുള്ളതാ, ദേഷ്യംപിടിച്ച വീട്ടുകാരി തൊഴുത്തിലിരുന്ന വടി കൈയിലെടുത്തു. ഇന്നു രണ്ടെണ്ണം കൊടുക്കാതെ ഇവൾ അടങ്ങുമെന്നു തോന്നുന്നില്ല. വടിയോങ്ങിയതും ലക്ഷ്മണേട്ടന്റെ സ്വരം കേട്ടു. “‘വേണ്ടടീ, കുഴപ്പമാകും.., അവൾക്കു ചോദിക്കാനും പറയാനും ആളുണ്ട്’.’ അതുകേട്ടതും വീട്ടുകാരി ഒന്നു ഞെട്ടി. പൂവാലിക്കു ചോദിക്കാനും പറയാനും ആളോ?

ലക്ഷ്മണേട്ടൻ വിശദീകരിച്ചു: കൂട്ടിലും നാട്ടിലും മാത്രമല്ലെടീ, അങ്ങു കേന്ദ്രത്തിൽ വരെ പിടിയുള്ള പാർട്ടിയാ ഇപ്പോൾ പൂവാലി. നീ പത്രത്തിലും ടിവിയിലുമൊന്നും കണ്ടില്ലേ വിശേഷങ്ങൾ. അവളൊന്ന് അമറിയാൽ കേരള ഹൗസിൽ മാത്രമല്ല, കേരളത്തിലെ ഹൗസിലും ചിലപ്പോൾ പോലീസും പട്ടാളവും വന്നെന്നു വരും.


അപ്പറഞ്ഞതു ശരിയാണെന്ന മട്ടിൽ പൂവാലി ഒന്നു കൊമ്പു കുലുക്കി. അവളുടെ നോട്ടത്തിൽ ഒരു പുച്ഛഭാവമുണ്ടോയെന്നു വീട്ടുകാരിക്കു തോന്നിപ്പോയി. ഉയർത്തിയ വടി താഴേക്കിട്ടിട്ടു വീട്ടുകാരി ഭർത്താവിനെ ഒന്നുനോക്കി. ഇനിയിപ്പോൾ എന്തുചെയ്യും ?. ചായക്കടക്കാരനു പാലു കൊടുക്കേണ്ടേ?

“‘പശുവിനോട് ഒന്നു റിക്വസ്റ്റ് ചെയ്തു നോക്കിക്കേ, ചിലപ്പോൾ സമ്മതിച്ചേക്കും’. പിന്നെ, പശു കറക്കാൻ സമ്മതിച്ചില്ല, പാൽപാത്രം തൊഴിച്ചു മറിച്ചു എന്നിങ്ങനെയൊക്കെ പറഞ്ഞ് അതിനെ തല്ലുകയും വഴക്കുപറയുകയും ചെയ്യുന്ന പരിപാടി ഇന്നത്തോടെ നിർത്തിക്കോ. ഇനി അടിക്കണമെന്നു നിർബന്ധമാണെങ്കിൽ പറമ്പിൽ കെട്ടിയിരിക്കുന്ന നമ്മുടെ പോത്തിനിട്ടോ എരുമയ്ക്കിട്ടോ ഒന്നോ രണ്ടോ കൊടുത്തോ, അതിനൊന്നും ചോദിക്കാനും പറയാനും ആരുമില്ലല്ലോ! അതുപോലെ വീട്ടിൽ ബീഫ് മേടിച്ചുകറിവയ്ക്കുന്നതുകൊള്ളാം, സംഗതി പോത്തു തന്നെയാണെന്ന ബോർഡ് വീടിനു മുന്നിൽ കാണണം. അക്കാര്യം ഇന്ത്യയിലെ മുഴുവൻ ഭാഷകളിലും രേഖപ്പെടുത്തിയാൽ അത്രയും നല്ലത്.

ഇനി ഇറച്ചി വാങ്ങാൻ പോകുമ്പോൾ പറ്റുമെങ്കിൽ ആ പോത്തിന്റെ തല കൂടി കിട്ടുമോയെന്നു നോക്കണം. വീട്ടിലെ ഇറച്ചിയുടെ സ്റ്റോക്ക് തീരുന്നതുവരെ ഈ പോത്തിന്റെ തല വീടിനു മുന്നിൽ തൂക്കിയിടുന്നതാണ് ഉചിതം. കാരണം, കേന്ദ്രസേനയോ സംസ്‌ഥാനസേനയോ റെയ്ഡിനു വന്നാൽ നമ്മുടെ തല രക്ഷിക്കാമല്ലോ. എന്തെന്നാൽ ഇത് ആടിനെ പശുവാക്കുന്ന കാലമാണ്!