നൗഷാദിന്റെ മണ്ടത്തരങ്ങൾ!
ടീച്ചർ ഇങ്ങോട്ടു വന്നോട്ടെ, ഇപ്പം കിട്ടിക്കോളും.. ടീച്ചറില്ലാത്തപ്പോൾ ക്ലാസിൽ വർത്തമാനം പറയരുതെന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാ... വർത്തമാനം പറഞ്ഞ സതീശന്റെയും ബൽറാമിന്റെയുമൊക്കെ പേരു ക്ലാസ് ലീഡർ എഴുതിവച്ചിട്ടുണ്ട്. വെറുതെ വർത്തമാനം പറഞ്ഞതാണോ? ടീച്ചർ പഠിപ്പിച്ചിരുന്നതൊക്കെ ശരിയല്ലെന്നും വെറും ശശിയാണെന്നും പറഞ്ഞുകളഞ്ഞില്ലേ പിള്ളേര്. പുതിയ പ്രിൻസിപ്പൽ ശംഖുമുഖം വരെ പോയ സമയം നോക്കി ഈ പിള്ളേർ ബെഞ്ചിനു മുകളിൽ കയറിനിന്നു ടീച്ചറെ കുറ്റംപറയുമെന്ന് ആരു കരുതി.

ടീച്ചറാണെങ്കിൽ മലയാളക്കരയ്ക്കു മുതൽക്കൂട്ടാകുന്ന വലിയൊരു ഗവേഷണത്തിന്റെ തിരക്കിലായിരുന്നു. മാൻഹോളിൽ അകപ്പെട്ടവരെ പുഷ്പംപോലെ രക്ഷിക്കാൻ കഴിയുന്ന കുറുക്കുവഴികളെക്കുറിച്ചുള്ള ഈ പ്രബന്ധം ഇതിനകം അങ്ങ് ചൊവ്വാ ഗ്രഹത്തിൽ വരെ ചർച്ചയായിക്കഴിഞ്ഞത്രേ. കോഴിക്കോട്ടു മാൻഹോളിൽ കുടുങ്ങിയ രണ്ടു തൊഴിലാളികളെ രക്ഷിക്കാൻ നൗഷാദ് എന്ന ചെറുപ്പക്കാരൻ ജീവൻ വെടിയേണ്ടി വന്നതു കണ്ടിട്ടാണു ടീച്ചറിലെ ഗവേഷക ചാടിപ്പിടിച്ച് എഴുന്നേറ്റത്.

നൗഷാദ് മാൻഹോളിൽ ഇറങ്ങിയതു മണ്ടത്തരമായെന്നാണ് ടീച്ചറുടെ കണ്ടുപിടിത്തം. അതായത്, സിലബസിൽ ഇല്ലാത്ത കാര്യങ്ങളാണ് നൗഷാദ് ചെയ്തതത്രേ. എന്നാൽ, നൗഷാദ് മാൻഹോളിലേക്കു ചാടിയിറങ്ങി മണ്ടത്തരം കാണിച്ചതല്ലെന്നും കാലുകൾ ഹോളിന്റെ വക്കിൽ ഉടക്കിവച്ചിട്ട് കമിഴ്ന്ന്, അപകടത്തിൽപ്പെട്ടവരെ ജീവൻ പണയപ്പെടുത്തി വലിച്ചുകയറ്റാൻ ശ്രമിച്ചപ്പോൾ ഭാരം മൂലം പിടിവിട്ടു വീഴുകയായിരുന്നെന്നും പറഞ്ഞു ടീച്ചർക്കു ക്ലാസ് എടുത്തേക്കാമെന്നു കരുതിയാൽ തെറ്റി. അതിനു മറുപടി ഇങ്ങനെ കിട്ടും: അതുകൊണ്ടാണ് പറഞ്ഞത്, ഇതു നൗഷാദിന്റെ ത്യാഗമല്ല, ന്യൂട്ടന്റെ ഗുരുത്വാകർഷണബല സിദ്ധാന്ത പ്രകാരം സംഭവിച്ച പ്രതിഭാസം മാത്രമാണ്! അതായത്, ടീച്ചറുടെ തിയറിപ്രകാരം ക്രെഡിറ്റ് ഐസക് ന്യൂട്ടൻ കൊണ്ടുപോയി! ന്യൂട്ടന്റെ പക്ഷം ന്യൂനമായതിനാൽ ആ പേരു പറയുന്നില്ലെന്നു മാത്രം.


മാൻഹോൾ അപകടമുണ്ടാകുമ്പോൾ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ആളിനെ പുറത്തിറക്കാൻ പ്രത്യേക വിദ്യകൾക്കും ടീച്ചർ രൂപംകൊടുത്തിട്ടുണ്ട്. കയറും മുണ്ടും ഉപയോഗിച്ചുള്ള പ്രകൃതിദത്തമായ രക്ഷാപ്രവർത്തനമാണ് ഇതിൽ പ്രധാനം. നാഷണൽ ഹൈവേയിൽ വരെ വളരെ ലളിതമായി ചെയ്യാവുന്ന ഈ വിദ്യ വൈകാതെ ആഗോളതലത്തിൽ പ്രചാരം നേടിയേക്കും.

ടീച്ചറിന്റെ തീയറിപ്രകാരം മാൻഹോളിലോ മറ്റോ ആരെങ്കിലും ശ്വാസംകിട്ടാതെ അകപ്പെട്ടാൽ ഉടൻ അപകടം നടന്നിടത്തേക്ക് ഓടുകയല്ല വേണ്ടത്, അടുത്തെവിടെയാണ് നല്ല ചന്തയും കയറുകടയുമുള്ളതെന്നു അന്വേഷിച്ച് അങ്ങോട്ടുവച്ചു പിടിക്കണം. കൊള്ളാവുന്ന മുപ്പിരി കയറുതന്നെ നോക്കി വാങ്ങണം. ഇനി അതിനു സമയമില്ലെങ്കിൽ ആമസോണിലോ ഫ്ളിപ്കാർട്ടിലോ രജിസ്റ്റർ ചെയ്യൂ, അവർ കയർ കൊറിയറായി അപകടസ്‌ഥലത്തേക്ക് അയച്ചുതരും. ഇങ്ങനെ സംഘടിപ്പിക്കുന്ന കയർ ഉപയോഗിച്ചു വേണം രക്ഷാപ്രവർത്തനം നടത്താൻ. അല്പംകൂടി നിലവാരത്തിൽ രക്ഷാപ്രവർത്തനം വേണമെന്നുണ്ടെങ്കിൽ മലയാളിയുടെ ദേശീയ വേഷമായ മുണ്ട് ഉപയോഗിക്കാം. മുണ്ടാണ് സെലക്ട് ചെയ്യുന്നതെങ്കിൽ കയറുകടയ്ക്കു പകരം തുണിക്കടയിലേക്ക് ഓടണമെന്നു മാത്രം. നല്ല കരയുള്ള ഡബിൾ മുണ്ടാണു കൂടുതൽ നല്ലത്. പച്ചക്കര അത്ര പിടിക്കില്ല.

ഇപ്പോൾ ഒരു സംശയം തോന്നുന്നുണ്ടാവും, ഇത്രയും ആലോചനയും കച്ചവടവുമൊക്കെ നടത്തി കയറും മുണ്ടുമായെത്തുമ്പോൾ മാൻഹോളിൽപ്പെട്ടവരുടെ സ്‌ഥിതി എന്താകും? ഇതിന് ഒറ്റ ഉത്തരം മാത്രമേയുള്ളൂ, തിയറിയിൽ ചോദ്യമില്ല, മൈക്കും പ്രസംഗവും മാത്രമേയുള്ളൂ! ഇപ്പോ തോന്നുന്നില്ലേ, ഈ നാടു നന്നാവാൻ കീഹോൾ സർജറി പോരാ, മാൻഹോൾ സർജറി തന്നെ വേണമെന്ന്!