ബോംബ് പൊട്ടിയില്ലെങ്കിലും ഭൂകമ്പം!
ബോംബ് പൊട്ടിയില്ലെങ്കിലും ഭൂകമ്പം!
ഒരു വെടിയും പുകയും കുലുക്കവും മാത്രമേയുണ്ടായിരുന്നുള്ളൂ, കണ്ണു തുറന്നപ്പോഴാ മനസിലായത് ഉത്തര കൊറിയക്കാരൻ പയ്യൻ കിം ബോംബ് ഒരെണ്ണം പൊട്ടിച്ചിരിക്കുന്നു. എന്നു മാത്രമല്ല, പൊട്ടിച്ചതു ഹൈഡ്രജൻ ബോംബ് ആണെന്നു പറഞ്ഞു പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. ആ പൊട്ടിച്ചിരി കേട്ടു ഫ്രാൻസിലെ ഒളാന്ദ് മുതൽ അമേരിക്കയിലെ ഒബാമ വരെ ഞെട്ടി. എന്നാൽ, ഒബാമ കുലുങ്ങിയിട്ടും കുലുങ്ങാത്ത ചിലരുണ്ടായിരുന്നു, അമേരിക്കയിലോ അന്റാർട്ടിക്കയിലോ അല്ല ഇങ്ങു കേരളത്തിൽ. ഹൈഡ്രജൻ ബോംബ് പൊട്ടിച്ചെന്നു കേട്ടപ്പോൾ കിമ്മിനേക്കാൾ മുന്നേ ചിരിച്ചതു കണ്ണൂരിൽ ചിലരാണ്, ഹൈഡ്രജൻ ബോംബ് പോലും... കണ്ണൂരിലെ സഖാക്കളും സംഘപരിവാരങ്ങളും കാണാത്ത ബോംബുണ്ടോ ഈ ലോകത്ത്!

പെട്രോൾ ബോംബ്, ഐസ്ക്രീം ബോംബ്, ചോറ്റുപാത്രം ബോംബ്, പൈപ്പ് ബോംബ്, റീത്ത് ബോംബ് തുടങ്ങി വൈവിധ്യമാർന്ന എത്രയോ ഇനം ബോംബുകൾ കാലങ്ങളായി നമ്മൾ ഉണ്ടാക്കുകയും പരീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഹൈഡ്രജൻ ബോംബ് ഉണ്ടാക്കിയെന്നു വീമ്പു പറയുന്ന കിം അതു പൊട്ടിച്ചതു ഭൂമിക്കടിയിൽ വലിയ ആഴത്തിലുണ്ടാക്കിയ ടണലിൽ ആയിരുന്നത്രേ. അതും കാലമേറെയെടുത്ത് അതീവരഹസ്യമായി നിർമിച്ച ബോംബ്. ബോംബ് പൊട്ടിയപ്പോൾ ഭൂകമ്പം പോലെ ഭൂമി കുലുങ്ങിയത്രേ.

ഇതു കേട്ടു കണ്ണൂർ സഖാക്കളും സംഘികളും എങ്ങനെ ചിരിക്കാതിരിക്കും... മോനേ കിമ്മേ, അടുത്ത വണ്ടിക്കു കയറി നേരേ കണ്ണൂരിലോട്ടു വാ, ഒരിടത്തും ഒളിച്ചിരിക്കേണ്ടാ, പട്ടാപ്പകൽ റബർതോട്ടത്തിലും തെങ്ങിൻതോപ്പിലും കപ്പക്കാലായിലുമൊക്കെ ബോംബ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു ഞങ്ങൾ കാണിച്ചുതരാം. പിന്നെ ബോംബ് പരീക്ഷിക്കാൻ എന്തിനാണ് ഭൂമി കുത്തിക്കുഴിച്ചു കുളമാക്കുന്നത്? ഇവിടെ വീട്ടുമുറ്റത്തോ ജംഗ്ഷനിലോ ബസ് സ്റ്റാൻഡിലോ എവിടെ വേണമെങ്കിലും കൊണ്ടുപോയി പരീക്ഷണം നടത്താമല്ലോ. ഓരോ സീസണിലും പുതിയ പുതിയ ഐറ്റം ഇറക്കുന്നതും പഠിപ്പിക്കാം. ഇങ്ങനെ ബോംബുകൊണ്ടു ക്രിക്കറ്റ് കളിക്കുന്നവരെയാണോ ബോംബ് പൊട്ടിച്ച കഥ പറഞ്ഞു വിരട്ടുന്നത്!


ഇനി ഭൂകമ്പത്തിന്റെ കാര്യം, കിം ഹൈഡ്രജൻ ബോംബ് കോടികൾ മുടക്കി പൊട്ടിച്ചപ്പോഴല്ലേ വലിയ ഭൂകമ്പം ഉണ്ടായത്. ഇവിടെ കേരളത്തിൽ കൈയിലൊരു ബോംബ് ഉണ്ടെന്ന ഒറ്റ പറച്ചിൽകൊണ്ടു ഭൂകമ്പം ഉണ്ടാക്കാൻ കഴിയുന്ന എത്രയോ പേരുണ്ട്. വെറുമൊരു ലെറ്റർ ബോംബ് തന്റെ കൈയിലുണ്ടെന്നു സരിതാമാഡം പറഞ്ഞപ്പോൾ ഈ നാട്ടിൽ എന്തൊരു ഭൂകമ്പമായിരുന്നു. മന്ത്രിസഭ വരെ കുലുങ്ങി. സോളാർപ്രതി ബിജു രാധാകൃഷ്ണൻ തന്റെ കൈയിലെവിടെയോ ഒരു സിഡിബോംബ് ഉള്ളതായി ചെറിയൊരു ഓർമയുണ്ടെന്നു പറഞ്ഞപ്പോൾ കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും ഭൂകമ്പമുണ്ടായി. ബിജു രമേശ് എന്നു പറയുന്ന മറ്റൊരു നാടൻ ബോംബുകാരൻ വായ് തുറന്നാൽ അപ്പഴേ ചാനലുകളിൽ ഭൂകമ്പമാണ്. വെറും ഏറുപടക്കമാണെങ്കിലും ബിജു രമേശ് വകയാണെങ്കിൽ ചാനലുകൾ അതിനെ ഹൈഡ്രജനോ നൈട്രജനോ ആക്കി ഉരുട്ടിക്കൊള്ളും.

‘ഉഗ്രൻ ബോംബുണ്ട്, ഇപ്പോ പൊട്ടിക്കും ഇപ്പോ പൊട്ടിക്കും’ എന്നു പറഞ്ഞു പിള്ളേച്ചൻ ഭൂകമ്പം ഉണ്ടാക്കുമ്പോൾ ഓക്സിജൻ കിട്ടാതെ കുലുങ്ങുന്ന പലരുമുണ്ടല്ലോ. പക്ഷേ, ഈ ഭൂകമ്പം വൈകാതെ ഒരു ഏമ്പക്കത്തിൽ തീരുകയാണു പതിവ്. ഇനി, മേക്ക് ഇൻ പൂഞ്ഞാർ ആണെങ്കിൽ ബോംബ് വേണമെന്നില്ല, ചെറിയൊരു ഏമ്പക്കം മാത്രം മതി. പുള്ളിക്കാരൻ അതിനെ എത്ര വലിയ ഭൂകമ്പം വേണമെങ്കിലും ആക്കിക്കൊള്ളും. ഇപ്പറഞ്ഞതൊക്കെ ബോംബുകൊണ്ടു ഭൂകമ്പമുണ്ടാക്കുന്നവരുടെ കാര്യം. എന്നാൽ, ഏതു ഭൂകമ്പം വന്നാലും കുലുങ്ങാത്ത റിക്ടർ സ്കെയിൽ ഒരെണ്ണം കേരളത്തിൽ മാത്രമേയുള്ളൂ, അതാണു നമ്മുടെ മുഖ്യറിക്ടർ സ്കെയിൽ!