ഹോളി നിറങ്ങളുടെ ആറാട്ട്
ഹോളി നിറങ്ങളുടെ ആറാട്ട്
ഇത്തവണ ഹോളി 24നാണ്. കേരളത്തിൽ അത്ര ആഘോഷമില്ലെങ്കിലും ഹോളികളിച്ച് തിമിർത്തു രസിക്കുന്ന തലമുറ ഉത്തരേന്ത്യയിൽ തീർന്നിട്ടില്ല. അവർ ഒരുങ്ങിക്കഴിഞ്ഞു. മനസുനിറഞ്ഞ് രണ്ടു കൈയും നീട്ടി നിറങ്ങളെ വാരിപ്പൂശി പച്ചകുത്തുകയാണ്; കലക്കവെള്ളത്തിലഭിഷേകവും. ചായത്തിൽ മുങ്ങിക്കുളിച്ച് ഒരു സമ്പൂർണ ദിവസം ചെലവഴിക്കുമ്പോഴുള്ള മനസംതൃപ്തി അവാച്യമാണ്.

കൈകാലുകളിലും മുഖത്തുമുള്ള നിറപ്പാടുകളുമായി യാതൊരു ജനിതകസങ്കോചവുമില്ലാതെ പിറ്റേന്നുതൊട്ടു സ്വന്തം പ്രവർത്തനരംഗത്തേക്കു സുസ്മിതരായി ഇഴുകിച്ചേരുന്ന ജനകോടികൾ. നിറങ്ങളോടു വെറുപ്പില്ല. മുറുമുറുപ്പില്ല. വാക്കുകൊണ്ടുപോലും ദേഹത്തിരിക്കുന്ന നിറങ്ങളെ ദോഷവശങ്ങൾ ചൊല്ലി ദുഷിപ്പിക്കാറില്ല. മറിച്ചോ ഹോളി കളിച്ച പാടവം തനതു തട്ടകങ്ങളിൽ നൂറുനാവോടെ പാട്ടാക്കുന്നു. ഒരുവൻ ആചാരത്തിൽ ആഘോഷം പങ്കിട്ടവമ്പ്! കണ്ടോ... ചായങ്ങൾ. സമത്വവും സാഹോദര്യവും സോഷ്യലിസംപോലെ, നിറംകലർന്ന അടയാളങ്ങൾ ഓരോരുത്തരും ആഴ്ചകളോളം വിലപ്പെട്ട ദേഹത്തും മുഖത്തും പേറി നടക്കുന്നു! ഒരു ഭാരവുമില്ല. ചമ്മലും ചളിപ്പും ഏഴയലത്തും വരില്ല.

ദേഹത്തോ വസ്ത്രത്തിലോ നിറംപുരണ്ടാൽ അസ്വസ്‌ഥരാകുന്നവർ വ്യത്യസ്തരാകുന്നത് ’ഹോളീരേ... ഹോളി.’ എന്നു വിളിച്ചുകൂവി നടക്കുമ്പോഴാണ്. ദോസ്തും–ദുശ്മനും പുറംകാലുകൊണ്ട് തൊഴിച്ചാലും അപരാധമില്ല. ഹോളിപരസ്പരം കളിച്ചിരിക്കണം. ആരെങ്കിലുമതിൽനിന്നു വിട്ടുനിന്നാൽ തന്നെ കൊച്ചാക്കിയെന്ന മനവൈമനസ്യമേറും. ഇനിയുമുണ്ട് ഹോളിയുടെ വ്യത്യസ്ത ആഘോഷരീതികൾ. വീട് മോടിപിടിപ്പിക്കാൻ പർച്ചേസിംഗിന്റെ ചെലവില്ല. പുതുവസ്ത്രങ്ങൾ വേണ്ട. പൂജാവിധികളില്ല. വിഭവസമൃദ്ധമായ സദ്യക്കെവിടെനേരം? പരക്കപാച്ചിലാണ്. ചായം തേയ്ക്കാനും വെള്ളമൊഴിക്കാനും.

വീടും വീഥികളും വൃത്തികേടാക്കണം. ഒരാഴ്ചമുമ്പേ ഓരോ ഭവനത്തിലെയും പ്രാരംഭ നടപടികൾ ശ്രദ്ധിച്ചാലറിയാം. കൊച്ചുകുട്ടികളാണ് തുടക്കംകുറിക്കുക. ചെറിയ പ്ലാസ്റ്റിക് കവറുകളിൽ വെള്ളം നിറച്ച് വഴിപോക്കരെയും കളിക്കൂട്ടുകാരെയും ഒളിഞ്ഞുനിന്ന് എറിയുന്ന തൊന്തരവ്. കൊള്ളുന്നവന്റെ പീറച്ചമുഖവും നനയുന്ന കോലവും ഒന്നു കാണേണ്ടതാണ്. സാരമില്ല. തട്ടിവെടുപ്പാക്കി ഒരടി മുന്നോട്ടുവച്ചാൽ ആർപ്പുവിളി. ഹോളീരേ ഹോളി. തോറ്റുകൊടുത്തേ പറ്റൂ ഏത് കൊലകൊമ്പനും. ഒളിയമ്പുകളുടെ തേർവാഴ്ച തലേന്നുരാത്രി ഹോളികയെ കത്തിക്കുന്നതോടെ നേർക്കുനേരെയാവും. ജ്വരമല്ലത്. ദൈവവരമാണ്.

ഹോളി ആഘോഷിക്കുമ്പോൾ കണ്ണിനഴകുതോന്നുന്ന മുഖത്ത് തൊട്ടാലും കുഴപ്പമില്ല. കൈപിടിച്ചാലും തെറ്റില്ല. കവിളത്തും ദേഹത്തും നിറം പുരട്ടുന്നത് നല്ല സമ്പർക്കം. കാമുകീകാമുകന്മാർക്ക് മനസുതുറന്ന് മാലോകരെ പേടിക്കാതെ ഉല്ലസിക്കാനൊരിടവേള സ്വാതന്ത്ര്യം! ഹോളിയുടെ നിസ്തുലസംഭാവനകൾ!

<ആ>ഹോളികയെ പ്രതിഷ്ഠിക്കൽ

ഒരാണ്ട് സമ്പൂർണ കൈവിരുതായി വെട്ടിസൂക്ഷിക്കുന്ന തടികളിറക്കുന്നു. വട്ടത്തിൽ കുഴിയൊരുക്കലായി. കോണോടുകോൺ ചേർത്തതിൽ തടികൾ നാട്ടും. തടിശേഖരങ്ങൾക്കു നടുവിൽ ഹോളികയെ പ്രതിഷ്ഠിച്ചിരിക്കും. തീകൊളുത്തിയശേഷം കൂക്കുവിളിയായി. ഹോളിയുടെ തുണിപ്പന്തം തീയിൽ കത്തിച്ചാമ്പലാകും. ചുറ്റുവട്ടത്ത് മുതുമുത്തശിമാരുണ്ടേൽ ഒത്തുകൂടും. തീവട്ടത്തിന് ലോട്ടയിലെ വെള്ളമൊഴിച്ച് ആടിപ്പാടുന്ന പതിവുമുണ്ട്. തികച്ചും ഒരു പൂതനപ്പാട്ടിന്റെയോ ഭരണിപ്പാട്ടിന്റെയോ പുകിലാണ് വൃത്തം. തപ്പും തകരപ്പാട്ട കൊട്ടുമീണം.


ഐതിഹ്യകഥയേതാണ്ട് മഹാബലിയും വാമനനും തമ്മിലുണ്ടായ അസൂയ വസ്തുതകൾ തലതിരിച്ചിട്ടപോലിരിക്കും. ഇതിലെ ചക്രവർത്തി ഹിരണ്യകശ്യപ് പരമദുഷ്‌ടനായിരുന്നു. രാജാവിനെ ഈശ്വരനായി വാഴിക്കേണ്ടിവന്ന പ്രജകൾ പൊറുതിമുട്ടി. ചെറുത്തവരെ കഠിനശിക്ഷകളാൽ ഉന്മൂലനം ചെയ്തു. ചക്രവർത്തിയുടെ മകൻ പ്രഹ്ളാദൻ രംഗപ്രവേശം ചെയ്യുന്നതോടെ കഥയ്ക്ക് ക്ലൈമാക്സായി. മകനെതന്നെ വധിക്കാൻ ചക്രവർത്തി മടിച്ചില്ലെന്നതാണു പുരാണം. ഏതു തീക്കുനയിലും കത്താത്ത ഹിരണ്യകശ്യപിന്റെ സഹോദരി ഹോളികയെ പ്രഹ്ലാദനൊപ്പം തളച്ചിട്ടു. ചുട്ടുകരിക്കാൻ തീകൊളുത്തി. തന്റെ വരദാനം നഷ്‌ടപ്പെടുത്തി കുബുദ്ധിക്കു കൂട്ടുനിന്ന ഹോളിക കത്തിഭസ്മമായി. പ്രഹ്ലാദൻ ഈശ്വരകൃപയാൽ അദ്ഭുതകരമാംവിധം രക്ഷപ്പെട്ടു. നരസിംഹം കലിയിളകിവന്നു ഹിരണ്യകശ്യപിനെ മാറുപിളർന്നു കൊന്നുവെന്നാണ് രത്നച്ചുരുക്കം. ഇതോടെ ഭൂമിയിൽനിന്നു പാപഫലങ്ങൾ നിർമാർജനം ചെയ്യപ്പെട്ടു. സ്നേഹവും കരുണയും ക്ഷേമവും നടമാടി. സ്വാർഥതയും സ്പർധയും നാടുനീങ്ങിയെന്നു വിശ്വാസം.

ശത്രുവും മിത്രവും കുബേരനും കുചേലനും സുവർണനും അവർണനും കൊച്ചുകുട്ടിയും കാരണവരും എന്നുവേണ്ട രോഗശയ്യയിലുള്ളവർപോലും ശരീരശാന്തിക്കുവേണ്ടി ഹോളികളിച്ച പാരമ്പര്യമുണ്ട്. എന്തിനധികം കുടിപ്പകകൾ പോലും നെഞ്ചുചേർന്ന ചരിത്രസംഭവങ്ങൾ നിരവധിയാണ്. പിന്നെന്തിനീ ആഘോഷത്തിൽനിന്നും വിട്ടുനിൽക്കണം. തിരുവോണം പോലിതിനും ജാതിമതഭേദമില്ല. റിഹേഴ്സലും വേണ്ട. ഭാംഗെന്ന ലഹരി മാത്രമാണ് വീടുകളിൽ തയാറാക്കുന്നത്. ഹിരണ്യഹത്യയിൽ പങ്കാളികളാകാനെന്ന വീര്യം മാത്രമല്ലതിന് ശോദനയും രക്‌തശുദ്ധീകരണവും വീണ്ടെടുക്കാനുള്ള വീര്യങ്ങളും ചേരുവകളും ഭാംഗിലടങ്ങിയിട്ടുണ്ടത്രേ. കഴിഞ്ഞാണ്ട് കാലവർഷം നന്നേ കമ്മിയാണേലെന്താ? നിന്മനസ് നദിപോലെ സർപ്ലസാണ്. തൊട്ടുതീണ്ടായ്മ ലവലേശമില്ല.

ഫ്രാൻസിസ് മാർപാപ്പ ചോദിച്ച വത്തിക്കാൻ സ്ക്വയറിലെ വിഷയമോർക്കാം.
ഭിക്ഷകൊടുത്തിട്ടുണ്ടോ?
ഒട്ടനവധിപേർ.
വാങ്ങുന്നവന്റെ മുഖത്ത്
പുഞ്ചിരിയോടെ നോക്കിയിട്ടുണ്ടോ?
നന്നേ കുറവുപേർ കൈപൊക്കി.
അവരെ സ്പർശിച്ചിട്ടുണ്ടോ?
ആരുമില്ല....

ഇതിനൊക്കെ എവിടെ നേരം കൂട്ടരെ. മുഷിഞ്ഞ വസ്ത്രങ്ങളിലോ ദേഹാശുദ്ധിയിലോ നേരിൽ കണ്ടാൽ മൂക്കുപൊത്തി മനഃപൂർവം ഒഴിവാക്കുന്നയെത്രയോ സഹോദരങ്ങളുണ്ട്. സ്വയം ഒന്ന് ചീഞ്ഞുനാറിയാൽ ഇക്കൂട്ടരെപ്പോലും നമുക്ക് സ്വയംമറന്ന് കൈവിരിച്ചാലിംഗനം ചെയ്യാനും ചായംതേയ്ക്കാനും മനസുതാനെവരും.

ഹോളികളിച്ച മുഖനിറവോടെ ഫോറിൻ ഡെലിഗേറ്റ്സടങ്ങുന്ന കോൺഫറൻസുകളിൽ ദേശത്തും വിദേശത്തും പങ്കെടുക്കുന്നവരുണ്ട്. നിറങ്ങളോട് അലർജി കാട്ടുന്ന വിദേശികളെപ്പോലും മനംമയക്കുന്നു.
ഹോളികളിച്ച പൊടിപ്പും തൊങ്ങലുമാർന്ന വിശേഷങ്ങൾ സ്വീറ്റ് വിതരണംപോലെ പറഞ്ഞുഫലിപ്പിക്കാൻ എന്തുത്സുകതയാണ്. കൊലച്ചതികളിൽനിന്നു വിട്ട നിഷ്കളങ്കത! നമ്മിൽതമ്മിൽ ചേരാനൊരുവേള. നിറങ്ങളുടെ അഭിനിവേശമാണത്. സ്നേഹസന്ദേശമാണ് മാതൃകയെങ്കിൽ എന്തിന് സന്ദേഹിക്കണം. നിറങ്ങളണിയാം നനഞ്ഞുചീയ്യാം.

ഹോളിയാഘോഷത്തിന്റെ വിഭിന്നമായ മാഹാത്മ്യങ്ങൾ ഇനിയുമൊത്തിരിയുണ്ട്. നമുക്കു ചുറ്റുമുള്ള സൗഹൃദജനസംഖ്യയെ എണ്ണിവർധിപ്പിക്കണമെന്ന് ഒരിറ്റുമോഹമുണ്ടേൽ ഒരിറ്റു നിറംപാറ്റി അനുഭവസ്‌ഥരാകുക.

<ആ>ചേറ്റൂക്കാരൻ ജോയി